[] തിരുവനന്തപുരം: തിരുവനന്തപുരത്തെ മണല്‍, ക്വാറി മാഫിയയ്‌ക്കെതിരെയുള്ള കേസ് അട്ടിമറിക്കാന്‍ ശ്രമം.
മണല്‍, ക്വാറി മാഫിയയുമായി ചേര്‍ന്ന് സര്‍ക്കാരിന് അഞ്ച്‌കോടി രൂപ നഷ്ടമുണ്ടാക്കിയ കേസാണ് അട്ടിമറിക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നത്.
ഇത് സംബന്ധിച്ച് പോലീസ് റെവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് കേസും ക്രിമിനല്‍ കേസും രജിസ്റ്റര്‍ ചെയ്യണമെന്ന ശുപാര്‍ശ വിജിലന്‍സ് ഡയറക്ടര്‍ തള്ളി.
നിസാര നടപടികള്‍ മാത്രം മതിയെന്ന വിജിലന്‍സ് ആസ്ഥാനത്തിന്റെ നീക്കം കോടതിയില്‍ ചോദ്യം ചെയ്യപ്പെടുമെന്നും ഉറപ്പായി.
തന്റെ താല്‍പ്പര്യത്തിന് വഴങ്ങാത്ത ചിലര്‍ക്കെതിരെ കള്ളക്കേസ് ഒപ്പിക്കാന്‍ സ്ഥലത്തെ പ്രധാന ക്വാറിക്കാരന്റെ താല്‍പ്പര്യപ്രകാരം സ്ഥലം സി.ഐ തന്നെ മണല്‍ വാരുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.
ദൃശ്യം പുറത്തായതോടെ സി.ഐ സസ്‌പെന്‍ഷന്‍ നേരിടുകയും തുടര്‍ന്ന് സി.ഐ ക്കെതിരെയുണ്ടായ വിശദമായ അന്വേഷണത്തിലാണ് പ്രധാന ക്വാറി കരാറുകാരന്‍ അഞ്ച് കോടിയുടെ പാറ നഗരൂരില്‍ നിന്ന് അനധികൃതമായി പൊട്ടിച്ച് കടത്തിയെന്ന് കണ്ടെത്തിയത്.
സി.ഐക്കും രണ്ട് പോലീസുുകാര്‍ക്കും പുറമെ റവന്യു പുറമ്പോക്ക് ഭൂമിയില്‍ ഇതിന് അനുമതി നല്‍കിയ റവന്യു പഞ്ചായത്ത് വകുപ്പുകളിലെ ആറ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്ത് അന്വേഷിക്കണമെന്നായിരുന്നു വിജിലന്‍സ് ഡി.വൈ.എസ്.പി നന്ദനന്‍ പിള്ളയുടെ ശുപാര്‍ശ.
എന്നാല്‍ ഈ ശുപാര്‍കളൊന്നും ആവശ്യമില്ലെന്നും സി.ഐ ക്കെതിരെയുള്ള അന്വേഷണത്തില്‍ ഡി.വൈ.എസ്.പി വേണ്ടാത്ത കാര്യങ്ങളാണ് നോക്കിയതെന്നും അഞ്ച് കോടിയുടെ പാറ പൊട്ടിക്കലിനെതിരെ കൂട്ട് നിന്നവര്‍ക്കെതിരെ അന്വേഷണവും വേണ്ടെന്നാണ് വിജിലന്‍സ് ഡയറക്ടറുടെ വാദം.
വിജിലന്‍സ് ഡയറക്ടറുടെ പ്രസ്തുത നീക്കത്തെ ചോദ്യം ചെയ്യുകയാണ് പരാതിക്കാരന്‍.
വിജിലന്‍സ് കോടതി അടുത്ത മാസം നാലിന് പരിഗണിക്കാനിരിക്കവേയാണ് ഈ അട്ടിമറിശ്രമം.