| Monday, 21st March 2022, 8:30 am

മുസ്‌ലിങ്ങള്‍ കീടങ്ങളല്ല, മനുഷ്യരാണ്, രാജ്യത്തെ പൗരന്മാരാണ്; കശ്മീരി ഫയല്‍സിനെതിരെ ട്വീറ്റുമായി ഐ.എ.എസ് ഉദ്യോഗസ്ഥന്‍; ബി.ജെ.പിയുടെ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: കശ്മീര്‍ ഫയല്‍സിനെക്കുറിച്ച് ട്വീറ്റ് ചെയ്ത ഐ.എ.എസ് ഓഫീസര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ബി.ജെ.പി.

മധ്യപ്രദേശ് കേഡറിലെ ഐ.എ.എസ് ഉദ്യോഗസ്ഥനാണ് കശ്മീര്‍ ഫയല്‍സിനെതിരെ ട്വീറ്റ് ചെയ്തത്.

‘കശ്മീര്‍ ഫയല്‍സ് ബ്രാഹ്‌മണരുടെ വേദന കാണിക്കുന്നു. അവരെ എല്ലാ ബഹുമാനത്തോടെയും കശ്മീരില്‍ സുരക്ഷിതമായി ജീവിക്കാന്‍ അനുവദിക്കണം.

എന്നാല്‍, നിരവധി സംസ്ഥാനങ്ങളിലായി നിരവധി മുസ്‌ലിങ്ങളെ കൊന്നൊടുക്കിയതിനെ പറ്റിയും നിര്‍മാതാവ് ഒരു സിനിമ ചെയ്യണം. മുസ്‌ലിങ്ങള്‍ കീടങ്ങളല്ല, മനുഷ്യരാണ്. രാജ്യത്തെ പൗരന്മാരാണ്” ഐ.എ.എസ് ഓഫീസര്‍ നിയാസ് ഖാന്‍ ട്വീറ്റ് ചെയ്തു. നിയാസ് ഖാന്‍ എഴുത്തുകാരന്‍ കൂടിയാണ്.

നിയാസ് ഖാന്റെ ട്വീറ്റിന് പിന്നാലെ പ്രതിഷേധവുമായി ബി.ജെ.പി രംഗത്തെത്തി. നിയാസ് ഖാനെതിരെ നടപടിയെടുക്കേണ്ട സമയം അതിക്രമിച്ചെന്നും പബ്ലിസിറ്റിക്കാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും ബി.ജെ.പി ആരോപിച്ചു.

കശ്മീര്‍ഫയല്‍സിനെതിരെ വിമര്‍ശനങ്ങളും വിവാദവും ശക്തിപ്പെടുന്ന സാഹചര്യത്തിലാണ് നിയാസ് ഖാന്റെ പ്രതികരണം.

വിവേക് അഗ്‌നിഹോത്രി രചനയും സംവിധാനവും നിര്‍വഹിച്ച സിനിമയിയാണ് കശ്മീര്‍ഫയല്‍സ്. പാകിസ്ഥാന്‍ പിന്തുണയുള്ള ഭീകരരുടെ പീഡനത്തെതുടര്‍ന്ന് കശ്മീരില്‍ നിന്നും പലായനം ചെയ്യുന്ന ഹിന്ദുവിശ്വാസികളുടെ കഥയാണ് കശ്മീര്‍ ഫയല്‍സ് പറയാന്‍ ശ്രമിച്ചിരിക്കുന്നത്.

എന്നാല്‍ സിനിമയുടെ വര്‍ഗീയ ധ്രുവീകരണത്തിനെതിരെ നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയിലെ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ മത വര്‍ഗീയ സംഘര്‍ഷങ്ങള്‍ വര്‍ധിപ്പിക്കുന്ന രീതിയിലാണ് സിനിമ നിര്‍മിച്ചിരിക്കുന്നതെന്നാണ് വിമര്‍ശനം.

Content Highlights: MP IAS officer tweets about The Kashmir Files; BJP demands action against him

Latest Stories

We use cookies to give you the best possible experience. Learn more