| Friday, 6th August 2021, 5:23 pm

ചന്ദ്രികയിലെ പ്രശ്‌നം പരിഹരിക്കാന്‍ മുഈനലിയെ ചുമതലപ്പെടുത്തിയിരുന്നു; ഹൈദരലി ശിഹാബ് തങ്ങളുടെ കത്ത് പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഹൈദരലി ശിഹാബ് തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ പാണക്കാട് മുഈനലി ശിഹാബ് തങ്ങള്‍ക്ക് ചന്ദ്രികയുമായി ബന്ധമില്ലെന്ന വാദങ്ങള്‍ പൊളിക്കുന്ന രേഖകള്‍ പുറത്ത്.

ചന്ദ്രികയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുഈനലിയെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള കത്താണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മാര്‍ച്ചിലാണ് ഹൈദരലി ശിഹാബ് തങ്ങള്‍ കത്ത് നല്‍കിയിരിക്കുന്നത്.

ചന്ദ്രികയിലെ പ്രശ്‌നം പരിഹരിക്കാന്‍ മുഈനലിയെ ഏല്‍പ്പിച്ചിട്ടുണ്ടെന്നും മാനേജ്‌മെന്റ് അംഗങ്ങള്‍ കൂടിയാലോചിച്ച് എല്ലാ ബാധ്യതകളും തീര്‍ക്കേണ്ടതാണെന്നുമാണ് കത്തില്‍ എഴുതിയിരിക്കുന്നത്. ഹൈദരലി തങ്ങളുടെ ഔദ്യോഗിക ലെറ്റര്‍പാഡില്‍ എഴുതിയ രൂപത്തിലുള്ള കത്താണ് പുറത്തുവന്നിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ചന്ദ്രികയിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പി.കെ. കുഞ്ഞാലിക്കുട്ടിയെ വിമര്‍ശിച്ചുകൊണ്ട് മുഈനലി തങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ചത്. ഫണ്ട് കൈകാര്യം ചെയ്തത് കുഞ്ഞാലിക്കുട്ടി ആയിരുന്നിട്ടും ചന്ദ്രികയുടെ പ്രതിസന്ധിയില്‍ അദ്ദേഹം ഇടപെട്ടില്ലെന്ന് മുഈനലി പറഞ്ഞിരുന്നു.

നാല് പതിറ്റാണ്ടായി ഫണ്ട് കൈകാര്യം ചെയ്തത് കുഞ്ഞാലിക്കുട്ടിയായിരുന്നു. ഫിനാന്‍സ് മാനേജര്‍ സമീറിനെ വെച്ചത് കുഞ്ഞാലിക്കുട്ടിയാണ്. പാര്‍ട്ടി ഒരു വ്യക്തിയിലേക്ക് ചുരുങ്ങിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലീഗിന്റെ ധനകാര്യ മാനേജ്മെന്റ് ആകെ പാളിയെന്ന് അദ്ദേഹം പറഞ്ഞു.

‘പാണക്കാട് കുടുംബത്തിന്റെ ചരിത്രത്തില്‍ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല. ഹൈദരലി തങ്ങള്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ് കഴിയുന്നത്,’ മുഈനലി പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തിനിടയില്‍ റാഫി പുതിയകടവ് എന്ന മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മുഈനലി തങ്ങള്‍ക്ക് നേരെ ഭീഷണി മുഴക്കുകയും തെറിവിളിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഒരു വിഭാഗം പ്രവര്‍ത്തകര്‍ മുഈനലിയെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റുകയായിരുന്നു.

മുസ്ലിം ലീഗിന്റെ അഭിഭാഷക സംഘടനയായ കേരളാ ലോയേഴ്‌സ് ഫോറം സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ഷാ ആയിരുന്നു കോഴിക്കോട് ലീഗ് ഹൗസില്‍ വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തിരുന്നത്.

വാര്‍ത്താസമ്മേളനത്തിന്റെ ആദ്യ ഘട്ടത്തില്‍ മുഹമ്മദ് ഷാ ആയിരുന്നു സംസാരിച്ചിരുന്നത്. നിലവിലെ ആരോപണങ്ങള്‍ക്ക് ലീഗിന്റെ വിശദീകരണം എന്ന നിലക്കാണ് അദ്ദേഹം സംസാരിച്ചത്. തുടര്‍ന്നായിരുന്നു മുഈനലി തങ്ങള്‍ സംസാരിച്ചത്. ഇതിനിടെയായിരുന്നു റാഫി പുതിയകടവ് എന്ന പ്രവര്‍ത്തകന്‍ വാര്‍ത്താസമ്മേളനം തടസ്സപ്പെടുത്തിയത്.

മുഈനലി തങ്ങളെ അസഭ്യം പറഞ്ഞതില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ട് റാഫി പിന്നീട് രംഗത്തെത്തിയിരുന്നു. ഹൈദരലി തങ്ങളുടെ വിഷമങ്ങള്‍ക്ക് കാരണം മുഈനലിയാണ്. മുഈനലി ലീഗ് നേതാക്കളെ അനാവശ്യമായി വിമര്‍ശിച്ചത് കൊണ്ടാണ് വാര്‍ത്താസമ്മേളനത്തില്‍ ഇടപെട്ടത്. കുഞ്ഞാലിക്കുട്ടിക്ക് എതിരെയല്ല, ഏത് നേതാവിനെക്കുറിച്ച് പറഞ്ഞാലും എതിര്‍ക്കുമായിരുന്നുവെന്നും റാഫി പറഞ്ഞിരുന്നു.

മുഈനലി തനിക്ക് ബന്ധമില്ലാത്ത വിഷയങ്ങളില്‍ സംസാരിക്കുകയാണെന്ന രീതിയില്‍ പല കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ ചന്ദ്രികയില്‍ മുഈനലിക്ക് ചുമതല നല്‍കിയതിനെ കുറിച്ചുള്ള കത്ത് പുറത്തുവന്നതോടെ ഈ വാദങ്ങളുടെ വാദങ്ങളുടെ മുനയൊടിഞ്ഞിരിക്കുകയാണ്.

അതേസമയം, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ് നല്‍കിയിരുന്നു. ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടുമായി ബന്ധപ്പെട്ട കേസിലാണ് മൊഴിയെടുക്കാന്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Moyeen Ali Shihab Thangal was assigned to deal the issues in Chandrika – letter says

We use cookies to give you the best possible experience. Learn more