Kerala News
താജ് മഹലും ചെങ്കോട്ടയും പിന്നെ പൊട്ടി മുളച്ചതായിരിക്കുമല്ലേ? എന്‍.സി.ഇ.ആര്‍.ടി സിലബസ് വിവാദത്തില്‍ ജോണ്‍ ബ്രിട്ടാസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Apr 04, 04:40 pm
Tuesday, 4th April 2023, 10:10 pm

ന്യൂദല്‍ഹി: സിലബസ് പരിഷ്‌കരണത്തിന്റെ പേരില്‍ മുഗള്‍ രാജാക്കന്മാരെക്കുറിച്ചുള്ള പാഠ ഭാഗങ്ങള്‍ ഒഴിവാക്കാനുളള എന്‍.സി.ഇ.ആര്‍.ടിയുടെ നടപടിക്കെതിരെ പ്രതികരിച്ച് ജോണ്‍ ബ്രിട്ടാസ് എം.പി. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ കലയെയും സംഗീതത്തെയും വാസ്തു വിദ്യയെയും പരിപോഷിപ്പിച്ചവരാണ് മുഗളന്മാരെന്നും അവരെ ചരിത്രത്തില്‍ നിന്ന് മാറ്റി നിര്‍ത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ചരിത്ര വസ്തുതകളെ നിരാകരിച്ച് കൊണ്ട് പുതിയ ചരിത്രം നിര്‍മിക്കുന്നതിലൂടെ ഇന്ത്യക്ക് എന്താണ് സംഭവിക്കാന്‍ പോവുന്നതെന്ന് ജനങ്ങള്‍ ചിന്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

കഴിഞ്ഞ ദിവസമാണ് സിലബസ് പരിഷ്‌കരണത്തിന്റെ ഭാഗമായി ചരിത്ര പുസ്തകങ്ങളില്‍ നിന്ന് മുഗളന്മാരെക്കുറിച്ചും കമ്മ്യൂണിറ്റ് സോഷ്യലിറ്റ് പ്രസ്ഥാനങ്ങളെക്കുറിച്ചുമുള്ള പാഠഭാഗങ്ങള്‍ നീക്കം ചെയ്യാന്‍ എന്‍.സി.ഇ.ആര്‍.ടി തീരുമാനിക്കുന്നത്. ഇതിനെതിരെയാണ് എം.പി കുറിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.

16-18 നൂറ്റാണ്ടില്‍ ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യമായിരുന്നു മുഗളന്മാരെന്നും ലോക സമ്പദ്ഘടനയുടെ 24 ശതമാനം കയ്യാളിയിരുന്നത് അവരാണെന്നും ബ്രിട്ടാസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കൂട്ടത്തില്‍ ലോകാത്ഭുതങ്ങളായ താജ്മഹലും, ദില്ലിയിലെ ചെങ്കോട്ടയും പൊട്ടി മുളച്ചതായിരിക്കുമല്ലേ എന്ന് അദ്ദേഹം പരിഹസിക്കുകയും ചെയ്തു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം,

ലോകത്തിലെ അത്ഭുതങ്ങളിലൊന്നായ വെണ്ണക്കല്‍ കൊട്ടാരം യമുനാ തീരത്തു എപ്പോഴോ പൊട്ടിമുളച്ചതാണ്.. ദില്ലിയിലെ ചെങ്കോട്ട ആരോ രാവിന്റെ മറവില്‍ പണിതുകൂട്ടിയതാണ്..

നമ്മുടെ കലയെയും സംഗീതത്തെയും വാസ്തുശില്പകലയെയും എന്തിനേറെ ഭക്ഷണത്തെയുമൊക്കെ പരിപോഷിപ്പിച്ച ഒരു സാമ്രാജ്യം ഇന്ന് സ്‌കൂള്‍ ചരിത്രത്താളുകളില്‍ നിന്ന് തുടച്ചുമാറ്റപ്പെടുകയാണ്.

ലോക സമ്പദ്ഘടനയില്‍, ജിഡിപിയുടെ, 24 ശതമാനം പങ്ക് മുഗള്‍ സാമ്രാജ്യത്തിനായിരുന്നു. എന്തിനേറെ… ചൈനയ്ക്കും പശ്ചിമ യൂറോപ്പിനും മുകളില്‍ 16-18 നൂറ്റാണ്ടില്‍ ലോകത്തിലെ ഏറ്റവും സമ്പന്നമായൊരു സാമ്രാജ്യമായിരുന്നു അവര്‍.

ചരിത്ര നിര്‍മ്മിതിയുടെ ഭാഗമായി ഇനി മുഗളന്മാരെ കുറിച്ച് നമ്മുടെ കുഞ്ഞുങ്ങള്‍ പഠിക്കേണ്ടതില്ല. ആ ഏട് ചരിത്രപുസ്തകങ്ങളില്‍ നിന്ന് നീക്കുന്നതുകൊണ്ട് പരാതിപ്പെടാന്‍ ആ സാമ്രാജ്യത്തിന്റെ അനന്തരാവകാശികളൊന്നും മുന്നോട്ടുവരില്ലെന്നും ഉറപ്പ്. പക്ഷേ പുതിയ ചരിത്ര നിര്‍മ്മിതികളില്‍ ഇന്ത്യയ്ക്ക് എന്താണ് സംഭവിക്കുന്നത് എന്ന് നമ്മള്‍ ചിന്തിക്കണം,’ ബ്രിട്ടാസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സിലബസ് പരിഷ്‌കരണത്തിന്റെ ഭാഗമായി 10, 11, 12 ക്ലാസുകളിലെ പുസ്തകങ്ങളില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചതെന്നാണ് വിവരം. അതേസമയം സിലബസ് പരിഷ്‌കരണത്തിന്റെ ഭാഗമായി വരുന്ന ചര്‍ച്ചകള്‍ അനാവശ്യമാണെന്നും യാതൊരു തീരുമാനവും ഇതുവരെ നടപ്പായിട്ടില്ലെന്നും എന്‍.സി.ഇ.ആര്‍.ടി ചെയര്‍മാന്‍ ദിനേഷ് പ്രസാദ് സക്‌ലാനി പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: mp jhohn brittas facebook post against ncert