| Sunday, 27th August 2017, 4:09 pm

'കുട്ടികള്‍ക്ക് ഒന്നും പറ്റരുത്'; 400 സ്‌കൂള്‍ കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ കോണ്‍സ്റ്റബിള്‍ ബോംബും ചുമലിലേറ്റിയോടിത് ഒരു കിലോമീറ്റര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: സ്‌കൂള്‍ കൂട്ടികളുടെ ജീവന്‍ അപകടത്തിലാണെന്ന് തിരിച്ചറിഞ്ഞ നിമിഷം പൊലീസുകാരന്‍ സ്വന്തം ജീവന്‍ പണയം വച്ച് ബോംബുമായി ഓടിയത് ഒരു കിലോമീറ്റര്‍ ദൂരം. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ ചിത്തോറ ഗ്രാമത്തില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.

സ്‌കൂളില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം ലഭിച്ചത്തെത്തിയ പൊലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് ബോംബ് കണ്ടെത്തിയത്. 400 ഓളം കുട്ടികളുടെ ജീവന്‍ മുന്നില്‍ കണ്ട ഹെഡ്കോണ്‍സ്റ്റബിള്‍ അഭിഷേക് പട്ടേല്‍ രണ്ടാമതൊന്നു ആലോചിക്കാതെ ബോംബും ചുമലിലേറ്റി ഓടുകയായിരുന്നു.


Also read ബീഫ് ഫെസ്റ്റിവല്‍ നടത്തിയ നാണംകെട്ട മലയാളികളെ ഓര്‍ത്ത് ലജ്ജിക്കുന്നു; ഗുര്‍മീത് റാമിന്റെ പഴയട്വീറ്റ് കുത്തിപ്പൊക്കി പൊങ്കാലയിട്ട് സോഷ്യല്‍മീഡിയ


ബോംബ് കണ്ടെത്തുന്ന ചുമതല നേരത്തെയും വഹിച്ചിട്ടുള്ള അഭിഷേകിന് ബോംബ് പൊട്ടുകയാണെങ്കില്‍ അരകിലോമീറ്റര്‍ പരിധി വരെ അതിന്റെ ആഘാതമുണ്ടാകുമെന്ന് ബോധ്യമുണ്ടായതിനാലാണ് ബോംബുമായി ഓടിയത്.

കുട്ടികളുടെ സുരക്ഷ മാത്രമായിരുന്നു തന്റെ മുന്നിലെന്ന് പിന്നീട് അഭിഷേക് മാധ്യമങ്ങളോട് പറഞ്ഞു. “കുട്ടികള്‍ക്ക് യാതൊരു പരിക്കുമേല്‍ക്കാത്ത ദൂരെ ഒരിടത്തേക്ക് ബോംബ് മാറ്റണമെന്നത് മാത്രമായിരുന്നു എന്റെയുള്ളില്‍” അഭിഷേക് പറയുന്നു.

ബോംബ് ഭീഷണിയുണ്ടെന്ന വാര്‍ത്തയെത്തുടര്‍ന്ന് സ്‌കൂളിലെത്തിയ വാര്‍ത്താ സംഘമാണ് ബോംബുമായി കോണ്‍സ്റ്റബിള്‍ ഓടുന്നത് കാണുന്നത്. ഇത് ക്യാമറയില്‍ പകര്‍ത്തുന്നത് കണ്ടപ്പോഴാണ് സംഭവം മറ്റുള്ളവരുടെ ശ്രദ്ധയില്‍പെടുന്നത്.

സന്ദേശം ലഭിച്ചയുടന്‍ പൊലീസ് സംഭവസ്ഥലത്തെത്തിയിരുന്നു. സ്‌കൂളധികൃതരെ വിവരം അറിയിച്ച് കുട്ടികളെ ഒഴിപ്പിക്കാന്‍ വേണ്ട നിര്‍ദേശവും പോലീസ് നല്‍കിയിരുന്നു.


Dont Miss: ‘വീണ്ടും ഫോട്ടോഷോപ്പ് ദുരന്തം’; പിണറായിക്കെതിരെ വ്യാജപ്രചരണവുമായി സംഘപരിവാര്‍ ഗ്രൂപ്പുകള്‍; പൊളിച്ചടുക്കി സോഷ്യല്‍മീഡിയ


ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം നല്‍കിയയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സ്വന്തം ജീവന്‍ പണയപ്പെടുത്തിയുള്ള കര്‍ത്തവ്യ ബോധത്തിന് ധീരതയ്ക്കുള്ള അവാര്‍ഡ് നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് ഐ.ജി അനില്‍ സക്സേന അറിയിച്ചു.

We use cookies to give you the best possible experience. Learn more