'ഇതിന് വേണ്ടിയല്ല സൗത്ത് ലൈവ് തുടങ്ങിയത്'; സൗത്ത് ലൈവിന്റെ വിശ്വാസ്യത നിലനിര്‍ത്താന്‍ സെബാസ്റ്റ്യന്‍ പോള്‍ രാജിവെക്കണമെന്ന് എം.പി ബഷീര്‍
Kerala
'ഇതിന് വേണ്ടിയല്ല സൗത്ത് ലൈവ് തുടങ്ങിയത്'; സൗത്ത് ലൈവിന്റെ വിശ്വാസ്യത നിലനിര്‍ത്താന്‍ സെബാസ്റ്റ്യന്‍ പോള്‍ രാജിവെക്കണമെന്ന് എം.പി ബഷീര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 12th September 2017, 12:57 pm

കോഴിക്കോട്: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ അനുകൂലിച്ച് രംഗത്തെത്തിയ മാധ്യമപ്രവര്‍ത്തകനും അഭിഭാഷകനുമായ സെബാസ്റ്റ്യന്‍ പോളിനെതിരെ വിമര്‍ശനവുമായി സൗത്ത് ലൈവ് സ്ഥാപകനും മുന്‍ എഡിറ്റര്‍ ഇന്‍ ചീഫുമായ എം.പി ബഷീര്‍.

സൗത്ത് ലൈവിന്റെ ചീഫ് എഡിറ്ററായ സെബാസ്റ്റ്യന്‍ പോള്‍ സൗത്ത് ലൈവില്‍ എഴുതിയ ദിലീപ് അനുകൂല ലേഖകനത്തിനെതിരെ നിരവധി പേര്‍ പ്രതിഷേധവുമായെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സെബാസ്റ്റ്യന്‍ പോളിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് എം.പി ബഷീര്‍ രംഗത്തെത്തിയത്.

“ഇതിനുവേണ്ടിയായിരുന്നില്ല സൗത്ത് ലൈവ് തുടങ്ങിയത്” എന്നു പറഞ്ഞു കൊണ്ടാണ് ബഷീര്‍ പോസ്റ്റ് ആരംഭിക്കുന്നത്. സ്ഥാപനത്തിന്റെ തുടക്കം മുതലുള്ള അനിശ്ചിതത്വങ്ങളെയും കുറച്ചെങ്കിലും മഞ്ഞപുരട്ടാമെന്ന സമ്മര്‍ദ്ദങ്ങളെയും ആ ടീം അതിജീവിച്ചത് ജേണലിസത്തോടുള്ള സത്യസന്ധത മുറുകെ പിടിച്ചാണെന്ന് ബഷീര്‍ ഓര്‍മ്മിപ്പിക്കുന്നു.


Also Read:  പ്രിയ സെബാസ്റ്റ്യന്‍ പോള്‍, പോക്കറ്റടിച്ചതിനോ ചെക്ക് മടങ്ങിയതിനോ അല്ല ദിലീപ് ജയിലില്‍ കിടക്കുന്നത്, സെബാസ്റ്റ്യന്‍ പോളിന് ഷാഹിനയുടെ തുറന്ന കത്ത്


പിഴവുകള്‍ ഒന്നും പറ്റിയിട്ടില്ലെന്നല്ല. സാമൂഹ്യമായ കരുതലാണ് ആ ചെറിയ ന്യൂസ് റൂമിന്റെ രാഷ്ട്രീയം. “നമ്മുടെ സമൂഹത്തെ കൂടുതല്‍ ജീവിക്കാന്‍ കൊള്ളാവുന്നതാക്കാന്‍ നടക്കുന്ന എണ്ണമറ്റ പ്രയത്‌നങ്ങളുടെ ഒരു തുള്ളിയെങ്കിലും ആവുക”യെന്നതായിരുന്നു അതിന്റെ ലക്ഷ്യമെന്നും ബഷീര്‍ പറയുന്നു.

വാര്‍ത്തകളോടും പ്രശ്നങ്ങളോടും ഒരു ചെറു വാര്‍ത്ത സംഘം പുലര്‍ത്തുന്ന സത്യസന്ധതയ്ക്ക് നേരെയുള്ള കാര്‍ക്കിച്ച് തുപ്പലായിപോയി സെബാസ്റ്റ്യന്‍പോളിന്റെ ലേഖനമെന്ന് അദ്ദേഹം വിമര്‍ശിക്കുന്നു.

എഴുതി തയ്യാറാക്കാതെ തന്നെ, ജേണലിസ്റ്റുകളുടെ സാമൂഹ്യബോധം കൊണ്ട്, നമുക്ക് നടപ്പിലാക്കാന്‍ കഴിയുമെന്ന് സെബാസ്റ്റ്യന്‍ പോള്‍ തന്നെ പറയാറുണ്ടായിരുന്ന സൗത്ത് ലൈവിന്റെ എഡിറ്റോറിയല്‍ സംഹിതയില്‍നിന്നുള്ള പിന്‍മാറ്റമാണിതെന്നും സ്ഥാപനത്തിന്റെ എക്സിക്യൂട്ടീവ് എഡിറ്റര്‍ മുതല്‍ ട്രെയിനി ജേണലിസ്റ്റുകള്‍ വരെയുള്ളവര്‍ ചീഫ് എഡിറ്ററെ തള്ളിപറയുന്നത് അതുകൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

സെബാസ്റ്റ്യന്‍പോളിന്റെ വിശ്വാസ്യത വേറെ വിഷയമാണ്. 23 ലക്ഷത്തിലേറെ മാസാന്ത വായനക്കാരുള്ള ( നാല് മാസം മുമ്പുള്ള കണക്കാണ് ഇപ്പോള്‍ കൂടിക്കാണും..) സൗത്ത് ലൈവിന്റെ വിശ്വാസ്യതയാണ് പ്രധാനം. അത് നിലനിര്‍ത്താന്‍ ഒരു വഴിയെ ഇനി ഉളളൂ. സെബാസ്റ്റ്യന്‍ പോള്‍ ചീഫ് എഡിറ്റര്‍ സ്ഥാനത്തുനിന്നും ഒഴിയുക. എന്നാവശ്യപ്പെട്ടു കൊണ്ടാണ് അദ്ദേഹം തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

സൗത്ത് ലൈവിന്റെ സ്ഥാപകനും എഡിറ്റര്‍ ഇന്‍ ചീഫുമായിരുന്ന എം.പി ബഷീര്‍ നാല് മാസം മുമ്പ് സൗത്ത് ലൈവില്‍ നിന്നും രാജി വെച്ചിരുന്നു. അതിന് പിന്നാലെയാണ് ചെയര്‍മാനായിരുന്ന സെബാസ്റ്റ്യന്‍ പോള്‍ ചീഫ് എഡിറ്റര്‍ സ്ഥാനത്തേക്ക് വരുന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഇതിനുവേണ്ടിയായിരുന്നില്ല സൗത്ത് ലൈവ് തുടങ്ങിയത്
സ്ഥാപനത്തിന്റെ തുടക്കം മുതലുള്ള അനിശ്ചിതത്വങ്ങളെയും കുറച്ചെങ്കിലും മഞ്ഞപുരട്ടമെന്ന സമ്മര്‍ദ്ദങ്ങളെയും ആ ടീം അതിജീവിച്ചത് ജേണലിസത്തോടുള്ള സത്യസന്ധത മുറുകെ പിടിച്ചാണ്. പിഴവുകള്‍ ഒന്നും പറ്റിയിട്ടില്ലെന്നല്ല. സാമൂഹ്യമായ കരുതലാണ് ആ ചെറിയ ന്യൂസ് റൂമിന്റെ രാഷ്ട്രീയം. “നമ്മുടെ സമൂഹത്തെ കൂടുതല്‍ ജീവിക്കാന്‍ കൊള്ളാവുന്നതാക്കാന്‍ നടക്കുന്ന എണ്ണമറ്റ പ്രയത്‌നങ്ങളുടെ ഒരു തുള്ളിയെങ്കിലും ആവുക”യെന്നതായിരുന്നു അതിന്റെ ലക്ഷ്യം.
വാര്‍ത്തകളോടും പ്രശ്നങ്ങളോടും ഒരു ചെറു വാര്‍ത്ത സംഘം പുലര്‍ത്തുന്ന സത്യസന്ധതയ്ക്ക് നേരെയുള്ള കാര്‍ക്കിച്ച് തുപ്പലായിപോയി സെബാസ്റ്റ്യന്‍പോളിന്റെ ലേഖനം. എഴുതി തയ്യാറാക്കാതെ തന്നെ, ജേണലിസ്്റ്റുകളുടെ സാമൂഹ്യബോധം കൊണ്ട്, നമുക്ക് നടപ്പിലാക്കാന്‍ കഴിയുമെന്ന് സെബാസ്റ്റ്യന്‍ പോള്‍ തന്നെ പറയാറുണ്ടായിരുന്ന സൗത്ത് ലൈവിന്റെ എഡിറ്റോറിയല്‍ സംഹിതയില്‍നിന്നുള്ള പിന്‍മാറ്റമാണിത്. സ്ഥാപനത്തിന്റെ എക്സിക്യൂട്ടീവ് എഡിറ്റര്‍ മുതല്‍ ട്രെയിനി ജേണലിസ്റ്റുകള്‍വരെയുള്ളവര്‍ ചീഫ് എഡിറ്ററെ തള്ളിപറയുന്നത് അതുകൊണ്ടാണ്.
സെബാസ്റ്റ്യന്‍പോളിന്റെ വിശ്വാസ്യത വേറെ വിഷയമാണ്. 23 ലക്ഷത്തിലേറെ മാസാന്ത വായനക്കാരുള്ള ( നാല് മാസ്ം മുമ്പുള്ള കണക്കാണ്് ഇപ്പോള്‍ കൂടിക്കാണും..) സൗത്ത് ലൈവിന്റെ വിശ്വാസ്യതയാണ് പ്രധാനം. അത് നിലനിര്‍ത്താന്‍ ഒരു വഴിയെ ഇനി ഉളളൂ. സെബാസ്റ്റ്യന്‍ പോള്‍ ചീഫ് എഡിറ്റര്‍ സ്ഥാനത്തുനിന്നും ഒ്ഴിയുക