ന്യൂദല്‍ഹി: കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്ത പ്രതിപക്ഷ എം.പിമാരെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. അദാനി വിഷയം സഭയില്‍ ചര്‍ച്ചചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷ കക്ഷികളുടെ സംയുക്ത പ്രതിഷേധം ആരംഭിച്ചത്. മലയാളികളടക്കമുള്ള എം.പിമാരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
രാജ്യത്ത് ജനാധിപത്യം അപകടത്തിലാണെന്ന ബാനര്‍ ഉയര്‍ത്തി വിജയ് ചൗക്കില്‍ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. സമരത്തിനിടെ പ്രദേശത്ത് പൊലീസും എം.പിമാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായിരുന്നു.
പാര്‍ലമെന്റില്‍ അദാനി വിഷയം ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തിയര്‍ത്തിയതോടെ സഭ നടപടികള്‍ തടസ്സപ്പെട്ടിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ കക്ഷികള്‍ ഒറ്റക്കെട്ടായി വിജയ് ചൗക്കില്‍ നിന്ന് ജാഥയായി സമരത്തിനെത്തുകയായിരുന്നു.
മാര്‍ച്ച് തടഞ്ഞ ദല്‍ഹി പൊലീസ് സ്ഥലത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചെങ്കിലും സമരവുമായി എം.പിമാര്‍ മുന്നോട്ട് പോവുകയായിരുന്നു. തുടര്‍ന്നാണ് എം.പിമാരെ അറസ്റ്റ് ചെയ്ത് നീക്കിയത്.
കോണ്‍ഗ്രസിന് പുറമെ ബി.ആര്‍.എസ്, ആം ആദ്മി, ശിവസേന എന്നിവരോടൊപ്പം ഇടതുപക്ഷ എം.പിമാരും സമരത്തില്‍ പങ്കെടുത്തിട്ടുണ്ട്. എ.എ റഹീം, വി.ശിവദാസന്‍, കെ.സി വേണുഗോപാല്‍ എന്നീ കേരള എം.പിമാരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
Content Highlight: MP got arrested in delhi