| Tuesday, 2nd July 2024, 4:18 pm

വൈസ് ചാൻസലർ ഇനി കുലഗുരു; തീരുമാനം നടപ്പാക്കി മധ്യപ്രദേശ് മന്ത്രിസഭ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാൽ: വൈസ് ചാൻസലറെ കുലഗുരു എന്ന് വിളിക്കാനുള്ള തീരുമാനത്തിന് മധ്യപ്രദേശ് മന്ത്രിസഭയുടെ അംഗീകാരം. തിങ്കളാഴ്ച ഭോപ്പാലിലെ മന്ത്രി സഭാ യോഗത്തിൽ നടന്ന ചർച്ചക്ക് ശേഷമാണ് വൈസ് ചാൻസലറെ കുലഗുരു എന്ന് വിളിക്കാനുള്ള തീരുമാനം നടപ്പാക്കിയത്.

‘നമ്മുടെ സംസ്കാരവുമായി നമ്മളെ ബന്ധിപ്പിക്കുന്ന തീരുമാനങ്ങൾ സംസ്ഥാനത്ത് നമ്മൾ നടപ്പിലാക്കും. അത് കൊണ്ട് തന്നെ നേരത്തെ എടുത്ത ഈ തീരുമാനത്തിന് ഞങ്ങളുടെ മന്ത്രിസഭ അംഗീകാരം നൽകി.

ഈ മാസം ഗുരു പൂർണിമ ആഘോഷിക്കുന്നതിനാൽ സർവകലാശാലകളുടെ വൈസ് ചാൻസലർമാരെ കുലഗുരു എന്ന് വിളിക്കുന്നതിന്റെ പ്രാധാന്യം കൂടി എന്ന് തന്നെ പറയാം. പുണ്യമാസത്തിലെടുത്ത മികച്ച തീരുമാങ്ങളിലൊന്നാണ് ഇത് ,’ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് പറഞ്ഞു.

ചില സംസ്ഥാനങ്ങൾ കൂടി പേര് മാറ്റത്തിൽ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും മോഹൻ യാദവ് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ അതാത് സംസ്ഥാനത്തിന്റെ വൈസ് ചാൻസലർമാരുടെ പേരുകൾ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

ഇത് കൂടാതെ ഗോഹത്യ തടയുന്നതിന് വേണ്ടിയുള്ള നടപടികൾ കർശനമാക്കുമെന്നും, അത്തരത്തിൽ പശുക്കളെ കടത്തി കൊണ്ട് പോകുന്ന വാഹനങ്ങൾ തടയുമെന്നും യാദവ് പറഞ്ഞു.

കുഴൽ കിണറുകളിൽ വീണ് കുട്ടികൾക്ക് അപകടം പറ്റാതിരിക്കാൻ വേണ്ട സുരക്ഷാ മാർഗനിർദേശങ്ങളെ കുറിച്ചായിരുന്നു മന്ത്രി സഭാ യോഗത്തിലെടുത്ത മറ്റൊരു തീരുമാനമെന്നും മോഹൻ യാദവ് പറഞ്ഞു.

Content Highlight: MP cabinet approves decision to address Vice Chancellor as ‘Kulguru’

We use cookies to give you the best possible experience. Learn more