| Wednesday, 18th March 2020, 4:47 pm

ദിഗ്‌വിജയ് സിങ്ങിനെതിരെ നടപടിയെടുക്കണം; തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്ങിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി മധ്യപ്രദേശ് ബി.ജെ.പി. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷനാണ് ബി.ജെ.പി പരാതി നല്‍കിയിരിക്കുന്നത്.

” രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ദിഗ് വിജയ് സിങ് മറ്റ് നേതാക്കള്‍ക്കൊപ്പം ബെംഗളൂരുവിലെത്തുകയും 16 വിമത എം.എല്‍.എമാരെ കണ്ട് സമ്മര്‍ദ്ദം ചെലുത്താനുള്ള ശ്രമങ്ങള്‍ നടത്തിയെന്നുമാണ്” ബി.ജെ.പി ആരോപിക്കുന്നത്.

തന്റെ താത്പര്യത്തിനനുസരിച്ച് അവരോട് വോട്ട് ചെയ്യാന്‍ അഭ്യര്‍ത്ഥിക്കാനാണ് അദ്ദേഹം ഇത്തരമൊരു ശ്രമം സിങ് നടത്തിയത്. അത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ്. അതുകൊണ്ട് തന്നെ ദിഗ് വിജയ് സിങ്ങിനെതിരെയും മറ്റുള്ളവര്‍ക്കെതിരെയും നടപടിയെടുക്കണമെന്നും ജനാധിപത്യപരമായ നിലയില്‍ തന്നെ രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ടെന്നുമാണ് ബി.ജെ.പി കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം വിമത എം.എല്‍.എമാരെ കാണാന്‍ അനുമതി തേടി ദിഗ് വിജയ് സിങ് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നു. താന്‍ നിരാഹാര സമരം നടത്തുകയാണെന്നും വിഷയത്തില്‍ സുപ്രീം കോടതിയോ ഹൈക്കോടതിയോ ഇടപെടുന്നതുവരെ അത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.

കമല്‍നാഥ് സര്‍ക്കാര്‍ മധ്യപ്രദേശില്‍ അധികാരത്തിലെത്തിയതുമുതല്‍ എം.എല്‍.എ മാരെ ചാക്കിട്ടുപിടിക്കാന്‍ ബി.ജെ.പി ശ്രമിച്ചിരുന്നെന്നും പണവും സ്വാധീനവും ഉപയോഗിച്ച് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനെ ബി.ജെ.പി അട്ടിമറിക്കുകയായിരുന്നെന്നും സിങ് പറഞ്ഞു. ജ്യോതിരാദിത്യ സിന്ധ്യയുടെ കാലുമാറ്റം പാര്‍ട്ടി പ്രതീക്ഷിച്ചിരുന്നതല്ലെന്നും കോണ്‍ഗ്രസില്‍ നല്ലൊരു ഭാവി തന്നെ അദ്ദേഹത്തിന് ഉണ്ടായിരുന്നെന്നും ദിഗ് വിജയ് സിങ് പറഞ്ഞു.

ഇന്ന് രാവിലെയാണ് എം.എല്‍.എമാരെ കാണുന്നതില്‍നിന്നും ദിഗ്‌വിജയ് സിങ്ങിനെ കര്‍ണാടക പൊലീസ് വിലക്കിയത്. തുടര്‍ന്ന് ഇദ്ദേഹം എം.എല്‍.എമാരെ താമസിപ്പിച്ചിരിക്കുന്ന ഹോട്ടലിന് മുന്നില്‍ ധര്‍ണയിരുന്നിരുന്നു. തുടര്‍ന്നായിരുന്നു അദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.

We use cookies to give you the best possible experience. Learn more