ഇന്ദോര്‍: ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശില്‍ സംസ്ഥാന മന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ ദേവ്‌രാജ് സിങ്ങിന്റെ കാറില്‍നിന്ന് 10 ലക്ഷം രൂപ കണ്ടെടുത്തു. വോട്ടര്‍മാരെ പണം കൊടുത്ത് സ്വാധീനിക്കാനുള്ള ശ്രമം നടക്കുന്നു എന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രിയുടെ വാഹനം തടഞ്ഞ് പരിശോധിക്കുന്നതിനിടെയാണ് പണം കണ്ടെത്തിയത്.
സാന്‍വര്‍ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥി രാജേഷ് സോന്‍കര്‍ എം.എല്‍.എയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതലയുള്ള ദേവ്‌രാജ് സിങ്ങിന്റെ വാഹനമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞ് നിര്‍ത്തി പരിശോധന നടത്തിയത്.
വിവരമറിഞ്ഞെത്തിയ പൊലീസ് പണം കണ്ടെത്തിയ വിവരം സ്ഥിരീകരിച്ചെങ്കിലും മന്ത്രിയെ പോകാന്‍ അനുവദിച്ചതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
സംഭവത്തില്‍ പ്രതിഷേധവുമായി കര്‍ഷകരും രംഗത്തെത്തി. പൊലീസ് മന്ത്രിയുമായി ഒത്തുകളിച്ച് നടപടിയെടുക്കാതെ വിടുകയായിരുന്നെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം
മധ്യപ്രദേശില്‍ 230 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 2907 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. അഞ്ച് കോടിയലിധികം വരുന്ന വോട്ടര്‍മാര്‍ക്ക് രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് വോട്ടെടുപ്പ്. 65000 പോളിങ് ബൂത്തുകളാണ് സംസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. സുരക്ഷക്കായി എണ്‍പതിനായിരം സുരക്ഷാ ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.
മധ്യപ്രദേശില്‍ തുടക്കത്തിലെ സര്‍വ്വെകളിലെല്ലാം ബി.ജെ.പിക്ക് മുന്‍തൂക്കം ഉണ്ടായിരുന്നുവെങ്കിലും വിമത ശല്യവും ബി.ജെ.പിക്കുള്ളിലെ തര്‍ക്കവും കോണ്‍ഗ്രസിനെ പ്രചരണത്തില്‍ മുന്നില്‍ എത്തിച്ചിട്ടുണ്ട്. ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ നേര്‍ക്കു നേര്‍ പോരാട്ടം നടക്കുന്ന മധ്യപ്രദേശ് ഇരു പാര്‍ട്ടികള്‍ക്കും നിര്‍ണായകമാണ്.