ഒരു മുഖ്യമന്ത്രി എങ്ങനെയാകണമെന്നറിയാന്‍ വണ്‍ ചിത്രത്തിലെ മമ്മൂട്ടിയെ കണ്ടുപഠിക്കണം: ആന്ധ്രാ മുഖ്യമന്ത്രിയോട് എം.പി
Entertainment
ഒരു മുഖ്യമന്ത്രി എങ്ങനെയാകണമെന്നറിയാന്‍ വണ്‍ ചിത്രത്തിലെ മമ്മൂട്ടിയെ കണ്ടുപഠിക്കണം: ആന്ധ്രാ മുഖ്യമന്ത്രിയോട് എം.പി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 3rd May 2021, 9:38 pm

മമ്മൂട്ടി നായകനായ പൊളിറ്റിക്കല്‍ ഡ്രാമയായ വണ്‍ ആന്ധ്രാപ്രദേശിലും ചര്‍ച്ചയാകുന്നു. ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച മുഖ്യമന്ത്രി കഥാപാത്രത്തെ മാതൃകയാക്കാന്‍ എം.പി രഘു രാമ കൃഷ്ണ രാജു ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയോട് ആവശ്യപ്പെട്ടതോടെയാണ് ചിത്രം രാഷ്ട്രീയരംഗത്തും ചര്‍ച്ചയായത്.

ഒരു മുഖ്യമന്ത്രി എങ്ങനെയായിരിക്കണമെന്നറിയാന്‍ ആന്ധ്രായിലെ ജനങ്ങളും ജഗന്‍ മോഹന്‍ റെഡ്ഡിയും വണ്‍ കണ്ടുനോക്കണമെന്നായിരുന്നു എം.പിയുടെ ട്വീറ്റ്.

‘മമ്മൂട്ടി നായകനായ മലയാള ചിത്രം വണ്‍ നെറ്റ്ഫ്‌ളിക്‌സില്‍ കണ്ടു. മാതൃകയാക്കാന്‍ സാധിക്കുന്ന ഒരു മുഖ്യമന്ത്രിയുടെ റോളാണ് അദ്ദേഹം ചിത്രത്തില്‍ ചെയ്തിരിക്കുന്നത്. ഒരു മുഖ്യമന്ത്രി എങ്ങനെയായിരിക്കണമെന്ന് ഈ ചിത്രം കണ്ട് നമ്മുടെ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയും സംസ്ഥാനത്തെ ജനങ്ങളും മനസ്സിലാക്കണം. എന്തായാലും കണ്ടിരിക്കേണ്ട ചിത്രം,’ രഘു രാമ കൃഷ്ണ രാജു ട്വീറ്റ് ചെയ്തു.

സന്തോഷ് വിശ്വനാഥാണ് വണ്‍ സംവിധാനം ചെയ്തത്. മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

മലയാളത്തിലെ ആദ്യ സ്പൂഫ് ചിത്രമായ ചിറകൊടിഞ്ഞ കിനാവുകള്‍ക്ക് ശേഷം സന്തോഷ് ഒരുക്കിയ ചിത്രമാണിത്. മമ്മൂട്ടി നായകനായെത്തിയ ഗാനഗന്ധര്‍വന് ശേഷം ഇച്ചായിസ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം കൂടിയായിരുന്നു വണ്‍.

ബോബി-സഞ്ജയ് ആണ് തിരക്കഥ. മുരളി ഗോപി, നിമിഷ സജയന്‍, ജഗദീഷ്, സലീം കുമാര്‍, സുരേഷ് കൃഷ്ണ, അലന്‍സിയര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

കൊവിഡിനെ തുടര്‍ന്ന് പല തവണ റിലീസ് മാറ്റിവെച്ച ചിത്രം തിയേറ്ററുകളിലെത്തിയപ്പോള്‍ ശ്രദ്ധ നേടിയിരുന്നു. ഈയടുത്താണ് ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യുന്നത്. ചിത്രം മുന്നോട്ടുവെച്ച കാലവധി തീരും മുന്‍പേ ജനപ്രതിനിധികളെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ ജനങ്ങള്‍ക്ക് അധികാരം നല്‍കുന്ന റീ കോള്‍ എന്ന ആശയത്തെ കുറിച്ച് ചര്‍ച്ചകളുയര്‍ന്നിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: MP asks Andhra Pradesh CM Jaganmohan Reddy to watch Mammootty starring Malayalam movie One