ഭോപ്പാല്‍: മധ്യപ്രദേശിലെ ഛത്തര്‍പൂരില്‍ വിരുന്നില്‍ വിളമ്പാന്‍ വെച്ച ഭക്ഷണം തൊട്ടതിന്റെ പേരില്‍ 25 കാരനായ ദളിത് യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി. സവര്‍ണ ജാതിയില്‍പ്പെട്ട രണ്ടുപേരാണ് യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്.
കിഷാന്‍പൂര്‍ ഗ്രാമത്തില്‍ നടന്ന ഒരു സത്ക്കാരത്തിനിടെയായിരുന്നു സംഭവം. പാര്‍ട്ടി നടന്ന സ്ഥലം വൃത്തിയാക്കാനായിട്ടാണ് ദളിത് യുവാവായ ദേവരാജ് അനുരാഗിയെ പ്രതികളായ ഭൂര സോണിയും സന്തോഷ് പാലും വിളിച്ചത്.
എന്നാല്‍ സത്ക്കാരത്തിന് എത്തിയവര്‍ക്ക് ദേവരാജ് ഭക്ഷണം വിളമ്പി. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ ഭൂര സോണിയും സന്തോഷ് പാലും അവിടേക്ക് എത്തുകയും ദേവരാജിനെ ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു.
സംഭവസ്ഥലത്ത് വെച്ച് തന്നെ ദേവരാജ് കൊല്ലപ്പെട്ടു. സംഭവശേഷം പ്രതികള്‍ ഒളിവില്‍ പോകുകയും ചെയ്തു. പ്രതികള്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ടെന്നും അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും ഛത്തര്‍പൂര്‍ എസ്.പി സച്ചിന്‍ ശര്‍മ പറഞ്ഞു.
ദളിതര്‍ക്കെതിരായി നടക്കുന്ന അതിക്രമങ്ങളില്‍ വലിയ വര്‍ധനവാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി രാജ്യത്ത് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ വര്‍ഷം ഡെറാഡൂണിലും സമാനമായ സംഭവം നടന്നിരുന്നു.
ഡെറാഡൂണിലെ ഒരു വിവാഹത്തില്‍ ‘മേല്‍ ജാതിക്കാര്‍ക്ക്’ മുന്നില്‍ ഇരുന്ന് ഭക്ഷണം കഴിച്ചതിന് 21 കാരനായ ദളിത് യുവാവിനെ മര്‍ദ്ദിച്ചുകൊലപ്പെടുത്തിയിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക