ഭൂമാഫിയ ഭൂമി തട്ടിയെടുത്തു, ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നു; മധ്യപ്രദേശ് കളക്ട്രേറ്റ് തറയില്‍ കിടന്നുരുണ്ട് പ്രതിഷേധിച്ച് കര്‍ഷകന്‍
national news
ഭൂമാഫിയ ഭൂമി തട്ടിയെടുത്തു, ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നു; മധ്യപ്രദേശ് കളക്ട്രേറ്റ് തറയില്‍ കിടന്നുരുണ്ട് പ്രതിഷേധിച്ച് കര്‍ഷകന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 18th July 2024, 11:54 am

ഭോപ്പാല്‍: മധ്യപ്രദേശിലെ മന്ദ്സൗര്‍ ജില്ലയില്‍ കളക്ട്രേറ്റിന്റെ തറയില്‍ കിടന്നുരുണ്ട് കര്‍ഷകന്റെ പ്രതിഷേധം. ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട തന്റെ പരാതി ഭരണകൂടം പരിഹരിച്ചില്ലെന്ന് ആരോപിച്ചാണ് കര്‍ഷകന്റെ പ്രതിഷേധം.

സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ട ഒരു വീഡിയോയില്‍, തന്റെ പരാതി ആരും കേള്‍ക്കുന്നില്ലെന്ന് വൃദ്ധനായ കര്‍ഷകന്‍ ശങ്കര്‍ലാല്‍ പാട്ടിദാര്‍ പറയുന്നുണ്ട്. ഇതിന് പിന്നാലെയാണ് മന്ദ്സൗര്‍ കളക്ടറുടെ ഓഫീസിന്റെ തറയില്‍ കിടന്നുരുണ്ട് ശങ്കര്‍ലാല്‍ പാട്ടിദാര്‍ പ്രതിഷേധിച്ചത്.

ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഭൂമാഫിയ കബളിപ്പിച്ചാണ് തന്റെ ഭൂമി തട്ടിയെടുത്തതെന്ന് കര്‍ഷകന്‍ ആരോപിച്ചു. ചൊവ്വാഴ്ച നടന്ന ചര്‍ച്ചയില്‍ താന്‍ പറഞ്ഞത് ആരും കേട്ടില്ലെന്നും തന്റെ ഭാഗത്തെ ന്യായം ആരും പരിഗണിച്ചില്ലെന്നും അതില്‍ മനംനൊന്താണ് ഇത്തരമൊരു പ്രതിഷേധത്തിന് താന്‍ തയ്യാറായതെന്നും ശങ്കര്‍ലാല്‍ വീഡിയോയില്‍ പറയുന്നുണ്ട്.

മന്ദ്സൗര്‍ കളക്ടറുടെ ഓഫീസിന്റെ തറയില്‍ കിടന്നുരുണ്ട് ഒരു കര്‍ഷകന് പ്രതിഷേധിക്കേണ്ടി വരുന്നത് അങ്ങേയറ്റം അപലപനീയമാണെന്നായിരുന്നു മധ്യപ്രദേശ് കോണ്‍ഗ്രസിന്റെ പ്രതികരണം. ഇത് അത്യധികം അപലപനീയമാണ് ഈ വിഷയത്തില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം. ഇരയാക്കപ്പെട്ട കര്‍ഷകന് നീതി ലഭിക്കണം എന്നായിരുന്നു മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ജിതു പട്വാരി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

എന്നാല്‍ മന്ദ്സൗര്‍ കളക്ടര്‍ ദിലീപ് യാദവ് ഈ ആരോപണങ്ങള്‍ നിഷേധിച്ചു. സ്ഥലത്ത് നടത്തിയ പരിശോധന പ്രകാരം ഏതെങ്കിലും ഒരു വ്യക്തിയോ ഭൂമാഫിയയോ പ്രസ്തുത ഭൂമി കൈവശപ്പെടുത്തിയിട്ടില്ലെന്നായിരുന്നു അദ്ദേഹം ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞത്.

ശങ്കര്‍ലാലിന്റെ പരാതിയില്‍ നടപടിയെടുത്തിട്ടുണ്ട്. വിഷയത്തില്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റില്‍ നിന്നും തഹസില്‍ദാരില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും ദിലീപ് യാദവ് പറഞ്ഞു.

അന്വേഷണത്തില്‍ ശങ്കര്‍ലാലിനും കുടുംബാംഗങ്ങള്‍ക്കും 3.52 ഹെക്ടര്‍ ഭൂമിയുണ്ടെന്ന് കണ്ടെത്തി. സീതമാവിലെ എസ്.ഡി.എം പറയുന്നതനുസരിച്ച്, ഒരു വ്യക്തിയോ ഭൂമാഫിയയോ പ്രസ്തുത ഭൂമി കൈവശപ്പെടുത്തിയിട്ടില്ല. പ്രസ്തുത ഭൂമി അനധികൃതമായി കൈവശം വെച്ചതായി എന്തെങ്കിലും പരാതി ലഭിച്ചാല്‍ നിയമപരമായ വ്യവസ്ഥകള്‍ അനുസരിച്ച് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

സ്ഥലത്തിന്റെ ഉടമകളില്‍ ഒരാളായ സമ്പത്ത് ഭായി 2010-ല്‍ തന്റെ ഭൂമിയുടെ ഒരു ഭാഗം അശ്വിന്‍ ദേശ്മുഖ് എന്നയാള്‍ക്ക് വിറ്റതായി കാണിക്കുന്നുണ്ട്. എന്നാല്‍ അദ്ദേഹം ഭൂമി ഏറ്റെടുത്തതായുള്ള രേഖകളില്ല. ശങ്കര്‍ലാല്‍ സമ്പത്ത് പാലിന്റെ ഭൂമി കൂടി കൈവശം വെച്ചിരിക്കുകയാണെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: MP: Farmer rolls on govt office floor to protest land grab, officials deny charge