| Friday, 4th March 2022, 3:28 pm

ഇന്ത്യന്‍ സിനിമയിലെ തന്നെ ആദ്യത്തെ സംഭവമാണോ ഇത്; അപൂര്‍വ ഒത്തുചേരലിനെ കുറിച്ച് രഞ്ജിത് ശങ്കര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അമല്‍ നീരദ് മമ്മൂട്ടി കൂട്ടുകെട്ടിലിറങ്ങിയ ‘ഭീഷ്മ പര്‍വം’ ഇന്നലെയാണ് തിയേറ്ററില്‍ പ്രദര്‍ശനത്തിന് എത്തിയത്. മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖറിന്റെ തമിഴ് ചിത്രം ‘ഹേ സിനാമിക’യും ഇതേദിവസം തന്നെയായിരുന്നു പ്രദര്‍ശനത്തിന് എത്തിയത്. ഇതാദ്യമായിട്ടായിരുന്നു മമ്മൂട്ടിയുടെയും ദുല്‍ഖറിന്റെയും ചിത്രങ്ങള്‍ ഒരേസമയം റിലീസ് ചെയ്യുന്നത്.

മോഹന്‍ലാല്‍ നായകനായ ആറാട്ടും മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായ ഹൃദയവും ഇതേസമയം തന്നെ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നുണ്ട്.

മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും ദുല്‍ഖറിന്റേയും പ്രണവിന്റേയും ചിത്രങ്ങള്‍ ഒരേസമയം തിയേറ്ററില്‍ എത്തുന്നത് ഇതാദ്യമായിട്ടാണ്.

നാല് പേരുടേയും സിനിമകളുടെ ഫ്‌ളക്‌സ് തിയേറ്ററിനുള്ളില്‍ ഒരുമിച്ച വെച്ച ചിത്രം പങ്കുവെച്ചുകൊണ്ട് ‘ഇത് ഇന്ത്യന്‍ സിനിമയിലെ തന്നെ ആദ്യത്തെ സംഭവമാണോ’ എന്നാണ് സംവിധായകന്‍ രഞ്ജിത് ശങ്കര്‍ ചോദിക്കുന്നത്. ‘അപൂര്‍വ ഒത്തുചേരലുകള്‍’ എന്നും അദ്ദേഹം ഫേസ്ബുക്കില്‍ എഴുതി.

നിരവധി കമന്റുകളാണ് രഞ്ജിത് ശങ്കറിന്റെ പോസ്റ്റിന് താഴെ വരുന്നത്. ബിഗ് എം ഫാമിലിയെന്നും ഇത് ഇന്ത്യന്‍ സിനിമയിലെ ആദ്യത്തെ സംഭവമാണെന്നും ചിലര്‍ കുറിച്ചു. ‘ഇതില്‍ ഒന്നില്‍ മകന്‍ അച്ഛനെ തോല്‍പ്പിച്ചെന്നും പിന്നൊന്നില്‍ അച്ഛന്‍ മകനെ തോല്‍പ്പിച്ചു’ എന്നിങ്ങനെയുള്ള രസകരമായ കമന്റുകളും വരുന്നുണ്ട്.

യുവനായകരായി ദുല്‍ഖറും പ്രണവും മലയാള സിനിമയില്‍ തിളങ്ങുമ്പോള്‍ തന്നെ സൂപ്പര്‍സ്റ്റാര്‍ പദവിയില്‍ ഇന്നും തുടരുകയാണ് മമ്മൂട്ടിയും മോഹന്‍ലാലും.

പ്രണവ് മോഹന്‍ലാല്‍ ചിത്രം ‘ഹൃദയം’ ജനുവരി 21നാണ് തിയേറ്ററുകളില്‍ എത്തിയത്. പ്രണവിന്റെ ആദ്യസൂപ്പര്‍ഹിറ്റ് ചിത്രം എന്ന് വേണമെങ്കില്‍ ഹൃദയത്തെ പറയാം.

ഫെബ്രുവരി 18നാണ് മോഹന്‍ലാല്‍ ചിത്രം ആറാട്ട് റിലീസ് ചെയ്തത്. ബി. ഉണ്ണികൃഷ്ണന്റെ സംവിധാനത്തിലുള്ള ചിത്രം മോഹന്‍ലാലിന് വീണ്ടും ഒരു സൂപ്പര്‍ഹിറ്റ് നേടിക്കൊടുത്തിരിക്കുകയാണ്. ഇന്നലെ പുറത്തിറങ്ങിയ ഭീഷ്മപര്‍വത്തിനും മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

വര്‍ഷങ്ങളായി ഇന്ത്യന്‍ സിനിമാ ലോകത്ത് നിറഞ്ഞുനില്‍ക്കുന്ന ബൃന്ദ മാസ്റ്ററുടെ ആദ്യ സംവിധാന സംരഭമാണ് ദുല്‍ഖര്‍ നായകനായ ‘ഹേ സിനാമിക.

Content Highlight: Movies Of Mohanlal Mammootty Dulquer Salmaan Pranav Mohanlal are running simultaneously in theatres

We use cookies to give you the best possible experience. Learn more