| Friday, 3rd January 2025, 4:37 pm

കമ്മ്യൂണിസ്റ്റ് പച്ച അഥവാ കണ്ടം ക്രിക്കറ്റിന്റെ രാഷ്ട്രീയം

ഹണി ജേക്കബ്ബ്

അല്‍പ സ്വല്പം കള്ളത്തരമെല്ലാം കാണിച്ച് കണ്ടം ക്രിക്കറ്റ് കളിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. 90’s കിഡ്‌സിന്റെ ഓര്‍മകളില്‍ മുന്‍പന്തിയില്‍ തന്നെ ഉണ്ടാകും ‘ഒറ്റയും ഇരട്ടയും’ ചോദിച്ച് ടീം തിരിക്കുന്നതും തെങ്ങിന്റെ മടല്‍ വെട്ടി ബാറ്റുണ്ടാക്കി MRF എന്നെല്ലാം എഴുതികളിച്ചതുമെല്ലാം. ഇനി കുറച്ച് വര്‍ഷം പുറകോട്ട് സഞ്ചരിക്കാം. കുറച്ചെന്ന് വെച്ചാല്‍ ഒരു നാല്..നാലര..അഞ്ച് കൊല്ലം പുറകോട്ട്. ശരിക്കും പറഞ്ഞാല്‍ പുറത്തിറങ്ങിയതിന് ആളുകളെ ആരോഗ്യ പ്രവര്‍ത്തകര്‍ ഓടിച്ചിട്ട് പിടിച്ച ആ കൊറോണ കാലത്തേക്ക്.

കമ്മ്യൂണിസ്റ്റ് പച്ച പറയുന്നത് കൊറോണ കാലത്തെ കഥയാണ്. ലോക്ക് ഡൗണ്‍ കാലത്ത് നാട്ടിന്‍ പുറങ്ങളിലെ വൈകുന്നേരങ്ങളില്‍ ആളൊഴിഞ്ഞ പറമ്പില്‍ ക്രിക്കറ്റ് കളിക്കാനെത്തുന്ന ഒരു സംഘമാണ് സിനിമയുടെ കേന്ദ്ര ബിന്ദു. കൊവിഡ് കാലത്ത് ജോലി സ്ഥലത്തെ ചെറിയ അഭിപ്രായവ്യത്യാസം മൂലം ലീവെടുത്ത് നാട്ടിലെത്തുന്ന പ്രവാസിയായ വാഹിദില്‍ നിന്നാണ് കമ്മ്യൂണിസ്റ്റ് പച്ച ആരംഭിക്കുന്നത്. വാഹിദായി ചിത്രത്തില്‍ എത്തിയിരിക്കുന്നത് സുഡാനി ഫ്രം നൈജീരിയ എന്നൊരൊറ്റ ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ സക്കറിയയാണ്. അദ്ദേഹം ആദ്യമായി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണ് കമ്മ്യൂണിസ്റ്റ് പച്ച.

കൂടുതല്‍ സ്‌ക്രീന്‍ ടൈം ഉള്ളതും വാഹിദിന് തന്നെയായിരുന്നു. വാശിയും രാഷ്ട്രീയവും ഇച്ചിരി കുട്ടിത്തവുമെല്ലാം ഉള്ള കണ്ടം ക്രിക്കറ്റില്‍ ‘ഭീകരനായ’ വാഹിദിനെ വളരെ കയ്യടക്കോടെത്തന്നെ സക്കറിയ അവതരിപ്പിച്ചു. ‘കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ’ പേര് സൂചിപ്പിക്കുന്നതുപോലെ പാടത്തും പറമ്പിലും കാണാറുള്ള കളയല്ല. ചിത്രത്തില്‍ ചുവപ്പും പച്ചയും നിറഞ്ഞ് തന്നെ നില്‍ക്കുന്നുണ്ട്. കൊറോണ കാലത്തെ ക്രിക്കറ്റ് കളിയില്‍ കടന്നുപോകുന്ന വെറുമൊരു അന്തിചര്‍ച്ചയാകുന്നില്ല ഇവിടെ രാഷ്ട്രീയം. ‘നീ ബ്രാന്‍ഡഡ് ഒക്കെ ഇടാന്‍ തുടങ്ങിയോ’ എന്ന വാഹിദിന്റെ നിഷ്‌കളങ്കമായ ചോദ്യം മുതല്‍ മനസിനുള്ളില്‍ കാലങ്ങളായി അമര്‍ത്തിവെച്ചിട്ടുള്ള അഴുക്കുകള്‍ ചിത്രം തുറന്ന് കാണിക്കുന്നുണ്ട്.

ബഷീറിന്റെ പറമ്പില്‍ മാങ്ങ കട്ടുപറിക്കുന്ന ചിന്നമ്മയുടെ ‘ബഷീറിന്റെ പറമ്പിരിക്കുന്നത് സര്‍പ്പക്കാവ് ആയിരുന്നെന്ന് ഞാന്‍ പറഞ്ഞ് പരത്തും’ എന്ന് ചുമ്മാ പറയുന്ന തമാശ പോലും ഇന്നത്തെ രാഷ്ട്രീയ ചുറ്റുപാടുമായി അത്ര വിദൂരമല്ലാത്ത ബന്ധമുണ്ട്. എന്നാല്‍ മതവും വിശ്വാസവും മതസ്പര്‍ധയും കൊറോണയും ജാതി വെറിയും ക്വാറന്റൈനും എല്ലാംകൂടി ആയപ്പോള്‍ ഇടക്ക് അവ കുത്തിക്കയറ്റിയപോലെ അനുഭവപ്പെട്ടു. സിനിമയുടെ ഒഴുക്കിനെ ചെറുതല്ലാത്ത രീതിയില്‍ അത് ബാധിക്കുന്നുമുണ്ട്. ഇടക്കുള്ള ഡയലോഗുകളിലും നാടകീയത കടന്ന് വരുന്നുണ്ട്.

സിനിമയുടെ ടെക്നിക്കല്‍ വശങ്ങള്‍ എല്ലാം മികച്ച് തന്നെ നിന്നു. സംവിധായകന്‍ ഷമീം മൊയ്ദീന്റെ ആദ്യ ചിത്രം ആയിട്ടുകൂടി നന്നായി തന്നെ അദ്ദേഹം ചെയ്തിട്ടുണ്ട്. ആഷിഫ് കക്കോടിയുടെ തിരക്കഥയും ഷാഫിയുടെ സിനിമാട്ടോഗ്രഫിയും മികച്ച് നിന്നു. ശ്രീഹരി കെ. നായരുടെ സംഗീതം കമ്മ്യൂണിസ്റ്റ് പച്ചക്ക് കൂടുതല്‍ ഊര്‍ജം നല്‍കി. പ്രത്യേകിച്ച് ക്ലൈമാക്‌സിനോട് അടുക്കുമ്പോഴുള്ള പാട്ടും കണ്ടം ക്രിക്കന്റെ ബി.ജി.എമ്മുമെല്ലാം മനോഹരമായിരുന്നു.

കമ്മ്യൂണിസ്റ്റ് പച്ച കുറച്ച് കാലങ്ങള്‍ക്ക് മുമ്പ് ഷൂട്ട് കഴിഞ്ഞ ചിത്രമാണ്. അതുകൊണ്ടു തന്നെ ഒന്ന് രണ്ട് വര്‍ഷം മുമ്പ് ഇറങ്ങിയിരുന്നെങ്കില്‍ ചിത്രം കുറേ കൂടി റിലേറ്റ് ചെയ്യാന്‍ കഴിഞ്ഞേനെ. എന്നാല്‍ സിനിമ തീര്‍ത്തും ഔട്ട് ഡേറ്റഡ് ആകുന്നില്ല. കമ്മ്യൂണിസ്റ്റ് പച്ച മുന്നോട്ട് വെക്കുന്ന വിഷയം ഇന്നും പ്രാധാന്യമുള്ളതാണ്. സിനിമയില്‍ ഒരുപാട് പുതുമുഖങ്ങള്‍ ഉണ്ട്. അവരുടെയെല്ലാം തന്നെ പെര്‍ഫോമന്‍സും മികച്ച് നില്‍ക്കുന്നതാണ്. സ്ഥിരമായി കോമഡി വേഷങ്ങള്‍ ചെയ്യുന്ന അശ്വന്‍ വിജയന്‍ കാമ്പുള്ള വേഷം ചെയ്തതും പുതുമയുള്ളതായി തോന്നി. അനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സനാഥന്‍, ബിബീഷായെത്തിയ ഷംസുദ്ദീന്‍ മങ്കാരതൊടി, ഖദീജയെ അവതരിപ്പിച്ച നസ്ലിന്‍, എന്നിവരുടെ പ്രകടനങ്ങളും നന്നായിരുന്നു.

ചുരുക്കി പറഞ്ഞാല്‍ കുറച്ച് തമാശയും കുറച്ച് ഇമോഷണല്‍ രംഗങ്ങളും കുറച്ച് രാഷ്ട്രീയവുമുള്ള ചെറിയ നല്ല സിനിമയാണ് കമ്മ്യൂണിസ്റ്റ് പച്ച.

Content Highlight: Movie Review Of Communist Pacha Adhava Appa

ഹണി ജേക്കബ്ബ്

ഡൂള്‍ന്യൂസില്‍ ട്രെയിനി സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ്‌കമ്യൂണിക്കേഷനില്‍ ബിരുദാനന്തരബിരുദം

We use cookies to give you the best possible experience. Learn more