Entertainment
ദേശീയ അവാർഡ് വേദിയിൽ അരങ്ങ് നിറഞ്ഞ് 'ആട്ടം'; മികച്ച ചിത്രം, തിരക്കഥ, എഡിറ്റിങ്, മൂന്ന് പുരസ്കാരങ്ങൾ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Aug 16, 09:09 am
Friday, 16th August 2024, 2:39 pm

എഴുപതാം ദേശീയ അവാർഡ് വേദിയിൽ അരങ്ങു നിറഞ്ഞ് മലയാള ചിത്രം ആട്ടം. മികച്ച ചിത്രം, മികച്ച തിരക്കഥ, മികച്ച എഡിറ്റിങ് എന്നീ മൂന്ന് പ്രധാന പുരസ്‌കാരങ്ങളാണ് ആട്ടം സ്വന്തമാക്കിയത്. നവാഗതനായ ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ചിത്രം മുമ്പ് പല ഫെസ്റ്റിവലുകളിലും പുരസ്‌കാരങ്ങൾ നേടിയിരുന്നു.

പൂർണമായി തിരക്കഥ ഹീറോ ആയിട്ടുള്ള ചിത്രമാണ് ആട്ടം. സംഭാഷണങ്ങളിലൂടെ ഒരു സിനിമയെ പിടിച്ച് നിർത്താൻ കഴിയണമെങ്കിൽ പറയുന്ന വിഷയവും തിരക്കഥയും അത്രയും പവർഫുൾ ആവണം. അതും സംസാരിക്കുന്ന വിഷയം അത്രയും സീരിയസായ ഒന്നാണെങ്കിൽ അത് മടുപ്പ് തോന്നാത്ത വിധം ആസ്വാദ്യകരമായി പ്രേക്ഷകരെ പിടിച്ചിരുത്തണമെങ്കിൽ അതൊരു കഴിവ് തന്നെയാണ്.

ആട്ടം എന്ന സിനിമയുടെ ഏറ്റവും വലിയ വിജയവും അത് തന്നെയായിരുന്നു. ഒരു കുറ്റകൃത്യം അതിൽ സംശയിക്കപ്പെടുന്ന പതിമൂന്ന് പേർ, ആളുകളെല്ലാം ഓരോ പ്രായക്കാർ വ്യത്യസ്ത അഭിപ്രായമുള്ളവർ വ്യത്യസ്ത പൊതുബോധമുള്ളവർ. ഇവർക്കിടയിൽ നടക്കുന്ന വിചാരണയായിരുന്നു ആട്ടം എന്ന ചലച്ചിത്രം.

ഒരു തരത്തിൽ കാണുന്ന പ്രേക്ഷകനെയും തലപുകഞ്ഞ് ആലോചിക്കാൻ പ്രേരിപ്പിക്കുന്ന ചലച്ചിത്രാവിഷ്ക്കാരമായിരുന്നു ആട്ടം. മലയാള സിനിമയിൽ മുമ്പൊന്നും കണ്ടിട്ടില്ലാത്ത വിധം ഒരുക്കിയ ആട്ടത്തിൽ തിരക്കഥയോടൊപ്പം മികച്ച് നിന്ന മറ്റൊരു ഘടകം എഡിറ്റിങ്ങായിരുന്നു. മഹേഷ്‌ ഭുവനേന്ദിന്റെ എഡിറ്റിങ്ങിനൊപ്പം ആനന്ദ് ഏകർഷിയുടെ തിരക്കഥയും കൂടെ ചേർന്നപ്പോൾ മലയാളത്തിലെ മികച്ച ചിത്രമായി മാറാൻ ആട്ടത്തിന് കഴിഞ്ഞു.

സിനിമയിൽ ഉത്തരം കണ്ടെത്തുന്നതിനായി സംവിധായകൻ ഓരോ വ്യക്തിയുടെയും പൂർണമായ വ്യക്തിത്വം പ്രേക്ഷകർക്ക്‌ മുന്നിൽ വരച്ചിടുന്നുണ്ട്. തമ്മിലുള്ള ചെറിയ ചില ഈഗോ പ്രശ്നങ്ങൾ പോലും ഏത്‌ വിധത്തിലാണ് ബന്ധപ്പെടുത്തുന്നതെന്ന് ശ്രദ്ധിക്കുമ്പോഴാണ് തിരക്കഥ എത്രത്തോളം പ്രശംസ അർഹിക്കുന്നുണ്ടെന്ന് ബോധ്യമാവുന്നത്.

ചിത്രം പറയാൻ ഉദ്ദേശിക്കുന്ന കാര്യം എന്നും സംസാരിക്കേണ്ടത് തന്നെയാണ്. ലോകത്ത് എവിടെയും കൊണ്ട് പോയി പ്ലേസ് ചെയ്യാവുന്ന ഒന്നാണ് ആട്ടം. ദേശീയ പുരസ്‌കാര വേദിയിൽ മലയാളത്തിന്റെ അഭിമാനമായി മാറുകയാണ് ആനന്ദ് ഏകർഷിയുടെ ആട്ടം.

അതേസമയം മികച്ച മലയാള ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത് തരുൺ മൂർത്തി സംവിധാനം ചെയ്ത സൗദി വെള്ളക്കയാണ്. ചിത്രത്തിലെ ഗാനത്തിന് ബോംബെ ജയശ്രീക്കും അവാർഡ് ലഭിച്ചിട്ടുണ്ട്. മാളികപ്പുറത്തിലൂടെ മികച്ച ബാലതാരമായി ശ്രീപത് തെരഞ്ഞെടുക്കപ്പെട്ടു.

 

Content Highlight: Movie Attam Awarded Three  National Awards, Best Film, Best Screen Paly, Best Editing