| Monday, 19th December 2016, 7:59 am

ശിവ്‌രാജ് സിങ് ചൗഹാന്‍ ദളിത് വിരുദ്ധന്‍; കോടിക്കണക്കിന് ബിനാമി സ്വത്തുക്കളുണ്ടെന്നും കാണിച്ച് പ്രധാനമന്ത്രിക്ക് ഐ.എ.എസുകാരിയുടെ പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്


മുഖ്യമന്ത്രി അഴിമതിക്കാരായ ഇത്തരം ഉദ്യോഗസ്ഥരെ സംരക്ഷിക്കുകയാണെന്നും ഇവരില്‍ പലരും ശിവ്‌രാജ് സിങ് ചൗഹാന്റെ ബിനാമികളാണെന്നും സസ്‌പെന്‍ഷനിലുള്ള ദളിത് ഉദ്യോഗസ്ഥയായ ശശി കര്‍ണാവത്ത് പ്രധാനമന്ത്രിക്കയച്ച പരാതിയില്‍ പറയുന്നു.


ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്‍ ദളിത് വിരുദ്ധനാണെന്നും അദ്ദേഹത്തിന്റെ അടുപ്പക്കാര്‍ക്ക് കോടിക്കണക്കിന് രൂപയുടെ ബിനാമി സ്വത്തുക്കളുണ്ടെന്നുംകാണിച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്  പരാതി നല്‍കി.

മുഖ്യമന്ത്രി അഴിമതിക്കാരായ ഇത്തരം ഉദ്യോഗസ്ഥരെ സംരക്ഷിക്കുകയാണെന്നും ഇവരില്‍ പലരും ശിവ്‌രാജ് സിങ് ചൗഹാന്റെ ബിനാമികളാണെന്നും സസ്‌പെന്‍ഷനിലുള്ള ദളിത് ഉദ്യോഗസ്ഥയായ ശശി കര്‍ണാവത്ത് പ്രധാനമന്ത്രിക്കയച്ച പരാതിയില്‍ പറയുന്നു.

മുഖ്യമന്ത്രിയുമായുള്ള അടുപ്പത്തിലൂടെ അഴിമതി നടത്തിയാണ് ഇത്തരം ഉദ്യോഗസ്ഥര്‍ ഈ സ്വത്തുക്കള്‍ നേടിയതെന്നും വന്‍തോതില്‍ അഴിമതി സംസ്ഥാനത്ത് നടക്കുന്നുണ്ടെന്നും കര്‍ണാവത്ത് പരാതിയില്‍ പറയുന്നു. ഈ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി ദളിത് ഉദ്യോഗസ്ഥരെ തഴയുന്നതായി സമീപകാലത്തുണ്ടായ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി അവര്‍ വ്യക്തമാക്കി. ദളിത് ഐ.എ.എസ് ഉദ്യോഗസ്ഥനായ രമേശ് തെറ്റെയ്‌ക്കെതിരായ അഡീഷ്ണല്‍ ചീഫ് സെക്രട്ടറി രാധേയം ജുല്‍ഹനിയയുടെ നടപടി ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.


തനിക്കെതിരെയും ഇത്തരത്തിലാണ് നടപടിയെടുത്തതെന്ന് അവര്‍ പറയുന്നു. തനിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ പരിശോധിക്കാന്‍ മുഖ്യമന്ത്രിയുടെ ഇഷ്ടക്കാരായ ഉദ്യോഗസ്ഥരെ നിയമിച്ചെന്നും ഇവര്‍ കള്ളത്തെളിവുകള്‍ ശേഖരിച്ച് തനിക്ക് സസ്‌പെന്‍ഷന്‍ വാങ്ങിത്തന്നുവെന്നും കര്‍ണാവത്ത് പരാതിയില്‍ പറയുന്നു. വിഷയം സി.ബി.ഐ. അന്വേഷിക്കമമെന്നും അവര്‍ ആവശ്യപ്പെട്ടു.


1999ലെ സില പഞ്ചായത്ത് അച്ചടി അഴിമതി കേസില്‍ മണ്ട്‌ല ജില്ലാ കോടതി 5 വര്‍ഷത്തേക്ക് ശിക്ഷിച്ചതിനു പിന്നാലെയാണ് മധ്യപ്രദേശ് സര്‍ക്കാര്‍ കര്‍ണാവത്തിനെ സസ്‌പെന്റ് ചെയ്യുന്നത്. യൂത്ത് ആന്റ് സ്‌പോര്‍ട്ട്‌സ്  വെല്‍ഫെയര്‍ വകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറിയായിരുന്നു കര്‍ണാവത്ത് അന്ന്.

We use cookies to give you the best possible experience. Learn more