| Sunday, 25th October 2020, 2:57 pm

26ാമത്തെ എം.എല്‍.എയും പുറത്തേക്ക്; മധ്യപ്രദേശില്‍ കോണ്‍ഗ്രസ് എം.എല്‍.എ ബി.ജെ.പിയില്‍ ചേര്‍ന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മധ്യപ്രദേശ് കോണ്‍ഗ്രസില്‍ നിന്ന് എം.എല്‍.എ പാര്‍ട്ടി വിട്ടു.

കോണ്‍ഗ്രസ് എം.എല്‍.എ രാഹുല്‍ ലോധി പാര്‍ട്ടിയില്‍ നിന്നും നിയമസഭാംഗത്വത്തില്‍ നിന്നും രാജിവെച്ച് ഭരണകക്ഷിയായ ബി.ജെ.പിയില്‍ ചേര്‍ന്നതായി ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതോടെ ഈ വര്‍ഷം മാര്‍ച്ച് വരെ മധ്യപ്രദേശ് കോണ്‍ഗ്രസ് വിട്ടു പോയ എം.എല്‍.എമാരുടെ എണ്ണം 26 ആയി.

ലോധി രാജിവെച്ചതായും അദ്ദേഹത്തിന്റെ രാജി ഞായറാഴ്ച സ്വീകരിച്ചതായും മധ്യപ്രദേശ് നിയമസഭാ താത്ക്കാലിക സ്പീക്കര്‍ രമേശ്വര്‍ ശര്‍മ പറഞ്ഞു.

” വെള്ളിയാഴ്ച അദ്ദേഹം രാജി നല്‍കി, എന്നാല്‍ രണ്ട് ദിവസത്തേക്ക് പുനര്‍വിചിന്തനം നടത്താന്‍ ഞാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം അദ്ദേഹം എന്നെ വിളിച്ചു. രാജിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹത്തിന്റെ രാജി ശുഭദിനമായ ഇന്ന് സ്വീകരിക്കണമെന്നും പറഞ്ഞു,”ശര്‍മ പറഞ്ഞു.

ലോധി പാര്‍ട്ടിയില്‍ ചേര്‍ന്നതായി ബി.ജെ.പി സംസ്ഥാന വക്താവ് രജനിഷ് അഗര്‍വാള്‍ പിന്നീട് പറഞ്ഞു. ലോധിക്ക് പുറമെ ഒരു കോണ്‍ഗ്രസ് എം.എല്‍.എ കൂടി പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോകുമെന്ന അഭ്യൂഹങ്ങളുണ്ട്. സംസ്ഥാനത്തെ 28 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നവംബര്‍ മൂന്നിന് നടക്കും.

കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നതിനെത്തുടര്‍ന്ന് 25 സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ട്. കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ തകര്‍ച്ചയിലേക്ക് നയിച്ച പ്രധാന നീക്കമായാണ് എം.എല്‍.എമാരുടെ പാര്‍ട്ടി വിട്ടുപോക്കിനെ വിലയിരുത്തുന്നത്. പാര്‍ട്ടി വിട്ട വിമത കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ ഭൂരിഭാഗവും ജ്യോതിരാദിത്യ സിന്ധ്യയുമായി അടുത്ത ബന്ധമുള്ളവരായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Congress MLA left Party and joined BJP

We use cookies to give you the best possible experience. Learn more