ഭോപ്പാല്‍: മധ്യപ്രദേശിലെ റെയില്‍വേ സ്റ്റേഷന്റെ പേര് മാറ്റാനൊരുങ്ങി ബി.ജെ.പി. ഹബീബ്ഗഞ്ച് റെയില്‍വേ സ്റ്റേഷന്റെ പേര് മാറ്റാനാണ് മധ്യപ്രദേശ് സര്‍ക്കാരിന്റെ നീക്കം. ഭോപ്പാലിലെ അവസാന ഹിന്ദു (ഗോണ്ട്) രാജ്ഞിയായ റാണി കമലപതിയുടെ പേര് റെയില്‍വേ സ്റ്റേഷന് നല്‍കണമെന്നാണ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
പതിനാറാം നൂറ്റാണ്ടില്‍ ഭോപ്പാല്‍ ഭരിച്ചിരുന്നത് ഗോണ്ട് ഭരണാധികാരികളാണെന്നും ഗോണ്ട് രാജ്ഞി റാണി കമലാപതിയുടെ സ്മരണ നിലനിര്‍ത്താന്‍ ഹബീബ്ഗഞ്ച് റെയില്‍വേ സ്റ്റേഷന്റെ പേര് റാണി കമലപതിയുടെ പേരിലാക്കണമെന്നുമാണ് സംസ്ഥാന ഗതാഗത വകുപ്പ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അയച്ച കത്തില്‍ പറയുന്നത്.
രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര ഗോത്രവര്‍ഗ ഐക്കണ്‍ ബിര്‍സ മുണ്ടയുടെ ജന്മദിനം ദേശീയതലത്തില്‍ ജന്‍ജാതിയ ഗൗരവ് ദിവസായി ആഘോഷിക്കാന്‍ കേന്ദ്ര മന്ത്രിസഭ നേരത്തെതന്നെ തീരുമാനിച്ചിരുന്നു.
”ജനജാതിയ ഗൗരവ് ദിവസ് ദിനത്തില്‍ ഹബീബ്ഗഞ്ച് റെയില്‍വേ സ്റ്റേഷന്റെ പേര് റാണി കമലപതിയുടെ എന്ന് മാറ്റണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ശുപാര്‍ശ ചെയ്തത് സ്വാഗതാര്‍ഹമാണ്. അവര്‍ വെറുമൊരു ഗോണ്ട് രാജ്ഞി മാത്രമല്ല, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ബഹുമാനിച്ചിരുന്നു. പ്രതിപക്ഷമായ കോണ്‍ഗ്രസ് ഇക്കാര്യത്തെ എതിര്‍ക്കുകയാണെങ്കില്‍ ജനങ്ങള്‍ കോണ്‍ഗ്രസിനെ എതിര്‍ക്കണം,” സംസ്ഥാന ബി.ജെ.പി സെക്രട്ടറി രജനീഷ് അഗര്‍വാള്‍ ട്വീറ്റ് ചെയ്തു.
മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ പേരുമാറ്റി റെയില്‍വേ സ്റ്റേഷന് ആദിവാസി രാജ്ഞിയുടെ പേരിടണമെന്ന ആവശ്യവുമായി ഭോപ്പാല്‍ എം.പി പ്രഗ്യാ സിംഗ് ഠാക്കൂര്‍, വി.എച്ച്.പി നേതാവും മുന്‍ മന്ത്രിയുമായ ജയ്ഭാന്‍ സിംഗ് പവയ്യ എന്നിവര്‍ ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
ഹബീബ്ഗഞ്ച് റെയില്‍വേ സ്റ്റേഷന്റെ പേര് ഗോത്ര രാജ്ഞിയുടെ പേരിലേക്ക് മാറ്റാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം, ഗോത്രവര്‍ഗ വോട്ടുകള്‍ പിടിച്ചെടുക്കാനുള്ള തന്ത്രമായാണ് വിലയിരുത്തപ്പെടുന്നത്.
2013 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 84 ആദിവാസി ആധിപത്യ സീറ്റുകളില്‍ 59 സീറ്റുകള്‍ നേടിയ ബി.ജെ.പിക്ക് 2018 ലെ തെരഞ്ഞെടുപ്പില്‍ 34 സീറ്റുകള്‍ മാത്രമാണ് നേടാനായത്. മധ്യപ്രദേശിലെ ജനസംഖ്യയുടെ 22 ശതമാനത്തിലധികം ആദിവാസികളാണ്.
നേരത്തെ ബി.ജെ.പി ഭരിക്കുന്ന ഉത്തര്‍പ്രദേശിലും ബി.ജെ.പി സര്‍ക്കാര്‍ റെയില്‍വേ സ്റ്റേഷന്റെ പേര് മാറ്റിയിരുന്നു. ചന്ദൗലി ജില്ലയിലെ മുഗള്‍സരായ് ജംഗ്ഷനെ പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായ ജംഗ്ഷന്‍ എന്നും വാരണാസി ജില്ലയിലെ മന്ദുഅദിഹ് സ്റ്റേഷന്‍ ബനാറസ് ജംഗ്ഷന്‍ എന്നുമാണ് പുനര്‍നാമകരണം ചെയ്തത്. ഫൈസാബാദ് റെയില്‍വേ സ്റ്റേഷന്റെ പേര് അയോധ്യ കാന്ത് റെയില്‍വേ സ്റ്റേഷന്‍ എന്ന് പുനര്‍നാമകരണം ചെയ്യാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അടുത്തിടെ ശുപാര്‍ശ ചെയ്തിരുന്നു.