| Friday, 23rd July 2021, 3:52 pm

Film Review | സന്തോഷത്തിന്റെ ഒന്നാം രഹസ്യം | മുഹമ്മദ് റാഫി എന്‍. വി.

മുഹമ്മദ് റാഫി എന്‍.വി

ഡോണ്‍ പാലത്തറ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം’ (Joyful Mystery) ലിവിംങ് ടുഗെതറിലൂടെ ഒന്നിച്ച് മുന്നോട്ട് പോകുന്ന മാധ്യമ പ്രവര്‍ത്തകയായ മരിയയുടെയും (റിമ കല്ലിങ്ങല്‍) തിയറ്റര്‍ ആക്ടര്‍ ആയ ജിതിന്റെയും (ജിതിന്‍ പുത്തെഞ്ചേരി) ഒരു കാറിനുള്ളില്‍ നടക്കുന്ന സംഭാഷണങ്ങളിലൂടെ പുരോഗമിക്കുന്ന സിനിമയാണ്.

ആഖ്യാനത്തിലെ പുതുമയും ദൃശ്യപാഠം എന്ന നിലക്കുള്ള നവീനതയും സത്യസന്ധതയും മുദ്രവാക്യ പ്രായത്തില്‍ പെണ്ണുടല്‍ രാഷ്ട്രീയം പറഞ്ഞു പൊതുബോധ നിര്‍മിതി ചൂഷണം ചെയ്യാനുള്ള ശ്രമമില്ലായ്മയും ഉള്ളത് കൊണ്ട് തന്നെ സിനിമ എന്ന നിലക്ക് സാങ്കേതികമായും സൗന്ദര്യശാസ്ത്രപരമായും കലാമൂല്യം ഉള്‍വഹിക്കുന്ന സെഗ്മെന്റ് ആണ് സന്തോഷത്തിന്റെ ഒന്നാം രഹസ്യം.

ഒറ്റ ഷോട്ടില്‍ ചിത്രീകരിച്ച (85 മിനുട്) ഈ ചിത്രം അവരുടെ ബന്ധത്തിന്റെ ആഴങ്ങളിലേക്ക് കടന്നു ചെല്ലുന്നു. ആധുനികാനന്തരം കൂട്ടു ജീവിത മനോഭാവം കുടുംബം പ്രത്യുല്പാദനം തുടങ്ങിയ സംഗതികളുമായി ബന്ധപ്പെട്ട പുതിയ ആലോചനകളും സമീപനങ്ങളും യുവാക്കളില്‍ ഉരുത്തിരിയുന്നുണ്ട്. വിവാഹം എന്ന സാമ്പ്രദായിക സങ്കല്പം പലവിധത്തില്‍ റോമന്‍ പാട്രിയാര്‍ക്കി വ്യവസ്ഥയെ പിന്തുടരുന്നതും സ്ത്രീക്ക് അവളുടെ സ്വതന്ത്രമായ അസ്തിത്വം തന്നെ റദ്ദ് ചെയ്‌തെടുത്തതുമാണ്.

വിവാഹ ശേഷം പെണ്ണിന് ജോലി ഉണ്ടായാലും ഇല്ലെങ്കിലും പുരുഷന്റെ വീട്ടില്‍ താമസിക്കുകയും സ്വന്തം വീടുപേക്ഷിക്കേണ്ടി വരികയും ചെയ്യുന്നതാണ് പാരമ്പര്യ നാട്ടുരീതി. കുറച്ചെങ്കിലും മാറ്റമുള്ളത് നഗര ജീവിതത്തിലാണ്. ലിവിങ് ടുഗതര്‍ പോലുള്ള സമ്പ്രദായങ്ങളില്‍ കൂടിയോ പരസ്പരം കണ്‍സേണ്‍ എടുത്തു മാത്രമോ ലൈംഗികത പങ്കു വെച്ചും ഒരുമിച്ചു ജീവിച്ചും മുന്നോട്ടു പോകുന്ന പുതിയ തലമുറയില്‍ പെട്ട കുറച്ചു പേരെങ്കിലും മെട്രോ നഗര ജീവിതങ്ങളിലും മറ്റു സാമ്പ്രദായികമല്ലാത്ത ആണ്‍പെണ്‍ കൂട്ടുജീവിതങ്ങളിലും ട്രാന്‍സ് വ്യക്തികളുടെ സഹയാത്രാ ഇടങ്ങളിലും സവിശേഷമായി ഉണ്ടായി വന്നിട്ടുണ്ട്.

പാരമ്പര്യ സങ്കല്പ പ്രകാരമുള്ള വിവാഹരഹിത ലൈംഗികത പാപമോ അധാര്‍മികമോ ഒന്നുമായി ഇവര്‍ കാണുന്നില്ല. ഇങ്ങിനെ ജീവിക്കുന്നവര്‍ക്കിടയില്‍ ഉണ്ടാകാനിടയുള്ള സംഭാഷണത്തില്‍ കൂടി മുന്നേറുന്ന മനോഹരമായ ഒരു ജീവിതസത്യം ആഖ്യാനം ചെയ്യുകയാണ് സന്തോഷത്തിന്റെ ഒന്നാം രഹസ്യം എന്ന പരീക്ഷണ മിനിമല്‍ സിനിമ ചെയ്യുന്നത്.

ലോക സിനിമയില്‍ ഒറ്റ ഷോട്ടില്‍ തീര്‍ത്ത സിനിമകള്‍ ഉണ്ടായിട്ടുണ്ടെകിലും (ഉദാ; റഷ്യന്‍ എ ആര്‍ കെ / 2002 / അലക്സാണ്ടര്‍ സുക്കറോവ്) മലയാളത്തില്‍ അത് സാധാരണമല്ല. ഒരര്‍ത്ഥത്തില്‍ ഇതൊരു പ്രശ്‌നനിര്‍ധാരണാ സിനിമയാണ്. ഭാവിയില്‍ ഉണ്ടാവാനിടയുള്ള ഒരു പ്രശ്‌നം സംഭവിക്കുമോ എന്ന് ഭയപ്പെട്ട് അനാവശ്യ തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും മാനസിക സ്വസ്ഥതയും സമയനഷ്ടവും വാഗ്വാദവും മാത്രം മിച്ചം വരികയും ചെയ്യുന്ന വിധം അങ്ങിനെ ഒരു പ്രശ്‌നം സംഭവിക്കാതിരുന്നാല്‍ എങ്ങിനെയിരിക്കും എന്ന ഒറ്റ പ്ലോട്ട് സിനിമയായും ഇതിനെ വായിച്ചെടുക്കാം.

എന്നാല്‍ ഈ ഒരു പ്ലോട്ട് നിര്‍ദ്ധാരണം ചെയ്യുമ്പോള്‍ തന്നെ പെണ്ണുടല്‍ അവളുടെ സ്വാതന്ത്ര്യം, പ്രത്യുല്പാദനം, വിവാഹം, സ്ത്രീ പുരുഷ ബന്ധം, സൗഹൃദം തുടങ്ങിയ വസ്തുതകളെ സംബന്ധിച്ച പുതുകാല മനോഭാവവും മറ്റുമായാണ് ജിതിന്‍, മരിയ എന്നിവരുടെ സംഭാഷണം മുന്നേറുന്നത്. 22 എഫ്.കെ. പോലുള്ള ഒരു ന്യൂ ജനറേഷന്‍ സിനിമയിലെ പ്രധാന കഥാപാത്രം കൂടിയായ റിമ കല്ലിങ്ങല്‍ ഈ സിനിമയുടെ സംഭാഷണ എഴുത്തില്‍ കൂടി പങ്കാളിയാണ്.

പലപ്പോഴും മരിയയുടെയോ റിമയുടെയോ എന്ന് സംശയം തോന്നിപ്പിക്കത്തക്കവിധം അത്രയ്ക്ക് ന്യൂ വും സ്വാഭാവികവുമാണ് ആ സംഭാഷണങ്ങള്‍. ജിതിന് മരിയയുമായി റിലേഷന്‍ഷിപ് ഉണ്ടാവുന്നതിനു മുമ്പ് കുറെ സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു എന്നുള്ളത് മരിയക്ക് ഒരു പ്രശ്‌നമല്ല. ജിതിനാവട്ടെ മരിയയെ സംബന്ധിച്ച ഇക്കാര്യം അറിയാനെ താല്പര്യപ്പെടുന്നില്ല. അതെ സമയം ഇരുവരും (പ്രത്യേകിച്ചും മരിയ) പരസ്പരം ഇരുവരുടെയും സ്വകാര്യതയില്‍ കണ്‍സേണ്‍ ആണ് താനും.

ജിതിന്‍ പുത്തെഞ്ചേരി, റിമ കല്ലിങ്കല്‍, ഡോണ്‍ പാലത്തറ എന്നിവര്‍ സിനിമയുടെ ചിത്രീകരണത്തിനിടെ

ജിതിന്റെ വാട്‌സ് ആപ് സന്ദേശങ്ങള്‍ മരിയ നിരീക്ഷിക്കുന്നുണ്ട്. മരിയ മറ്റു സുഹൃത്തുക്കളായ സ്ത്രീകളോടൊപ്പം എന്താണ് ഏര്‍പ്പാട് എന്ന് ജിതിനും ഉത്കണ്ഠയുണ്ട്. സെക്‌സ് ചെയ്യുന്ന രണ്ടു പേര്‍ മറ്റുള്ളവര്‍ അനുഭവിക്കാന്‍ ഇടയില്ലാത്ത വിധം എത്ര ലിബറല്‍ ആയാലും ചില അധികാര ബന്ധങ്ങള്‍ ഇരു ശരീരത്തിന് മേലും സൂക്ഷിക്കുന്നുണ്ട് എന്ന് പറയാതെ പറയുന്നുണ്ട് പലപ്പോഴും ഈ സംഭാഷണങ്ങള്‍ എന്നും പറയാം.

മരിയയും ജിതിനും അവരുടെ സുഹൃത്തുക്കളോട് സംസാരിക്കുന്നത് രണ്ടു പേരുടെയും അസാന്നിധ്യത്തിലാണ്. മാത്രമല്ല സംസാരം തുടര്‍ന്നു കൊണ്ടിരിക്കെ രണ്ട് പേരും രണ്ടു പേരുടെയും സാന്നിധ്യത്തില്‍ സംഭാഷണം നിര്‍ത്തുന്നു. വിവാഹമോ കൂട്ട് ജീവിതമോ ലൈംഗിക പങ്കാളിത്തമോ തുടങ്ങി എന്ത് തരം ശാരീരിക ബന്ധത്തില്‍ സ്ഥിരമായി ഏര്‍പ്പെടുന്നവരും പരസ്പരം പൂര്‍ണമായും ലിബറല്‍ ആവുന്നില്ല എന്നോ ഓരോ വ്യക്തിക്കും അവരവരുടേതായ സ്വകാര്യ ലോകങ്ങള്‍ കൂടിയുണ്ട് എന്നോ ഈ രംഗങ്ങളെ വായിക്കാം.

പൂര്‍ണമായും സ്വാതന്ത്രം നിലനിര്‍ത്തി കൊണ്ട് തന്നെ ലൈംഗിക/ കൂട്ടുജീവിത പങ്കാളിത്തം സാധ്യമാണോ എന്ന ചര്‍ച്ചക്കും ഇവിടെ സാധ്യത ഒരുങ്ങുന്നു. ഒരേ സമയം തന്നെ ലിബറല്‍ ശരീരവും ചിന്തയും പേറുന്നവര്‍ എന്ന് പരസ്പരം ധരിക്കുകയോ ധരിപ്പിക്കുകയോ ചെയ്യുകയും അതെ സമയം വ്യക്തിസ്വാതന്ത്രത്തിലേക്ക് ഇടപെടാനും ചിക്കി ചികയാനുംപൊ സ്സസീവ് ആവാനും കാണിക്കുന്ന ത്വരയും ഇവരുടെ സംഭാഷണ ശകലത്തില്‍ നിന്ന് നമുക്ക് പിടിച്ചെടുക്കാന്‍ പ്രയാസമില്ല.

ഡോണ്‍ പാലത്തറ

നിത്യ ജീവിതത്തില്‍ നാം നടത്തുന്ന സന്തോഷം കെടുത്തുന്ന ശണ്ഠകള്‍ പലതും വൃഥാ ആയിരുന്നു എന്ന ഒരു തോന്നല്‍ മരിയയുടെ പീരീഡ്‌സ് നെടുവീര്‍പ്പ് പ്രക്ഷേകരിലേക്കും പടര്‍ത്തുന്നു. ഇതിനിടയില്‍ പ്രസവവുമായി ബന്ധപ്പെട്ട സകല ബാധ്യതകളും പെണ്ണിന്റെ ജീവിതത്തെയും സ്വാതന്ത്ര്യത്തെയും മാത്രം ബാധിക്കും എന്ന ബോധ്യമുള്ള പെണ്ണാണ് മരിയ എന്ന മാറിക്കൊണ്ടിരിക്കുന്ന മലയാളിപ്പെണ്ണ് എന്നത് തന്നെയാണ് ഈ സിനിമ മുന്നോട്ടു വെക്കുന്ന രാഷ്ട്രീയം എന്നതാണ് ഈ പഠനത്തിന്റെയും സിനിമയുടെയും ഭരതവാക്യം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Movie Review –  Santhoshathinte Onnam Rahasyamm – Muhammed Rafi NV

മുഹമ്മദ് റാഫി എന്‍.വി

എഴുത്തുകാരന്‍, കഥാകൃത്ത്, ചലച്ചിത്ര നിരൂപകന്‍, അധ്യാപകന്‍. ചലച്ചിത്ര പഠനങ്ങളുടെ സമാഹാരമായ കന്യകയുടെ ദുര്‍നടപ്പുകള്‍ 2018 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് രചനാവിഭാഗം ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടിയിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ നടുവണ്ണൂര്‍ സ്വദേശിയാണ്.

We use cookies to give you the best possible experience. Learn more