ഭൂപരിഷ്‌കരണത്തിലെ വര്‍ഗ്ഗതാല്‍പര്യങ്ങള്‍
1947 ന് ശേഷം വിവിധ സംസ്ഥാനങ്ങളില്‍ നടപ്പാക്കി കൊണ്ടിരിക്കുന്ന ഭൂപരിഷ്‌കരണ നടപടികളെക്കുറിച്ച് 1961 ഫെബ്രുവരിയില്‍ സഖാവ് എ.കെ. ഗോപാലന്‍ ഇന്ത്യന്‍ പാര്‍ലിമെന്റില്‍ ഉന്നയിച്ച ഒരു ചോദ്യത്തിന് വളരെ വിശദമായ മറുപടി അന്നത്തെ ബന്ധപ്പെട്ട മന്ത്രിയില്‍ നിന്നും ലഭിക്കുകയുണ്ടായി. ഇന്ത്യയിലെ അന്നത്തെ, കേരള മുള്‍പ്പെടെയുള്ള 14 സംസ്ഥാനങ്ങളിലും 4 യൂണിയന്‍ ഭരണ പ്രദേശങ്ങളിലും 1960 വരെ നടപ്പാക്കിക്കഴിഞ്ഞ ഭൂപരിഷ്‌കരണ നടപടികളുടെ ഒരു ഏകദേശ ചിത്രമായിരുന്നു അത്.
കുടിയായ്മകളിലെ സ്ഥിരാവകാശം, സെമീന്ദാരി – റയത്തുവരി സമ്പ്രദായത്തിലെ മാറ്റങ്ങള്‍, ഭൂപരിധി നിര്‍ണ്ണയം, ജന്മിത്ത വ്യവസ്ഥയും ഇടവക വ്യവസ്ഥയും ഇല്ലാതാക്കല്‍, ഭൂബന്ധങ്ങളിലെ പരിഷ്‌കരണങ്ങള്‍ക്കായുള്ള നിയമനിര്‍മ്മാണങ്ങള്‍ തുടങ്ങിയവ വിശദമായി പരിശോധിക്കുന്ന നിയമനിര്‍മ്മാണ രേഖകളിലെ സൂചകങ്ങളാണ് മന്ത്രി പാര്‍ലിമെന്റിന്റെ മേശപ്പുറത്ത് വെച്ചത്. അത് വ്യത്യസ്ത അളവിലും തോതിലും ഇന്ത്യയില്‍ ആകെ നടന്നു കൊണ്ടിരുന്ന ഭൂബന്ധങ്ങളിലെ പരിഷ്‌കരണ നടപടികള്‍ ആയിരുന്നു.
ഭൂപരിധി നിര്‍ണ്ണയത്തിന്റെ കാര്യമെടുത്താല്‍ ആന്ധ്രപ്രദേശില്‍ അന്ന് ഒരു വ്യക്തിക്ക് കൈവശം വെക്കാന്‍ കഴിയുന്ന പരമാവധി ഭൂമി 312 ഏക്കറും മേല്‍ ആര്‍ജിക്കുന്ന ഭൂമിയില്‍ 216 ഏക്കറും നിയമം മൂലം സംരക്ഷിക്കപ്പെട്ടു. എന്നാല്‍ ആസ്സാമില്‍ ഭൂപരിധി 50 ഏക്കറും ഗുജറാത്തില്‍ 132 ഏക്കറുമായിരുന്നു. ജമ്മു കാശ്മീരില്‍ ഇത് 21.75 ഏക്കറും മഹാരാഷ്ട്രയില്‍ 156 ഏക്കറുമായിരുന്നു.
സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ 1960 കള്‍ വരെ നടന്ന ഭൂപരിധി നിയമങ്ങളുടേയോ ഭൂപരിഷ്‌കരണ നടപടികളുടെയോ വിശദമായ ഒരു പരിശോധനക്ക് വേണ്ടിയല്ല ഇപ്പോള്‍ ഇവിടെ ഇത് ഉന്നയിച്ചത് മറിച്ച് സ്വാതന്ത്ര്യാനന്തരം കേരളത്തില്‍ മാത്രമല്ല അഖിലേന്ത്യ തലത്തില്‍ തന്നെ നടന്ന ഭൂപരിഷ്‌കരണ നടപടികള്‍ക്കായുള്ള, മുകളില്‍ നിന്നും അടിച്ചേല്‍പ്പിച്ച ചില ശ്രമങ്ങള്‍ ഇവിടെ ചൂണ്ടി കാണിക്കുക മാത്രമാണ് ചെയ്തത്.
പ്രസക്തമാകുന്ന ഒരു ചോദ്യം എന്തു കൊണ്ട് ജന്മിത്ത-നാടുവാഴിത്ത, മുതലാളിത്ത ഭൂപ്രഭുത്വ ശക്തികള്‍ക്ക് പ്രാമുഖ്യമുള്ള ഒരു ഭരണകൂടത്തിന് അവര്‍ നയിക്കുന്ന ഒരു സര്‍ക്കാറിന്, പേരിലെങ്കിലും ഇത്തരം ചില പരിഷ്‌കരണ നടപടികളിലേക്ക് (അതുപോലും നടപ്പിലാക്കാന്‍ താല്‍പര്യമില്ലങ്കില്‍ പോലും) തിരിയേണ്ടിവന്നു എന്നതാണ്. അതില്‍ പ്രധാനമായ ഒന്ന് അടിത്തട്ടില്‍ നിന്നുയുര്‍ന്നു വരുന്ന സാമൂഹ്യസമ്മര്‍ദ്ദമാണ്.
മനുഷ്യ വര്‍ഗത്തിന്റെ പൊതുസ്വത്തായി നിലനിന്നിരുന്ന, സര്‍വ്വ തലങ്ങളിലും വായുവും വെള്ളവും പോലെ തന്നെ കരുതപ്പെട്ടിരുന്ന ഭൂമിയെ, ഉപരിവര്‍ഗ്ഗങ്ങള്‍ മറ്റേതൊരു ഉല്‍പാദന ഉപാധിയേയും പോലെ പില്‍ക്കാലത്ത് സ്വകാര്യ സ്വത്താക്കി മാറ്റി എന്ന ചരിത്രപരമായ വസ്തുത നമ്മുടെ മുന്നിലുണ്ട്. ഭൂമിയുടെ മേല്‍ ധനികവര്‍ഗ്ഗം ഭൂ ഉടമസ്ഥതയുടെ സ്വകാര്യ ആധിപത്യം സ്ഥാപിച്ചപ്പോള്‍ അതിനെതിരായി പല ഘട്ടങ്ങളിലും ഉയര്‍ന്നു വന്ന ചെറുത്തും നില്‍പ്പുകളും കലാപങ്ങളും കൂടി ഉള്ളടങ്ങിയതാണല്ലോ ലോക ചരിത്രം.
കൊളോണിയല്‍ കാലത്ത് പോലും ബ്രിട്ടീഷ് ഇന്ത്യയിലും ഇതര നാട്ടുരാജ്യങ്ങളിലും നിലനിന്നിരുന്ന ഭൂ ബന്ധങ്ങളില്‍ അടിസ്ഥാന പരിവര്‍ത്തനങ്ങള്‍ ലക്ഷ്യമായിരുന്നില്ലങ്കിലും അടിത്തട്ടില്‍ നിന്ന് ഉയര്‍ന്ന പ്രക്ഷോഭങ്ങളുടേയും കലാപങ്ങളുടേയും സമ്മര്‍ദ്ദങ്ങളെ ഭയപ്പെട്ടുകൊണ്ട്, രൂക്ഷമാകുന്ന വൈരുദ്ധ്യങ്ങളെ ലഘൂകരിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഭരണ വര്‍ഗ്ഗങ്ങള്‍ തന്നെ അതാത് കാലഘട്ടങ്ങളില്‍ മുന്‍കൈ എടുത്തിട്ടുണ്ട്.
ജന്മിത്വ-നാടുവാഴിത്ത കാലഘട്ടത്തിലുടനീളം രൂക്ഷമായ കലാപങ്ങള്‍ രാജവാഴ്ചക്കും ഭൂപ്രഭുത്വത്തിനുമെതിരെ രാജ്യത്ത് ഉയര്‍ന്നു വന്നിട്ടുണ്ട്. കാര്‍ഷികോല്‍പാദന ഘടനയെപ്പോലും അട്ടിമറിക്കുന്നതിനായി കൊളോണിയല്‍ ഭരണാധികാരികള്‍ അടിച്ചേല്‍പ്പിച്ച നയങ്ങള്‍ക്കെതിരെയുള്ള നീലം കൃഷിക്കാരുടെ സമരം (1788), വീരോജ്വലമായ സന്താള്‍ ഗിരിവര്‍ഗ്ഗ കലാപം (1855), 1875ലെ മറാഠാ കാര്‍ഷിക ലഹള തുടങ്ങിയവ.
അതേ പോലെ 1792 മുതല്‍ മലബാറില്‍ വ്യാപകമായ നിരവധി കര്‍ഷക കലാപങ്ങള്‍ അരങ്ങേറുകയുണ്ടായി. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തെ രണ്ടു ദശകങ്ങളിലെ മലബാറിലെ കര്‍ഷക കലാപങ്ങള്‍ അങ്ങേയറ്റം ഉജ്വലമായിരുന്നു. ഇവയെല്ലാം സ്വാതന്ത്ര്യത്തിനും വളരെ മുമ്പെ തന്നെ ജന്മിത്വ-നാടുവാഴിത്ത ശക്തികള്‍ക്കും അവരുടെ സംരക്ഷകരായ കൊളോണിയല്‍ മേധാവികള്‍ക്കും, അവരുടെ സൈനിക ശക്തിക്കുമെതിരായ ഐതിഹാസികമായ പ്രക്ഷോഭങ്ങളായിരുന്നു.
വര്‍ഷങ്ങള്‍ നീണ്ടു നിന്ന ഐതിഹാസികമായ തെലങ്കാന സമരത്തിന്റേയും തേഭാഗാ സമരത്തിന്റേയും ഇങ്ങ് നമ്മുടെ കേരളത്തില്‍ ഉയര്‍ന്നു വന്ന കയ്യൂരിന്റേയും കരിവള്ളൂരിന്റേതുമുള്‍പ്പെടെ നൂറ് കണക്കിന്ന് സമരഭൂമികള്‍ സൃഷ്ടിക്കപ്പെട്ടു. ഒരു ശതാബ്ദത്തോളം നീണ്ടു നിന്ന ബ്രിട്ടീഷ് ഇന്ത്യയിലെ കര്‍ഷക പ്രക്ഷോഭങ്ങളുടെ തീവ്രത കൊളോണിയല്‍ മേധാവിത്വ ശക്തികളെ ഭൂവുടമാ വ്യവസ്ഥയെ താല്‍കാലികമായങ്കിലും പരിഷ്‌കരിക്കാന്‍ നിര്‍ബ്ബന്ധിതമാക്കിയതിന്റെ ഫലങ്ങളായിരുന്നു, നിരവധിയായ റോയല്‍ കമ്മീഷനുകളും, ഫൗട്ട് കമ്മീഷനുകളും നിദ്ദേശിച്ച പരിഷ്‌കരണ നടപടികള്‍.
കൃഷി ഭൂമി മണ്ണില്‍ പണിയെടുക്കുന്നവര്‍ക്ക് അഥവാ കൃഷി ഭൂമി കര്‍ഷകന് എന്ന രാഷ്ട്രീയ മുദ്രാവാക്യം ദൃഢമായ തൊഴിലാളി വര്‍ഗ്ഗ നിലപാടുകളുമായി കണ്ണി ചേര്‍ക്കപ്പെടുന്നത് തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനങ്ങളുടെയും കര്‍ഷക പ്രസ്ഥാനങ്ങളുടെയും ആവിര്‍ഭാവത്തോടെ ആണ്. ഇതാകട്ടെ സംഘടിത കര്‍ഷക പ്രക്ഷോഭങ്ങള്‍ വികസിപ്പിക്കുന്നതില്‍ നിര്‍ണ്ണായക ചുവട് വെപ്പായി മാറുകയും ചെയ്തു. ഭൂമിയുടെ പുനര്‍വിതരണത്തിന്റേയും, ഭൂബന്ധങ്ങളുടെ ജനാധിപത്യവല്‍കരണത്തിലൂടെ പുതിയ സാമൂഹിക ക്രമം സൃഷ്ടിക്കുന്നതിനുള്ള ഉപാധിയായും ഈ മുന്നേറ്റം പരിഗണിക്കപ്പെട്ടു.
1917 ലെ ഒക്ടോബര്‍ വിപ്ലവത്തിന്റെ വിജയം ഈ രാഷ്ട്രീയ നിലപാടിന്റെ സാധുതയെ വിപുലീകരിക്കുകയും ഭൂബന്ധങ്ങളെ ജനാധിപത്യവല്‍ക്കരിക്കാനുള്ള കാര്‍ഷിക വിപ്ലവത്തിന്റെ കടമകളെ മുന്നോട്ട് കൊണ്ടുവരികയും ചെയ്തു. ഭൂപ്രഭുത്വത്തിന്റെ അടിച്ചമര്‍ത്തലില്‍ നിന്നും വിമുക്തി നേടാനും അതിന്റെ തിക്തഫലങ്ങളില്‍ നിന്നും ഉളവാകുന്ന സമൂഹ്യസമ്മര്‍ദ്ദങ്ങളെ ഏകോപിപ്പിച്ച് അണിനിരത്താനും സംഘടിത സമരങ്ങളിലൂടെ കഴിയുകയും അത് അടിത്തട്ടില്‍ നിന്നുള്ള ശക്തിമത്തായ ഒരു സാമൂഹ്യ പരിവര്‍ത്തനത്തിന് വഴിവെക്കുകയും ചെയ്യുന്നു.
ചുരുക്കത്തില്‍ ഭൂപരിഷ്‌കരണത്തിന്റേതായ രണ്ടു പാതകളാണ് രൂപപ്പെട്ടു വന്നത്. ഭൂബന്ധങ്ങളുടെ ജനാധിപത്യവല്‍കരണത്തിലൂടെ സാമൂഹിക മുന്നേറ്റത്തിന് വേണ്ടിയുള്ള ഒരു പാതയും ഭൂകേന്ദ്രീകരണത്തെ ശക്തിപ്പെടുത്തി ഭൂബന്ധങ്ങളിലെ സ്വകാര്യ ഭൂഉടമസ്ഥതയെ ദൃഢീകരിക്കുകയും ചെയ്യുന്ന മറ്റൊരു പാതയും. ഒന്ന് അടിത്തട്ടിലെ വസതുനിഷ്ഠ യാഥാര്‍ത്ഥ്യങ്ങള്‍ അനിവാര്യമാക്കുന്നതാണങ്കില്‍ മറ്റൊന്ന് ചൂഷണത്തിന്റേയും മര്‍ദ്ദനത്തിന്റേയും കൊള്ളയുടേയും താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ മുകളില്‍ നിന്നും അടിച്ചേല്‍പ്പിക്കുന്നതാണ്.
ഇവിടെ നമുക്ക് പരിശോധിക്കാനുള്ളത് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുന്നോട്ടുവെച്ചിട്ടുള്ള ഭൂപരിഷ്‌കരണ നടപടികളില്‍ പ്രത്യേകിച്ചും കേരളത്തില്‍ 1957 ല്‍ ആരംഭിച്ച് 1970 വരെ തുടര്‍ന്ന ഭൂപരിഷ്‌കരണ നടപടികളില്‍ അടിസ്ഥാനപരമായി സംരക്ഷിക്കപ്പെട്ട താല്പര്യങ്ങള്‍ ഏതേത് വര്‍ഗ്ഗങ്ങളുടേതും വിഭാഗങ്ങളുടേതുമായിരുന്നു എന്നതാണ്. ഇതാകട്ടെ പുതിയ ലോകസാഹചര്യവുമായി ബന്ധപ്പെടുത്തി അല്പം വിശദമായ പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട്.
1917 ലെ ഒക്ടോബര്‍ വിപ്ലവത്തിലൂടെ തൊഴിലാളി വര്‍ഗ്ഗം ഉയര്‍ത്തിവിട്ട കൊടുക്കാറ്റ് ലോകത്തിന്റെ നാനാഭാഗങ്ങളില്‍ വമ്പിച്ച മുന്നേറ്റങ്ങള്‍ സൃഷ്ടിച്ചു കൊണ്ടാണ് ആഞ്ഞടിച്ചതെന്ന് സാധാരണയായി വിശേഷിപ്പിക്കാറുണ്ട്. ഒക്ടോബര്‍ വിപ്ലവാനന്തരം ലോകത്തിലെ വിവിധ രാജ്യങ്ങളിലെ സോഷ്യലിസ്റ്റ് മുന്നേറ്റങ്ങള്‍ക്ക് നിദാനം കുറിച്ച വിപ്ലവങ്ങളില്‍ കാര്‍ഷിക ബന്ധങ്ങളിലെ ജനാധിപത്യവല്‍ക്കരണം ലക്ഷ്യം വെച്ചുള്ള സമരങ്ങള്‍ നിര്‍ണ്ണായക സ്ഥാനം നേടിയിരുന്നു. അഥവാ ഈ രാജ്യങ്ങില്‍ നടന്ന കാര്‍ഷിക മുന്നേറ്റങ്ങള്‍ ജനാധിപത്യ വിപ്ലവങ്ങള്‍ക്ക് ഊര്‍ജ്ജം പ്രദാനം ചെയ്തിരുന്നു.
പഴയ കൊളോണിയല്‍ കൊള്ള വഴി മാറ്റി പുതിയ ചൂഷണക്രമങ്ങള്‍ ആവിഷ്‌കരിക്കുക; സോഷ്യലിസ്റ്റ് മുന്നേറ്റങ്ങള്‍ക്ക് തടയിട്ട് കൊണ്ട് പുതിയ ലോകക്രമം സാദ്ധ്യമാക്കുക എന്നിവക്കായി അമേരിക്കന്‍ സാമ്രാജ്യത്വ നേതൃത്വത്തില്‍ ആരംഭിച്ച ശ്രമം രണ്ടാം ലോകയുദ്ധാനന്തരം തീവ്രമാക്കുകയും, അതുവരെ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ പരീക്ഷിച്ചു വിജയം നേടിയ നവകോളനിവല്‍ക്കരണം ആഗോളതലത്തില്‍ മുന്നോട്ട് കൊണ്ടു പോകുന്നതിലും അമേരിക്കന്‍ സാമ്രാജ്യത്വം വിജയം നേടുകയും ചെയ്തു.
യുദ്ധാനന്തര ലോകത്ത് സാമ്രാജ്യത്വം നേരിടുന്ന പ്രതിസന്ധികളെ മറികടക്കുക എന്നാല്‍ വികസ്വര രാജ്യങ്ങളിലെ കാര്‍ഷിക സമ്പദ്ഘടനയടക്കം സമ്പത്തുല്‍പാദനത്തിന്റെ സര്‍വ്വ മേഖലകളെയും തങ്ങളുടെ മൂലധന താത്പര്യങ്ങള്‍ക്ക് കീഴ്‌പ്പെടുത്തുക എന്നതായി മാറി. കൃഷിയെ ആധുനികവല്‍ക്കരിക്കുന്നതിന്റെ പേരില്‍, കാര്‍ഷിക വിളകളുടെ കയറ്റിറക്കുമതി നിയന്ത്രണത്തിലൂടെ, ഉല്‍പാദന വര്‍ദ്ധനവിന്റെ പേരില്‍ വിത്ത്-വളം-കീടനാശിനി ഉത്പാദനത്തിലും വിതരണത്തിലും കുത്തക സ്ഥാപിക്കുന്നതിലൂടെ, അന്താരാഷ്ട കരാറുകളെന്നെ കെണിയില്‍ വീഴ്ത്തുന്നതിലൂടെ ലോകബാങ്കിനേയും ഐ.എം.എഫിനെയും നിയന്ത്രിക്കുന്നതിലൂടെ അമേരിക്കന്‍ സാമ്രാജ്യത്വം വികസിപ്പിച്ചെടുത്ത വികസന തന്ത്രങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയടക്കം നിരവധി വികസ്വര രാജ്യങ്ങള്‍ മുട്ടുമടക്കി.
ഏഷ്യയിലെ നവ സ്വതന്ത്ര രാജ്യങ്ങളിലെ ‘ജനാധിപത്യ പ്രക്രിയയെ’ ശക്തിപ്പെടുത്താന്‍ നിയോഗിക്കപ്പെട്ട കാര്‍ഷിക ഭൂപരിഷ്‌കരണ വിദഗ്ദനായ ലാദേ ജിന്‍സ്‌കി നീണ്ട 30 വര്‍ഷക്കാലമാണ് ഏഷ്യയിലെ ഭൂപരിഷ്‌കരണങ്ങള്‍ക്കായി ചുക്കാന്‍ പിടിച്ചത്. ലാദേ ജിന്‍സ്‌കിയുടെ അഭിപ്രായത്തില്‍
‘ജനാധിപത്യത്തിന്റെ ഫലപ്രാപ്തി ഏഷ്യയിലെ ഗ്രാമീണന്റെ സ്വന്തമെന്ന് പറയാവുന്ന ഒരു തുണ്ട് ഭൂമിക്ക് വേണ്ടിയുള്ള ദാഹം ശമിപ്പിക്കുന്നതിലും കുറഞ്ഞ പക്ഷം സ്വന്തമായി പണിയെടുക്കുന്ന ഭൂമിയില്‍ ഒരവകാശവും സാധ്യമാക്കുന്ന’തിലാണ് അടങ്ങിയിരിക്കുന്നത്.
അതായത് ഭൂമിയുടെ രാഷ്ട്രീയത്തെക്കുറിച്ച് ആഴത്തില്‍ കുറുക്കന്‍ ബുദ്ധിയോടെ ചുഴഞ്ഞിറങ്ങിയ അദ്ദേഹം ഏഷ്യയിലും ചൈനീസ് വിപ്ലവത്തിന്റെ തുടര്‍ച്ച സൃഷ്ടിക്കേണ്ടതുണ്ടോ അതോ എങ്ങിനെ അതിനെ വഴി തിരിച്ചുവിടാമെന്നുമാണ് അന്വേഷിച്ചത്.
1952ല്‍ അമേരിക്കന്‍ അംബാസഡറായിരുന്ന ചെസ്റ്റര്‍ ബൗള്‍ഡിന്റെ അടിയന്തിര അഭ്യര്‍ത്ഥന മാനിച്ച് കാശ്മീര്‍, പഞ്ചാബ്, മദിരാശി സംസ്ഥാനങ്ങളിലെ ഭൂബന്ധങ്ങളെക്കുറിച്ച് പഠിക്കാനും ഇന്ത്യയില്‍ മൊത്തത്തിലുള്ള ഭൂവുടമസ്ഥതയില്‍ പരിശോധന പഠനങ്ങള്‍ നടത്താനും അദ്ദേഹം നിയോഗിക്കപ്പെട്ടു. കാര്‍ഷികപരിഷ്‌കരണത്തില്‍ ഇന്ത്യയുടെ ഉപദേഷ്ടാവ് എന്ന നിലയിലാണ് അദ്ദേഹം തന്റെ സേവനം ഇന്ത്യക്ക് നല്കിയത്.
സാമ്രാജ്യത്വ താല്‍പര്യങ്ങളെ സേവിച്ചുകൊണ്ട് താല്‍ക്കാലികമായങ്കിലും ഇന്ത്യന്‍ ഭരണകൂടത്തിന്റെ ഫ്യൂഡല്‍ താല്‍പര്യ സംരക്ഷണത്തിന്റെ വിമര്‍ശകനായി രംഗത്ത് വന്ന അദ്ദേഹം ഭൂബന്ധങ്ങളില്‍ രക്തരഹിതമായ ഒരഴിച്ചുപണിക്കുള്ള നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ചു.
ഭൂപരിഷ്‌കരണ നടപടികളുമായി ബന്ധപ്പെട്ട നിരവധി നിര്‍ദ്ദേശങ്ങള്‍ അദ്ദേഹം ഇന്ത്യാ ഗവണ്‍മെന്റിന് സമര്‍പ്പിക്കുകയും ഫോര്‍ഡ് ഫൗണ്ടേഷന്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സാമ്രാജ്യത്വ മാതൃകയിലുള്ള ഭൂപരിഷ്‌കരണത്തിന്റെ പ്രചാരവേല ഏറ്റെടുക്കുകയും ചെയ്തു. ഇദ്ദേഹം തന്നെയാണ് 1964- 75 കാലത്ത് ഇന്ത്യയില്‍ സ്ഥിരതാമസമാക്കി കൊണ്ട് ഹരിതവിപ്ലവത്തിന്റേയും സാങ്കേതിതസാന്ദ്ര കൃഷിയുടേയും ഉപജ്ഞേതാവയി മാറിയത്.
മൂന്നാം ലോകരാജ്യങ്ങളിലെ കാര്‍ഷിക മേഖലയെ സാമ്രാജ്വത്വ മൂലധനത്തിന്റെ ലക്ഷ്യസ്ഥാനമാക്കി മാറ്റുന്നതിന് അടിത്തറയിട്ടതും അദ്ദേഹമാണ്. ചുരുക്കത്തില്‍ ‘കമ്യൂണിസത്തിന്റെ ‘ഭൂ പുനര്‍ വിതരണത്തിന് പകരം ‘ഭൂപരിധി നിര്‍ണ്ണയം’ അദ്ദേഹം മുന്നോട്ട് വെക്കുകയും തുടക്കത്തില്‍ സൂചിപ്പിച്ചത് പോലുള്ള ഭൂപരിഷ്‌കരണ നടപടികള്‍ മുകളില്‍ നിന്നു തന്നെ കെട്ടിയേല്‍പ്പിക്കുകയുമായിരുന്നു.
കൊളോണിയല്‍ കാലത്തെ ഭൂപരിഷ്‌കരണങ്ങളും കാര്‍ഷിക മുന്നേറ്റങ്ങളും
കാര്‍ഷിക ഉത്പാദന പ്രവര്‍ത്തനത്തിലേര്‍പ്പെടുന്ന ഒരു സമൂഹത്തിലെ ബഹു ഭൂരിപക്ഷത്തേയും ഭൂരാഹിത്യത്തില്‍ തന്നെ നിലനിര്‍ത്തുന്ന, ഐക്യകേരളപ്പിറവിക്ക് ശേഷമുള്ള കേരളത്തിലെ ഭൂപരിഷ്‌കരണ നടപടികളാണ് നമ്മുടെ മുഖ്യ ചര്‍ച്ചാ വിഷയമെങ്കിലും, തിരുകൊച്ചിയിലും, തിരുവിതാംകൂറിലും, മലബാറിലും ഐക്യകേരളപ്പിറവിക്ക് മുമ്പ് നിലനിന്നിരൂന്ന ഭൂവുടമസ്ഥതയൂടെ സ്വഭാവത്തിലും, ബ്രിട്ടീഷ് അധിനിവേശക്കാലത്തെ ഭൂബന്ധങ്ങളിലെ പരിഷ്‌ക്കരണ ശ്രമങ്ങളിലും ഒരെത്തിനോട്ടം അനിവാര്വമാണ്.
പത്തൊമ്പതാം നൂറ്റാണ്ടില്‍ ഈ നാട്ടുരാജ്യങ്ങളിലെ കാര്‍ഷിക ബന്ധങ്ങളടെ പൊതു സ്വഭാവം ജന്മി- നാടുവാഴിത്ത ഉത്പാദന ബന്ധത്തിന് കീഴില്‍ ഭൂഉടമസ്ഥതയില്‍ അധീശത്വം സ്ഥാപിച്ചിരിക്കൂന്ന ശക്തികളും കാര്‍ഷികോത്പാദനത്തിലേര്‍പ്പെട്ടിരിക്കൂന്ന ശക്തികളും തമ്മില്‍ മൂര്‍ഛിച്ചു വരുന്ന സംഘര്‍ഷങളാണ്. ഇവ പലപ്പോഴും കാര്‍ഷിക കലാപങ്ങളായി രൂപപ്പെടുന്നതിലും, ഗ്രാമീണ ദാരിദ്ര്യത്തെ അതിന്റെ പാരമ്യതയിലും എത്തിച്ചു. ഇതിനായി കൊളോണിയല്‍ ശക്തികള്‍ വഹിച്ച പങ്ക് വളരെ വലുതാണ്.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ ആഗോളതലത്തില്‍ മുതലാളിത്തത്തിന്റെ ആന്തരിക ഘടനയില്‍ സൃഷ്ടിക്കപ്പെട്ട മാറ്റം ബ്രിട്ടന്‍ എന്ന സാമ്രാജ്യത്വ ശക്തിയെ കോളനികളിലെ ചൂഷണം പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കാന്‍ നിര്‍ബ്ബന്ധിതമാക്കി. ലങ്കാഷെയറിലേയും, മാഞ്ചസ്റ്ററിലേയും തുണിമില്ലുകള്‍ക്കാവശ്യമായ പരുത്തി എന്ന അസംസ്‌കൃത വിഭവത്തിലൂന്നുന്നതിലുപരി കൊളോണിയല്‍ സമ്പദ്ഘടനയുടെ സമസ്തമണ്ഡലങ്ങളിലുമുള്ള കൊള്ളയുടെ വ്യാപനം സാമ്രാജ്യത്വത്തിന്റെ ലക്ഷ്യമായിമാറി.
ഇന്ത്യന്‍ നാട്ടുരാജ്യങ്ങളിലാവട്ടെ നിലനിന്നിരൂന്ന ജീര്‍ണിച്ച കാര്‍ഷിക ബന്ധങ്ങള്‍ കൊളോണിയല്‍ മേധാവികളുടെ ഈ വികസന മോഹത്തെ തൃപ്തിപ്പെടുത്തുന്ന തരത്തിലായിരുന്നില്ല. സമൂഹത്തിന്റെ വികാസത്തെ മുരടിപ്പിച്ചു നിര്‍ത്തിയിരുന്ന ജീര്‍ണിച്ച ഉത്പാദന ബന്ധങ്ങളില്‍ ചൂഷണോപാധികളില്‍ പോലും അടിസ്ഥാനപരമായ ഒരു പോറലുമേല്‍ക്കാതെ തങ്ങളുടെ നിലനില്പിനും, ലാഭതാല്പര്യങ്ങള്‍ക്കും അനിവാര്യമായ പരിഷ്‌ക്കരണങ്ങള്‍ക്ക് ബ്രട്ടീഷ് സാമ്രാജ്യത്വ ശക്തികള്‍ ഇന്ത്യയില്‍ തുടക്കമിടുന്നത് അങ്ങിനെയാണ്.
ഇതാകട്ടെ ബ്രട്ടീഷ് മേധാവിത്വ ശക്തികള്‍ കോളനി രാജ്യങ്ങളില്‍ നേരിട്ട ഗൗരവമായ ഒരു വെല്ലുവിളിയുമായി തീര്‍ന്നു. ഈസ്റ്റ് ഇന്‍ഡ്യ കമ്പനിയുടെ കാലം മുതല്‍ തന്നെ ഇതിനായൂള്ള ശ്രമങ്ങള്‍ക്ക് അധിനിവേശ ശക്തികള്‍ തുടക്കം കുറിച്ചിരുന്നൂ. ജന്മിബന്ധ നാടുവാഴിത്തപരമായ അധികാരഘടനയെ സംരക്ഷിക്കൂകയും അതിനെ സ്ഥാപനവല്‍ക്കരിച്ച് അതിനനുപൂരകമായ ഉദ്യോസ്ഥ സംവിധാനവും ഭരണവ്യവസ്ഥയും സൃഷ്ടിച്ചു കൊണ്ട് തങ്ങളുടെ കൊളോണിയല്‍ താല്പര്യങ്ങള്‍ സംരക്ഷിക്കുകയെന്നതന്ത്രം അവര്‍ ആവിഷ്‌കരിച്ചു.
ഭൂസ്വത്തിലുള്ള ഭൂഉടമകളുടെ അധികാരം അരക്കിട്ടുറപ്പിക്കുകയും നാടുവാഴിത്തപരമായ അവരുടെ അവകാശങ്ങള്‍ ദൃഢീകരിച്ചു കൊണ്ട് നിരവധിയായ നിയന്ത്രണങ്ങള്‍ക്ക്് തുടക്കമിട്ടു കൊണ്ട് സ്ഥിര നികുതി വ്യവസ്ഥ നടപ്പാക്കി. ജമകെട്ടല്‍ സമ്പ്രദായം ഭൂമിയുടെ ഉടമസ്ഥാവകാശം ഭൂവുടമകളിലും ജമീന്ദാര്‍മാരിലും എല്ലാ കാലത്തേക്കും നിക്ഷിപ്തമാക്കി. കാര്‍ഷിക ബന്ധങ്ങളില്‍ നാട്ടു നടപ്പനുസരിച്ചുള്ള ആചാരങ്ങള്‍ മാറ്റി എഴുതപ്പെട്ട കരാറുകളാക്കി.
നികുതിയിലെ വീഴ്ചകള്‍ക്ക് ബലാല്‍ക്കരേണയുള്ള ഭൂമി വില്പന അടിച്ചേല്പിച്ചു. ഈ മാറ്റങ്ങളാവട്ടെ 1766 മുതല്‍1792 വരെയുള്ള കാലഘട്ടത്തില്‍ മൈസൂര്‍ സുല്‍ത്താന്‍മാര്‍ നടപ്പാക്കി.
കപ്പം പിരിപ്പിക്കലും, പിന്നീട് ആവിഷ്‌കരിച്ച നേരിട്ടുള്ള നികുതി പിരിവും സൃഷ്ടിച്ച മാറ്റങ്ങളെക്കാള്‍ ദൂരവ്യാപകമായ ഫലങ്ങള്‍ ഉളവാക്കി. കാര്‍ഷികോല്പാദനത്തില്‍ നിന്നുണ്ടാകുന്ന വിഭവങ്ങള്‍ പങ്കു വെയ്ക്കുന്നതില്‍ പുതിയ ഒരു കക്ഷിയായി കൊളോണിയല്‍ ശക്തികള്‍ കൂടി സ്ഥാനം പിടിച്ചു.
‘നിലങ്ങളില്‍ നിന്നുള്ള മൊത്തം ഉത്പാദനത്തില്‍ നിന്നും വിത്തും അത്ര തന്നെ കൃഷി ചെലവും കഴിച്ച് ബാക്കി വരുന്നതിന്റെ മൂന്നിലൊന്ന് കൂറ് ലാഭം കുടിയാനും ബാക്കിയുള്ളത് പാട്ടവും. പാട്ടത്തിന്റെ പത്തില്‍ ആറ് ഭാഗം കമ്പനിക്കും നാല് ഭാഗം ജന്മിക്കും.
തേങ്ങ, അടക്ക, തുടങ്ങിയ കാര്‍ഷികോത്പന്നങ്ങളുടെ മൂന്നിലൊന്ന് കുടിയാനും ബാക്കി കമ്പനിക്കും ജന്മിക്കും സമാസമം. പ്ലാവില്‍ നിന്ന് ആദായം തീരുമാനിക്കാന്‍ കഴിയുന്നിടത്ത് പകുതി പാട്ടവും മറ്റ് സ്ഥലങ്ങളില്‍ മൊത്തം വിളവിന്റെ മൂന്നിലൊന്ന് വിലയായും. കുരുമുളക് വള്ളിയില്‍ നിന്ന് മൊത്തം വിളവിന്റെ മൂന്നിലൊന്നും വാര്‍ഷിക വിളവ് കണക്കാക്കി കൊണ്ട് കമ്പനിക്ക് ലഭിക്കേണ്ടതാണ്.
‘ 1803 ല്‍ മലബാര്‍ കലക്ടര്‍ റോബര്‍ട്ട് റിക്കാര്‍ഡ്‌സ് ഒപ്പ് വെച്ച ഒരു കരാറാണ് മുകളില്‍ ഉദ്ധരിച്ചത്. ചുരുക്കത്തില്‍ ഈ കരാറുകള്‍ എല്ലാം തന്നെ മുഴുവന്‍ ബാധ്യതകളും ദരിദ്രരായ കര്‍ഷകരിലും കുടിയാന്മാരിലും അടിയാളരിലും അടിച്ചേല്പിക്കുകയായിരുന്നു’ ഇത് കൂടുതല്‍ ദുരിതങ്ങളിലേക്ക് ജനങ്ങളെ വലിച്ചിഴച്ചു. ഇത് സൃഷ്ടിച്ച സംഘര്‍ഷങ്ങളും കലാപങ്ങളും ഒരു ഭാഗത്ത് ശക്തമായ ഒരു ഭൂവുടമാവര്‍ഗ്ഗത്തെ സൃഷ്ടിച്ചെടുക്കുകയും നികുതിയിലൂടെ പാട്ടത്തിലൂടെയും കുടിയാന്റെയും മണ്ണില്‍ പണിയെടുക്കുന്ന, ജാതി വ്യവസ്ഥയാല്‍ അടിയാനാക്കപ്പെട്ട ഭൂരഹിത കര്‍ഷകന്റെയും ചോരയൂറ്റി കുടിക്കുന്ന ഒരു ഇത്തിക്കണ്ണി വിഭാഗമാക്കി അവരെ മാറ്റുകയും ചെയ്തു
മലബാറിലെ വിവിധ കാര്‍ഷിക കലാപങ്ങളും കാര്‍ഷിക പരിഷ്‌കരണങ്ങളും
1793 മുതല്‍ 1805 വരെ നീണ്ടു നിന്ന പഴശി കലാപങ്ങളിലും 1812 ല്‍ വയനാട്ടില്‍ ഉയര്‍ന്ന് വന്ന കുറിച്യ കലാപത്തിലും അന്തര്‍ലീനമായ കാര്‍ഷിക പ്രശ്‌നങ്ങളുടെ അടിസ്ഥാന കാരണങ്ങള്‍ കൊളോണിയല്‍ ശക്തികള്‍ കാര്‍ഷിക സമ്പദ്ഘടനയില്‍ അടിച്ചേല്പിച്ച നയങ്ങളായിരുന്നെന്ന് കണ്ടെത്താന്‍ പ്രയാസമില്ല.
വാര്‍ഷിക പാട്ടത്തെ ‘അയ്യാണ്ട് ‘ പാട്ടമാക്കുകയും നികുതി പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കുകയും ചെയ്തപ്പോള്‍ ഉയര്‍ന്ന് പൊങ്ങിയ കര്‍ഷക ജനതയുടെ രോഷമാണല്ലോ പഴശിയെ കമ്പനിക്കെതിരായ പോരാട്ടത്തിന്റെ മുന്‍നിരയില്‍ പിടിച്ചു നിര്‍ത്തിയതു്. പഴശിയുടെ ജീവാര്‍പ്പണത്തിനു് ശേഷം ഏഴു വര്‍ഷം പിന്നിട്ടപ്പോഴാണ് കമ്പനി ഉദ്യോഗസ്ഥരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു കൊണ്ട് വയനാട്ടില്‍ നിന്ന് വീണ്ടും ചെറുത്തുനില്‍പ് ഉയരുന്നതു്. ഇത്തവണ കലാപത്തിന്റെ നേതൃത്വവും മുഖ്യശക്തിയും ഗോത്ര വര്‍ഗ്ഗകര്‍ഷകരായിരുന്നു.
കുറിച്യ ,കുറുമ കര്‍ഷകരില്‍ നിന്ന് കോട്ടയം രാജാക്കന്മാര്‍ കാര്‍ഷികോല്പന്നങ്ങളായിരുന്നു വില കെട്ടി നികുതിയായി സ്വീകരിച്ചിരുന്നത്. കമ്പനിയൂടെ ഉത്തരവിലൂടെ നികുതി പണമായി തന്നെ അടക്കാന്‍ കര്‍ഷകര്‍ നിര്‍ബ്ബന്ധിക്കപ്പെടുകയും മാത്രമല്ല വന്‍തോതില്‍ നികുതി വര്‍ദ്ധിപ്പിക്കുകയും ചെയ്തു.
സുല്‍ത്താന്‍ ബത്തേരിയിലും, മാനന്തവാടിയിലും ഉണ്ടായിരുന്ന കമ്പനി സേനയുടെ കേന്ദ്രങ്ങള്‍ കുറിച്യ, കുറുമ കര്‍ഷക പോരാളികള്‍ പരമ്പരാഗത ആയുധങ്ങളുമായി ആക്രമിക്കുകയും കമ്പനിപ്പട്ടാളത്തിന്ന് വന്‍ നഷ്ടമുണ്ടാക്കുകയും ചെയ്തു.
മതപരമായ അടയാളങ്ങളുടേയും യാഥാസ്ഥിതികമായ വികാരങ്ങളുടേയും സ്വാധീനങ്ങള്‍ കാണാമെങ്കിലും, നീതിരഹിതവും പൈശാചികവുമായ ജന്മിത്ത ചൂഷണത്തിനെതിരായ കര്‍ഷക ജീവിതങ്ങളുടെ ഹിംസാത്മക പ്രഖ്യാപനങ്ങളായിരുന്നു തുടര്‍ച്ചയായി ഉയര്‍ന്നു വന്ന മലബാറിലെ മാപ്പിള കര്‍ഷകകലാപങ്ങളുടെ ഉള്ളടക്കമെന്ന് പ്രമുഖ സാമൂഹിക ചരിത്രകാരനായ ഡോ: കെ.കെ.എന്‍.കുറുപ്പ് നിരീക്ഷിക്കുന്നു.
മലബാറിലെ ഭൂബന്ധങ്ങളില്‍ വില്ല്യം ലോഗന്‍ നടത്തിയ പഠനങ്ങളെ സമഗ്രമായി വിലയിരുത്തുന്നതില്‍ ഡോ: കെ.കെ.എന്‍ കുറുപ്പ് വളരെ വിലപ്പെട്ട സംഭവനകളാണ് ചെയ്തിരിക്കുന്നത്.
ബ്രിട്ടീഷുകാര്‍ അടിച്ചേല്പിച്ച നികുതി പരിഷ്‌കാരങ്ങള്‍ കര്‍ഷക ജനസാമാന്യത്തിന്റെ നട്ടെല്ലൊടിക്കുന്നതായിരുന്നു.
കാര്‍ഷികവൃത്തിയിലൂടെ തങ്ങള്‍ക്ക് ലഭിക്കുന്ന ഉല്പന്നത്തേക്കാള്‍ കൂടുതല്‍ വാരം കൊടുക്കേണ്ട അവസ്ഥ കൂടുതല്‍ കടബാധ്യതയിലേക്കും, അടിമസമാനമായ ജീവിതാവസ്ഥയിലേക്കും കര്‍ഷകരെ നയിച്ചു. എന്നിട്ട് പോലും ഭൂവുടമകളുടെ അപ്രീതിക്കു കാരണമാകുന്ന കര്‍ഷകന്‍ പാട്ടബാക്കിക്കും, അക്രമനികുതിക്കും വേണ്ടി ഒഴിപ്പിക്കലടക്കമുള്ള നിയമ നടപടികളെ നേരിടേണ്ടി വരുന്നു.
‘ തെക്കെ മലബാറില്‍ ജില്ലാ കലക്ടറായി ഏറെ നാള്‍ പ്രവര്‍ത്തിച്ച ഹെര്‍ബര്‍ട്ട് വിഗ്രാം തന്റെ മേലധികാരികള്‍ക്ക് എഴുതി. മലബാറിലെങ്ങും കര്‍ഷകരുടെ നീറിപ്പുകയുന്ന അമര്‍ഷത്തെ ചൂണ്ടിക്കാണിച്ചു കൊണ്ട് ഭരണകൂട ഇടപെടലിന്റെ അടിയന്തിര ആവശ്യകതയില്‍ ശ്രദ്ധ ക്ഷണിക്കുകയായിരുന്നു ഹെര്‍ബട്ട് വിഗ്രാം.
ഇതര നാട്ടുരാജ്യങ്ങളിലെന്നപോലെ മലബാറിലും ഭൂകുത്തക ബ്രാഹ്മണ വിഭാഗത്തില്‍ മുഖ്യമായും കേന്ദ്രീകരിച്ചിരുന്നു. ദൈവദത്തമായ ഭൂഅധികാര കേന്ദ്രമായി ബ്രഹ്മസ്വവും ,ദേവസ്വവും മാറുകയും വന്‍രീതിയില്‍ ഭൂമിയുടെ ഉടമസ്ഥാവകാശം നിലനിര്‍ത്തുകയും ചെയ്തു.
ജാതി വ്യവസ്ഥ കാര്‍ഷികോല്പാദന ഘടനയില്‍ ചെലുത്തിയവന്‍ സ്വാധീനം കാരണം ജാതി ശ്രേണിയില്‍ പ്രഥമ സ്ഥാനത്ത് നില്ക്കുന്ന നമ്പൂതിരിമാര്‍ക്കും ജാതി ഹിന്ദുക്കളായ സവര്‍ണ്ണ വിഭാഗങ്ങള്‍ക്കും മാത്രമെ ഭൂമിയില്‍ ഉടമസ്ഥാവകാശം ലഭ്യമായിരുന്നുള്ളു.
ജാതി ശ്രേണിയില്‍ താഴെ തട്ടിലുള്ളവരോ , അതില്‍ സ്ഥാനം ലഭിക്കുക പോലും ചെയ്യാത്തവരോ ആയിരുന്നു കാണാം, ഒറ്റി തുടങ്ങിയ അവകാശങ്ങളില്‍ ഭൂമി ഏറ്റെടുത്തു. കുഴിക്കൂറ് ഉണ്ടാക്കുകയും ഭൂഉടമകള്‍ നിശ്ചയിക്കുന്ന പ്രതിഫലം പാട്ടമായി കൊടുക്കുകയും ചെയ്യുന്ന രീതി അവലംബിച്ചിരുന്നത്.
ജന്മിമാരില്‍ നിന്ന് കാണം അവകാശത്തില്‍ ഭൂമി പാട്ടത്തിനെടുത്ത് കീഴ്കൂടിയാന്‍ന്മാര്‍ക്ക് പാട്ടത്തിന് കൊടുക്കുന്ന കാണക്കുടിയാന്മാരും ഉണ്ടായിരുന്നു. എന്നാല്‍ കാണക്കുടിയാന്മാരില്‍ ഒരു വിഭാഗം കാര്‍ഷികവൃത്തിയില്‍ നേരിട്ട് പങ്കാളികളായി. കാര്‍ഷികോല്പാദന പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവരില്‍ മുഖ്യ പങ്ക് ജന്മിമാരില്‍ നിന്നും ഭൂമി നേരിട്ട് പട്ടത്തിന് എടുത്ത കീഴ്ജാതികളില്‍പ്പെട്ട കര്‍ഷകരായിരുന്നു പാട്ട കുടിയാന്മാരെന്നും, വെറും പാട്ടക്കുടിയാന്മാരെന്നും വിളിക്കപ്പെടുന്ന ഇവര്‍ കുഴിക്കൂറുകള്‍ ഭൂ ഉടമകളുമായി പങ്ക് വെക്കുകയും വാര്‍ഷിക പാട്ടം നല്കുകയും ചെയ്തു വന്നു.
മണ്ണില്‍ പണിയെടുക്കുന്ന ഗണ്യമായ മറ്റൊരു വിഭാഗം കര്‍ഷകരുണ്ടായിരുന്നു. കാര്‍ഷിക സമൂഹത്തില്‍ ഏറ്റവും അടിത്തട്ടില്‍ കഴിഞ്ഞിരുന്ന, ജാതി വ്യവസ്ഥയില്‍ ഏറ്റവും അസ്പ്രശ്യരായി കരുതപ്പെട്ട അടിയാള ജീവിതം നയിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ട ഭൂരഹിത കര്‍ഷകരായിരുന്നു അവര്‍ ‘കാണക്കുടിയാന്മാരുടേയും പാട്ടക്കുടിയാന്മാരുടേയും ഭൂമിയില്‍ അദ്ധ്വാനിക്കുന്ന ഈ ഭൂരഹിത കര്‍ഷകര്‍ക്ക് ഭൂ ഉടമസ്ഥതക്കോ പാട്ടകൃഷിക്കോ അവകാശമുണ്ടായിരുന്നില്ല.
ചുരുക്കത്തില്‍ മലബാറിലെ ഭൂബന്ധങ്ങളില്‍ ഒരു ഓട്ടപ്രദിക്ഷണം നടത്തുമ്പോള്‍ നമുക്ക് ലഭിക്കുന്ന ഒരു ഏകദേശ ചിത്രമിതാണ്. കാണക്കുടിയാന്മാര്‍ ഓരോ പന്ത്രണ്ട് വര്‍ഷം പിന്നിടുമ്പോഴും നിലവിലുള്ള കരാറുകളില്‍ പൊളിച്ചെഴുത്ത് ഫീസില്‍ വന്‍ വര്‍ധന നടത്തികൊണ്ട് പുതിയ കരാറില്‍ കൃഷി തുടരാന്‍ നിര്‍ബ്ബന്ധിക്കപ്പെട്ടു. ഭൂമിയും കുഴിക്കൂറും കര്‍ഷകന് ആദായകരമാകണമെങ്കില്‍ കര്‍ഷക കുടുംബത്തിന്റെ വര്‍ഷങ്ങളായുള്ള അദ്ധ്വാനത്തിലൂടെ മാത്രമെ കഴിയൂ.
ദീര്‍ഘകാല വിളകള്‍ കൃഷി ചെയ്യണമെങ്കില്‍ പാട്ടാവകാശം തുടര്‍ച്ചയായി നിലനിര്‍ത്തുകയും വേണം. ജന്മിമാരുടെ കാട്ടുനീതിക്ക് വഴിപ്പെടുകയേ കര്‍ഷകന് നിവൃത്തി ഉണ്ടായിരുന്നുള്ളൂ. എന്നാലും ചാര്‍ത്തുകാരന്‍ വൃദ്ധനാവുകയോ ,മരണപ്പെടുകയോ ചെയ്താല്‍ ഈ ഭൂമിയിലെ മേലനുഭവം കൊണ്ട് ജീവിക്കേണ്ട കര്‍ഷക കുടുംബമാകട്ടെ ഈ ഭൂമിയില്‍ നിന്നും കുടിയിറക്കപ്പെടുന്നു.
കാര്‍ഷിക ജീവിതങ്ങളെ അരക്ഷിതാവസ്ഥയിലേക്കു നയിക്കുകയും കാര്‍ഷികോല്പാദനത്തെ മുരടിപ്പിക്കുകയും ചെയ്യുന്ന ജന്മിത്ത വ്യവസ്ഥിതിയുടെ രേഖാചിത്രമാണിത്. കാണം അവകാശത്തില്‍ അല്ലാതെ വെറുപാട്ടകൃഷി ചെയ്യുന്ന കര്‍ഷകന്റെ അവസ്ഥ ഇതിനേക്കാള്‍ ദാരുണമായിരുന്നു. വാര്‍ഷിക പാട്ടത്തിനെടുത്ത ഭൂമിയില്‍ നിന്ന് ഏത് നിമിഷവും ഭൂഉടമയുടെ അനിഷ്ടത്തിന് പാത്രമായാല്‍ കുടിയറക്കപ്പെടുമായിരുന്നു.
താന്‍ കൈവശം വെച്ച് കൃഷി ചെയ്തിരുന്ന ഭൂമിയില്‍ നിന്ന് കര്‍ഷകന്‍ കുടിയിറക്കപ്പെടുമ്പോള്‍ അയാളുടെ ഇതുവരെയുള്ള ദേഹണ്ഡത്തിന് ,ചമയങ്ങള്‍ക്കുള്ള വിലയായി വളരെ തുഛമായ വിലയെ ലഭിച്ചിരുന്നുള്ളൂ. പൊലീസും ,വ്യവഹാര കോടതികളും ജന്മിമാരുടെ താല്പര്യങ്ങളെ മാത്രം സേവിച്ചു. ജന്മിത്വ ശക്തികളുടെ ഭൂ ഉടമസ്ഥാവകാശത്തില്‍ തൊട്ടുകളിക്കാനോ, ജന്മിത്ത ശക്തികളുടെ കര്‍ഷകര്‍ക്കെതിരെയുള്ള മര്‍ദ്ദനവാഴ്ചക്കെതിരെ എന്തെങ്കിലും നടപടിയെടുക്കാനോ ബ്രിട്ടീഷ് സാമ്രാജ്യത്വ ഭരണകൂടം തയ്യാറായിരുന്നില്ല.
സാമ്രാജ്യത്വ-ജന്മിത്വ ചൂഷണത്താല്‍ പൊറുതിമുട്ടിയ കര്‍ഷക ജനതക്ക് കലാപത്തിന്റെ പാതയിലേക്ക് പതുക്കെ കാല്‍വെക്കുക മാത്രമെ കരണീയമായുണ്ടായിരുന്നുള്ളൂ. 1836 മുതല്‍ 1850 വരെയുള്ള 14 വര്‍ഷങ്ങള്‍ക്കകം 31 കര്‍ഷകകലാപങ്ങള്‍ മലബാറില്‍ നടന്നതായി കറസ്‌പോണ്ടന്‍സ് ഓഫ് മാപ്പിള ഔട്ട് റേജസ് ഇന്‍ മലബാര്‍ സാക്ഷ്യപ്പെടുത്തുന്നു
ഒന്നര നൂറ്റാണ്ട് മുമ്പത്തെ ബ്രട്ടീഷ് അധീനതയിലുള്ള മലബാറിലെ ഭൂബന്ധങ്ങളെക്കുറിച്ച് നമുക്ക് ഏറെക്കുറെ വസ്തുനിഷ്ഠമായ വിവരണം ലഭിക്കുന്നതു് ബ്രിട്ടീഷ് സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനും ദീര്‍ഘകാലം മലബാര്‍ ഡിസ്ട്രിക് കലക്ടറുമായിരുന്ന വില്ല്യം ലോഗന്‍ മലബാറിലെ ഭൂബന്ധങ്ങളില്‍ നടത്തിയ പഠനങ്ങളില്‍ നിന്നുമാണ്. നിലവില്‍ നിലനിന്ന കാര്‍ഷിക ബന്ധങ്ങളില്‍ മൂര്‍ഛിച്ചു വരുന്ന വൈരുദ്ധ്യങ്ങള്‍ സൃഷ്ടിക്കൂന്ന സംഘര്‍ഷങ്ങള്‍ നീണ്ടു നില്‍ക്കുന്ന കലാപങ്ങളായി രൂപം പ്രാപിച്ചപ്പോള്‍ കൊളോണിയല്‍ സംവിധാനത്തിന് കോട്ടം തട്ടാതെ മൂന്നോട്ട് പോകാന്‍ അനുകൂല സാഹചര്യങ്ങള്‍ സൃഷ്ടിച്ചെടുക്കുക എന്നത് കൊളോണിയല്‍ ഭരണകൂടത്തിന് അനിവാര്യമായി മാറി.
കാര്‍ഷിക കലാപങ്ങളില്‍ ‘ അന്തര്‍ലീനമായിരിക്കുന്ന പ്രശ്‌നങ്ങള്‍ പഠിക്കാനും ,സംഘര്‍ഷ ലഘൂകരണത്തിനായി സ്വീകരിക്കേണ്ട പരിഷ്‌കരണ നടപടികള്‍ ശുപാര്‍ശ ചെയ്യാനുമാവശ്യപ്പെട്ടു കൊണ്ട് വിശദമായ ഒരു റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ കൊളോണിയല്‍ ഭരണകൂടം വില്ല്യം ലോഗനെ ചുമതലപ്പെടുത്തി.
കാര്‍ഷിക സംഘര്‍ഷങ്ങള്‍ക്ക് അടിസ്ഥാനമായ മലബാറിലെ കുടിയായ്മ പ്രശ്‌നങള്‍ കാണ– ജന്മ– പാട്ട വ്യവസ്ഥ കള്‍, പാട്ട ഭൂമിയിലെ കുടിയാന്റെ അവകാശങ്ങള്‍ തുടങ്ങി മലബാറിലെ ഭൂബന്ധങ്ങളില്‍ വിശദമായ പഠനങ്ങളില്‍ ലോഗന്‍ ഏര്‍പ്പെടുകയും 1882 ജൂണ്‍ മാസത്തില്‍ തന്റെ ശുപാര്‍ശകള്‍ അടങ്ങിയ റിപ്പോര്‍ട്ട് അദ്ദേഹം അധികാരികള്‍ക്ക് സമര്‍പ്പിക്കുകയും ചെയ്തു,
നിലവിലുള്ള ജന്മിത്ത വ്യവസ്ഥക്ക് കാര്യമായ ഒരുപോറലും ഏല്‍ക്കാതെ എന്നാല്‍ നിലവില്‍ വളര്‍ന്ന് കൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങളെ അല്പമെങ്കിലും മയപ്പെടുത്തുക എന്നതും കൊളോണിയല്‍ ചൂഷണതാല്പര്യങ്ങളുമായി ഇണങ്ങി പോകുന്ന വര്‍ഗ്ഗബന്ധങ്ങള്‍ സൃഷ്ടിച്ചെടുക്കുക എന്നതുമായിരുന്നു കൊളോണിയല്‍ മേധാവികളുടെ മുഖ്യലക്ഷ്യം.
കൊളോണിയല്‍ ഭരണ സംവിധാനങ്ങളുടെ ഭാഗമാണെങ്കിലും, ഭൂമിയില്‍ കാര്‍ഷിക അദ്ധ്വാനത്തില്‍ നേരിട്ടിടപെടുന്ന കര്‍ഷകരോടുള്ള സഹാനുഭൂതി നിലനിര്‍ത്തി കൊണ്ട് നിയമനിര്‍മ്മാണങ്ങളിലൂടെ മലബാറില്‍ നിലനിന്നിരുന്ന കാര്‍ഷിക ബന്ധങ്ങളിലും, പൊതുസമൂഹത്തിലെ സാമ്പത്തിക ബന്ധങ്ങളിലും സാമുദായിക സ്ഥാപനങളിലും ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന നിര്‍ദ്ദേശങ്ങള്‍ തന്റെ റിപ്പോര്‍ട്ടിലൂടെ മുന്നോട്ട് വെക്കാന്‍ ലോഗന്‍ ആഗ്രഹിച്ചു..
നാടു വാഴിത്തത്തിന്‍ കീഴില്‍ ജന്മി-നാടുവാഴിത്ത ശക്തികള്‍ ജന്മാവകാശവും, കാണാവകാശവും അടിച്ചേല്പിച്ചു കൊണ്ടായിരുന്നു പരമ്പരാഗതമായി ഭൂമിയില്‍ കുത്തക സ്ഥാപിച്ചെടുത്തിരുന്നത്. ഈ ഭൂവുടമാവര്‍ഗ്ഗത്തിന് ഭൂമിയിലുള്ള കുത്തക അവകാശം ഏകപക്ഷീയമായി അംഗീകരിച്ചു കൊടുക്കുന്ന നാട്ടുനടപ്പനുസരിച്ചുള്ള നടപടികളായിരുന്നു കൊളോണിയല്‍– വ്യവഹാര കോടതികളും സൈനിക വൃത്തങ്ങളും ഉദ്യോഗസ്ഥ വൃന്ദങ്ങളും ഉള്‍പ്പെടെ ഭരണകൂടം കൈക്കൊണ്ടുവന്നിരുന്നത്.
ഈ നാട്ടുനടപ്പ് രീതിയില്‍ നിന്നും വഴിമാറി ചിന്തിക്കാനുള്ള ശ്രമങ്ങള്‍ ലോഗന്റെ പഠനങ്ങളിലൂടനീളം കാണാം. ജന്മാവകാശത്തിന്റേയും കാണാവകാശത്തിന്റേയും പേരില്‍ മണ്ണില്‍ നേരിട്ട് അദ്ധ്വാനിക്കുന്നവരില്‍ നിന്നും ഉത്പാദനത്തിന്റെ സിംഹഭാഗവും നാട്ടുനടപ്പ് നിയമത്തിന്റെ പിന്‍ബലത്തില്‍ ജന്മികള്‍ തട്ടിപ്പറിച്ചെടുക്കുന്നതു പൂര്‍ണമായും വകവെച്ചു കൊടുക്കാന്‍ ലോഗന്‍ തയ്യാറായിരുന്നില്ല.
ഭൂമിയില്‍ ഉത്പാദന പ്രവര്‍ത്തനത്തിലേര്‍പ്പെട്ട് അദ്ധ്വാനം ചെലവഴിക്കുന്നവര്‍ഗ്ഗങ്ങള്‍ക്കൂ ള്ള പങ്കാളിത്തത്തെ വിലമതിച്ച് കൊണ്ട് ജന്മിമാര്‍ക്ക് ഭൂവുടമസ്ഥതയിലുള്ള ഏകപക്ഷീയമായ അമിതാവകാശങ്ങള്‍ പരിമിതപ്പെടുത്തണമെന്ന അഭിപ്രായവും അദ്ദേഹം വെച്ചു പുലര്‍ത്തി.’ ജന്മ’ ത്തിന്റെ ചരിത്രപരമായ വികാസ പരിണാമങ്ങളെ ലോഗന്‍ പഠന വിധേയമാക്കുകയും പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ തന്നെയുള്ള ബ്രിട്ടീഷ് ഇടപെടലുകള്‍, ജന്മിമാര്‍ക്ക് ഭൂമിയില്‍ സമ്പൂര്‍ണ്ണ അധികാരം നല്കുന്ന രീതിയില്‍ ‘ജന്മാവകാശം’ ഉറപ്പിക്കുകയാണ് ചെയ്തതെന്നും ലോഗന്‍ കണ്ടെത്തി.
‘ മണ്ണിന്റെ പരമാധികാരിയായ ഉടമ ജന്മിയാണന്നും ആ നിലയില്‍ അയാളാവശ്യപ്പെടുന്ന വിധത്തില്‍ ഉത്പാദനത്തിന്റെ സിംഹവിഹിതം കൈപ്പറ്റുവാന്‍ അയാള്‍ക്കധികാരമുണ്ടന്ന ആശയം അപ്പോള്‍ നാട്ടുനടപ്പ് മാത്രമായ മലയാളനിയമസമ്പ്രദായങ്ങളുടെ മീതെ ഉത്ഭവത്തിലും ചരിത്രത്തിലും യൂറോപ്യന്‍ സ്വത്തവകാശങ്ങളുടെ ആശയം ഒട്ടിച്ച് വെച്ചതിനാലൂള്ള തെറ്റില്‍ നിന്നും ഉത്ഭവച്ചതാണന്നു ‘ അദ്ദേഹം ആധികാരികമായി തന്നെ അഭിപ്രായപ്പെട്ടു.( ടെനന്‍സി റിപ്പോര്‍ട്ട് _ ഖണ്ഡിക _104. )
പരമ്പരാഗത നിയമസംഹിതയായി കരുതപ്പെട്ടു വന്ന ‘ വ്യവഹാര മാലയിലും’ പരമ്പരാഗത ചരിത്ര വിവരണമായ കേരളോല്പത്തി യിലും വിശദീകരിക്കപ്പെട്ട ബ്രാഹ്മണരുടെ വൈദിക ഭരണത്തേയും, ഭു ഉടമസ്ഥതാവകാശ സിദ്ധാന്തങ്ങളെയും നിരാകരിച്ചു കൊണ്ട് ഉത്പാദനത്തിലെ ഒരനിശ്ചിത വിഹിതം നാട്ടുനടപ്പനുസരിച്ച് അനുഭവിച്ച് വരുന്ന ഒരു ഔദ്യോഗിക പദവി മാത്രമാണ് ‘ ജന്മം’ എന്നും അദ്ദേഹം വാദിച്ചു. ഹൈദര്‍-ടിപ്പു അക്രമണകാലത്ത് പോലും മണ്ണിലുള്ള സമ്പൂര്‍ണ്ണ അധികാരമായി ‘ ജന്മം’ രൂപപ്പെട്ടിരുന്നില്ലന്നുള്ള വാദമുഖവും തന്റെ ‘ടെനന്‍സി റിപ്പോര്‍ട്ടി’ ലൂടെ അദ്ദേഹം മുന്നോട്ട് വെച്ചു.
കൊളോണിയല്‍ വ്യവസ്ഥക്കനുഗുണമായി ജന്മി വര്‍ഗ്ഗത്തിന്റെ നിക്ഷിപ്ത താല്പര്യങ്ങള്‍ ദൃഢികരിച്ചെടുക്കുക എന്ന ലക്ഷൃമായിരുന്നു ബ്രിട്ടീഷ് സാമ്രാജ്യത്വം ഇന്ത്യയില്‍ ‘തുടക്കം മുതല്‍ നിര്‍വ്വഹിച്ചതെന്ന് ഇന്ത്യയിലെ കൊളോണിയല്‍ ഭരണത്തെ വിശകലനം ചെയ്ത മാര്‍ക്‌സിസ്റ്റ് ചരിത്ര കാരന്മാരും പിന്നീട് വിലയിരുത്തുകയുണ്ടായി. ബ്രിട്ടീഷ് കൊളോണിയല്‍ ശക്തികളുടെ അധിനിവേശം ‘ ജന്മ’ അവകാശത്തെ മണ്ണിലുള്ള പരമമായ അവകാശമായി രൂപാന്തരപ്പെടുത്തുകയും വ്യവഹാരങ്ങളില്‍ കൊളോണിയല്‍ കോടതികള്‍ ജനനം കൊണ്ട് ലഭ്യമാകുന്ന ,പരമ്പരാഗതമായി കൈവരുന്ന ഭൂ അവകാശമായും വ്യാഖ്യാനിച്ചു കൊണ്ട് വിധികള്‍ എഴുതി. ‘ ജന്മം’ അവകാശത്തിന്റെ പൊള്ളത്തരം ചൂണ്ടിക്കാണിച്ചത് പോലെ മറ്റൊരു പരമ്പരാഗത ഭൂ ഉടമസ്ഥതാവകാശമായ’ കാണം’ അവകാശവും അതിന്റെ വികാസ പരിണാമങ്ങളും ലോഗന്‍ തന്റെ റിപ്പോര്‍ട്ടില്‍ പഠനവിധേയമാക്കി..
‘ കാണം ‘ അതിന്റെ ഉത്ഭവ കാലത്ത് വെറുമൊരു മേല്‍നോട്ട അവകാശമോ സംരക്ഷണ അവകാശമോ മാത്രമായിരുന്നു. ഇത് പില്‍ക്കാലത്ത് ഭൂവുടമസ്ഥതയില്‍ സ്ഥിരാവകാശമായി പരിണമിക്കുകയായിരുന്നു എന്നും ലോഗന്‍ സമര്‍ത്ഥിച്ചു. ഇത്തരത്തില്‍ സംരക്ഷണ അവകാശങ്ങളും മേല്‍നോട്ട അവകാശങ്ങളും ഭൂമിയിലുള്ള പരമമായ അവകാശമാക്കി മാറ്റുന്നതില്‍ കൊളോണിയല്‍ ഭരണകാലത്ത് നിലനിന്നിരുന്ന നീതി നിര്‍വ്വഹണ സ്ഥാപനങ്ങള്‍ വലിയ പങ്ക് വഹിക്കുകയുണ്ടായി.
കാണാവകാശം പ്രകാരം 12 വര്‍ഷക്കാലത്തേക്ക് ഭൂമി കാണക്കാരന് കൈവശം വെക്കാമെങ്കിലും കാണാവകാശിയെ ഒഴിപ്പിക്കാനുള്ള അവകാശം പരമമായി ജന്മിമാരില്‍ നിക്ഷിപ്തമായിരുന്നു’ പന്ത്രണ്ട് വര്‍ഷം ഭൂമി കൈവശം വെച്ചനുഭവിക്കുന്ന കാണക്കാരന് പകരം കൂടുതല്‍ പാട്ടം കൊടുക്കാന്‍ തയ്യാറുള്ളവര്‍ക്ക് ചാര്‍ത്ത് കൊടുക്കാന്‍ ജന്മിക്കുള്ള അവകാശത്തെയും കൊളോണിയല്‍ കോടതികള്‍ അംഗീകരിച്ചു കൊടുത്തു.
പലപ്പോഴും കാണാം അവകാശി പാട്ടം പുതുക്കി കൊണ്ട് ഭൂമി വീണ്ടും കൈവശം വെക്കുകയും ക്രമേണ ഈ രീതികൊളോണിയല്‍ നികുതി ഘടനയുമായി ബന്ധപ്പെടുത്തി. ഭൂമിയിലെ ആദായം കണക്കാക്കി ഇടക്കിടെ വലിയ നികുതി ഭാരം കാണക്കാരില്‍ അടിച്ചേല്പിക്കൂന്ന അവസ്ഥയായി മാറി.
മലബാറിലെ കുടിയായ്മകളില്‍ മുഖ്യമായും രണ്ട് തരത്തിലുള്ള കുടിയായ്മകളായിരുന്നു നിലനിന്നതെന്ന് ലോഗന്‍ വിശദീകരിച്ചു. വെറും പാട്ടക്കുടിയായ്മയും കുഴിക്കാണക്കുടിയായ്മയും. കാണാവകാശികളില്‍ ഒരു വിഭാഗം മാത്രമെ നേരിട്ട് കൃഷിയില്‍ ഏര്‍പ്പെട്ടിരുന്നുള്ളൂ. കുഴിക്കാണാവകാശിക്ക് പാട്ട ഭൂമിയിലെ വസ്തുവകകളും ചമയങ്ങളും വില്കാന്‍ അവകാശമുണ്ടായിരുന്നു. മണ്ണിലൂള്ള ചമയങ്ങള്‍ക്ക് പ്രതിഫലം കൊടുത്തു കൊണ്ടേ അയാളെ ഒഴിപ്പിക്കാന്‍ കഴിയുമായിരുന്നുള്ളൂ.
കാണാവകാശത്തെപ്പോലെ കുഴിക്കാണവും പുതുക്കലിനും ഒഴിപ്പിക്കലിനും വിധേയമായിരുന്നു. നേരത്തെ സൂചിപ്പിച്ചത് പോലെ ഇത് 12 വര്‍ഷത്തേക്കോ അല്ലങ്കില്‍ കരാറില്‍ വ്യവസ്ഥ ചെയ്ത പോലെയോ ഈ കുടിയായ്മ നിലനിന്നു. അതോടൊപ്പം ഇതേ കുടിയാന് തന്നെ കുഴിക്കൂറുകളുടേയും ചമയങ്ങളുടേയും വില നല്കിക്കൊണ്ട് വീണ്ടും. പുതുക്കിക്കൊടുക്കുന്ന സമ്പ്രദായം ഈ കുടിയായ്മയിലും നിലനിന്നു.
വെറും പാട്ട കുടിയായ്മ സമ്പ്രദായം ജന്മിമാരില്‍ നിന്നും കൃഷിക്കാര്‍ നേരിട്ട് ഭൂമി ഏറ്റെടുത്ത് കൃഷി ചെയ്യുന്ന സമ്പ്രദായമായിരുന്നു ‘വെറും പാട്ടക്കുടിയായ്മയില്‍ ഭൂമിയില്‍ നേരിട്ട് അദ്ധ്വാനം ചെലവഴിക്കുന്ന കൃഷിക്കാരനായ കുടിയാന്ന് നാട്ട് നടപ്പനുസരിച്ച് മൂന്നില്‍ ഒന്ന് അറ്റാദായത്തിനു് മാത്രമെ അര്‍ഹത ഉണ്ടായിരുന്നുള്ളു. ഈ കാര്‍ഷിക വ്യവസ്ഥയില്‍ അടിച്ചമര്‍ത്തപ്പെടുന്ന മുഖ്യ വിഭാഗം കര്‍ഷകരും ഇവരായി രുന്നു. പാട്ടക്കുടിയാന്മാരെ ഏത് നിലക്കും ഒഴിപ്പിച്ചെടുക്കാന്‍ ജന്മിമാര്‍ക്ക് തടസ്സങ്ങള്‍ ഒന്നുമുണ്ടായി രൂന്നില്ല. ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട വ്യവഹാരങ്ങള്‍ക്ക് മുമ്പെ തന്നെ ജന്മിമാര്‍ തങ്ങളുടെ കയ്യൂക്കിലൂടെ കര്‍ഷകരെ വ്യാപകമായി കുടിയൊഴിപ്പിച്ചു.
അന്യായമായ ഇത്തരം കുടിയൊഴിപ്പിക്കലിനെ ചോദ്യം ചെയ്യാനുള്ള അവകാശം പോലും കര്‍ഷകരായ കുടിയാന്മാര്‍ക്ക് ഉണ്ടായിരുന്നില്ല. പ്രതികൂലമായ കാലാവസ്ഥ കാരണം ഉല്‍പാദനത്തില്‍ ഇടിവ് നേരിടുമ്പോള്‍ പോലും പാട്ടത്തില്‍ കുറവ് വരുത്താന്‍ ജന്മികള്‍ തയ്യാറാകുമായിരുന്നില്ല.
മതിപ്പ് വിളവില്‍ വിത്തു ചെലവും കൃഷി ചെലവും കഴിച്ചുള്ളതത്രയും ജന്മിമാരൂടെ അവകാശമായി മാറി. പകലന്തിയോളം മണ്ണില്‍ ദേഹണ്ഡം ചെയ്യന്ന പാട്ടക്കുടിയാന് കൃഷി ചെലവില്‍ ഉള്‍പ്പെട്ടതായിരുന്നു തന്റെ അദ്ധ്വാനത്തിനു് ലഭിക്കുന്ന പ്രതിഫലം പോലും. ഇത് തന്നെ പലപ്പോഴും പാട്ടബാക്കിക്ക് വേണ്ടി കര്‍ഷകന് അവന്റെ വിഹിതത്തില്‍ നിന്ന് കുറവ് വരുത്തേണ്ടി വന്നു.
മലബാറില്‍നിലനിന്നിരുന്ന ഇത്തരമൊരു കാര്‍ഷിക വ്യവസ്ഥ സൃഷ്ടിക്കുന്ന അസ്വസ്ഥതയില്‍ നിന്നും പിറവിയെടുക്കുന്ന സംഘര്‍ഷങ്ങളുടെ ലഘൂകരണത്തിനു് പരമ്പരാഗതമായ ഈ ബന്ധങ്ങളില്‍ ചില പരിഷ്‌കാരങ്ങള്‍ വരുത്താന്‍ ബ്രട്ടീഷ് ഭരണകൂടം നിര്‍ബ്ബന്ധിക്കപ്പെടുന്നത് അങ്ങിനെയാണ്.
പണം വ്യവസ്ഥ വ്യാപകമായതോടെ നികുതി സമ്പ്രദായം വിപുലപ്പെടുത്താനും നികുതി പിരിവുകള്‍ ബലപ്രയോഗത്തിലൂടെ ജനങ്ങളില്‍ അടിച്ചേല്പിക്കുന്നതിലും ഉള്ള ബ്രട്ടീഷ് റവന്യൂ ഉദ്യോഗസ്ഥരുടെ മാത്സര്യ ബുദ്ധിയും’ കാലാകാലങ്ങളായി തങ്ങളുടെ ചോരയും നീരും കുളയട്ടയെ പോലെ ഊറ്റിയെടുക്കുന്ന ജന്മിത്തശക്തികളുമായുള്ള ബ്രിട്ടീഷുകാരുടെ ചങ്ങാത്തവും കര്‍ഷക ജനസാമാന്യത്തില്‍ രോഷത്തിന്റെ തീപ്പൊരികളുയര്‍ത്തുകയും അത് കര്‍ഷകകലാപങ്ങളായി പരിണമിക്കുന്നുവെന്നും ലോഗന്‍ സമര്‍ത്ഥിച്ചു.
മണ്ണില്‍ താല്‍പര്യമുള്ള ഒരേയൊരു വ്യക്തി മണ്ണില്‍ വിയര്‍പ്പൊഴുക്കുന്ന കര്‍ഷകനാണന്നും എന്നാല്‍ അയാളെ ഉടമസ്ഥാവകാശം എന്ന വാളോങ്ങി കൊണ്ട് മണ്ണില്‍ നിന്നും ആട്ടി ഓടിക്കാനുള്ള ജന്മിമാരുടെ അധികാരം പൊതുതാല്പര്യം കണക്കിലെടുത്തുകൊണ്ട് പരിമിതപ്പെടുത്തണമെന്നും ലോഗന്‍ തന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞുവെച്ചു.
ചെറുകിട കൈവശക്കാര്‍ക്ക് നിയമപരമായ കുടിയായ്മ അനുവദിക്കപ്പെടണം. ഒരു ഭൂഉടമയുടെ കീഴില്‍ 15 ഏക്കറിലധികം വരാത്ത വയല്‍ ഭൂമിയോ, 5 ഏക്കറിലധികം വരാത്ത കരഭൂമിയോ കൈവശം വെച്ച് കൃഷി ചെയ്യൂന്ന ചെറുകിട കര്‍ഷകന്‍ തന്റെയും തന്റെ കുടുബത്തിന്റേയും അദ്ധ്വാനത്തെ മാത്രം ആശ്രയിക്കുന്നവരാണ്. തനിക്കും തന്റെ അവകാശികള്‍ക്കും ഉപയോഗപ്പെടുമാറ് കൃഷി ചെയ്യാനും അവര്‍ ആഗ്രഹിക്കുന്നു. ജന്മിമാരുടേയോ, അത് വിലയ്ക്ക് വാങ്ങുന്നവരുടേയോ സ്ഥിരം കുടിയായ്മ ക്കുള്ള അവകാശം ഇത്തരം ചെറുകിട കര്‍ഷകര്‍ക്ക് ഉറപ്പ് വരുത്തേണ്ടതാണന്ന് അദ്ദേഹം ശുപാര്‍ശ ചെയ്തു.
അസന്നിഹിത ഭൂഉടമകളെയും, കീഴ്കുടിയാന്മാരെയും സൃഷ്ടിക്കുന്ന തരത്തില്‍ ഭൂമി കീഴ്ചാര്‍ത്ത് കൊടുക്കുന്നത് നിരുത്സാഹപ്പെടുത്തണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഭൂമി ജന്മിമാരില്‍ നിന്ന് പാട്ടത്തിനെടുക്കുകയും എന്നാല്‍ ഭൂമിയിലദ്ധ്വാനിക്കാതെ പണമിടപാടുകളില്‍ കേന്ദ്രീകരിച്ചിരിക്കുന്ന ഹുണ്ടികക്കാരായ കാണക്കാര്‍ ഭൂമിയില്‍ സ്ഥിരാവകാശത്തിനു് അര്‍ഹരല്ല എന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. നാട്ടിന്‍ പുറങ്ങളിലും പട്ടണങ്ങളിലും വളര്‍ന്ന് വരുന്ന ഈ ശക്തികള്‍ യഥാര്‍ത്ഥ കര്‍ഷകരുടെ താല്പര്യങ്ങളെ ഹനിക്കുമെന്നും യാഥാര്‍ത്ഥ കര്‍ഷകരെ നിര്‍ധനരാക്കാനും കുടികിടപ്പുകാരാക്കാനും മാത്രമെ സഹായിക്കുകയുള്ളൂ എന്നും സംശയലേശമന്യേ പറഞ്ഞു.
അത്തരമൊരു വ്യവസ്ഥയില്‍ കൃഷിക്കാരന്‍ വെറുമൊരു കൂലി പണിക്കാരന്‍ മാത്രമായി തീരുമെന്നും അദ്ദേഹം അതീവ ക്രാന്തദര്‍ശിത്തത്തോടെ വിശദീകരിച്ചു. ഇത് കാര്‍ഷിക മേഖലയെ മുരടിപ്പിക്കുമെന്നും അധോഗതിയിലേക്ക് നയിക്കുമെന്നും താക്കീത് നല്കി. വില്ല്യം ലോഗന്റെ ഈ വിലയിരുത്തലുകള്‍ എത്രമാത്രം യാഥാര്‍ത്ഥ്യബോധം ഉള്‍ക്കൊണ്ടതായിരുന്നു എന്ന് ഒന്നര നൂറ്റാണ്ടിന് ശേഷമുള്ള നമ്മുടെ സമകാലീന കേരളത്തിന്റെ കാര്‍ഷിക വ്യവസ്ഥ വിളിച്ചോതുകയാണ്.
മണ്ണില്‍ അദ്ധ്വാനിക്കാത്ത ഇടത്തട്ടുകാരന്റെ കയ്യില്‍ ഭൂമി കേന്ദ്രീകരിക്കുകയും ഉപജീവനത്തിനായി കൃഷിഭൂമിയെ മാത്രം ആശ്രയിക്കുന്നവര്‍ക്ക് കൃഷിഭൂമി സ്വപ്നം മാത്രമായി അവശേഷിപ്പിക്കുകയും ചെയ്ത” ഐക്യകേരളത്തിലെ ഭൂപരിഷ്‌കരണ” നടപടികളിലെ പ്രതിലോമകരമായ ഈ കാണാചരടുകളിലേക്ക് വെളിച്ചം വീശുക എന്നത് തന്നെയാണ് ഈ കുറിപ്പുകള്‍ കൊണ്ടുദ്ദേശിക്കുന്നത് എന്ന കാര്യം നേരത്തെ സൂചിപ്പിച്ചിട്ടുള്ളതാണല്ലോ. അതിലേക്ക് നമുക്ക് വഴിയെ എത്തിച്ചേരാം.
ചിന്തനീയവും പരിഗണനാര്‍ഹവുമായ നിരവധി നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെക്കുമ്പോഴും’ജന്മിമാരുടെ ന്യായമായ ആവശ്യ” ങ്ങള്‍ അംഗീകരിക്കാനും ലോഗന്‍ തയ്യാറായി. പൊതുവില്‍ ലോഗന്റെ നിര്‍ദ്ദേശങ്ങള്‍ മദ്ധ്യവര്‍ത്തികളായ മുതലാളിത്ത ഹുണ്ടിക താല്പര്യങ്ങളില്‍ ഭൂമിയില്‍ അവകാശം സ്ഥാപിക്കുന്ന ശക്തികള്‍ക്കെതിരായ സമീപനങ്ങള്‍ ഉള്ളടങ്ങിയതായിരുന്നു. ജന്മി-കുടിയാന്‍ ബന്ധങ്ങളില്‍ മാത്രമല്ല അന്നത്തെ സാമൂഹ്യ സാഹചര്യങ്ങളില്‍ കാര്‍ഷികപുരോഗതിയെ മുന്നോട്ട് നയിക്കുന്നതില്‍ തടസ്സമായി നില്‍ക്കുന്ന സമുദായ ഘടനയുടെ പൊളിച്ചെഴുത്തിന്റെ ആവശ്യകതയും സമൂഹത്തില്‍ നിലനിന്നിരുന്ന മരുമക്കത്തായ സമ്പ്രദായത്തിന്റെ പരിമിതികള്‍ ഇതില്‍ വഹിച്ചിരുന്ന പങ്കും അദ്ദേഹം കണക്കിലെടുത്തിരുന്നു എന്നതും സാന്ദര്‍ഭികമായങ്കിലും നമുക്കൂ ഓര്‍മ്മയില്‍ വെക്കാം.
ഇതൊക്കെയാണങ്കിലും കൊളോണിയല്‍ സമ്പദ് ഘടനയുമായി ഗ്രാമീണ കാര്‍ഷിക ഘടനയേയും സമ്പദ് വ്യവസ്ഥയേയും സമന്വയിപ്പിച്ച് കൊണ്ട് സാമ്രാജ്യത്വതാല്പര്യങ്ങളുടെ വിപുലനം തന്നെയായിരുന്നു ലോഗന്‍ ലക്ഷ്യം വെച്ചിരുന്നതെന്ന് നാം ഒരിക്കലും മറക്കാന്‍ പാടില്ല. ജന്മിത്ത വ്യവസ്ഥയുടെ അടിത്തറക്ക് പോറലേല്‍ക്കാതെ കൊളോണിയല്‍ താല്പര്യങ്ങളുടെ ഗുണകാംക്ഷികളായ ശക്തികളെ സൃഷ്ടിച്ച് കൊണ്ട് വര്‍ഗ്ഗ സംഘര്‍ഷങ്ങളുടെ ലഘൂകരണം തന്നെയായിരുന്നു ലോഗന്റെ ലക്ഷ്യം. കൊളോണിയല്‍ കാര്‍ഷിക പരിഷ്‌കാരം തിരുവിതാംകൂറിലും കൊച്ചിയിലും
തിരുവിതാംകൂറിലെ ആദ്യത്തെ ഭൂനിയമ നിര്‍മ്മാണങ്ങളിലൊന്നാണ് 1865 ലെ പാട്ട വിളംബരമെന്ന് വേണമെങ്കില്‍ നമുക്ക് വിശേഷിപ്പിക്കാം.
പാട്ട ഭൂമിയില്‍ കൃഷി ചെയ്യുന്ന കൃഷിക്കാരന്‍ ഭൂഉടമകളില്‍ നിന്ന് നേരിടുന്ന നിരന്തരമായ ഭീഷണിക്കും ചൂഷണത്തിനുമെതിരെ കൃഷിക്കാരന് അല്പമെങ്കലും ഗുണകരമാകുന്ന ഒരു രാജവിളംബരം. പണ്ടാരം വക പാട്ടവസ്തുക്കളുടെ കൈവശക്കാര്‍ക്കു അവയുടെ ഉടമസ്ഥാവകാശം സ്ഥിരപ്പെടുത്തി കൊടുക്കുന്നതോടുകൂടി നീതിരഹിതമായ ഒഴിപ്പിക്കലില്‍ നിന്നും ഒരു പരിധി വരെ പാട്ടക്കുടിയാന്‍മാര്‍ക്ക് സംരക്ഷണം ലഭിച്ചു.
ഈ നിയമത്തിന്റെ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കണമെന്ന ആവശ്യം കര്‍ഷകജനസാമാന്യത്തില്‍ നിന്ന് ശക്തമായി ഉന്നയിക്കപ്പെടുകയും 1867 ല്‍ മറ്റൊരു വിളംബരത്തിലൂടെ ചില അനുബന്ധങ്ങള്‍ കൂട്ടിചേര്‍ത്തുവെങ്കിലും ഇതും കര്‍ഷകരെ തൃപ്തിപ്പെടുത്തുന്നതായിരുന്നില്ല. 1896 ലെ അഞ്ചാം നമ്പര്‍ റഗുലേഷനും 1932 ലെ 12-ാം നമ്പര്‍ റഗുലേഷനും പാസ്സാക്കാന്‍ രാജഭരണം നിര്‍ബ്ബന്ധിക്കപ്പെട്ടു. 1932 ലെ നിയമ പ്രകാരം കുടിയാന്മാര്‍ ജന്മിക്കരം എന്ന പേരില്‍ വര്‍ഷത്തില്‍ ഒരുതവണ മാത്രം കരമടക്കാനും പാട്ടഭൂമിയില്‍ പൂര്‍ണ്ണമായ ഉടമസ്ഥാവകാശം കുടിയാന്മാരില്‍ നിക്ഷിപ്തമാകുകയും ചെയ്തു.
കൊച്ചി രാജ്യത്തിലാകട്ടെ ഒഴിപ്പിക്കല്‍ തടയുന്നതിനും കുടിയാന്മാര്‍ക്ക് ഭൂമിയില്‍ ചില അവകാശങ്ങളുടെ സ്ഥിരതക്കും വേണ്ടിയാണ് ഭൂപരിഷ്‌കരണ നടപടികളില്‍ തുടക്കമിടുന്നത്. കാണാം അവകാശത്തില്‍ ഭൂമി ഏറ്റെടുത്ത് നടത്തുന്ന കാണക്കുടിയാന്മാര്‍ക്ക് ‘ പന്ത്രണ്ട് വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്പ് ഒഴിപ്പിക്കുന്നത് തടയുന്നതായുള്ള ഒരു തീട്ടൂരം 1863 ല്‍ പ്രാബല്യത്തില്‍ വന്നു. തുടര്‍ന്ന് രണ്ടു രീതിയിലുള്ള കുടിയായ്മ നിയമം പാട്ടക്കുടിയാന്മാര്‍ക്കും കാണക്കുടിയാന്മാര്‍ക്കും അനുകൂലമായി നടപ്പിലാക്കപ്പെടുകയും, 1930ല്‍ ഈ നിയമങ്ങള്‍ പരിഷ്‌കരിച്ച് കൊച്ചി കുടിയായ്മനിയമം എന്ന പേരില്‍ ഇത് അറിയപ്പെടുകയും ചെയ്തു.
1885 നും 1915 നും ഇടക്കുണ്ടായ കാണാം വസ്തുക്കളില്‍ സുരക്ഷിതത്വം ഉറപ്പാക്കുകയും കുടിയാന്മാരെ ഒഴിപ്പിക്കുന്നതിനെതിരെ നിരവധി നിയന്ത്രണങ്ങള്‍ കൊച്ചി കുടിയായ്മ നിയമത്തിലൂടെ ഏര്‍പ്പെടുത്തുകയും ചെയ്തു. കര്‍ഷക പ്രസ്ഥാനം സംഘടിതമാകുകയും കൃഷിക്കാരുടെ അവകാശങ്ങള്‍ക്കായി സമരം ശക്തിപ്പെട്ടതോടെയും 1943ല്‍ കൊച്ചിയില്‍ മറ്റൊരു നിയമനിര്‍മ്മാണത്തിന് രാജഭരണം നിര്‍ബ്ബന്ധിതമായി ‘വെറും പാട്ടക്കുടിയാന്മാരു ടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനു് വെറും പാട്ട ദര്‍സ് ആക്ട് നടപ്പില്‍ വരുത്തുകയും പാട്ടക്കുടിയാന്മാര്‍ക്കും മേല്‍ പാട്ടക്കുടിയാന്മാര്‍ക്കും ഈ നിയമങ്ങളിലൂടെ അവകാശ സുരക്ഷിതത്വം ലഭ്യമായി.
മലബാറിലും കൊച്ചിയിലും ,തിരുവിതാംകൂറിലും ദായ ക്രമത്തിലും വിവാഹ നിയമങ്ങളിലും വന്ന പരിഷ്‌കരണങ്ങളും നിയമങ്ങളും പരോക്ഷമായെങ്കിലും കാര്‍ഷിക ബന്ധങ്ങളില്‍ വലിയ രീതിയില്‍ സ്വാധീനം ചെലുത്തിയതായി കാണാം. അന്നത്തെ കേരളത്തില്‍ വിവിധ സമുദായങ്ങളില്‍ നിലനിന്നിരുന്ന ദായ ക്രമങ്ങളും വിവാഹനിയമങ്ങളും പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും.
നായര്‍ സമുദായം, ഈഴവ സമുദായം, നാഞ്ചിനാട്ട് വെള്ളാളര്‍, മാപ്പിളമാര്‍ തുടങ്ങി നിരവധി സമുദായങ്ങളില്‍ മരുമക്കത്തായ സമ്പ്രദായമായിരുന്നു നിലനിന്നിരുന്നത്. കൂട്ടുകുടുംബവ്യവസ്ഥയില്‍ നാഥനായ കാരണവരുടെ മക്കള്‍ക്കോ ഭാര്യക്കോ ധനത്തിലും ഭൂമിയിലും അവകാശമേതും ഉണ്ടായിരുന്നില്ല. വിവിധ സമുദായങ്ങളില്‍ നിലനിന്നിരുന്ന ഈ സമ്പ്രദായം കാര്‍ഷികോല്പാദനം വര്‍ദ്ധിക്കുന്നതിനോ ഉത്പാദന പ്രക്രിയയിലെ പങ്കാളിത്തത്തിന് ഉത്തേജനപ്രദമോ ആയിരുന്നില്ല.
ഭൂമി ഒഴിച്ചുള്ള സമ്പാദ്യങ്ങളില്‍ കൂട്ടുകുടുംബത്തിലുണ്ടാകുന്ന തീരുമാനങ്ങളില്‍ കുടുംബ ഭദ്രത തകരുന്നതിലേക്ക് ഇതെത്തിച്ചു. ഇത്തരമൊരു അവസ്ഥ മലബാറില്‍ സ്വയാര്‍ജ്ജിത സ്വത്തിലുള്ള പിന്തുടര്‍ച്ചാവകാശം ഒസ്യത്തിലൂടെ ഭാര്യക്കും മക്കള്‍ക്കുമിടയില്‍ ക്രമീകരിക്കുന്ന സംവിധാനം തുടക്കത്തില്‍ നടപ്പിലായി തുടങ്ങി. നായര്‍ സമുദായങ്ങളിലെ ഉത്പതിഷ്ണുക്കളുടെ മുന്‍ കൈയില്‍ കൂട്ടുകൂടുംബ വ്യവസ്ഥയിലെ പരിഷ്‌കരണങ്ങള്‍ക്കായി ഒരു പ്രസ്ഥാനം തന്നെ രൂപപ്പെട്ടു വന്നു.
1912ല്‍ തിരുവിതാംകുര്‍ നായര്‍ ആക്ട് മക്കള്‍ക്കും മരുമക്കള്‍ക്കും തുല്ല്യാവകാശം ഉറപ്പ് വരുത്തി. 1925 ആകുമ്പോഴേക്കും മാതുലന്റെ സ്വത്തില്‍ മരുമക്കള്‍ക്കുള്ള എല്ലാ അവകാശങ്ങളും പൂര്‍ണമായും തിരസ്‌കരിക്കുകയും മക്കളില്‍ ആളോഹരി വിഹിതം നടപ്പില്‍ വരികയും ചെയ്തു. ഇതോടൊപ്പം ബഹുഭാര്യാത്വസമ്പ്രദായത്തിന് അറുതി വരുത്തുന്നതിനനുകൂലമായ സാഹചര്യം സംജാതമാകുകയും ചെയ്തു.
ഏറെക്കുറെ ഇതിന് സമാനമായി 1925ല്‍ ഈഴവ ആക്ടും 1926 ല്‍ വെള്ളാള ആക്ടും നിലവില്‍ വന്നു. കൊച്ചിയിലാകട്ടെ 1920 ല്‍ കൊച്ചി നായര്‍ റഗുലേഷന്‍ അംഗീകരിക്കുകയും 1938 ല്‍ മരുമക്കത്തായ സമ്പ്രദായം പൂര്‍ണ്ണമായും ഇല്ലാതാക്കി നിയമപരമായി ഭാര്യ ,ഭര്‍ത്താവിന്റേയോ മക്കള്‍ പിതാവിന്റേയോ പിന്തുടര്‍ച്ചാ അവകാശക്കാരാണന്നും ഈ ആക്ട് ഉറപ്പിച്ച് പറഞ്ഞു.
1934 ലെ മദ്രാസ് മരുമക്കത്തായ ആക്ട് തറവാട് സ്വത്തു കുടുംബങ്ങള്‍ക്കിടയില്‍ ഭാഗം വെക്കാന്‍ മലബാറിലെ മുസ്ലീംകള്‍ക്ക് അനുമതി കൊടുത്തു. മക്കത്തായ പിന്തുടര്‍ച്ച അവകാശം മലബാറിലെ മുസ്ലീംകള്‍ക്കിടയില്‍ പൂര്‍ണ്ണമായി മക്കത്തായ ക്രമത്തിലേക്കു് വരുന്നത്
1949 ലാണ്. 1933 ലെ മദിരാശി നമ്പൂതിരി ആക്ട് നമ്പൂതിരി സമുദായത്തിലെ ദായ ക്രമത്തില്‍ മാറ്റം വരുത്തി. ഇങ്ങനെ കേരളത്തില്‍ കൊളോണിയല്‍ കാലഘട്ടത്തില്‍ തന്നെ ഭൂസ്വത്തുക്കളുമായി നേരിട്ട് ബന്ധപ്പെടുന്ന പിന്തുടര്‍ച്ചാനിയമങ്ങളില്‍ ഏകീകൃതമായ സ്വഭാവത്തിലേക്കെത്തിക്കഴിഞ്ഞിരുന്നു.
കൊളോണിയല്‍ കാലഘട്ടത്തിന്റെ അവസാനവര്‍ഷങ്ങളിലെത്തുമ്പോഴേക്കും ഭൂബന്ധങ്ങളിലും പിന്തുടര്‍ച്ചാ അവകാശനിയമങ്ങളിലും വന്ന പരിഷ്‌ക്കരണങ്ങള്‍ കേരളീയ ജീവിതത്തെ വളരെയേറെ സ്വാധീനിക്കുകയുണ്ടായി.കൊളോണിയല്‍ കാലഘട്ടത്തില്‍ ഭൂബന്ധങ്ങളില്‍ വന്ന മാറ്റങ്ങളില്‍ നവോത്ഥാന പ്രസ്ഥാനങ്ങളും തുടര്‍ന്ന് സംഘടിത കര്‍ഷക പ്രസ്ഥാനവും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും വഹിച്ച പങ്കും കേരള ചരിത്രരൂപീകരണത്തില്‍ വളരെയേറെ പങ്ക് വഹിച്ചിട്ടുണ്ട്.
ഐക്യകേരളത്തിലെ ഭൂപരിഷ്‌കരണം
കാര്‍ഷികോത്പാദന മേഖലയിലെ ജീര്‍ണ്ണിച്ച ഉത്പാദന ബന്ധങ്ങള്‍ക്കെതിരെ ദീര്‍ഘകാലം നീണ്ടു നിന്ന പോരട്ടങ്ങള്‍ക്ക് ഉടമകളാണ് നാം. ബ്രിട്ടിഷ് അടിമത്തത്തിനെതിരെ ഉയര്‍ന്നു വന്ന ദേശീയ വിമോചന പോരാട്ടങ്ങള്‍ക്കും എത്രയോ മുന്നെ തന്നെ ജന്മിത്ത-നാടുവാ ഗിത്ത ശക്തികള്‍ അഴിച്ചുവിട്ട കടന്നാക്രമണങ്ങള്‍ക്കെതിരെ ഐതിഹാസിക പോരാട്ടങ്ങള്‍ക്ക് നമ്മുടെ നാട് സാക്ഷ്യം വഹിച്ചിട്ടുണ്ട്. അക്രമ പിരിവിന് എതിരേയും അന്യായമായ പാട്ടം പിരിവ് നിര്‍ത്തല്‍ ചെയ്യുന്നതിനും വേണ്ടി കേരളത്തിലെ കര്‍ഷകജനത സമരം ചെയ്തു.
ഇതിന്റെയൊക്കെ തുടര്‍ച്ച എന്ന നിലയിലായിരുന്നു 1956 ല്‍ ഐക്യകേരളം പിറന്ന് വീഴുന്നത്. ഐക്യകേരളപ്പിറവിക്ക് ശേഷമുള്ള ആദ്യ തെരഞ്ഞടുപ്പാകട്ടെ തൊഴിലാളി – കര്‍ഷകജനസാമാന്യത്തിന്റെ ഉറച്ച പിന്തുണയോടെ കമ്മ്യൂണിസ്റ്റ് പാര്‍ടിക്ക് മുന്‍തൂക്കമുള്ള ജനാധിപത്യപരവും പുരോഗമനാത്മകവുമായ ഒരു സര്‍ക്കാറിനെ അധികാരത്തിലേക്കെത്തിച്ചു. പക്ഷെ ഈ ഗവണ്‍മെന്റില്‍ ചരിത്രപരമായി തന്നെ നിക്ഷിപ്തമായ ഭൂ ബന്ധങ്ങളിലെ ജനാധിപത്യവല്‍ക്കരണ പ്രക്രിയയുടെ തുടര്‍ച്ചക്ക് അര്‍പ്പിതമായ കടമകള്‍ നിര്‍വ്വഹിക്കാനുള്ള ശ്രമങ്ങള്‍ ഏറ്റെടുത്തെങ്കിലും ശരിയായ ദിശയില്‍ അതിനെ നയിക്കുന്നതില്‍ വേണ്ടത്ര മുന്നോട്ട് പോകാന്‍ കഴിഞ്ഞില്ല.
കേരളത്തിലെ ഭൂബന്ധങ്ങളെക്കുറിച്ച് പഠിക്കുന്നതിനും ഭൂബണ്ഡങ്ങളുടെ സമഗ്രമായ അഴിച്ചുപണിക്ക് ആവശ്യമായ നിയമനിര്‍മ്മാണങ്ങള്‍ ആവിഷ്‌കരിക്കുന്നതിന് സര്‍ക്കാര്‍ ഒരു സമിതിയെ നിയമിക്കുകയുണ്ടായി. സി.അച്ചുതമേനോന്‍ കണ്‍വീനറായ സമിതിയില്‍ കെ.ആര്‍ ഗൗരിയമ്മ, ഇ.ചന്ദ്രശേഖരന്‍ നായര്‍ ,ഗോപാലകൃഷ്ണമേനോന്‍ ,പന്തളം പി.ആര്‍, സി.എച്ച് കണാരന്‍, ഇ.പി.ഗോപാലന്‍ എന്നിവര്‍ അംഗങ്ങളായിരുന്നു. അധികാരത്തിലേറിയ ആദ്യ നാളുകളില്‍ തന്നെ ഒഴിപ്പിക്കല്‍ നിയമവിരുദ്ധമായി പ്രഖ്യാപിക്കുന്ന ഒരു ഓര്‍ഡിനന്‍സ് ഇതിന്റെ ഭാഗമായി അംഗീകരിക്കപ്പെട്ടു.
സമഗ്രമായ ഭൂപരിഷ്‌കരണ നടപടികള്‍ മുന്നോട്ടുവെക്കുക എന്നത് തന്നെ ഗവര്‍ണ്‍മെന്റിന് മുന്നില്‍ ശ്രമകരമായ ഒരു പ്രവര്‍ത്തിയായി മാറി. നടന്നുവന്ന കാര്‍ഷികസമരങ്ങളുടെ അടിയില്‍ നിന്നും ഉയര്‍ന്നു വന്ന തീക്ഷണമായ സമ്മര്‍ദ്ദങ്ങള്‍ അവഗണിച്ചു തള്ളാന്‍ കഴിയുമായിരുന്നില്ല. അതുപോലെ കേന്ദ്ര സര്‍ക്കാറിന്റെ ഒരുഭാഗമായി പ്രവര്‍ത്തിക്കുന്ന ഒരു സംസ്ഥാന സര്‍ക്കാറിന് മുകളില്‍ നിന്നുയരുന്ന നേരത്തെ സൂചിപ്പിച്ച വര്‍ഗ്ഗ പക്ഷപാതിത്വമാര്‍ന്ന നടപടികളെ തിരസ്‌കരിക്കാനും കഴിയാത്ത അവസ്ഥ ഗവണ്‍മെന്റിനെ കടുത്ത പ്രതിസന്ധിയിലേക്കാണ് എത്തിച്ചത്. എന്നിരുന്നാലും 1957 ഏപ്രില്‍ 11ന് കേരള നിയമസഭയില്‍ കേരള കാര്‍ഷികബന്ധ ബില്‍ അവതരിപ്പിച്ച് ചര്‍ച്ച ആരംഭിച്ചു.
കൈവശഭൂമിക്ക് പരിധി നശ്ചയിക്കുന്നതിനും കൈവശ കൃഷിക്കാരന് പാട്ട ഭൂമിയില്‍ സ്ഥിര അവകാശം നല്കുന്നതിനുള്ള ശുപാര്‍ശകള്‍ അടങ്ങുന്നതായിരുന്നു K.R ഗൗരിയമ്മ അവതരിപ്പിച്ച ബില്‍. 1957 ഡിസംബര്‍ 17 ന് കാര്‍ഷികബന്ധ ബില്‍ പ്രസിദ്ധീകരിക്കുകയും സെലക്ട് കമ്മിറ്റിയുടെ പരിഗണനക്കായി സമര്‍പ്പിക്കുകയും ചെയ്തു. 1959 ജൂണ്‍ 11 ന് പ്രസ്തുത ബില്‍ പാസാക്കിയെങ്കിലും 1959 ജുലൈ 31 ന് നിയമസഭ പിരിച്ചുവിട്ടത് കാരണം നിയമത്തിന് കേന്ദ്ര അംഗീകാരം കിട്ടിയില്ല.
തുടര്‍ന്ന് അധികാരത്തില്‍ വന്ന സര്‍ക്കാര്‍ ആവട്ടെ നിയമം ഭേദഗതികളോടെ പാസ്സാക്കിയെങ്കിലും നിയമപരമായി സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യപ്പെടുകയും കോടതി നിയമം റദ്ദാക്കുകയും ചെയ്തു. 1964 ല്‍ കോണ്‍ഗ്രസ്സ് മന്ത്രിസഭയിലെ പി.ടി ചാക്കോ തോട്ടമുടമകളുടേ താല്‍പര്യങ്ങള്‍ക്ക് ഊന്നല്‍ കൊടുത്തുകൊണ്ട് അറുപിന്തിരിപ്പനായ മറ്റൊരു നിയമം കൊണ്ടുവരികയും കോടതിയില്‍ ചോദ്യം ചെയ്യപ്പെടാതിരിക്കാന്‍ ഒമ്പതാം പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.
1967 നടന്ന തെരഞ്ഞെടുപ്പില്‍ രണ്ടാം ഇ.എം.എസ് മന്ത്രിസഭ അധികാരമേറ്റെടുത്തു. 1957 ല്‍ EMS സര്‍ക്കാര്‍ അവതരിപ്പിച്ച ഭൂപരിഷ്‌കരണ നിയമത്തെ അട്ടിമറിക്കാന്‍ വിമോചന സമരത്തിന് നേതൃത്വം കൊടുത്ത പാര്‍ട്ടികള്‍ക്കു മുന്‍തൂക്കമുള്ള സപ്തകക്ഷി മുന്നണിയും നേതാക്കന്മാര്‍ക്ക് മുന്‍തൂക്കമുള്ള മന്ത്രിസഭയുമായിട്ടാണ് അവിഭക്ത പാര്‍ടിയുടെ പിളര്‍പ്പിന് ശേഷം രണ്ടാം ഇ.എം.എസ്സ് മന്ത്രിസഭ, അഥവാ സപ്തകക്ഷി മുന്നണി അധികാരമേറ്റെടുക്കുന്നത്.
അതിനേക്കാള്‍ രസകരമാണ് 1959 ലെ ഭൂബന്ധ നിയമത്തേക്കാള്‍ അല്പം കൂടി സമഗ്രമായ നിയമം 1964ലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിന്റെ ഭേദഗതിയെന്ന് പറഞ്ഞു കൊണ്ട് ഇ.എം.എസ് ഗവണ്‍മെന്റ് അവതരിപ്പിച്ചുവെങ്കിലും സപ്തകക്ഷി മുന്നണിക്ക് ആയുസ്സ് ഇല്ലാത്തത് കാരണം മന്ത്രിസഭ വീണ്ടും നിലംപൊത്തി.
ഏറ്റവും ഒടുവിലായി 1970 ജനുവരി 1 ന് CPI നേതാവ് സി.അച്ചുതമേനോന്‍ മുഖ്യമന്ത്രിയായിരിക്കേ കോണ്‍ഗ്രസ്സ് പങ്കാളിത്തമുള്ള സര്‍ക്കാര്‍ അവതരിപ്പിച്ച ഭൂപരിഷ്‌കരണ ഭേദഗതി ബില്ല് നിയമമാക്കപ്പെടുകയും 2020 ജനവരി 1 ന് നിയമത്തിന്റെ 50 വര്‍ഷങ്ങള്‍ പിന്നിടുകയും ചെയ്യുന്നു.
പഴയ അര്‍ദ്ധ നാടുവാഴിത്ത – ജന്മിത്ത ഉത്പാദന ബന്ധങ്ങളില്‍ നിന്ന് നവ കൊളോണിയല്‍ കോര്‍പ്പറേറ്റുകളുടേയും തോട്ടം കുത്തകകളുടേയും റിയല്‍ എസ്റ്റേറ്റ് മാഫിയകളുടേയും പിടിയിലേക്ക് എങ്ങിനെ നമ്മുടെ കൃഷിഭൂമി കേന്ദ്രീകരിച്ചു എന്നും അതില്‍ ഇവിടെ നടപ്പാക്കിയ ഭൂപരിഷ്‌കരണ നടപടികള്‍ക്കുള്ള പങ്ക് എന്തെന്നും സത്യസന്ധവും സമഗ്രവുമായ പഠനത്തിന് വിധേയമാക്കേണ്ടതുണ്ട്.
കാര്‍ഷിക ഉത്പാദനമേഖലയിലേക്കുള്ള മൂലധനത്തിന്റെ കുത്തിയൊഴുക്കിലൂടെ ജീര്‍ണ്ണിച്ച മുതലാളിത്തവല്‍ക്കരണത്തിലേക്ക് നയിച്ച ഈ ഭൂപരിഷ്‌കരണ നടപടികള്‍ ആത്യന്തികമായി സാമ്രാജ്യത്വ മൂലധനത്തെ ഏത് രീതിയില്‍ സേവിച്ചു എന്നും ഏതേത് വര്‍ഗ്ഗങ്ങളാണ് ഈ ഭൂപരിഷ്‌കരണ നടപടികളുടെ ഗുണഭോക്താക്കളായത് എന്നും ഇത്തരമൊരു വിശകലനം നമ്മെ ബോധ്യപ്പെടുത്തും.
ഒന്നാമതായി ഇവിടെ പല ഘട്ടങ്ങളിലായി അവതരിപ്പിച്ച നിയമങ്ങള്‍ ഒന്നും തന്നെ സമഗ്രമായി ഭൂമിയേയും, ഭൂമിയില്‍ അദ്ധ്വാനിക്കുന്ന മനുഷ്യനെയും ഉള്‍ക്കൊള്ളാന്‍ സമ്പന്ന വര്‍ഗ്ഗതത്പര്യങ്ങള്‍ കാരണം തയാറായില്ല എന്നതാണ്. ഭൂമി ജന്മിമാരില്‍ നിന്നും പാട്ടത്തിനെടുത്ത കുടിയാനെ കൈവശ കര്‍ഷകനായി പരിഗണിച്ച് കൈവശഭൂമി അവന് ലഭ്യമാക്കുകയും മണ്ണില്‍ അദ്ധ്വാനിച്ച യഥാര്‍ത്ഥ കര്‍ഷകനെ അടിയാന്‍ ഗണത്തില്‍പ്പെടുത്തി കുടികിടപ്പ് അവകാശത്തില്‍ ഒതുക്കി നിര്‍ത്തുകയും ഭൂഉടമസ്ഥതയില്‍ നിന്ന് അകറ്റി നിര്‍ത്തുകയും ചെയ്തു.
കാലാ കാലങ്ങളായി ജാതി ജന്മിത്തം അസ്പ്രശരരായി പുറന്തള്ളിയ നൂറ്റാണ്ടുകളായി ഭൂഉടമസ്ഥത ജാതി ഹിന്ദുക്കളാല്‍ നിഷേധിക്കപ്പെട്ടിരുന്ന ദളിത്-ആദിവാസി ജനവിഭാഗങ്ങള്‍ ,കാര്‍ഷിക മേഖലയിലെ ഏറ്റവും പിന്നണിയില്‍ നില്‍ക്കുന്ന ഭൂരഹിത – കര്‍ഷക-കര്‍ഷക തൊഴിലാളികള്‍ എന്നിവരെ കോളനികളിലേക്കും പുറമ്പോക്കുകളിലേക്കും തള്ളിമാറ്റിയത് ഈ ഭൂപരിഷ്‌കരണമാണ്. ഈ ഭൂപരിഷ്‌കരണം അര നൂറ്റാണ്ട് പിന്നിടുമ്പോള്‍ കേരളത്തിലെ കാര്‍ഷിക ജനസംഖ്യയിലെ ബഹു ഭൂരിപക്ഷവും ആറ്റ് പുറംബോക്കുകളിലും റെയില്‍വേ പുറമ്പോക്കുകളിലും, 60000 ത്തോളം വരുന്ന പട്ടികജാതി പട്ടികവര്‍ഗ്ഗ കോളനികളിലും മൃഗസമാനമായി ജീവിതം തള്ളിനീക്കുന്നു.
പ്രിയപ്പെട്ടവര്‍ മരിച്ചാല്‍ സ്വന്തം കൂരയുടെ തറ മാന്തി ശവമടക്കേണ്ടി വരുന്ന ദയനീയ അവസ്ഥ നേരിടുന്നു. വയലേലകള്‍ യന്ത്രങ്ങളും വാണിജ്യ കൃഷിയും കയ്യടക്കിയതോടെ പാടത്ത് നിന്നു പോലും കര്‍ഷക തൊഴിലാളി പുറന്തള്ളപ്പെട്ടു. മണ്ണില്‍ പണിയെടുത്ത മനുഷ്യനോട് ഈ ഭൂപരിഷ്‌കരണം ഇതാണ് ചെയ്തത്.
തോട്ട ഭൂമിയെന്നും കൃഷിഭൂമിയെന്നും ഭൂപരിഷ്‌കരണ നിയമം 81 ഉം 82 ഉം വകുപ്പുകള്‍ കൊണ്ട് രണ്ടായി തിരിച്ചു കൃഷിഭൂമിക്ക് പരിധി നിശ്ചയിക്കുകയും തോട്ട ഭൂമിയെ ഭൂപരിധിയില്‍ നിന്ന് മാറ്റി നിര്‍ത്തുകയും ചെയ്തു. കേരളത്തിന്റെ കൃഷിക്ക് ഉപയുക്തമായ ഭൂമിയുടെ 65 ശതമാനവും തോട്ട ഭൂമിയാണ്. മുന്‍കാല പ്രാബല്യത്തോടെ ഭൂ ഉടമകള്‍ക്ക് തങ്ങളുടെ ഭൂമി തോട്ടങ്ങളാക്കി മാറ്റാന്‍ സൗകര്യം ചെയ്തു കൊടുത്ത ഭൂപരിഷ്‌കരണം സഹായിച്ചത് പരിധിയില്ലാതെ ആയിരക്കണക്കിന് ഏക്കര്‍ ഭൂമി തോട്ടങ്ങളാക്കി കൈവശം വെക്കുന്ന തോട്ടം കുത്തകകളെയാണ്.
ക്ഷേത്ര ട്രസ്റ്റുകളെയും ,കുടുംബ ട്രസ്റ്റുകളെയും ഭൂപരിധിയില്‍ നിന്ന് ഒഴിവാക്കിയതിലൂടെ വീണ്ടും ഭൂപരിഷ്‌കരണം ഭൂകേന്ദ്രീകരണത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചു. തോട്ടവിളകളുടെ പട്ടിക വികസിപ്പിച്ചു കൊണ്ട് ഭൂ ഉടമകളെ ആവോളം ഭൂപരിഷ്‌കരണ നിയമം സേവിച്ചു.
ഭൂപരിധി നിയമം നടപ്പിലായാല്‍ അധിക ഭൂമിയായി 12 ലക്ഷം ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ ഉണ്ടാകുമെന്നാണ് തുടക്കത്തില്‍ കാര്‍ഷികബന്ധ ബില്‍ അവതരിപ്പിച്ചു കൊണ്ട് KR ഗൗരിയമ്മ പ്രവചിച്ചത്. ഇത് ആദ്യവര്‍ഷങ്ങളില്‍ തന്നെ 8 ലക്ഷം ഏക്കര്‍ മാത്രമായി പരിമിതപ്പെട്ടു. ഇഷ്ടദാനനിയമങ്ങള്‍ ഉള്‍പ്പെടെ നിരവധി ഭൂ പരിഷ്‌കരണനിയമഭേദഗതികള്‍ പാസ്സാക്കിയെടുത്തപ്പോള്‍ ഇത് വീണ്ടും ഏതാനും വര്‍ഷങ്ങള്‍ക്കകം തന്നെ മൂന്നര ലക്ഷം ഏക്കറായി വീണ്ടും കുറഞ്ഞു.
ഭൂപരിഷ്‌കരണത്തിന്റെ 50 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ മിച്ചഭൂമിയുടെ കണക്കെത്രയാണ്? ആര്‍ക്കും ഒരു നിശ്ചയവുമില്ല. ഏറ്റവും ഒടുവിലായി പുറത്ത് വന്നത് ഒന്നേമുക്കാല്‍ ലക്ഷം ഏക്കര്‍ ഭൂമി മിച്ചഭൂമിയായി സര്‍ക്കാര്‍ ഏറ്റെടുത്തു എന്നും ഇതില്‍ 80000 ഏക്കര്‍ ഭൂരഹിതര്‍ക്ക് വിതരണം ചെയ്തു എന്നുമാണ്.
തോട്ടം ഭൂ ബന്ധങ്ങളും ജനാധിപത്യവല്‍ക്കരണവും
ഹാരിസണ്‍സ് (ഗോയങ്കെ) ,കണ്ണന്‍ദേവന്‍ ( ടാറ്റ ),TR and T(ട്രാവന്‍കൂര്‍ റബ്ബേര്‍ സ് ആന്‍ഡ് ടീ ലിമിറ്റഡ്) തുടങ്ങിയ ഏതാനും തോട്ടം കമ്പനികളും അവരുടെ ബിനാമികളും ഈ കൊച്ചു കേരളത്തില്‍ അഞ്ച് ലക്ഷത്തി ഇരുപത്തി അയ്യായിരം ഏക്കര്‍ ഭൂമി ( റവന്യൂ ഭൂമിയുടെ പാതിയില്‍ കൂടുതല്‍ ) നിയമവിരുദ്ധമായി, ഭരണഘടന വകുപ്പുകളെ പോലും അട്ടിമറിച്ചു കൊണ്ട് ഇപ്പോഴും കൈവശം വെച്ച് കൊണ്ടിരിക്കുകയാണ്. സ്വാതന്ത്ര്യത്തിന്റെ 7 ദശകങ്ങള്‍ പിന്നിട്ടിട്ടും ഭൂപരിഷ്‌കരണത്തിന്റെ അമ്പത് വര്‍ഷങ്ങള്‍ പിന്നിടുന്ന ഈ വേളയിലും എലിസബത്ത് രാജ്ഞി 59000 ഏക്കര്‍ ഭൂമിക്ക് നികുതി അടച്ച് കൊണ്ടിരിക്കുന്ന സംസ്ഥാനമാണ് കേരളം.
ഒരു ലക്ഷം ഏക്കര്‍ ഭൂമിയോളം ഹാരിസണ്‍സ് മലയാളം കമ്പനി നിയമ വിരുദ്ധമായി വ്യാജരേഖകള്‍ മുറുകെപ്പിടിച്ചു കൊണ്ട് ഇപ്പോഴും കയ്യടക്കിയിരിക്കുന്നു. വ്യാജ അവകാശവാദങ്ങളുടെയും കള്ള രേഖകളുടേയും മറപറ്റി, ഒരു ലക്ഷത്തി എണ്‍പത്തി ആറായിരത്തോളം ഏക്കര്‍ ഭൂമി ടാറ്റ കയ്യടക്കിയിരിക്കുന്നു. കൊട്ടിഘോഷിക്കപ്പെട്ട ഭൂപരിഷ്‌കരണത്തിനു ശേഷമുള്ള വര്‍ത്തമാന കേരളത്തിലെ ജീര്‍ണ്ണിച്ചതും ജനാധിപത്യവിരുദ്ധവുമായ ഭൂബന്ധങ്ങളുടെ ഞെട്ടിപ്പിക്കുന്ന ബാക്കിപത്രമാണിത്.
നമ്മുടെ കാലത്ത് ഈ ഭൂ ബന്ധങ്ങള്‍ സൃഷ്ടിക്കുന്ന ദുരന്തഫലങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുന്നതാകട്ടെ കാര്‍ഷിക മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന അടിസ്ഥാന ജനവിഭാഗങ്ങളടങ്ങിയ കേരള ജനത ഒന്നടങ്കമാണ്.
കേരള സംസ്ഥാനത്തിലെ കാര്‍ഷിക ജനസംഖ്യയില്‍ 56 ശതമാനത്തോളം വരുന്ന ദളിത്-ആദിവാസി ജനവിഭാഗങ്ങള്‍, തോട്ടം തൊഴിലാളികള്‍, ഭൂരഹിതരായ കര്‍ഷകര്‍, കര്‍ഷക തൊഴിലാളികള്‍ തുടങ്ങി വലിയൊരു വിഭാഗം മണ്ണില്‍ പണിയെടുക്കുന്നവര്‍ ഇപ്പൊഴും ഭൂരഹിതരാണ്. നാല് സെന്റ് രണ്ട് സെന്റ്, ലക്ഷം വീട് കോളനികളിലും ആറ്റ് പുറമ്പോക്കുകളിലും റെയില്‍വേ പുറംമ്പോക്കുകളിലും നഗരപ്രാന്തങ്ങളിലെ ചേരികളിലുമായി അവര്‍ ജീവിതം തള്ളിനീക്കുന്നു.
പത്ത് സെന്റ് കുടികിടപ്പില്‍ നിന്നും തുടങ്ങി ലക്ഷം വീട് നാല് സെന്റ് രണ്ട് സെന്റ് കോളനികളിലും ,കാറ്റും വെളിച്ചവും കടന്നു ചെല്ലാത്ത ലൈഫ് ഫ്‌ലാറ്റ് പാര്‍പ്പിട പദ്ധതിയിലും എത്തി നില്‍ക്കുന്നു. നഗരങ്ങളില്‍ മാത്രമായി 11 ലക്ഷത്തിലേറെ വീടുകള്‍ ആള്‍പ്പാര്‍പ്പില്ലാതെ സമ്പന്ന വിഭാഗങ്ങള്‍ ഒഴിച്ചിട്ടിരിക്കുമ്പോള്‍ ,രണ്ട് ലക്ഷത്തി നാല്പതിനായിരം കുടുംബങ്ങളിലെ 12 ലക്ഷം പാര്‍പ്പിട രഹിതരെയും ലക്ഷക്കണക്കായ ഭൂരഹിതരെയും കൊണ്ട് ഈ ക്രൂരമായ യാഥാര്‍ത്ഥ്യങ്ങള്‍ക്കുനേരെ കണ്ണടച്ചു കൊണ്ട് നവകേരളം പുന:സൃഷ്ടിക്കുവാന്‍ അണിഞ്ഞൊരുങ്ങുകയാണ് നമ്മുടെ ഭരണാധികാരികള്‍.
കേരളത്തിന്റെ ജീര്‍ണ്ണിച്ച ഭൂ ബന്ധങ്ങളുടെ ഉള്ളറകളിലേക്കാണ്, കൊട്ടിഘോഷിക്കപ്പെട്ട ഭൂപരിഷ്‌കരണത്തിന്റെ ഭീഭത്സ മുഖത്തേക്കാണ് ഇത് വെളിച്ചം വീശുന്നത്.
കടന്ന് പോയ ദശകങ്ങളില്‍ കൃഷിഭൂമി മണ്ണില്‍ പണിയെടുക്കുന്നവര്‍ക്ക് എന്ന മുദ്രാവാക്യമുയര്‍ത്തിയ കേരളത്തിന്’ എന്തുകൊണ്ട് ഇങ്ങനെ ഒരു അവസ്ഥ അഭിമുഖീകരിക്കേണ്ടി വരുന്നു? കൊട്ടിഘോഷിക്കപ്പെട്ട, 1957 മുതല്‍ 1970 കള്‍വരെ നടപ്പിലാക്കിയ നമ്മുടെ ഭൂ പരിഷ്‌കരണം മണ്ണില്‍ പണിയെടുക്കുന്നവന് ഭൂമി കൊടുത്തില്ല എന്ന് നാം നേരത്തെ കണ്ടു’ ഔപചാരികമായ കുടിയായമയുടേയും ജന്മിത്തത്തിന്റെയും അന്ത്യം പുതിയ കാര്‍ഷിക ബന്ധങ്ങള്‍ക്ക് വഴിവെച്ചു എങ്കിലും നൂറ്റാണ്ടുകളായി നാടുവാഴിത്ത – ജന്മിത്വ ശക്തികള്‍ ജാതി മേധാവിത്തത്തിലൂടെ ഭൂവുടമസ്ഥത നിഷേധിച്ച അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് കൃഷിഭൂമി ലഭ്യമാക്കുന്നതില്‍ ഈ നടപടികളത്രയും പരാജയപ്പെട്ടു.
കൃഷിക്ക് ഉപയുക്തമായ ഭൂമിയുടെ 65 ശതമാനവും കേന്ദ്രീകരിച്ചു നില്ക്കുന്ന തോട്ടം മേഖലയെ ഭൂപരിഷ്‌കരണ നടപടികളിലെ ഭൂപരിധി നിയമത്തില്‍ നിന്നും ഉപരിവര്‍ഗ്ഗ സമ്മര്‍ദ്ദം മൂലം മാറ്റി നിര്‍ത്തിയതോടെ ലക്ഷക്കണക്കിനു് ഏക്കര്‍ വരുന്ന തോട്ട ഭൂമിയെ, കൊട്ടിഘോഷിക്കപ്പെട്ട ഈ ഭൂപരിഷ്‌കരണത്തിന് തൊടാന്‍ പോലും കഴിഞ്ഞില്ല. എന്ന് മാത്രമല്ല ജനങ്ങള്‍ക്ക് ലഭ്യമാകേണ്ട ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമി വിദേശതോട്ടം കുത്തകളുടേയും അവരുടെ ബിനാമികളുടേയും കൈകളില്‍ സുരക്ഷിതമാക്കുകയും ചെയ്തു. ജനവിരുദ്ധമായ ഭൂ ബന്ധങ്ങളെ ഇല്ലായ്മ ചെയ്തു കൊണ്ട് ജനാധിപത്യ വല്‍ക്കരണ പ്രക്രിയക്ക് നേതൃത്വം കൊടുക്കേണ്ടവര്‍ തന്നെ അതിന്റെ സംരക്ഷകരായി മാറി.
ഇന്ത്യ സ്വതന്ത്രമാകുന്നതോടെ ബ്രിട്ടനില്‍ രജിസ്റ്റര്‍ ചെയ്യുകയും ബ്രിട്ടീഷ് കമ്പനികള്‍ തോട്ടം നടത്തിപ്പിനായി നാട്ടുരാജാക്കന്മാരില്‍ നിന്നും ജന്മികളില്‍ നിന്നും പാട്ടവ്യവസ്ഥകളില്‍ മാത്രം ഏറ്റെടുത്തു നടത്തിയിരുന്ന ഭൂമി വീണ്ടെടുക്കുന്നതിനാവശ്യമായ ഒരു നടപടികളും 47 ശേഷമുള്ള വര്‍ഷങ്ങളിലോ ഐക്യകേരളപ്പിറവിക്ക് ശേഷം രൂപം കൊണ്ട കമ്മൂണിസ്റ്റ് പാര്‍ടി നേതൃത്വത്തിലുള്ള സര്‍ക്കാറില്‍ നിന്നോ ഉണ്ടായില്ല.
വിദേശതോട്ടങ്ങള്‍ ദേശസാല്‍ക്കരിക്കണമെന്നും തോട്ടം തൊഴിലാളികളുടെ ഉടമസ്ഥതയില്‍ തോട്ടം പുന:സ്ഥാപിക്കണമെന്നുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നു വന്നെങ്കിലും ക്രമാനുഗതമമായി ഈ നിലപാടുകള്‍ ഒന്നാകെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കയ്യൊഴിയുകയായിരുന്നു. പിളര്‍പ്പിന് ശേഷമാകട്ടെ ഒളിഞ്ഞും തെളിഞ്ഞും ഇരു പാര്‍ടികളും തോട്ടം കുത്തകളെ നമ്മുടെ മണ്ണില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ മത്സരബുദ്ധിയോടെ പരിശ്രമിച്ചതിന്റെ ചരിത്രവും വസ്തുതകളും നിയമസഭാ രേഖകളും സാക്ഷ്യപത്രങ്ങളായി ഇന്ന് നമ്മുടെ മുന്നിലുണ്ട്.
നാടുവാഴിത്തത്തിനും ജന്മിത്ത-സാമ്രാജ്യത്വ അധീശത്വത്തിനുമെതിരെ ഉജ്വല സമര മുഹുര്‍ത്തങ്ങള്‍ സൃഷ്ടിച്ച പാര്‍ടി എങ്ങിനെ ഈ അപചയങ്ങളിലേക്കെത്തി എന്ന പരിശോധന രാഷ്ട്രീയ- ചരിത്ര വിദ്യാര്‍ത്ഥികള്‍ക്കായി നമുക്ക് വിട്ടുനല്കാം. മുകളില്‍ നിന്നും അടിച്ചേല്പിച്ച ഭൂപരിഷ്‌കരണം അടിയില്‍ നിന്നുയര്‍ന്ന സമ്മര്‍ദ്ദങ്ങളെ മറികടന്നു കൊണ്ട് പുതിയ കാര്‍ഷിക ബന്ധങ്ങള്‍ക്ക് വഴിമാറികൊടുക്കുകയും കൃഷിയെ ആശ്രയിക്കാത്ത വിഭാഗങ്ങങളുടെ കയ്യിലേയേക്ക് പുതിയ രീതിയില്‍ ഭൂമി കേന്ദ്രീകരിക്കുകയും ചെയ്തു.
കയ്യൂരും കാവുമ്പായിയും, കരിവള്ളൂരും ഒഞ്ചിയവും തുടങ്ങി പുന്നപ്രയും വയലാറും ഉള്‍പ്പെടെ ജന്മിത്വത്തിനും നാടുവാഴിത്തത്തിനും എതിരേയും, ഈ ശക്തികളെ സംരക്ഷിക്കുന്ന ബ്രിട്ടഷ് മേധാവിത്തത്തിനെതിരേയും, ജീവിതം കൊണ്ട് ചരിത്രം രചിച്ച ഐതിഹാസിക പോരാട്ടങ്ങളുടെ നാടായ കേരളം. ജീര്‍ണിച്ച ജാതി ആധിപത്യത്തിനെതിരെയും ഭൂപ്രഭുത്വത്തിനെതിരെയും പൊരുതിയ ഒരു ജനത.
ജാതിമോധാവിത്തം അടിച്ചേല്‍പ്പിച്ച കൊടിയ മര്‍ദ്ദനങ്ങള്‍ക്കെതിരെ നൂറ്റാണ്ടുകള്‍ക്ക് മുമ്പെ തന്നെ പടപൊരുതിയ കീഴാള സമൂഹം. നൂറ് കണക്കായ ഇത്തരം പോരാട്ടങ്ങളുടെ ഗുണാത്മക ഫലങ്ങള്‍ കൂടിയായിരുന്നു, ഐക്യകേരളപ്പിറവിക്ക് ശേഷം അവിഭക്ത കമ്മുണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഒരു പുരോഗമന ഗവണ്‍മെന്റിനെ നേരത്തെ പറഞ്ഞത് പോലെ അധികാരത്തിലേക്കെത്തിച്ചത്. പക്ഷെ രണ്ടാം ലോകയുദ്ധാനന്തരം സാര്‍വ്വദേശീയ തലത്തില്‍ ഉയര്‍ന്നു വന്ന് കൊണ്ടിരുന്ന പുതിയ സാഹചര്യങ്ങളെ വിലയിരുത്തുന്നതിലും കോളനി രാജ്യങ്ങളിലെ അടിസ്ഥാന സാമൂഹ്യ സാമ്പത്തിക ഘടനകളില്‍ മൂലധനശക്തികള്‍ നടത്തി കൊണ്ടിരിക്കുന്ന മാറ്റങ്ങളെ മനസ്സിലാക്കുന്നതിലും പാര്‍ട്ടി നേരിട്ട പരാജയം അതിന്റെ വിപ്ലവ പ്രയോഗങ്ങളിലും സൈദ്ധാന്തിക ആവിഷകാരങ്ങളിലും ഏല്പിച്ച ആഘാതം ചെറുതായിരുന്നില്ല.
ഭൂപരിഷ്‌കരണത്തിന്റെ ലക്ഷ്യം കേന്ദ്രീകരിക്കുന്നത് ഭൂബന്ധങ്ങളുടെ ജനാധിപത്യവല്‍ക്കരണത്തിലാണ്. പക്ഷെ മാറിയ ലോകസാഹചര്യത്തില്‍ പുതിയ കൊളോണിയല്‍ ശക്തികള്‍ക്കാവശ്യം കാര്‍ഷിക മേഖലയിലേക്ക് മൂലധനം ഇറക്കുമതി ചെയ്യാന്‍ ആവശ്യമായ കാര്‍ഷിക ബന്ധങ്ങളായിരുന്നു. അതിനനുസൃതമായ പരിഷ്‌കരണ നടപടികള്‍ ഭൂബന്ധങ്ങളില്‍ സൃഷ്ടിക്കുകയും ഹരിതവിപ്ലവ പദ്ധതികളെ വിജയിപ്പിച്ചെടുക്കുകയും ചെയ്യുക എന്നതായിരുന്നു അവരുടെ ലക്ഷ്യം.
ഫലത്തില്‍ കേരളത്തില്‍ നടപ്പിലാക്കപ്പെട്ട ഭൂപരിഷകരണ നടപടികളിലൊക്കെ തന്നെ മുകളില്‍ നിന്നും കെട്ടിയേല്പിക്കപ്പെട്ട ഈ താല്പര്യങ്ങളുടെ സ്വാധീനം കാണാന്‍ കഴിയും. ഭൂപരിഷ്‌കരണത്തിന്റെ കടമകള്‍ പൂര്‍ത്തീകരിക്കപ്പെട്ടg എന്നും, മട്ടുപ്പാവിലെ പച്ചക്കറി കൃഷിയുടെ സംയോജനവും ,കുടുംബശ്രീ യൂണിറ്റുകളിലൂടെ സ്ഥലത്തില്ലാത്ത ഭൂവുടമസ്ഥന് പാട്ടം കൊടുത്ത് കൃഷി പ്രോത്സാഹിപ്പിക്കുന്നതിലേക്ക് കാര്‍ഷിക മേഖയെ എത്തിക്കുന്നതിലേക്ക് വ്യവസ്ഥാപിത കമ്യൂണിസ്റ്റ് നേതൃത്വം കേരളീയ സമൂഹത്തെ എത്തിക്കുയും ചെയ്തു.
മാറി മാറി വന്ന ഒരു സര്‍ക്കാറും 1947 ന് ശേഷം സംസ്ഥാനത്തിന് ലഭ്യമാകേണ്ട ലക്ഷക്കണക്കിന് ഏക്കര്‍ തോട്ടഭൂമി വീണ്ടെടുക്കുന്നതിന് ഒരു നിയമനിര്‍മ്മാണത്തിന് തുനിഞ്ഞത് പോലുമില്ല. മാത്രമല്ല കോടതികളില്‍ പോലും ഇത്തരം കമ്പനികള്‍ക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കുന്നതില്‍ സഹായിക്കുകയും ചെയ്തു. ഇടതുപക്ഷമെന്നു് അവകാശപ്പെടുന്നവര്‍ എത്ര മാത്രം ശുഷ്‌കാന്തിയോടെയാണ് ടാറ്റക്കും, ഹാരിസണും വേണ്ടി അവര്‍ നിയമവിരുദ്ധമായി കയ്യടക്കിയ ഭൂമി അവരുടെ കൈകളില്‍ തന്നെ ഭദ്രമാക്കി നിലനിര്‍ത്തുന്നതിന് വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് സമീപകാല സംഭവങ്ങള്‍ പോലും തെളിയിക്കുന്നു.
കോരന് എന്നും കഞ്ഞി കുമ്പിളില്‍ തന്നെ വിളമ്പാന്‍ വ്യഗ്രത കാട്ടുന്ന സര്‍ക്കാറും ,അതിന്റെ നാനാവിധ ഏജന്‍സികളും, എന്നും പോറ്റിമാര്‍ക്ക് മാത്രം നീതി ഉറപ്പു വരുത്തുന്ന നിയമവ്യവസ്ഥയും മാധ്യമങ്ങളും ആസ്ഥാനപണ്ഡിത മാന്യന്മാരും രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന അവരുടെ കൊളോണിയല്‍ അടിമ ബോധത്താല്‍ എത്രമാത്രം മറച്ചു പിടിക്കാന്‍ ശ്രമിച്ചാലും അധീശവര്‍ഗ്ഗത്തിന്റെ കാപട്യവും വഞ്ചനയും മറനീക്കി മഹാസത്യങ്ങള്‍ പുറത്തു ചാടുമെന്നത് ഉറപ്പാണ്. അതാണ് തോട്ടം കുത്തകകള്‍ കയ്യടക്കിയ ഭൂമിയെക്കുറിച്ചും പറയാനുള്ളത്.
ചെങ്ങറയും, അരിപ്പയും മുത്തങ്ങയും മേപ്പാടിയും ഇപ്പൊള്‍ തൊവരിമലയിലും ഉയര്‍ന്ന അടിസ്ഥാന വര്‍ഗ്ഗത്തിന്റെ സമര പ്രക്ഷോഭങ്ങളും നല്കുന്ന സൂചനകള്‍ അതാണ്. ചെറുതും വലുതുമായ ഈ പ്രക്ഷോഭങ്ങളുയര്‍ത്തിയ സമ്മര്‍ദ്ദമാണ് സര്‍ക്കാറിനെക്കൊണ്ട്, തോട്ടം കുത്തകകള്‍ കയ്യടക്കിയ ഭൂമിയെക്കുറിച്ച് ചില അന്വഷണങ്ങള്‍ നടത്താന്‍ എങ്കിലും സര്‍ക്കാറിനെ പ്രേരിപ്പിച്ചത്. റവന്യൂ വകുപ്പ് പ്രിന്‍സപ്പല്‍ സെക്രട്ടറിയായിരുന്ന നിവേദിത പി.ഹരനിലൂടെ തുടങ്ങി വെച്ച അസ്വഷണങ്ങളും പഠനങ്ങളും യഥാര്‍ത്ഥത്തില്‍ നമ്മുടെ മന്ത്രി പുംഗവന്‍മാരുടെ തിരുമന്തന്‍തലകളില്‍ മഹാവിസ്‌ഫോടനം നടത്തേണ്ടതായിരുന്നു.
ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ പിണറായിയിലേക്കെത്തി നില്ക്കുന്ന കറകളഞ്ഞ വഞ്ചനകളുടെ മൂര്‍ത്തിമദ്ഭാവങ്ങള്‍ക്ക് ഒരു ഭാവഭേദവുമില്ലാത്ത വിധം ഭരണ വര്‍ഗ്ഗ പാദസേവ അത്ര മാത്രം അവരെ ഭരിച്ചു കൊണ്ടിരിക്കുന്നു. നിവേദിത പി.ഹരനെ തുടര്‍ന്നുള്ള നിയമസഭാ സമിതിയുടെ അന്വഷണം, ഇതുമായി ബന്ധപ്പെട്ട് ജസ്റ്റിസ് മനോഹരന്റെ നിയമോപദേശം, സജിത് ബാബുവിന്റെ നേതൃത്വത്തിലുള്ള വിദഗ്ദസമിതിയുടെ റിപ്പോര്‍ട്ട്, എസ്.ശ്രീജിത് IPS നേതൃത്വം കൊടുത്ത വിജിലന്‍സ് അന്വഷണം, നന്ദനന്‍ പിള്ളയുടെ വിജിലന്‍സ് റിപ്പോര്‍ട്ട് , ഏറ്റവും ഒടുവിലായി അന്യാധീനപ്പെട്ട ഭൂമി വീണ്ടെടുക്കുന്നതിന് സെപഷ്യല്‍ ഓഫീസറായി നിയമിക്കപ്പെട്ട M. G. രാജമാണിക്യം സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ എല്ലാം തന്നെ കേരള ജനതക്ക് അവകാശപ്പെട്ട ഭൂമി വീണ്ടെടുക്കുന്നതിന് ഏറ്റവും സഹായകരമായ നിര്‍ദ്ദേശങ്ങളും നടപടികളുമായിരുന്നു.
ഈ യാഥാര്‍ത്ഥ്യങ്ങളെ നിയമവ്യവസ്ഥയുടെ മുന്നിലെത്തിക്കാനും നിരവധി കേസുകളില്‍ ഹാരിസണെ മുട്ടുകുത്തിക്കാനും കഴിഞ്ഞ ഗവ: പ്ലീഡര്‍ സുശീല ഭട്ട് എന്ന നിയമജ്ഞയെ പുറത്താക്കി കൊണ്ട് ഭൂമി കൊള്ളക്കാരുടെ സ്വന്തം പ്രതിനിധികളെ കേസ്സ് വാദിക്കാനേല്പിച്ചു കൊണ്ട് ‘കേരളത്തിലെ ഭൂരഹിതനെ എന്നും ഭൂരഹിതാനാക്കി നിലനിര്‍ത്താനാണ് ഏറ്റവും ഒടുവിലത്തെ കണ്ണിയായി നിന്നുകൊണ്ട് സര്‍ക്കാര്‍ ഇപ്പൊഴും ശ്രമിക്കുന്നത്.
തോട്ടം കുത്തകകളെ സംരക്ഷിക്കാന്‍ എന്നും ക്രൂരമായ നിശബ്ദതയോടെ കരുക്കള്‍ നീക്കിക്കൊണ്ടിരുന്ന രാഷ്ട്രീയ നേതാക്കളുടെ പ്രേതം ആവാഹിച്ച നവകേരളത്തിന്റെ സൃഷ്ടാക്കളും എത്തപ്പെട്ടിട്ടുള്ളത് മൂലധനത്തിന്റെ പാദസേവ ഒന്ന് മാത്രമാണ്. കേരള ജനതക്ക് അനുകൂലമായി നില്‍ക്കുന്ന ഒട്ടനവധി നിയമ വശങ്ങള്‍ ചരിത്രരേഖകളുടെ വ്യക്തമായ പിന്തുണയോടെ നിയമ പോരാട്ടങ്ങളിലൂടെയും ഈ ശക്തികളെ കേരളത്തില്‍ നിന്ന് കെട്ട് കെട്ടിക്കാനുള്ള നിയമസാധ്യകള്‍ തെളിഞ്ഞിട്ടും അതിന് തയ്യാറാകാതെ പ്രതികാരബുദ്ധിയോടെ സുശീല ഭട്ട് ഉള്‍പ്പെടെയുള്ളവരെ തല്‍സ്ഥാനങ്ങളില്‍ നിന്നും മാറ്റി തോട്ടം കുത്തകകളുടെ ഏജന്റ്മാരെ ആ സ്ഥാനങ്ങളില്‍ തിരുകി കയറ്റുന്നതിലേക്ക് എത്തിച്ചിട്ടുള്ളത്.
ചുരുക്കത്തില്‍ ജനവിരുദ്ധ ശക്തികളുടെ കൂടാരത്തില്‍ അന്തിയുറങ്ങുന്ന എല്ലാ ഭരണ വര്‍ഗ്ഗ പാദസേവകരും ഉത്തമബോധ്യത്തോടെ അരനൂറ്റാണ്ട് കാലമായി ഒരു ജനതയ ഒന്നടങ്കം കബളിപ്പിച്ചു കൊണ്ട് അരങ്ങത്ത് ആറാട്ട് നടത്തി കൊണ്ടേയിരിക്കുകയാണ്.
അവലംബം
1.എ കെ ജി: ഇന്ത്യന്‍ കര്‍ഷക പ്രസ്ഥാനത്തിന്റെ ചരിത്രം
2 ഡോ: കെ.കെ.എന്‍ കുറുപ്പ്: വില്യം ലോഗന്‍, മലബാറിലെ ഭൂബന്ധങ്ങളില്‍ ഒരു പഠനം
3. ഇന്ത്യ ചരിത്രം :വിവിധ ഗ്രന്ഥകാരന്മാര്‍
4 രാജമാണിക്യം റിപ്പോര്‍ട്