റിവ്യൂ ബോംബിങ്’ നടത്തി മലയാള സിനിമയെ ‘തകര്‍ക്കുന്നവര്‍ക്കെതിരെ’ ചില ചലച്ചിത്ര നിര്‍മ്മാതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഒരു അമിക്കസ് ക്യൂറിയെ (ഒരു പ്രത്യേക വിഷയത്തില്‍ കോടതിയെ സഹായിക്കുന്നതിനായി നിയമിക്കുന്ന അഭിഭാഷകന്‍) നിയമിക്കുകയും അദ്ദേഹം തന്റെ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തിരിക്കുന്നു.
വാര്‍ത്തകളില്‍ കാണുന്ന തരത്തിലാണ് അദ്ദേഹം നല്‍കിയ നിര്‍ദ്ദേശങ്ങളെങ്കില്‍ ഭരണഘടനയില്‍ അഭിപ്രായസ്വാതന്ത്ര്യം സംബന്ധിച്ച കാര്യങ്ങള്‍ പറയുന്ന ഭാഗവും ഒപ്പം അത് സംബന്ധിച്ച നിരവധിയായ സുപ്രീം കോടതി വിധികളും കുറച്ചുകൂടി വിശദമായി മനസിലാക്കാന്‍ അമിക്കസ് ക്യൂറിയായി നിയമിക്കപ്പെട്ട അഭിഭാഷകനെ സഹായിക്കാനുള്ള എന്തെങ്കിലും സംവിധാനം കോടതി നല്‍കണം.
ചലച്ചിത്ര നിര്‍മ്മാതാക്കളുടെ അഭിഭാഷകന്‍ എഴുതിക്കൊടുക്കുന്ന നിര്‍ദ്ദേശങ്ങള്‍ എന്നായിരിക്കും ഈ നിര്‍ദ്ദേശങ്ങള്‍ക്ക് നല്‍കാവുന്ന തലക്കെട്ട്. ഇത് സംബന്ധിച്ച് വാദം കേള്‍ക്കുന്ന കോടതി ഒരുതരത്തില്‍ ഭരണകൂടത്തിന്റെ Policing സ്വഭാവം ഏറ്റെടുക്കാന്‍ തുടങ്ങുമോ എന്ന ന്യായമായ ആശങ്കകൂടിയുണ്ട്. അത് കാത്തിരുന്നു കാണാം.
സിനിമ റിലീസ് ചെയ്ത് 48 മണിക്കൂര്‍ കഴിഞ്ഞേ നിരൂപണമാകാവൂ എന്നാണ് ഒരു നിര്‍ദ്ദേശം. ആദ്യ പ്രദര്‍ശനം കണ്ടു പുറത്തിറങ്ങുന്നവര്‍ തങ്ങളുടെ അഭിപ്രായം പറയാന്‍ 48 മണിക്കൂര്‍ കാത്തിരിക്കണം പോലും! ലോകം കണ്ട എക്കാലത്തെയും വലിയ എഴുത്തുകാരില്‍ ഒരാളായ ഗാബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്വിസിന്റെ അപ്രകാശിത നോവല്‍, Untill August, അദ്ദേഹത്തിന്റെ മരണാനന്തരം പ്രസിദ്ധീകരിച്ചു. പ്രസിദ്ധീകരിക്കാന്‍ കൊള്ളില്ലെന്ന് അദ്ദേഹം തന്നെ പറഞ്ഞ കൃതിയാണത്.
എന്നാല്‍ പുസ്തകം പുറത്തിറക്കാന്‍ അദ്ദേഹത്തിന്റെ മക്കള്‍ തീരുമാനിച്ചു. എന്തായാലും പുസ്തകമിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ ലോകത്തിലെ മുന്‍നിര മാധ്യമങ്ങളില്‍ വിശകലനങ്ങളും നിരൂപണങ്ങളും വന്നു. കൊള്ളാമെന്നും, മോശമെന്നും വേണ്ടായിരുന്നു എന്നും പ്രതിഭയുടെ നിഴല്‍ മാത്രമെന്നുമൊക്കെയായി പലതരം അഭിപ്രായങ്ങള്‍.
ഒരു സൃഷ്ടി നിങ്ങള്‍ പൊതുസമൂഹത്തിനു ആസ്വാദനത്തിനായി നല്‍കുമ്പോള്‍ അതിനെക്കുറിച്ചുള്ള നാനാതരം അഭിപ്രായങ്ങള്‍ കേള്‍ക്കാന്‍ സന്നദ്ധരായിരിക്കണം. കാശുകൊടുത്ത് പുസ്തകം വാങ്ങുന്നവരും സിനിമ കാണുന്നവരുമൊക്കെ അത്തരത്തില്‍ അഭിപ്രായം പറയും. കാശുകൊടുക്കാതെ വായിക്കുന്നവര്‍ക്കും സിനിമ കണ്ടവര്‍ക്കും അതേ സ്വാതന്ത്ര്യമുണ്ട്. സുപ്രീം കോടതി വിധിയെക്കുറിച്ചും ഭരണകൂടത്തെക്കുറിച്ചും അങ്ങനെ സൂര്യന് കീഴിലുള്ള എന്തിനെക്കുറിച്ചും നിയമവിരുദ്ധമല്ലാത്ത രീതിയില്‍ എന്തഭിപ്രായവും പറയാന്‍ പൗരാവകാശമുള്ള നാടാണ് നമ്മുടേത്. ഭരണഘടന അതുറപ്പാക്കുന്നു. കാശ് മുടക്കുന്ന സിനിമ മുതലാളിമാര്‍ക്ക് അതില്‍ പ്രത്യേക പരിരക്ഷ നല്‍കണം എന്ന ആവശ്യം അസംബന്ധമാണ്.
ഒരു സിനിമയെ കീറിമുറിച്ചു ‘നശിപ്പിക്കുന്നതിന്’ പകരം ക്രിയാത്മകമായ വിമര്‍ശനം നടത്തണം എന്നാണ് അമിക്കസ് ക്യൂറിയുടെ മറ്റൊരു നിര്‍ദ്ദേശം. ക്രിയാത്മക വിമര്‍ശനത്തിന് ആരാണ് മാനദണ്ഡങ്ങള്‍ നിര്‍ണ്ണയിക്കുന്നത്? കീറിമുറിക്കണോ വേണ്ടയോ എന്നുള്ളത് പ്രേക്ഷകനും വായനക്കാരനുമൊക്കെയാണ് തീരുമാനിക്കുന്നത്. ആദ്യത്തെ രണ്ടു ദിവസം കഥാസാരമൊന്നും പറയരുത് എന്നാണ് നിര്‍ദ്ദേശം. സിനിമ മുഴുവന്‍ അവസാനം കള്ളനെപ്പിടിക്കുന്ന കഥാവതരണമാണ് എന്ന തെറ്റിദ്ധാരണയില്‍ നിന്നാണ് ഇതൊക്കെയുണ്ടാകുന്നത്. ഒരു കലാമാധ്യമം എന്ന നിലയില്‍ ചലച്ചിത്രം അതിന്റെ ആഖ്യാനഭാഷയിലാണ് വ്യത്യസ്തമാകുന്നത്.
കാശ് മുടക്കുന്ന മുതലാളിമാര്‍ക്ക് ലാഭമുണ്ടാക്കിക്കൊടുക്കുക എന്ന ചുമതല കോടതികള്‍ ഏറ്റെടുക്കേണ്ടതില്ല. മറ്റേത് സംരഭത്തെയും പോലെ വില്‍പ്പനയ്ക്ക് വെക്കുന്ന ഉത്പ്പന്നം വിപണയിലെ ഏറ്റിറക്കങ്ങള്‍ക്ക് വിധേയമാണ്. ഒരു കമ്പനി അതിന്റെ ഓഹരികള്‍ പൊതു ഓഹരി വിപണിയില്‍ വില്‍പ്പനയ്ക്ക് ഇറക്കുമ്പോള്‍ അത് വാങ്ങണോ വേണ്ടയോ എന്നത് സംബന്ധിച്ച നൂറുകണക്കിന് വിശകലനങ്ങള്‍ നിങ്ങള്‍ക്ക് ഓഹരിവിപണിയുമായി ബന്ധപ്പെട്ട വിദഗ്ദ്ധരില്‍ നിന്നും കാണാനാകും.