തിരുവനന്തപുരം: സ്ത്രീകള്‍ രാഷ്ട്രീയത്തില്‍ വന്നാലും ഭരണ തലപ്പത്തെത്താന്‍ അത്ര എളുപ്പമല്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. മഹുവ മൊയ്ത്ര. രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് സ്ത്രീയാണെന്നത് അധികാരത്തിലെത്താനുള്ള പരിമിതിയല്ലെന്നും അവര്‍ പറഞ്ഞു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ സംസാരിക്കുകയായിരുന്നു മഹുവ.
‘ലോകത്തില്‍ ഭരണത്തിലുള്ളത് 28 ശതമാനം സ്ത്രീകളാണ്. അതിലും മുകളില്‍ പ്രാതിനിധ്യമുള്ള രാജ്യങ്ങളില്‍ നിയമനിര്‍മാണത്തിലൂടെയാണ് അത് സാധ്യമായത്. ഇന്ത്യയിലെ അധികാരിത്തിലുള്ള സ്ത്രീ പ്രാതിനിധ്യം വെറും 20 ശതമാനമാണ്. ഇവിടെ 50 ശതമാനം വനിതാ പ്രാതിനിധ്യം അത്യാവശ്യമാണ്.
തദ്ദേശ സ്ഥാപനങ്ങളില്‍ വനിതാ സംവരണമൊക്കെയുണ്ടെങ്കിലും പല ഗ്രാമീണ മേഖലയിലും തെരഞ്ഞെടുക്കപ്പെട്ട സ്ത്രീകള്‍ ഇന്നും അടുക്കളയിലാണ്. ഉത്തരേന്ത്യയില്‍ പലയിടത്തും ഭര്‍ത്താക്കന്‍മാരാണ് യോഗത്തില്‍ വരാറുള്ളത്. ഇത് ഞാന്‍ നേരിട്ട് കണ്ടതാണ്. ഞാന്‍ പങ്കെടുക്കുന്ന മീറ്റിങില്‍ ഇതിനെതിരെ ശക്തമായ താക്കീത് നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ടവര്‍ തന്നെ വരണമെന്ന് കര്‍ശനമായി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്,’ മഹുവ പറഞ്ഞു.
വനിതാ രാഷ്ട്രീയപ്രവര്‍ത്തക എന്നല്ല രാഷ്ട്രീയ പ്രവര്‍ത്തക എന്ന് അറിയപ്പെടാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും മഹുവ പറഞ്ഞു.
‘എന്തിലും ആണ്‍ പെണ്‍ എന്ന ഉപയോഗം കുറഞ്ഞാല്‍ തന്നെ സമത്വം വന്നുചേരും. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുകയാണ് അവരെ ഉന്നമനത്തിലെത്തിക്കാനുള്ള പോംവഴി. അതിലൂടെ മാത്രമേ അവര്‍ക്ക് മുന്നില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയുള്ളു,’ മഹുവ പറഞ്ഞു.
രാഷ്ട്രീയവുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസുകള്‍ ഉടന്‍ തീര്‍പ്പാക്കണമെന്നും മഹുവ ആവശ്യപ്പെട്ടു.
‘എല്ലാ ക്രിമിനലുകളേയും ഭരണ നേതൃത്വത്തില്‍ നിന്ന് മാറ്റി നിര്‍ത്താനാകണം. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍, പ്രത്യേകിച്ച് സ്ത്രീകള്‍ക്കെതിരെ അതിക്രമണം നടത്തിയവര്‍ പാര്‍ലമെന്റിലെത്താന്‍ പാടില്ല,’ മഹുവ കൂട്ടിച്ചേര്‍ത്തു.
Content Highlight: Trinamool Congress MP Mahua Moitra said that even if women enter politics, it is not easy to reach the administrative head