ദമോഹ (മധ്യപ്രദേശ്): തങ്ങളുടെ കുടിവെള്ളപ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന മുന്നറിയിപ്പുമായി മധ്യപ്രദേശിലെ ദമോഹ് ജില്ലയിലെ ഗ്രാമവാസികള്‍. ‘കുളമില്ലെങ്കില്‍ വോട്ടില്ല’ എന്ന മുദ്രാവാക്യവുമായാണ് ജില്ലയിലെ 18 ഗ്രാമങ്ങളില്‍ നിന്നുള്ളവര്‍ കളക്ടറുടെ ഓഫീസിനുമുന്നില്‍ ധര്‍ണ നടത്തിയത്.
ഈയാവശ്യമുന്നയിച്ച് ഗ്രാമവാസികള്‍ ജില്ലാ കളക്ടര്‍ക്കു കത്ത് നല്‍കി. ജില്ലയിലെ ഓരോ ഗ്രാമത്തിലും കുളങ്ങള്‍ വേണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.
തങ്ങള്‍ മണിക്കൂറുകള്‍ നടന്നാണ് വെള്ളമെത്തിക്കുന്നതെന്നും തങ്ങളുടെ ഗ്രാമത്തില്‍ ഒരു കുളമില്ലെന്നും പ്രതിഷേധക്കാരിലൊരാളായ സാവിത്രി ദേവി എ.എന്‍.ഐയോടു പറഞ്ഞു. ദമോഹ് എം.പി പ്രഹ്ലാദ് സിങ് പട്ടേലിനു മുന്നില്‍ തങ്ങള്‍ ഈയാവശ്യം ഉന്നയിച്ചതാണെന്നും എന്നാല്‍ കാര്യമുണ്ടായില്ലെന്നും മറ്റൊരാള്‍ പറഞ്ഞു.
ഗ്രാമീണരുടെ ആവശ്യം പരിഹരിക്കുമെന്ന് അഡീഷണല്‍ കളക്ടര്‍ ആനന്ദ കോപ്രിയ ഉറപ്പുനല്‍കി.
തുടര്‍ച്ചയായുണ്ടാകുന്ന വരള്‍ച്ചയും മഴയുടെ കാര്യമായ കുറവ് സംസ്ഥാനത്തെ ഭൂഗര്‍ഭജലത്തില്‍ കാര്യമായ കുറവുണ്ടാക്കിയിട്ടുണ്ട്. ജില്ലയിലെ സംദായ് എന്ന ഗ്രാമം ഏറെക്കുറേ വരള്‍ച്ചബാധിത പ്രദേശമായി മാറിക്കഴിഞ്ഞുവെന്നും എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ 30 വര്‍ഷമായി ദമോഹ് ലോക്‌സഭാ മണ്ഡലം ബി.ജെ.പിയുടെ കൈകളിലാണ്. പ്രഹ്ലാദ് സിങ് പട്ടേലാണ് കഴിഞ്ഞ 10 വര്‍ഷമായി ഇവിടെ എം.പി. ഇത്തവണയും പ്രഹ്ലാദ് സിങ്ങാണ് ഇവിടെ ബി.ജെ.പി സ്ഥാനാര്‍ഥി. പ്രതാപ് സിങ് ലോധിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.
സംസ്ഥാനത്തെ ആദ്യഘട്ട തെരഞ്ഞെടുപ്പ് ഏപ്രില്‍ 29-നു നടന്നിരുന്നു. മേയ് ആറ്, 12, 19 തീയതികളിലാണ് അടുത്തഘട്ടങ്ങള്‍.