കാസര്‍ഗോഡ്: വിവാഹഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയുണ്ടായ വിമര്‍ശനത്തില്‍ വിശദീകരണവുമായി എം.പി രാജ്മോഹന്‍ ഉണ്ണിത്താന്‍. വിവാഹഫോട്ടോക്കെതിരെ വിമര്‍ശനമുന്നയിക്കുന്നത് ലൈംഗികദാരിദ്ര്യം അനുഭവിക്കുന്ന മനോരോഗികളാണെന്ന് അദ്ദേഹം പറഞ്ഞു.
മുസ്‌ലിം വിവാഹത്തെ കുറിച്ച് ധാരണയുള്ള ആര്‍ക്കും ആശയക്കുഴപ്പമുണ്ടാകാനുള്ള ഒന്നും ചിത്രത്തിലില്ലെന്നും രാജ്മോഹന്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം.
‘മുസ്‌ലിം വിവാഹ ചടങ്ങുകളേക്കുറിച്ച് ധാരണയുള്ള ആര്‍ക്കും തന്നെ ഉണ്ടാവാന്‍ ഇടയില്ലാത്ത സംശയങ്ങളാണ് ആ ചിത്രത്തിന് കമന്റുകളായി എത്തിയത്. വ്യാപകമായ രീതിയില്‍ വരന്മാരെ പരിഹസിക്കാന്‍ തുടങ്ങിയപ്പോഴാണ് ആ പോസ്റ്റിനൊപ്പമുള്ള കുറിപ്പില്‍ മാറ്റം വരുത്തിയത്. ഒടുവില്‍ പോസ്റ്റ് തന്നെ നീക്കം ചെയ്തു.
നിക്കാഹ് വേദിയിലെത്തിയ സമയത്ത് മണവാട്ടിമാര്‍ ഡ്രസ് മാറാനായി പോയിരിക്കുകയായിരുന്നു. രണ്ട് മണിക്ക് ഓഡിറ്റോറിയം വിടേണ്ടതാണ് അവര്‍ തനിക്കായി കാത്ത് നില്‍ക്കുകയായിരുന്നു. മറ്റ് ചില പരിപാടികളില്‍ പങ്കെടുക്കേണ്ടതിനാല്‍ താന്‍ വരന്മാര്‍ക്കും വേദിയിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്കും ഒപ്പം ചിത്രങ്ങളെടുത്ത് മടങ്ങിപ്പോയി. സമൂഹമാധ്യമങ്ങളില്‍ വിവാഹത്തിനെടുത്ത ചിത്രം പങ്കുവയ്ക്കുകയും ചെയ്തു,’ രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
കാസര്‍ഗോഡ് ഒരു മുസ്‌ലിം ഭൂരിപക്ഷ ഒരു ജില്ലയാണ്. മുസ്‌ലിം കല്യാണത്തിന് നിക്കാഹും കല്യാണവും വേറെയായാണ് നടക്കുന്നത്. കാസര്‍ഗോഡ് കല്യാണങ്ങളെ കുറിച്ച് അറിയാവുന്നവര്‍ക്ക് അറിയാം, അവിടെ വിവാഹം ദിവസങ്ങള്‍ നീളുന്ന പരിപാടിയാണ്. വീടുകളില്‍ നടക്കുന്ന റിസപ്ഷനിലാണ് മണവാട്ടികളുടെ ചിത്രം വരാറ്. അല്ലെങ്കില്‍ പോട്ടെ അത് രണ്ട് പുരുഷന്മാര്‍ തമ്മിലുള്ള വിവാഹമാണെങ്കില്‍ എന്താണ് കുഴപ്പമെന്നും, ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന കുറേ മനോരോഗികളാണ് ഇതൊക്കെ ഹൈലൈറ്റ് ചെയ്യാന്‍ ശ്രമിക്കുന്നതെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം കാസര്‍ഗോഡ് നടന്ന വിവാഹത്തില്‍ പങ്കെടുത്തതിന്റെ ചിത്രം എം.പി പങ്കുവെച്ചത് വലിയ ചര്‍ച്ചയായിരുന്നു. ഫേസ്ബുക്കില്‍ ഉണ്ണിത്താന്‍ നല്‍കിയ കുറിപ്പും ചിത്രത്തിലെ കല്യാണപെണ്ണുങ്ങളുടെ അഭാവവും ശ്രദ്ധയായതോടെ വലിയ ട്രോളുകളും ഉണ്ടായിരുന്നു. പല തവണ മാറ്റി എഴുതിയ പോസ്റ്റ് ഉണ്ണിത്താന്‍ പിന്നീട് പിന്‍വലിക്കുകയും ചെയ്തിരുന്നു.