|

ഭരണഘടനാവകാശം റദ്ദാക്കി വേണമോ നിര്‍മാതാക്കള്‍ക്ക് മുടക്കിയ കാശ് തിരികെ കിട്ടാന്‍?

പ്രമോദ് പുഴങ്കര

റിവ്യൂ ബോംബിങ്’ നടത്തി മലയാള സിനിമയെ ‘തകര്‍ക്കുന്നവര്‍ക്കെതിരെ’ ചില ചലച്ചിത്ര നിര്‍മ്മാതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഒരു അമിക്കസ് ക്യൂറിയെ (ഒരു പ്രത്യേക വിഷയത്തില്‍ കോടതിയെ സഹായിക്കുന്നതിനായി നിയമിക്കുന്ന അഭിഭാഷകന്‍) നിയമിക്കുകയും അദ്ദേഹം തന്റെ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തിരിക്കുന്നു.

വാര്‍ത്തകളില്‍ കാണുന്ന തരത്തിലാണ് അദ്ദേഹം നല്‍കിയ നിര്‍ദ്ദേശങ്ങളെങ്കില്‍ ഭരണഘടനയില്‍ അഭിപ്രായസ്വാതന്ത്ര്യം സംബന്ധിച്ച കാര്യങ്ങള്‍ പറയുന്ന ഭാഗവും ഒപ്പം അത് സംബന്ധിച്ച നിരവധിയായ സുപ്രീം കോടതി വിധികളും കുറച്ചുകൂടി വിശദമായി മനസിലാക്കാന്‍ അമിക്കസ് ക്യൂറിയായി നിയമിക്കപ്പെട്ട അഭിഭാഷകനെ സഹായിക്കാനുള്ള എന്തെങ്കിലും സംവിധാനം കോടതി നല്‍കണം.

ചലച്ചിത്ര നിര്‍മ്മാതാക്കളുടെ അഭിഭാഷകന്‍ എഴുതിക്കൊടുക്കുന്ന നിര്‍ദ്ദേശങ്ങള്‍ എന്നായിരിക്കും ഈ നിര്‍ദ്ദേശങ്ങള്‍ക്ക് നല്‍കാവുന്ന തലക്കെട്ട്. ഇത് സംബന്ധിച്ച് വാദം കേള്‍ക്കുന്ന കോടതി ഒരുതരത്തില്‍ ഭരണകൂടത്തിന്റെ Policing സ്വഭാവം ഏറ്റെടുക്കാന്‍ തുടങ്ങുമോ എന്ന ന്യായമായ ആശങ്കകൂടിയുണ്ട്. അത് കാത്തിരുന്നു കാണാം.

സിനിമ റിലീസ് ചെയ്ത് 48 മണിക്കൂര്‍ കഴിഞ്ഞേ നിരൂപണമാകാവൂ എന്നാണ് ഒരു നിര്‍ദ്ദേശം. ആദ്യ പ്രദര്‍ശനം കണ്ടു പുറത്തിറങ്ങുന്നവര്‍ തങ്ങളുടെ അഭിപ്രായം പറയാന്‍ 48 മണിക്കൂര്‍ കാത്തിരിക്കണം പോലും! ലോകം കണ്ട എക്കാലത്തെയും വലിയ എഴുത്തുകാരില്‍ ഒരാളായ ഗാബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്വിസിന്റെ അപ്രകാശിത നോവല്‍, Untill August, അദ്ദേഹത്തിന്റെ മരണാനന്തരം പ്രസിദ്ധീകരിച്ചു. പ്രസിദ്ധീകരിക്കാന്‍ കൊള്ളില്ലെന്ന് അദ്ദേഹം തന്നെ പറഞ്ഞ കൃതിയാണത്.

എന്നാല്‍ പുസ്തകം പുറത്തിറക്കാന്‍ അദ്ദേഹത്തിന്റെ മക്കള്‍ തീരുമാനിച്ചു. എന്തായാലും പുസ്തകമിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ ലോകത്തിലെ മുന്‍നിര മാധ്യമങ്ങളില്‍ വിശകലനങ്ങളും നിരൂപണങ്ങളും വന്നു. കൊള്ളാമെന്നും, മോശമെന്നും വേണ്ടായിരുന്നു എന്നും പ്രതിഭയുടെ നിഴല്‍ മാത്രമെന്നുമൊക്കെയായി പലതരം അഭിപ്രായങ്ങള്‍.

ഒരു സൃഷ്ടി നിങ്ങള്‍ പൊതുസമൂഹത്തിനു ആസ്വാദനത്തിനായി നല്‍കുമ്പോള്‍ അതിനെക്കുറിച്ചുള്ള നാനാതരം അഭിപ്രായങ്ങള്‍ കേള്‍ക്കാന്‍ സന്നദ്ധരായിരിക്കണം. കാശുകൊടുത്ത് പുസ്തകം വാങ്ങുന്നവരും സിനിമ കാണുന്നവരുമൊക്കെ അത്തരത്തില്‍ അഭിപ്രായം പറയും. കാശുകൊടുക്കാതെ വായിക്കുന്നവര്‍ക്കും സിനിമ കണ്ടവര്‍ക്കും അതേ സ്വാതന്ത്ര്യമുണ്ട്. സുപ്രീം കോടതി വിധിയെക്കുറിച്ചും ഭരണകൂടത്തെക്കുറിച്ചും അങ്ങനെ സൂര്യന് കീഴിലുള്ള എന്തിനെക്കുറിച്ചും നിയമവിരുദ്ധമല്ലാത്ത രീതിയില്‍ എന്തഭിപ്രായവും പറയാന്‍ പൗരാവകാശമുള്ള നാടാണ് നമ്മുടേത്. ഭരണഘടന അതുറപ്പാക്കുന്നു. കാശ് മുടക്കുന്ന സിനിമ മുതലാളിമാര്‍ക്ക് അതില്‍ പ്രത്യേക പരിരക്ഷ നല്‍കണം എന്ന ആവശ്യം അസംബന്ധമാണ്.

ഒരു സിനിമയെ കീറിമുറിച്ചു ‘നശിപ്പിക്കുന്നതിന്’ പകരം ക്രിയാത്മകമായ വിമര്‍ശനം നടത്തണം എന്നാണ് അമിക്കസ് ക്യൂറിയുടെ മറ്റൊരു നിര്‍ദ്ദേശം. ക്രിയാത്മക വിമര്‍ശനത്തിന് ആരാണ് മാനദണ്ഡങ്ങള്‍ നിര്‍ണ്ണയിക്കുന്നത്? കീറിമുറിക്കണോ വേണ്ടയോ എന്നുള്ളത് പ്രേക്ഷകനും വായനക്കാരനുമൊക്കെയാണ് തീരുമാനിക്കുന്നത്. ആദ്യത്തെ രണ്ടു ദിവസം കഥാസാരമൊന്നും പറയരുത് എന്നാണ് നിര്‍ദ്ദേശം. സിനിമ മുഴുവന്‍ അവസാനം കള്ളനെപ്പിടിക്കുന്ന കഥാവതരണമാണ് എന്ന തെറ്റിദ്ധാരണയില്‍ നിന്നാണ് ഇതൊക്കെയുണ്ടാകുന്നത്. ഒരു കലാമാധ്യമം എന്ന നിലയില്‍ ചലച്ചിത്രം അതിന്റെ ആഖ്യാനഭാഷയിലാണ് വ്യത്യസ്തമാകുന്നത്.

കാശ് മുടക്കുന്ന മുതലാളിമാര്‍ക്ക് ലാഭമുണ്ടാക്കിക്കൊടുക്കുക എന്ന ചുമതല കോടതികള്‍ ഏറ്റെടുക്കേണ്ടതില്ല. മറ്റേത് സംരഭത്തെയും പോലെ വില്‍പ്പനയ്ക്ക് വെക്കുന്ന ഉത്പ്പന്നം വിപണയിലെ ഏറ്റിറക്കങ്ങള്‍ക്ക് വിധേയമാണ്. ഒരു കമ്പനി അതിന്റെ ഓഹരികള്‍ പൊതു ഓഹരി വിപണിയില്‍ വില്‍പ്പനയ്ക്ക് ഇറക്കുമ്പോള്‍ അത് വാങ്ങണോ വേണ്ടയോ എന്നത് സംബന്ധിച്ച നൂറുകണക്കിന് വിശകലനങ്ങള്‍ നിങ്ങള്‍ക്ക് ഓഹരിവിപണിയുമായി ബന്ധപ്പെട്ട വിദഗ്ദ്ധരില്‍ നിന്നും കാണാനാകും.
പബ്ലിക്ക് ഇഷ്യൂ തുടങ്ങി രണ്ടു ദിവസം കഴിഞ്ഞിട്ടേ അതിനെക്കുറിച്ചു മിണ്ടാവൂ അല്ലെങ്കില്‍ മുതലാളിക്ക് നഷ്ടമുണ്ടാകും എന്ന നിയമമൊന്നും നാട്ടിലില്ല. പരിപൂര്‍ണ്ണമായും വിപണിയിലെ ലാഭം നോക്കിയിറക്കുന്ന മറ്റൊരുത്പ്പന്നമായ ചലച്ചിത്രങ്ങള്‍ക്ക് മാത്രമായി ഭരണഘടന മാറ്റിയെഴുതാനുള്ള സാഹസം കോടതി കാണിക്കില്ലെന്ന് കരുതാം.

മലയാളിയുടെ സാംസ്‌കാരിക ജീവിതത്തില്‍ ചലച്ചിത്രങ്ങള്‍ ഏതാണ്ട് ഭൂരിഭാഗം സംവാദവ്യവഹാരസ്ഥലവും അപഹരിച്ചുകഴിഞ്ഞു. അത് വളരെ എളുപ്പത്തിലുള്ളൊരു സാംസ്‌ക്കാരികജീവിതം സാധ്യമാക്കുന്നു എന്നും അത് താരസമൃദ്ധമായ രാഷ്ട്രീയ, സാമൂഹ്യാന്തരീക്ഷത്തിന് വളരാന്‍ പാകമാണ് എന്നും തിരിച്ചറിഞ്ഞതോടെ ചലച്ചിത്രപ്രചാരണത്തിന്റെയും താരവേദികളുടെയും പകര്‍ത്തലുകളായി രാഷ്ട്രീയ,സാംസ്‌ക്കാരിക വേദികള്‍ മാറുകയും ചെയ്യുന്നു. അതൊരെളുപ്പപ്പണിയാണ്. അതിന്റെ ഗുണദോഷവിചാരങ്ങള്‍ കൂടുതല്‍ വിശാലമായ വിഷയമാണ്.

വളരെ സാമാന്യമായ, ശരാശരിയായ, വെറും കഥപറച്ചിലുകള്‍ മാത്രമായ ചലച്ചിത്രങ്ങളെയൊക്കെ ലോകോത്തരമാക്കി അവതരിപ്പിക്കുന്ന നാനാതരം നിരൂപണ കരാര്‍പ്പണികള്‍ നമ്മള്‍ കാണുന്നുണ്ട്. ഒരു കലാസൃഷ്ടിയെക്കുറിച്ചുള്ള നിരൂപണത്തിന് ശാസ്ത്രീയ മാനദണ്ഡങ്ങളൊന്നുമില്ല.

ആസ്വാദകന്റെ വ്യക്തിനിഷ്ഠമായ എന്ത് തോന്നലും അതില്‍വരാം. വിപണിയുടെ ന്യായത്തില്‍ നോക്കിയാല്‍ ആദ്യത്തെ രണ്ടു ദിവസത്തെ ചലച്ചിത്ര പ്രദര്‍ശനം സൗജന്യമായല്ല നടത്തുന്നത് എന്നുകൂടി നിര്‍മ്മാതാക്കള്‍ ഓര്‍ക്കണം. ചലച്ചിത്ര നിര്‍മ്മാതാക്കള്‍ക്ക് ഭരണഘടനയും അഭിപ്രായസ്വാതന്ത്ര്യം സംബന്ധിച്ച കോടതി വിധികളും നല്‍കിയിട്ട് കാര്യമൊന്നുമില്ല. മുടക്കിയ കാശ് ഇരട്ടിയായി തിരിച്ചുകിട്ടാന്‍ ഭരണഘടന റദ്ദാക്കണമെങ്കില്‍ അതിനും അവര്‍ വാദിക്കും.

എന്നാല്‍ അമിക്കസ് ക്യൂറിയുടെ കാര്യത്തില്‍ അങ്ങനെയല്ല. ജനാധിപത്യത്തിലെ അഭിപ്രായ സ്വാതന്ത്ര്യവും ഭരണഘടനയിലെ പൗരാവകാശവും സംബന്ധിച്ച വളരെ നിര്‍ണ്ണായകവും സൂക്ഷ്മവും പ്രത്യാഘാതങ്ങളുണ്ടാക്കാവുന്നതും ഭാവിയില്‍ ഭരണകൂടം പൗരാവകാശങ്ങളെ അടിച്ചമര്‍ത്താന്‍ ആയുധമാക്കാവുന്നതുമായ തരത്തിലുള്ള ഒരു വിധിക്കുവേണ്ടിയുള്ള നിര്‍ദ്ദേശങ്ങളാണ് താന്‍ സമര്‍പ്പിച്ചതെന്നും അത് ഭരണഘടനയുടെ പ്രാഥമികമായ അന്തസത്തയ്ക്ക് നിരക്കുന്നതല്ല എന്നും മനസിലാക്കാനുള്ള സാധ്യത ഇനിയുമുണ്ട്. കോടതിയുടെ കാര്യത്തിലാണെങ്കില്‍ ആ സാധ്യതയുണ്ട് എന്ന് മാത്രമാണ് ഇക്കാലത്ത് പുലര്‍ത്താവുന്ന ശുഭാപ്തിവിശ്വാസം. ഉറപ്പൊന്നുമില്ല.

പ്രമോദ് പുഴങ്കര

സുപ്രീംകോടതി അഭിഭാഷകന്‍