ഭോപ്പാല്‍: മധ്യപ്രദേശിലെ സര്‍ക്കാര്‍ ഓഫീസുകളുടെ ശുചീകരണത്തിന് ഗോമൂത്ര ഫിനോയില്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളുവെന്ന ഉത്തരവുമായി സംസ്ഥാന സര്‍ക്കാര്‍. പൊതുഭരണ വകുപ്പിന്റേതാണ് ഉത്തരവ്.
രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഫിനോയിലിന് പകരം ഗോമൂത്രത്തില്‍ നിന്നുണ്ടാക്കുന്ന ഫിനോയില്‍ ഉപയോഗിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. പൊതുഭരണ വകുപ്പ് സെക്രട്ടറി നിവാസ് ശര്‍മയാണ് ഉത്തരവ് പുറത്തിറക്കിയത്.
നവംബറില്‍ തന്നെ ഗോമൂത്രത്തില്‍ നിന്ന് ഫിനോയില്‍ ഉണ്ടാക്കുന്ന കാര്യം അന്ന് ചേര്‍ന്ന കൗ കാബിനറ്റില്‍ തീരുമാനിച്ചിരുന്നു. സംസ്ഥാനത്തെ പശുക്കളുടെ സംരക്ഷണത്തിനും പശുവളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് ഈ തീരുമാനം. ഗോമൂത്ര ബോട്ട്‌ലിങ് പ്ലാന്റുകളും ഗോമൂത്ര ഫിനോയില്‍ നിര്‍മാണ ഫാക്ടറികളും ഉടന്‍ ആരംഭിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി പ്രേം സിംഗ് പട്ടേല്‍ പറഞ്ഞു.
പാല്‍ ഉല്‍പ്പാദനം കുറഞ്ഞ പശുക്കളെ തെരുവില്‍ ഉപേക്ഷിക്കുന്ന അവസ്ഥയാണ് ഇപ്പോഴെന്നും ഈ പ്രവണതയില്‍ മാറ്റം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, ഫിനോയില്‍ നിര്‍മിക്കുന്ന സ്വകാര്യ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനമെടുത്തതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചിട്ടുണ്ട്.
‘ഉത്തരവിന് വേണ്ട യാതൊരു അടിസ്ഥാന സൗകര്യവും ഒരുക്കാതെയാണ് സര്‍ക്കാര്‍ ഇങ്ങനൊരു തീരുമാനമെടുത്തിരിക്കുന്നത്. കന്നുകാലികളെയും കന്നുകാലികളില്‍ നിന്ന് ലഭിക്കുന്ന ഉല്‍പന്നങ്ങളെയും പ്രോത്സാഹിപ്പിക്കുകയായിരുന്നു ലക്ഷ്യമെങ്കില്‍ ആദ്യം സംസ്ഥാനത്ത് കുറച്ച് ഫാക്ടറികള്‍ തുറക്കുകയാണ് വേണ്ടിയിരുന്നത്. ഉത്തരഖണ്ഡിലെ സ്വകാര്യ കമ്പനിയ്ക്ക് ഫിനോയില്‍ നിര്‍മ്മിക്കാനുള്ള ഉത്തരവ് കൊടുക്കും. അതിനുവേണ്ടിയാണ് യാതൊന്നും നോക്കാതെ ഈ ഉത്തരവ് പുറത്തിറക്കിയത്’ കോണ്‍ഗ്രസ് എം.എല്‍.എ കുനാല്‍ ചൗധരി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Bovine Phenyl Compulsory In MP Government Offices