പത്തനംതിട്ട: കേരളത്തില്‍ നിന്നുള്ള ലോക്‌സഭാംഗങ്ങളുടെയും രാജ്യസഭാംഗങ്ങളുടെയും ഫണ്ട് വിനിയോഗത്തിന്റെ കണക്കുകള്‍ പുറത്തുവിട്ടപ്പോള്‍ ലോക്‌സഭാംഗങ്ങളില്‍ പത്തനംതിട്ട പാര്‍ലമെന്റംഗം ആന്റോ ആന്റണിയും രാജ്യസഭാംഗങ്ങളില്‍ രാജ്യസഭാ ഉപാധ്യക്ഷനായ പി.ജെ. കുര്യനും മുന്നില്‍.
ആന്റോ ആന്റണി ഫണ്ടായി ലഭിച്ച 15 കോടി രൂപയും ചിലവഴിച്ചു. ഇദ്ദേഹത്തിന്റെ ഫണ്ടില്‍ നീക്കിയിരുപ്പായി 2016-17 വര്‍ഷത്തെ ഫണ്ടിന്റെ പലിശയിനത്തിലും മറ്റുമുള്ള 12.03 ലക്ഷം രൂപ മാത്രമേ ബാക്കിയുള്ളൂ.
2012 ജൂലൈ രണ്ടിന് രാജ്യസഭാംഗമായ പ്രഫ.പി.ജെ. കുര്യനു 2012-13 സാമ്പത്തിക വര്‍ഷം മുതല്‍ 2016-17 വരെ ഓരോ വര്‍ഷവും അഞ്ചു കോടി രൂപ വീതം ആകെ 25 കോടി രൂപയാണ് ലഭിച്ചിരുന്നത്. ലഭിച്ച 25 കോടി രൂപയും പൂര്‍ണമായും അദ്ദേഹം ചെലവഴിച്ചു. പലിശയിനത്തിലും മറ്റുമുള്ള 118.30 ലക്ഷം രൂപ മാത്രമേ പി.ജെ. കുര്യന്റെ ഫണ്ടില്‍ അവശേഷിപ്പിക്കുന്നുള്ളു.
Dont Miss കുല്‍ഭൂഷന്‍ യാദവിനു വേണ്ടി വാദിക്കാന്‍ പ്രതിഫലമായി ഹരീഷ് സാല്‍വെ വാങ്ങിയത് ഒരു രൂപ
2016 ഏപ്രിലില്‍ രാജ്യ സാഭാംഗമായ സുരേഷ് ഗോപിക്ക് 2016-17 സാമ്പത്തിക വര്‍ഷം അഞ്ചു കോടി രൂപയായിരുന്നു ഫണ്ട് ഇനത്തില്‍ ലഭിച്ചത്. അതില്‍ നിന്നും അദ്ദേഹം ചിലവഴിച്ചത് 72,45,000 രൂപയാണ്.
എന്നാല്‍ സുരേഷ് ഗോപിക്കൊപ്പം തന്നെ 2016 ഏപ്രിലില്‍ രാജ്യ സഭാംഗമായ കെ.സോമപ്രസാദിന് ആദ്യം ലഭിച്ച രണ്ടര കോടി രൂപയില്‍ നിന്നും ഒരു രൂപ പോലും ചിലവാക്കാത്തതിനാല്‍ രണ്ടാം ഗഡുവായ രണ്ടര കോടി രൂപ ലഭിച്ചില്ല. 2016-17 സാമ്പത്തിക വര്‍ഷം ചെലവഴിക്കാന്‍ അഞ്ചു കോടി രൂപയായിരുന്നു അദ്ദേഹത്തിന് ലഭിക്കേണ്ടിയിരുന്നത്.
രാജ്യസഭാംഗങ്ങള്‍ക്കും പാര്‍ലമെന്റംഗങ്ങള്‍ക്കും ഒരു സാമ്പത്തിക വര്‍ഷം അഞ്ചു കോടി രൂപ വീതമാണ് ഫണ്ട് അനുവദിക്കുന്നത്. ആദ്യ ഫണ്ടായി അംഗമാകുന്ന ഉടന്‍ എംപിയുടെ അക്കൗണ്ടിലേക്ക് രണ്ടരക്കോടി രൂപ ലഭിക്കും. ആ രൂപയില്‍ ഒരു നിശ്ചിത തുക ചെലവഴിച്ചാല്‍ മാത്രമേ ആ സാമ്പത്തിക വര്‍ഷം രണ്ടാം ഗഡു ലഭിക്കുകയുള്ളു.
വിവരാവകാശ പ്രവര്‍ത്തകനായ റഷീദ് ആനപ്പാറ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ പ്ലാനിങ് ഓഫീസുകളില്‍ എംപി.മാരുടെ ഫണ്ട് വിനിയോഗത്തെ സംബന്ധിച്ച വിവരങ്ങള്‍ ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലൂടെയാണ് ഈ വിവരങ്ങള്‍ ലഭ്യമായത്.