ഭീമ കൊറേഗാവ് കേസിലേതിന് സമാനമായി ഐഷയുടെ ലാപ്‌ടോപ്പിലും കൃത്രിമ തെളിവുണ്ടാക്കാന്‍ സാധ്യത; ആശങ്ക പ്രകടിപ്പിച്ച് എളമരം കരീമും എ.എം. ആരിഫും
Kerala News
ഭീമ കൊറേഗാവ് കേസിലേതിന് സമാനമായി ഐഷയുടെ ലാപ്‌ടോപ്പിലും കൃത്രിമ തെളിവുണ്ടാക്കാന്‍ സാധ്യത; ആശങ്ക പ്രകടിപ്പിച്ച് എളമരം കരീമും എ.എം. ആരിഫും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 9th July 2021, 8:04 am

തിരുവനന്തപുരം: സംവിധായിക ഐഷ സുല്‍ത്താനയുടെ വീട്ടില്‍ നടന്ന ലക്ഷദ്വീപ് പൊലീസിന്റെ പരിശോധനയില്‍ ആശങ്കയെന്ന് എളമരം കരീം എം.പി. ഐഷയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത ലാപ്‌ടോപ്പില്‍ കൃത്രിമം നടത്തുമോ എന്ന സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഭീമ കൊറേഗാവ് കേസിലെ കുറ്റാരോപിതര്‍ക്കെതിരെ അന്വേഷണ ഉദ്യോഗസ്ഥര്‍ കൃത്രിമ തെളിവുണ്ടാക്കിയിരുന്നു. ഐഷയ്‌ക്കെതിരെയും ഇത്തരത്തില്‍ കൃത്രിമമായി തെളിവുണ്ടാക്കല്‍ നടക്കുമോ എന്ന ആശങ്കയുണ്ടെന്നാണ് എളമരം കരീം പറഞ്ഞത്.

ഇന്ന് പൊലീസ് നടത്തിയ പരിശോധന ബോധപൂര്‍വ്വമായ നടപടിയാണെന്ന സംശയമുണ്ട്. വിഷയത്തില്‍ കോടതിയും സര്‍ക്കാരും ഇടപെടണമെന്നും എളമരം കരീം ആവശ്യപ്പെട്ടു.

ഐഷയുടെ വീട്ടില്‍ നടന്ന പരിശോധന ദുരുദ്ദേശത്തോടെയാണെന്ന് ആരിഫ് പറഞ്ഞു. തെളിവുകള്‍ സ്ഥാപിച്ച് ഐഷയെ അറസ്റ്റ് ചെയ്ത് തടങ്കലിലാക്കാനാണ് ലക്ഷദ്വീപ് ഭരണകൂടം ശ്രമിക്കുന്നതെന്നും ആരിഫ് എം.പി. പറഞ്ഞു.

‘ഇന്ന് കവരത്തി പൊലീസ് സ്റ്റേഷനിലെ ചില പൊലീസ് ഉദ്യോഗസ്ഥര്‍, കേരള പൊലീസിലെ എറണാകുളത്തെ ചില പൊലീസുദ്യോഗസ്ഥരുടെ സഹായത്തോട് കൂടി വീട് റെയ്ഡ് ചെയ്യുകയും, അവരുടെ വീട് ആകെ അലങ്കോലപ്പെടുത്തുകയും അവരുടെ സഹോദരന്റെ ലാപ്‌ടോപ് എടുത്തുകൊണ്ട് പോവുകയും ചെയ്തിട്ടുണ്ട്.

എന്‍.ഐ.എ, യു.എ.പി.എ. നിയമനടപടികളുടെ ഒക്കെ ഫലമായി ലാപ്‌ടോപിന്റെ അകത്തേക്ക് രാജ്യദ്രോഹക്കുറ്റത്തിന്റെ തെളിവുകള്‍ സ്ഥാപിക്കുന്നുവെന്ന് അമേരിക്കന്‍ ഐ.ടി. ഫോറന്‍സിക് വിദഗ്ധര്‍ കഴിഞ്ഞ രണ്ട് തവണയായി റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുകയാണ്. അത്തരത്തിലുള്ള തെളിവുകള്‍ സ്ഥാപിച്ച് ഇവരെ എന്നെന്നേക്കുമായി കല്‍തുറുങ്കിലടക്കാനുള്ള നടപടികളാണ് ലക്ഷദ്വീപ് ഭരണകൂടം ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഇതിനെതിരെ പൗരബോധമുള്ള എല്ലാവരും രംഗത്തുവരണം,’ ആരിഫ് ഫേസ്ബുക്ക് വീഡിയോയില്‍ പറഞ്ഞു.

ഭീമ കൊറേഗാവ് കേസില്‍ ആദ്യം അറസ്റ്റിലായ ആക്ടിവിസ്റ്റും മലയാളിയുമായ റോണ വില്‍സന്റെ ലാപ്‌ടോപില്‍ ആയിരുന്നു അന്വേഷണ ഉദ്യോഗസ്ഥര്‍ കൃത്രിമ തെളിവുകള്‍ തിരുകി കയറ്റിയതായി പിന്നീട് യു.എസ്. ഫോറന്‍സിക് ലാബ് കണ്ടെത്തിയത്.

അതേസമയം, ഐഷയുടെ കൊച്ചിയിലെ ഫ്‌ളാറ്റിലെത്തിയാണ് കവരത്തി പൊലീസ് ചോദ്യം ചെയ്തത്. മുന്‍കൂട്ടി നോട്ടീസ് നല്‍കാതെയായിരുന്നു ചോദ്യം ചെയ്യല്‍. തന്റെ സഹോദരന്റെ ലാപ്‌ടോപ്പ് എടുത്തുകൊണ്ട് പോയതായും ഐഷ പ്രതികരിച്ചു.

നേരത്തെ കവരത്തി സ്റ്റേഷനില്‍വെച്ച് ഐഷയെ മൂന്നുതവണ ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊബൈല്‍ ഫോണ്‍ അന്വേഷണ സംഘം പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

ലക്ഷദ്വീപ് ബി.ജെ.പി. ഘടകം നല്‍കിയ പരാതിയിലാണ് ഇവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നത്. ചാനല്‍ ചര്‍ച്ചയില്‍ രാജ്യങ്ങള്‍ക്ക് നേരെ കൊറോണ വൈറസ് എന്ന ബയോവെപ്പണ്‍ ഉപയോഗിച്ചത് പോലെയാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷദ്വീപിന് നേരെ പ്രഫുല്‍പട്ടേലെന്ന ബയോവെപ്പണിനെ ഉപയോഗിച്ചത് എന്ന ഐഷയുടെ പരാമര്‍ശത്തിലാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.

നേരത്തെ ഐഷ സുല്‍ത്താനക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി അറിയിച്ചിരുന്നു. അതേസമയം കേസില്‍ അറസ്റ്റു ചെയ്താല്‍ ഇവരെ കസ്റ്റഡിയില്‍ വെയ്ക്കരുതെന്നും ആള്‍ ജാമ്യത്തില്‍ വിട്ടയ്ക്കണം എന്നും കോടതി നിര്‍ദേശമുണ്ട്.

കേസില്‍ അന്വേഷണം പുരോഗമിച്ചതിന് ശേഷം മാത്രമേ റദ്ദാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുവെന്നും കോടതി വ്യക്തമാക്കി. 124 എ, 153 ബി എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് ഐഷയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: MP A.M. Arif and MP Elamaram Kareem express concern over raid at Isha Sulthana’s house