| Tuesday, 8th February 2022, 7:20 pm

ഉപചാരപൂര്‍വ്വം ഗുണ്ടജയനിലൂടെ എ.എം. ആരിഫ് എം.പിയും അഭിനയ രംഗത്തേക്ക്; സിനിമക്ക് ആശംസകള്‍ നേര്‍ന്ന് എം.പി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വ്യത്യസ്തങ്ങളായ വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ വളരെ പെട്ടെന്ന് ഇടംപിടിച്ച താരമാണ് സൈജു കുറുപ്പ്. സൈജുവിന്റെ എല്ലാ കഥാപാത്രങ്ങളെയും ഇരുകൈയും നീട്ടിയാണ് ആരാധകര്‍ ഏറ്റെടുത്തത്.

സൈജു കുറുപ്പിന്റെ കരിയറിലെ നൂറാമത്തെ ചിത്രമാണ് പുറത്തിറങ്ങാനിരിക്കുന്ന ഉപചാരപൂര്‍വ്വം ഗുണ്ടജയന്‍. അരുണ്‍ വൈഗ സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മാണക്കമ്പനിയായ വേഫെറെര്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ചിത്രം വരുന്ന ഫെബ്രുവരി ഇരുപത്തിയഞ്ചിനാണ് തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയെന്തെന്നാല്‍
എം.പി എ.എം. ആരിഫും സിനിമയില്‍ അഭിനയിക്കുന്നുണ്ടെന്നതാണ്.

സിനിമയെ കുറിച്ച് അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ച വാക്കുകള്‍ ഇപ്രകാരമാണ്, ‘കഴിഞ്ഞ കൊവിഡ് കാലത്തിന് തൊട്ടുമുമ്പ് ഷൂട്ടിംഗ് ആരംഭിച്ചതാണ് ഉപചാരപുര്‍വ്വം ഗുണ്ടജയന്‍. മലയാള ചലച്ചിത്ര രംഗത്ത് ഒട്ടേറെ സിനിമകളില്‍ ഏറെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച അനുഗ്രഹീതനായ നടനാണ് സൈജു കുറുപ്പ്.

അദ്ദേഹത്തിന്റെ കുടുംബം ആലപ്പുഴ ജില്ലയിലെ പാണാവള്ളിയില്‍ അച്ഛനും അമ്മയും എല്ലാം അവിടെ ആയിരുന്നു താമസം. അച്ഛന്‍ വാഹന അപകടത്തില്‍ പെട്ടു മരിച്ചു. അദ്ദേഹം നായകനായ നമുക്കെല്ലാം പ്രിയങ്കരനായ യുവ സംവിധായകന്‍ അരുണ്‍ വൈഗ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ആദ്യത്തെ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചത് ഞാന്‍ ആയിരിന്നു.

കൊവിഡ് കാലം നിര്‍മ്മാണം പൂര്‍ത്തീകരിച്ചെങ്കിലും സമയത്ത് റിലീസ് ചെയ്യുവാന്‍ കഴിഞ്ഞിരുന്നില്ല. നല്ല രസകരമായ മുഹൂര്‍ത്തങ്ങള്‍ ഉള്ള ഒരു സിനിമയാണ് ഗുണ്ടജയന്‍. ഷൂട്ടിംഗ് വേളയില്‍ ഞാനും പലതവണ ലൊക്കേഷനുകളില്‍ വരികയും ചെയ്തു.ഈ സിനിമ പ്രേക്ഷക സമൂഹം ഏറ്റെടുക്കും എന്ന് എനിക്ക് ഉറച്ച പ്രതീക്ഷ ഉണ്ട്. നല്ല വിജയമായി തീരട്ടെ എന്ന് ആശംസിക്കുന്നു,’ അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

സൈജു കുറുപ്പിനൊപ്പം സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ, ജോണി ആന്റണി എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബിജിപാല്‍ സംഗീത സംവിധാനം നിര്‍വഹിച്ച ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് എല്‍ദോ ഐസക്കും എഡിറ്റ് ചെയ്തത് കിരണ്‍ ദാസുമാണ്.

വേഫെറെര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സെബാബ് ആനിക്കാടും ചേര്‍ന്ന് നിര്‍മ്മിച്ച ഉപചാരപൂര്‍വ്വം ഗുണ്ട ജയന്റെ തിരക്കഥ രചിച്ചത് രാജേഷ് വര്‍മ്മയാണ്.


Content Highlights: MP AM Arif starting new career in film acting, with Upacharapoorvam Gundajayan

We use cookies to give you the best possible experience. Learn more