| Friday, 10th January 2025, 5:20 pm

ഹിറ്റ്‌ലറിനെ കൊല്ലുന്ന ജൂതരും, ഗാമയെ കൊല്ലുന്ന കേളു നയനാരും, ആള്‍ട്ടര്‍നേറ്റ് ഹിസ്റ്ററിയുടെ സിനിമാക്കാഴ്ച

അമര്‍നാഥ് എം.

നമുക്കെല്ലാം അറിയാവുന്ന, നമ്മള്‍ കേട്ടുപഠിച്ച ഒരു ചരിത്രം. അതിനെ മറ്റൊരു വേര്‍ഷനില്‍ നമുക്ക് അറിയാത്ത ഒരു കഥ ആ ചരിത്രത്തില്‍ ഉണ്ടായിരുന്നെന്ന് കാണിക്കുന്ന ഴോണറിനെയാണ് ആള്‍ട്ടര്‍നേറ്റ് ഹിസ്റ്ററി എന്ന് പറയുന്നത്. ഇത്തരം ഴോണറില്‍ സിനിമകള്‍ ചെയ്യുന്നത് പലപ്പോഴും ശ്രമകരമായ ഒരു സംഗതിയാണ്. ചരിത്രത്തെപ്പറ്റി നല്ല അവബോധമുള്ള ഒരു ജനതയുടെ മുന്നിലേക്ക് അവരെ കണ്‍വിന്‍സ് ചെയ്യുക എന്നത് എഴുത്തുകാരനെ സംബന്ധിച്ച് വലിയൊരു ടാസ്‌കാണ്.

ലോകസിനിമയില്‍ ആള്‍ട്ടര്‍നേറ്റ് ഹിസ്റ്ററി ബേസ് ചെയ്ത് ധാരാളം സിനിമകള്‍ പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും അതില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്നത് ക്വിന്റണ്‍ ടാറന്റിനോയുടെ ഇന്‍ഗ്ലോറിയസ് ബാസ്‌റ്റേഡ്‌സും, വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡുമാണ്. ലോകം കണ്ട ഏറ്റവും ക്രൂരനായ ഏകാധിപതിയായ ഹിറ്റ്‌ലറെ ഒരു ജൂതവനിത കൊല്ലുന്നതാണ് ഇന്‍ഗ്ലോറിയസ് ബാസ്‌റ്റേഡ്‌സിന്റെ കഥ.

1960കളുടെ അവസാനത്തില്‍ ലോസ് ആഞ്ചലസിലെ ഒരു സിനിമാസെറ്റില്‍ നടക്കുന്ന കൊലപാതകമാണ് വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡിന്റെ കഥ. ലോകമെമ്പാടും അറിയപ്പെടുന്ന രണ്ട് വലിയ സംഭവങ്ങളെ എഴുത്തുകാരന്‍ മറ്റൊരു രീതിയില്‍ അവതരിപ്പിച്ച സിനിമകളാണ് ഇത് രണ്ടും. ടാറന്റിനോ എന്ന എഴുത്തുകാരന്റെയും സംവിധായകന്റെയും ഭാവന എത്രത്തോളം കണ്‍വിന്‍സിങ്ങാണെന്ന് ഈ രണ്ട് ചിത്രങ്ങളും കാണുമ്പോള്‍ പ്രേക്ഷകര്‍ക്ക് മനസിലാകും.

ബോക്‌സ് ഓഫീസ് വിജയത്തിന് പുറമെ നിരവധി നിരൂപകരും ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്. ചരിത്രത്തെ പൊളിച്ചെഴുതി അതിനെ സിനിമാരൂപത്തിലേക്ക് മാറ്റുമ്പോള്‍ എത്രമാത്രം ശ്രദ്ധിക്കണമെന്നതിന്റെ ടെക്‌സ്റ്റ് ബുക്കായി ഈ രണ്ട് സിനിമകളെയും കണക്കാക്കാം.

ഇന്ത്യന്‍ സിനിമയിലും ആള്‍ട്ടര്‍നേറ്റ് ഹിസ്റ്ററി എന്ന ഴോണറില്‍ ധാരാളം സിനിമകള്‍ പുറത്തിറങ്ങിയിട്ടുണ്ട്. അതില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ് കമല്‍ ഹാസന്റെ ഹേ റാം. കമല്‍ ഹാസന്‍ കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ഇന്ത്യന്‍ ചരിത്രത്തിന്റെ മറ്റൊരു പതിപ്പാണ്. ഇന്ത്യാ വിഭജനവും ഗാന്ധി വധവും കമല്‍ ഹാസന്‍ എഴുത്തുകാരന്റെ കണ്ണിലൂടെ കാണുമ്പോള്‍ സിനിമാപ്രേമികള്‍ക്ക് കിട്ടിയത് ഇന്ത്യന്‍ സിനിമകളിലെ എണ്ണംപറഞ്ഞ ക്ലാസിക്കുകളിലൊന്നാണ്.

രാജമൗലി സംവിധാനം ചെയ്ത ആര്‍.ആര്‍.ആറും ആള്‍ട്ടര്‍നേറ്റ് ഹിസ്റ്ററി അടിസ്ഥാനമാക്കി ഒരുങ്ങിയതാണ്. ആന്ധ്രയിലെ രണ്ട് സ്വാതന്ത്രസമര സേനാനികളായ അല്ലൂരി സീതാരാമരാജുവിന്റെയും കൊമരം ഭീമിന്റെയും ജീവിതത്തില്‍ നടന്നുവെന്ന് കരുതപ്പെടുന്ന കഥയാണ് ചിത്രത്തിന്റേത്. സിനിമ കാണുന്ന പ്രേക്ഷകരെ കണ്‍വിന്‍സ് ചെയ്യിക്കാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്.

മലയാളത്തില്‍ ഈ ഴോണറില്‍ പുറത്തിറങ്ങിയ ചിത്രമാണ് പൃഥ്വിരാജിന്റെ ഉറുമി. പോര്‍ച്ചുഗീസ് നാവികനായ വാസ്‌കോ ഡ ഗാമയെ ഒരു യോദ്ധാവ് കൊല്ലുന്നതാണ് ചിത്രത്തിന്റെ കഥ. ശങ്കര്‍ രാമകൃഷ്ണന്‍ എന്ന എഴുത്തുകാരന്റെ വൈദഗ്ധ്യവും സന്തോഷ് ശിവന്‍ എന്ന സംവിധായകന്റെ ഫ്രെയിമുകളും ഉറുമിയെ ഇന്നും മനോഹരമാക്കി നിലനിര്‍ത്തുന്നുണ്ട്.

എം.ടി വാസുദേവന്‍ നായരുടെ ക്ലാസിക് ചിത്രങ്ങളായ ഒരു വടക്കന്‍ വീരഗാഥ, കേരളവര്‍മ പഴശ്ശിരാജ എന്നിവയെ ആള്‍ട്ടര്‍നേറ്റ് ഹിസ്റ്ററിയുടെ ഗണത്തിലേക്ക് വേണമെങ്കില്‍ ഉള്‍പ്പെടുത്താം. കേട്ടുപഴകിയ വടക്കന്‍പാട്ടുകളില്‍ വില്ലന്‍ പരിവേഷം മാത്രമുള്ള ചന്തുവിനെ നായകനാക്കി അവതരിപ്പിച്ചതും, ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ വെടിയേറ്റ് മരിച്ച ‘സിനിമയിലെ പഴശ്ശിരാജ’യും എഴുത്തുകാരന്റെ ഭാവനയില്‍ വിരിഞ്ഞവയാണ്.

തിയേറ്ററില്‍ മികച്ച പ്രതികരണവുമായി മുന്നേറുന്ന രേഖാചിത്രവും ആള്‍ട്ടര്‍നേറ്റ് ഹിസ്റ്ററിയിലൂടെ കഥ പറയുന്ന ചിത്രമാണ്. മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക്കുകളിലൊന്നായ കാതോട് കാതോരം എന്ന ചിത്രത്തിന്റെ സെറ്റിലുണ്ടാകുന്ന കൊലപാതകവും വര്‍ഷങ്ങള്‍ക്കിപ്പുറം നടക്കുന്ന അതിന്റെ അന്വേഷണവുമാണ് രേഖാചിത്രം പറയുന്നത്. വളരെ മികച്ച തിരക്കഥയും അതിന്റെ ഗംഭീരമായ അവതരണവുമാണ് രേഖാചിത്രത്തിന്റേത്. നമുക്കറിയാവുന്ന ചരിത്രത്തില്‍ നമുക്കറിയാത്ത കഥയുണ്ടെന്ന് പറയുന്ന ഇത്തരം കഥകള്‍ ഇനിയും വരട്ടെ.

Content Highlight: Movies based on Alternate History

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Video Stories

We use cookies to give you the best possible experience. Learn more