| Tuesday, 26th June 2018, 12:00 pm

ഇന്നത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ഇടതുചിന്തകരും മാര്‍ക്‌സിസത്തെ മതമായാണ് കാണുന്നത്: ഡോ. എം.പി പരമേശ്വരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഇന്നത്തെ കമ്യൂണിസ്റ്റുപാര്‍ട്ടികളും ഇടതുപക്ഷ ചിന്തകരും മാര്‍ക്‌സിസത്തെ മാര്‍ക്‌സ് പറഞ്ഞതുപോലെയുള്ള ശാസ്ത്രമായല്ല മറിച്ച് ഒരു മതമായാണ് കാണുന്നതെന്ന് ശാസ്ത്രപ്രചാരകനും ഇടതുപക്ഷ സഹയാത്രികനുമായ ഡോ. എം.പി പരമേശ്വരന്‍.

എല്ലാ മതക്കാര്‍ക്കും ആധികാരികമായി അംഗീകരിക്കപ്പെട്ട പുരോഹിതര്‍ ഉണ്ടായിരിക്കും. ആ പുരോഹിതര്‍ പറയുന്നതാണ് “സത്യം”. അതിനെ അനുസരിക്കലാണ് മറ്റുളളവരുടെ കടമ. ജനാധിപത്യ കേന്ദ്രീകരണം ഏതാണ്ട് ഈയവസ്ഥയിലേക്ക് അധ:പതിച്ചെന്നും എം.പി പരമേശ്വന്‍ പറഞ്ഞു. മാതൃഭൂമി ആഴ്ചപ്പതിപ്പിന് വേണ്ടി ടി.പി കുഞ്ഞിക്കണ്ണന്‍ നടത്തിയ അഭിമുഖത്തിലായിരുന്നു എം.പി പരമേശ്വരന്റെ പരാമര്‍ശങ്ങള്‍.


Also Read നിങ്ങള്‍ക്ക് അമ്മയെ വെല്ലുവിളിക്കാം; എന്നാല്‍ നിവൃത്തികേടിന്റെ പേരില്‍ അതിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരുണ്ട് ; അവരെ കൂടി രക്ഷപ്പെടുത്തണം; ഡബ്ല്യൂ.സി.സിയോട് ശാരദക്കുട്ടി


മാര്‍ക്‌സിസത്തെ ശാസ്ത്രമായി അംഗീകരിക്കുക എന്നതിനപ്പുറം സമൂഹത്തെ ശാസ്ത്രീയമായി പഠിക്കാന്‍ സഹായിക്കുന്ന എല്ലാ പഠനങ്ങളിലും മാര്‍ക്‌സിസം ഉപയോഗിക്കുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ ഹിന്ദുത്വം എല്ലാറ്റിനേയും അടക്കി വാഴുന്ന അവസ്ഥയില്‍ അതിനെ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ താങ്കള്‍ കാണുന്നില്ലെന്ന വിമര്‍ശനം ഉയരുന്നുണ്ടല്ലോയെന്ന ചോദ്യത്തിന് കഴിഞ്ഞ അരനൂറ്റാണ്ടായി ബി.ജെ.പിയും ആര്‍.എസ്.എസും തങ്ങളുടെ സ്വാധീനം സമൂഹത്തിന്റെ അടിത്തട്ടുവരെ വളര്‍ത്തിക്കൊണ്ടുവരികയായിരുന്നുവെന്നും ഇന്ന് അവര്‍ക്ക് ജര്‍മനിയിലെ ഗസ്റ്റാപ്പുകളെ, ഇന്‍ഫോര്‍മാരെപ്പോലുള്ള ഒരു സമാന്തര സംവിധാനം സര്‍ക്കാര്‍ സംരക്ഷണത്തില്‍ തന്നെ വളര്‍ത്തിക്കൊണ്ടുവരാന്‍ കഴിഞ്ഞ ഒരു അവസ്ഥയുണ്ടെന്നും എം.പി പരമേശ്വന്‍ പറയുന്നു.

ഇതിനവര്‍ക്ക് കഴിയുന്നത് ജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്‌നവുമായി സംവദിക്കാന്‍ താഴെ തലത്തില്‍ തയ്യാറായതുകൊണ്ടാണ്. അതിലൂടെ തന്നെ ആവശ്യമായ നേതൃത്വത്തേയും, പ്രാദേശിക തലത്തില്‍ തന്നെ അവര്‍ക്ക് വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞു. ഇടതുപക്ഷത്തിന്റേയും ജനങ്ങളുടേയും ശ്രദ്ധ യഥാര്‍ത്ഥ പ്രശ്‌നമായ ആഗോള മുതലാളിത്തം ഉയര്‍ത്തുന്ന ഭീഷണികളില്‍ നിന്ന് ദേശീയ ഫാസിസത്തിലേക്ക് തിരിച്ചുവിടുന്നതില്‍ അവര്‍ വിജയിച്ചെന്നും എം.പി പരമേശ്വരന്‍ പറയുന്നു.


എഴുത്തുകളും സംവാദങ്ങളുമാണ് ജനാധിപത്യത്തിന്റെ കാതല്‍, അടിയന്തരാവസ്ഥ കറുത്ത കാലം: നരേന്ദ്ര മോദി


ഇന്ന് ഇടതുപക്ഷ പുരോഗമന ജനവിഭാഗം ചെയ്യേണ്ടത് ഹിന്ദു ഫാസിസം വരുന്നു എന്ന് വിളിച്ചുകൂവുകയല്ല മറിച്ച് ജനസാമാന്യം നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുകയാണ്. അതിന് മോദിയുടെ ഹിന്ദുത്വം തടസമാകേണ്ടതില്ല. ഉദാഹരണത്തിന് ഇന്ന് കേരളം നേരിടുന്ന ഏറ്റവും പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് കുടിവെള്ളം. മറ്റൊന്നാണ് അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ. ഇനിയും ഒന്നുള്ളത് കാര്‍ഷിക മേഖലയുടെ അപചയമാണ്. ഇവ മൂന്നുമാകട്ടെ പരസ്പരം ബന്ധപ്പെട്ടവയുമാണ്. ഇവയുടെ പരിഹാരത്തിന് കേരളത്തില്‍ നിന്നുതന്നെ മാര്‍ഗം കണ്ടെത്താവുന്നതാണ്.

ഹിന്ദുത്വത്തിന്റെ പ്രകടിത രൂപമായി ചൂണ്ടിക്കാണിക്കുന്ന മറ്റൊന്ന് പഴയ അന്ധവിശ്വാസങ്ങള്‍ പുനരുജ്ജീവിപ്പിക്കുകയും ശാസ്ത്രത്തെ നിരാകരിക്കുകയും ചെയ്യുന്നു എന്നതാണ്. പഴയ അന്ധവിശ്വാസങ്ങള്‍ക്ക് പുതിയ രൂപം നല്‍കിയാണ് പുനരുജ്ജീവിപ്പിക്കുന്നത്. ഉദാഹരണത്തിന് മാട്ടിറച്ചി ഭക്ഷണം സ്വയം വര്‍ജ്ജിച്ചിരുന്നതാണ്. ചെറിയൊരു ശതമാനം മാത്രമേ അത് ഉപയോഗിച്ചിരുന്നുള്ളൂ. അതിന് പുതിയ രൂപം നല്‍കിയാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതെന്നും അദ്ദേഹം പറയുന്നു.


നെല്‍വയല്‍ സംരക്ഷണ ബില്‍ കീറിയെറിഞ്ഞ് പ്രതിപക്ഷം ഇറങ്ങിപ്പോയി; പ്രതിപക്ഷത്തെ ഓര്‍ത്ത് സഹതപിക്കുന്നുവെന്ന് പിണറായി


ആത്മഹത്യാപരമായ വികസന പന്ഥാവിലൂടെയാണ് ലോകമാകെയും കേരളവും മുന്നേറുന്നത് എന്ന വസ്തുത ജനങ്ങളെ മനസിലാക്കിപ്പിക്കുന്നതില്‍ വിജയിച്ചില്ലെന്നും തന്റെ കര്‍മരംഗമായ ശാസ്ത്രസാഹിത്യ പരിഷത്തിലെ പ്രവര്‍ത്തകരേയും അതിന്റെ പരമ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടെന്നും എം.പി പരമേശ്വരന്‍ പറയുന്നു.

വികേന്ദ്രീകൃതമായ സാമൂഹ്യവ്യവസ്ഥയുടെ ആവശ്യം കുറേയൊക്കെ ബോധ്യപ്പെട്ടിട്ടുണ്ടെങ്കിലും അതിന് ജനങ്ങളെ പ്രായോഗികമായി തയ്യാറാക്കുന്നതില്‍ ഇനിയും എത്രയോ ദൂരം മുന്നോട്ടുപോകേണ്ടതുണ്ട്. ലോകത്തിലെ പല പ്രദേശങ്ങളിലും നടക്കുന്ന വികസന വികല്‍പ്പങ്ങളെ സൈദ്ധാന്തികമായ ഒരു ചട്ടക്കൂടില്‍ സ്ഥാപിക്കാന്‍ കുറച്ചെങ്കിലും കഴിഞ്ഞ ഒരു സംഘടനയാണ് പരിഷത്ത്. എന്നാല്‍ അത്തരത്തില്‍ കേരളത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെ ഉദ്ഗ്രഥിക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ലെന്നും എം.പി പരമേശ്വരന്‍ പറയുന്നു.

ഗുജറാത്തിലെ മുസ്‌ലീം കൂട്ടക്കൊലയുടെ യഥാര്‍ത്ഥ ലക്ഷ്യം മതമായിരുന്നില്ല, സാമ്പത്തികമായിരുന്നു

മതങ്ങളുടെ പേരില്‍ വളര്‍ത്തിക്കൊണ്ടുവരുന്ന തീവ്രവാദങ്ങള്‍ വാസ്തവത്തില്‍ സാമ്പത്തിക ജീവിതവുമായി ബന്ധപ്പെട്ടതാണെന്നും ഗുജറാത്തിലെ മുസ്‌ലീം കൂട്ടക്കൊലയുടെ യഥാര്‍ത്ഥ ലക്ഷ്യം സാമ്പത്തികമായിരുന്നെന്നും എം.പി പരമേശ്വരന്‍ പറയുന്നു.

അതിന് ജനപിന്തുണ ആര്‍ജിക്കാനാണ് മതത്തിന്റെ പരിവേഷം നല്‍കിയത്. ഇന്ന് ബി.ജെ.പി ഇന്ത്യയില്‍ വളര്‍ത്തിക്കൊണ്ടുവരുന്ന ഹിന്ദുത്വം ആത്യന്തികമായി കോര്‍പ്പറേറ്റ് മുതലാളിത്തത്തെ സംരക്ഷിക്കുന്നതിനും അവര്‍ക്കെതിരായി ഇടതുപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന സമരത്തെ വഴിതിരിച്ചു വിടുന്നതിനും വേണ്ടിയാണെന്നും അദ്ദേഹം പറയുന്നു.

യഥാര്‍ത്ഥത്തില്‍ ഹിന്ദു-മുസ്‌ലീം വൈരുധ്യമല്ല അതിന്റെ പിന്നിലുള്ളത്. മൂലധനവും അധ്വാനവും തമ്മിലുള്ള വൈരുദ്ധ്യമാണ്. ഈ വൈരുധ്യത്തെ നേരിട്ടുകൊല്ലാതെ അതിനെ പുതപ്പിച്ചിരിക്കുന്ന ഹിന്ദു-മുസ്‌ലീം വൈരുദ്ധ്യത്തെ ഇല്ലാതാക്കാന്‍ കഴിയില്ല.

ഫാസിസം ഇന്ന് യഥാര്‍ത്ഥ ഭീഷണി തന്നെയാണ്. പക്ഷേ അത് ഭീഷണി മാത്രമാണ്. അത് യാഥാര്‍ത്ഥ്യമായി എന്നത് അതിശയോക്തിയാണ്. ഒരുപക്ഷേ അപകടം ക്ഷണിച്ചുവരുത്തുന്നതുമാണ്. അതിനെ നേരിടാന്‍ ഇന്ന് നമ്മള്‍ സ്വീകരിക്കുന്ന മാര്‍ഗങ്ങള്‍ ഫലപ്രദമാകില്ല. മാത്രമല്ല കൂടുതല്‍ തീവ്രമാക്കുകയും ചെയ്യും. നിങ്ങള്‍ ഹിന്ദുത്വവാദിയാണെന്ന് ഒരാളോട് പറഞ്ഞാല്‍, ഇന്ന് അങ്ങനെയല്ലെങ്കില്‍ നാളെ ആയേക്കും. ഹിന്ദുത്വത്തിന്റെ കപടമുഖം പിച്ചിച്ചീന്താന്‍ മനുഷ്യത്വത്തിന്റെ ശാസ്ത്രം/ആയുധം പ്രയോഗിക്കേണ്ടി വരും. മനുഷ്യത്വമെന്നത് ജനങ്ങളുടെ ദൈനംദിന ജീവിതപ്രശ്‌നത്തില്‍ അധിഷ്ഠിതമാണ്. അവയുടെ പരിഹാരത്തിനായുള്ള കൂട്ടായ ശ്രമങ്ങളിലൂടെ മാത്രമേ അതിനെ( ഹിന്ദുത്വത്തെ) നേരിടാന്‍ കഴിയൂ. റബ്ബര്‍ പന്ത് ശക്തിയോടെ അടിക്കുമ്പോള്‍ അത് കൂടുതല്‍ ശക്തിയോടെ തിരിച്ചുവരുന്നു. മറിച്ച് അതിനെ മയപ്പെടുത്താന്‍ പറ്റുന്ന ഒരു പ്രതലത്തിലാണ് അത് കൊള്ളുന്നതെങ്കില്‍ അതിന്റെ ശക്തി കുറയുന്നത് കാണാം- എം.പി പരമേശ്വരന്‍ പറയുന്നു.

ഡൂള്‍ന്യൂസ് വാട്‌സാപ്പില്‍ ലഭിക്കാന്‍ 9072605555 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്‌സാപ്പ് മെസേജ് അയക്കൂ.

Latest Stories

We use cookies to give you the best possible experience. Learn more