| Sunday, 15th December 2024, 7:50 pm

ഞങ്ങൾ ബി.ജെ.പിക്കൊപ്പം നിന്നിരുന്നെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു: ഇ.ഡി റെയ്ഡിന് ദിവസങ്ങൾക്ക് ശേഷം ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ കുടുംബം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാൽ: മധ്യപ്രദേശിലെ സെഹോർ ജില്ലയിലെ ഓഫീസിൽ വ്യവസായി മനോജ് പർമറിനെയും ഭാര്യ നേഹയെയും മരിച്ച നിലയിൽ കണ്ടെത്തിയതിന് തൊട്ടുപിന്നാലെ പ്രതികരിച്ച് കുടുംബം. കോൺഗ്രസിനെ പിന്തുണച്ചതിന് ദമ്പതികളെ ബി.ജെ.പി നേതാക്കളുടെ നിർദേശപ്രകാരം എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി) പീഡിപ്പിക്കുകയാണെന്ന് അവരുടെ കുടുംബം പറഞ്ഞു.

2017ലെ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മനോജിൻ്റെ ഓഫീസ് പരിസരത്ത് ഇ.ഡി നടത്തിയ റെയ്ഡിന് എട്ട് ദിവസത്തിന് ശേഷമാണ് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഭാരത് ജോടോ യാത്രയിൽ ദമ്പതികളുടെ മകൻ തന്റെ പിഗ്ഗി ബാങ്ക് രാഹുൽ ഗാന്ധിക്ക് കൈമാറിയിരുന്നു. തുടർന്ന് കുടുംബം ദേശീയ ശ്രദ്ധ നേടിയിരുന്നു. ബുർഹാൻപൂരിൽ നിന്ന് മധ്യപ്രദേശിലേക്ക് റാലി പ്രവേശിച്ചപ്പോളായിരുന്നു ദമ്പതികളുടെ ഇളയ മകൻ തൻ്റെ പിഗ്ഗി ബാങ്ക് രാഹുൽ ഗാന്ധിക്ക് കൈമാറിയത്.

കോൺഗ്രസിനെ പിന്തുണച്ചതോടെയാണ് തങ്ങളുടെ കുടുംബം അപകടത്തിലായതെന്നും എന്നാൽ ഒരിക്കലും ബി.ജെ.പിയെ തങ്ങൾ പിന്തുണക്കില്ലെന്നും മരണപ്പെട്ട മനോജിന്റെ പിതാവ് പറഞ്ഞു.

‘കോൺഗ്രസിനെ പിന്തുണച്ചതിന് ഞങ്ങൾ കുഴപ്പത്തിലാണെന്ന് അവർ ഞങ്ങളോട് പറഞ്ഞു. ഞങ്ങൾ ബി.ജെ.പിക്കൊപ്പം നിന്നിരുന്നെങ്കിൽ ഒന്നും സംഭവിക്കില്ലായിരുന്നു,’ അദ്ദേഹം പറഞ്ഞു

സംഭവം അറിഞ്ഞതോടെ സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ജിതു പട്‌വാരി ദമ്പതികളുടെ കുടുംബത്തെ കാണുകയും രാഹുൽ ഗാന്ധി അവരുമായി ഫോണിൽ സംസാരിക്കുകയും ചെയ്‌തു.

സംഭവസ്ഥലത്ത് പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ അഞ്ച് പേജുള്ള ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇ.ഡി വ്യവസായിയെ പീഡിപ്പിച്ചിരുന്നതായി കണ്ടെത്തുന്നത്.

വീട്ടില്‍ റെയ്ഡിനായി എത്തിയ ഇ.ഡി തന്നെ ഉപദ്രവിച്ചുവെന്നും എന്നാല്‍ ഇതിന്റെ കാരണം പിന്നീടാണ് മനസിലായതെന്നും ആത്മഹത്യക്കുറിപ്പില്‍ പറയുന്നു. ചുമരില്‍ രാഹുല്‍ ഗാന്ധിയുടെ ചിത്രം കണ്ടതാണ് തന്നെ ഉപദ്രവിക്കാനുള്ള കാരണമെന്നും തനിക്ക് പരിചയമുള്ള ഇ.ഡി ഉദ്യോഗസ്ഥനാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും ആത്മഹത്യാക്കുറിപ്പില്‍ കുറിച്ചിട്ടുണ്ട്.

രാഹുല്‍ ഗാന്ധിയെ അഭിസംബോധന ചെയ്താണ് പര്‍മറിന്റെ ആത്മഹത്യാക്കുറിപ്പുള്ളതെന്നാണ് റിപ്പോര്‍ട്ട്. നിങ്ങളുമായി പ്രവര്‍ത്തിച്ചത് കാരണം, തന്നെ ഇ.ഡി ഉപദ്രവിക്കുന്നതിനാല്‍ ഇത്തരമൊരു തീരുമാനമെടുക്കാന്‍ നിര്‍ബന്ധിതനാവുന്നു എന്നാണ് കത്തില്‍ പറയുന്നത്.

തന്റെ മരണത്തിന് ശേഷം കുട്ടികളുടെ ഉത്തരവാദിത്തം കോണ്‍ഗ്രസ് ഏറ്റെടക്കണമെന്നും പാര്‍ട്ടി തന്റെ പ്രവര്‍ത്തകരോടൊപ്പം നില്‍ക്കണമെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നതായാണ് റിപ്പോര്‍ട്ട്.

Content Highlight : MP couple’s ‘suicide’ days after ED raid: Family says ‘had we sided with BJP, this wouldn’t have happened’

We use cookies to give you the best possible experience. Learn more