| Saturday, 30th November 2024, 2:40 pm

'ഏയ് ബനാനേ ഒരു പൂ തരാമോ'; എന്തൊരു വികലമാണ്, ഭാസ്കരൻ മാഷിന്റെ കുഴിമാടത്തിൽ ചെന്ന് ഈ പാട്ടെഴുതിയവർ നൂറുവട്ടം തൊഴണം: ടി.പി.ശാസ്തമംഗലം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പേരിലെ പ്രത്യേകത കൊണ്ട് പ്രഖ്യാപനം മുതൽ ശ്രദ്ധ നേടിയ ചിത്രമായിരുന്നു ആനന്ദ് മേനൻ സംവിധാനം ചെയ്ത വാഴ. വാഴ – ബയോപിക് ഓഫ് എ ബില്യൺ ബോയ്സ് എന്ന പേരിലിറങ്ങിയ ചിത്രം യൂത്തിനിടയിൽ വലിയ ശ്രദ്ധ നേടിയതിനൊപ്പം തിയേറ്ററിലും വിജയമായി മാറിയിരുന്നു. രജത് പ്രകാശ്, വിനായക് ശശികുമാർ തുടങ്ങിയവർ ചേർന്നൊരുക്കിയ ചിത്രത്തിൽ ഗാനങ്ങളും വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടിരുന്നു.

കുട്ടികളടക്കം പാടി നടന്ന ഗാനമായിരുന്നു ചിത്രത്തിലെ ‘ഏയ് ബനാനേ ഒരു പൂ തരാമോ എന്ന ഗാനം’. ഇപ്പോൾ വാഴ എന്ന ടൈറ്റിലിനെയും ചിത്രത്തിലെ ഗാനങ്ങളെയും രൂക്ഷമായി വിമർശിച്ചിരിക്കുകയാണ് സിനിമാഗാന നിരൂപകൻ ടി.പി.ശാസ്തമംഗലം. വാഴ എന്ന പേരിലൂടെ നൂറുകോടി ആൺകുട്ടികളുടെ കഥയാണ് സിനിമ പറയുന്നതെന്നും ഏയ് ബനാനെ പോലൊരു ഗാനം എഴുതാൻ ഭാസ്കരൻ മാഷിനെ പോലൊരു കവിയുടെ ആവശ്യമില്ലെന്നും അദ്ദേഹം വിമർശിക്കുന്നു.

വായിൽ കൊള്ളാത്ത എന്തൊക്കെയോ കാര്യങ്ങൾ പാട്ടിൽ വിളിച്ചുപറയുകയാണെന്നും വരികളുടെ വികലമായ അവസ്ഥയാണിതെന്നും ടി.പി.ശാസ്തമംഗലം വിമർശിച്ചു. ‘അല്ലിയാമ്പൽ കടവില്ലന്ന് അരയ്ക്ക് വെള്ളം’ എന്ന ഗാനം രചിച്ച ഭാസ്കരൻ മാഷിന്റെ കുഴിമാടത്തിൽ ചെന്ന് ഈ പാട്ടെഴുതിയവർ നൂറുവട്ടം തൊഴണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു പൊതുവേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇന്ന് പാട്ട് കേൾക്കുകയെന്ന് പറയുന്നത് തന്നെ വലിയ അരോചകമായി മാറിയിട്ടുണ്ട്. അടുത്തകാലത്ത് ഒരു സിനിമ വന്നു, വാഴ. പുതിയ തലമുറയിൽപ്പെട്ട വാഴ. അതിന്റെ പേര് തന്നെ വിചിത്രമാണ്, ബയോപിക് ഓഫ് എ ബില്യൺ ബോയ്സ്. വാഴ എന്ന് മാത്രമല്ല. ഒന്നും രണ്ടും ബോയ്സിന്റെയല്ല. നൂറുകോടി ആൺകുട്ടികളുടെ കഥയാണ് പറയുന്നത്.

ഏയ് ബനാനേ ഒരു പൂ തരാമോ, ഏയ് ബനാനേ ഒരു കായ് തരാമോ..ഇങ്ങനെ എഴുതാൻ ഭാസ്കരൻ മാഷിനെ പോലെ ഒരു കവിയുടെ ആവശ്യമില്ല. ഏത് നേഴ്സറി കുട്ടിക്കും എഴുതാം. വായിൽ കൊള്ളാത്ത എന്തൊക്കെയോ പിന്നെ വിളിച്ചുപറയുകയാണ്.

ആ സിനിമയിലെ മറ്റൊരു പാട്ട് ഇതാണ്, പണ്ടെങ്ങാണ്ടോ ഒരു വാഴ വെച്ചേ. നിന്നെ ജനിപ്പിച്ച സമയത്ത് ഒരു വല വാഴയും വെച്ചാൽ മതിയായിരുന്നുവെന്ന് നമ്മുടെ അച്ഛന്മാര് ദേഷ്യത്തോടെ പറയുമായിരുന്നു. അതാണിവിടെ പാട്ടായി പറയുന്നത്. എന്തൊരു വികലമാണെന്ന് നോക്ക്. വരികളുടെ വികലമായ അവസ്ഥ നോക്കണം. ചതിച്ചല്ലോ വാഴ..കുലച്ചില്ല വാഴ.. ഉപയോഗ ശൂന്യൻ നീ ഭൂമിക്ക് ഭാരം, ഇങ്ങനെ പോകുന്നു പാട്ട്.

അല്ലിയാമ്പൽ കടവില്ലന്ന് അരയ്ക്ക് വെള്ളം അന്ന് നമ്മളൊന്നായി തുഴഞ്ഞില്ലേ കൊതുമ്പു വെള്ളം എന്നെഴുതിയ ഭാസ്കരൻ മാഷിന്റെ കുഴിമാടത്തിൽ ചെന്ന് ഈ പാട്ടെഴുതിയ ആളുകൾ നൂറുവട്ടം തൊഴണം എന്ന് ഞാൻ പറയും,’ടി.പി.ശാസ്തമംഗലം പറയുന്നു.

Content Highlight: Movie song critic T. P. Shastamangalam  criticizes the songs in the movie Vazha

We use cookies to give you the best possible experience. Learn more