| Sunday, 28th April 2019, 10:06 pm

മോദിയെ പുകഴ്ത്തിയത് കോണ്‍ഗ്രസ് എം.എല്‍.എയല്ല; റിപ്പബ്ലിക് ടി.വിയുടെ കള്ളി പൊളിച്ച് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി കോണ്‍ഗ്രസ് എം.എല്‍.എ സംസാരിക്കുന്നുവെന്ന് അവകാശപ്പെട്ട് റിപ്പബ്ലിക് ടി.വി പുറത്തുവിട്ട ദൃശ്യം വ്യാജമെന്നു തെൡഞ്ഞു. വീഡിയോദൃശ്യത്തില്‍ പറഞ്ഞിരിക്കുന്ന അനില്‍ ഉപാധ്യായ എന്ന വ്യക്തി കോണ്‍ഗ്രസ് എം.എല്‍.എ അല്ലെന്നു വ്യക്തമായതോടെയാണ് ബി.ജെ.പിക്കുവേണ്ടി പ്രചാരണം നടത്തിയ ചാനലിന്റെ കള്ളി വെളിച്ചത്തായത്. ആള്‍ട്ട് ന്യൂസ്, ദ ക്വിന്റ് എന്നീ ഓണ്‍ലൈനുകളാണ് ഇക്കാര്യം പുറത്തുകൊണ്ടുവന്നത്.

ഏപ്രില്‍ 27-നാണ് വിവാദത്തിനാസ്പദമായ വീഡിയോദൃശ്യം ബ്രേക്കിങ് ന്യൂസായി അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടി.വി പുറത്തുവിട്ടത്. ചാനലിന്റെ ഹലോ ഭാരത് പരിപാടിയില്‍ ഒരു വ്യക്തി മോദിയെ പ്രശംസിക്കുന്നതായും അഴിമതി മാത്രമാണു പരാജയപ്പെട്ടു കാണേണ്ടതെന്നു പറയുന്നതായുമുള്ള ദൃശ്യമാണു പുറത്തുവിട്ടത്.

രാഷ്ട്രീയ എതിരാളികള്‍ പോലും മോദിയെ പ്രശംസിക്കുന്നുവെന്ന് അവകാശപ്പെട്ട പരിപാടിയുടെ അവതാരകന്‍, വീഡിയോദൃശ്യത്തില്‍ കണ്ട വ്യക്തി മധ്യപ്രദേശിലെ കോണ്‍ഗ്രസ് എം.എല്‍.എയാണെന്ന് വെളിപ്പെടുത്തി.

ഈ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയാകുകയും കനക് മിശ്ര എന്നയാളുടെ ഈ വീഡിയോ അടങ്ങുന്ന പോസ്റ്റിന് പതിനായിരത്തോളം ഷെയറുകള്‍ ലഭിക്കുകയും ചെയ്തു.

എന്നാല്‍ ഈ വീഡിയോയെപ്പറ്റി കൂടുതല്‍ അന്വേഷിച്ച ആള്‍ട്ട് ന്യൂസ് പോര്‍ട്ടലാണു സത്യം പുറത്തുകൊണ്ടുവന്നത്.

അനില്‍ ഉപാധ്യായ എന്ന പേരില്‍ മധ്യപ്രദേശില്‍ ഒരു എം.എല്‍.എയില്ലെന്നായിരുന്നു കണ്ടെത്തല്‍. ഈ പേരില്‍ ആകെ കണ്ടെത്തിയ രണ്ടു രാഷ്ട്രീയനേതാക്കള്‍ രാജസ്ഥാനിലും ഉത്തര്‍പ്രദേശിലുമാണ്.

എന്നാല്‍ ആള്‍ട്ട് ന്യൂസ് ഇതുകൊണ്ടും നിര്‍ത്തിയില്ല. ഈ വ്യക്തിയുടെ മറ്റ് വീഡിയോകളും അവര്‍ പുറത്തുകൊണ്ടുവന്നു. 2018-ല്‍ ഇയാള്‍ മോദിയെ പുകഴ്ത്തുന്ന വീഡിയോയും ഏറെ ചര്‍ച്ചയായിരുന്നു. അന്നിയാള്‍ രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിന്റെ ഭാര്യാപിതാവാണെന്നാണ് അവകാശപ്പെട്ടത്. എന്നാല്‍ സച്ചിന്‍ പൈലറ്റ് വിവാഹം കഴിച്ചത് സാറാ അബ്ദുള്ള എന്ന സ്ത്രീയെയാണ്. അവര്‍ ജമ്മുകശ്മീരിലെ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ കശ്മീര്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ളയുടെ മകളാണ്.

ഈമാസം തന്നെ ഇയാളുടേതായി പുറത്തുവന്ന മറ്റൊരു വീഡിയോദൃശ്യത്തില്‍ ഇയാള്‍ കരയുന്നതായാണു കാണുന്നത്. മോദിയെ ആളുകള്‍ വിമര്‍ശിക്കുന്നതിനെപ്പറ്റി പറഞ്ഞുകൊണ്ടായിരുന്നു കരച്ചില്‍. ഒരുകൂട്ടമാളുകള്‍ക്കൊപ്പം നിലത്തിരുന്നു യോഗ ചെയ്യുന്നതായാണ് ആ വീഡിയോയിലുള്ളത്.

ഇയാളുടെ പേര് മോഹന്‍ പാണ്ഡെ എന്നാണെന്ന് ദ ക്വിന്റ് കണ്ടെത്തി. തന്‍മയ് ശങ്കര്‍ എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ ഇയാളുടേതായി ചില വീഡിയോകളുണ്ടെന്നും ക്വിന്റ് റിപ്പോര്‍ട്ട് ചെയ്തു. തനിക്കു വ്യക്തിപരമായി അറിയാവുന്ന ആളാണിതെന്നു തന്മയ് ക്വിന്റിനോടു പറഞ്ഞു. ട്വിറ്ററിലെ വീഡിയോകളില്‍ മോഹന്‍ പാണ്ഡെ മോദിയെ പിന്തുണച്ചുകൊണ്ടാണ് സംസാരിക്കുന്നതത്രയും.

ഒരുതരത്തിലും യാഥാര്‍ഥ്യം പരിശോധിക്കാതെയാണ് റിപ്പബ്ലിക് ടി.വിയെപ്പോലെയുള്ള ഒരു ദേശീയമാധ്യമം വാര്‍ത്തയാക്കിയതെന്ന് ആള്‍ട്ട് ന്യൂസ് ആരോപിച്ചു.

We use cookies to give you the best possible experience. Learn more