| Tuesday, 19th November 2019, 10:18 pm

അന്താരാഷ്ട്ര ചലച്ചിത്ര മേള: ചലച്ചിത്ര അക്കാദമി സ്വതന്ത്ര സിനിമകളെ ബോധപൂര്‍വ്വം അവഗണിക്കുന്നതായി ആരോപണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍  കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സ്വതന്ത്ര സിനിമകളെ ബോധപൂര്‍വ്വം അവഗണിക്കുന്നതായി ആരോപണം. മൂവ്‌മെന്റ് ഫോര്‍ ഇന്‍ഡിപെന്‍ഡന്റ് സിനിമ (എം.ഐ.സി) യാണ് കേരള സംസ്ഥാന അക്കാദമിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

സ്വതന്ത്ര സിനിമകളുടെ നിലനില്‍പ്പിനും പ്രചാരത്തിനുമായി സംവിധായകര്‍,സാങ്കേതിക വിദഗ്ധര്‍, വിമര്‍ശകര്‍,ആസ്വാദകര്‍ തുടങ്ങിയ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ ചേര്‍ന്ന്പുതിയതായി രൂപം നല്‍കിയ കൂട്ടായ്മയാണ് മൂവ്‌മെന്റ് ഫോര്‍ ഇന്‍ഡിപെന്‍ഡന്റ് സിനിമ (എം.ഐ.സി).

ഐ.എഫ്.എഫ്.കെ യില്‍  സ്വതന്ത്ര സിനിമകള്‍ക്കുണ്ടായിരുന്ന സ്ഥാനം പ്രദര്‍ശന, വിപണന സാധ്യതകളുള്ള മുഖ്യധാരാ സിനിമകള്‍ കൈയടക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കണ്ടുവരുന്നതെന്നാണ് എം.ഐ.സിയുടെ ആരോപണം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര സിനിമകള്‍ക്ക്  വിപണന-വിതരണ സാധ്യകള്‍ ലഭിക്കാറില്ല. ടെലിവിഷന്‍ ചാനലുകളും സ്വതന്ത്ര സിനിമകള്‍ പ്രദര്‍ശനത്തിനായി വാങ്ങാറില്ല. സ്വതന്ത്ര സിനിമാ പ്രവര്‍ത്തകരെ സംബന്ധിച്ച് ഐ.എഫ്.എഫ്.കെ പ്രധാന വേദിയാണ്. സ്വതന്ത്ര സിനിമാ പ്രവര്‍ത്തകര്‍ക്ക് ഒരു വലിയ പ്രേക്ഷക സമൂഹത്തിലേക്ക് തങ്ങളുടെ സിനിമകളെ എത്തിക്കുന്നതിനുള്ള ഏക വേദികൂടിയാണ് ഐ.എഫ്.എഫ്.കെ. ആ സാധ്യത മുഖ്യധാര സിനിമകള്‍ കൈയടക്കുകയാണെന്നാണ് എം.ഐ.സി ആരോപിക്കുന്നത്.

” ഐ.എഫ്.എഫ്.കെ യിലെ ‘മലയാളം സിനിമ ഇന്ന്’ എന്ന വിഭാഗത്തില് 14 സിനിമകളാണ് പ്രദര്‍ശിപ്പിക്കാറുള്ളത്. അതിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന സിനിമകള്‍ക്ക് രണ്ട് ലക്ഷം രൂപ ഗ്രാന്‍ഡും സര്‍ക്കാര്‍ അനുവദിക്കുന്നുണ്ട്. അതില്‍ നിന്നും രണ്ട് സിനിമകളെ ഇന്റര്‍നാഷണല്‍ കോംപറ്റീഷന്‍ വിഭാഗത്തിലും ഉള്‍പ്പെടുത്തുന്നു. നല്ല സിനിമകളെ പിന്തുണയ്ക്കുന്നതിനും പ്രോത്സാഹിപ്പിക്കുതിനുമാണ്  രണ്ട് ലക്ഷം രൂപ ഗ്രാന്‍ഡ് അനുവദിക്കുന്നത്.

എന്നാല്‍ ഈ വര്‍ഷം ‘മലയാളം സിനിമ ഇന്ന്’ എന്ന വിഭാഗത്തിലേക്ക് തെരഞ്ഞെടുത്ത സിനിമകളില്‍ ഭൂരിപക്ഷവും കേരളത്തിലെ തീയറ്റേറുകളില്‍ റിലീസ് ചെയ്തതും ഡി.വി.ഡി ഫോര്‍മാറ്റിലും നെറ്റ്ഫ്‌ളിക്‌സും ആമസോണ്‍ പ്രൈമ് പോലെയുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും ലഭ്യമായിട്ടുള്ളതുമായ സിനിമകളാണ്. ഇതുവഴി, അമ്പതോ നൂറോ കോടി ക്ലബുകളില്‍ ഇടം നേടിയ ബോക്‌സ് ഓഫീസ് ഹിറ്റുകള്‍ക്കാണ് രണ്ട് ലക്ഷം രൂപയുടെ ഗ്രാന്‍ഡ്  ഐ.എഫ്.എഫ്.കെ വഴി ലഭിക്കാന്‍ പോകുന്നത് ” എം.ഐ.സി പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കേരള പ്രീമിയര്‍ നിര്‍ബന്ധമാക്കുക എന്നാണ് സംഘടന ആവശ്യപ്പെടുന്നത്.  ഐ.എഫ്.എഫ്.കെയുടെ നിയമാവലിയില്‍  വേള്‍ഡ് സിനിമ, ഇന്ത്യന്‍ സിനിമ ടുഡേ എന്നീ വിഭാഗങ്ങളില്‍  പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ കേരള പ്രീമിയര്‍ ആയിരിക്കണം എന്ന് പറയുന്നുണ്ട്. എന്നാല്‍ മലയാളം സിനിമ ടുഡേ എന്ന വിഭാഗത്തെ ഈ വ്യവസ്ഥയില്‍ നിന്നും ഒഴിവാക്കിയിരിക്കുകയാണെന്നും ബോക്‌സ് ഓഫീസ് സിനിമകളെ ഐ.എഫ്.എഫ്.കെയില്‍  ഉള്‍പ്പെടുത്താന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്തിരിക്കുന്നത് എന്നാണ് എം.ഐ.സി ആരോപിക്കുന്നത്.

14 മലയാളം സിനിമകളുടെ പാക്കേജില്‍ തീയേറ്ററില്‍ റിലീസ് ചെയ്തതും ഓണ്‍ലൈനില്‍ ലഭ്യമായതുമായ എട്ട് സിനിമകള്‍ ഉള്‍പ്പെടുത്തിയ ചലച്ചിത്ര അക്കാദമിയുടെ നടപടി  പ്രേക്ഷകരെ പരിഹസിക്കുന്നതിന് തുല്യമാണെന്നും  ഈ നടപടിയിലൂടെ ചലച്ചിത്രോത്സവത്തിന്റെ മേന്മ കുറയ്ക്കുകയാണ് അക്കാദമി ചെയ്തിരിക്കുന്നതെന്നും എം.ഐ.സി കുറ്റപ്പെടുത്തി. ഈ നടപടിക്കെതിരെ  എം.ഐ.സിയുടെ ബാനറില്‍ കേരളത്തിലെ സ്വതന്ത്ര സിനിമാ പ്രവര്‍ത്തകര്‍ ചലച്ചിത്ര അക്കാദമിക്കും സാംസ്‌കാരിക വകുപ്പിനുമെതിരായി പ്രതിഷേധിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന്  എം.ഐ.സി പറഞ്ഞു.

അക്കാദമി അംഗങ്ങളെ സെലക്ഷന്‍ പാനലില്‍ ഉള്‍പ്പെടുത്തരുതെന്നതും ഇവരുടെ പ്രധാന ആവശ്യമാണ്.
”മേളയിലേക്ക് സിനിമകള്‍ തെരെഞ്ഞെടുക്കുന്ന സെലക്ഷന്‍ കമ്മിറ്റിയില്‍ അക്കാദമിയുടെ ജനറല്‍ കൗണ്‍സില്‍ അംഗങ്ങളെ ഉള്‍പ്പെടുത്തുന്നതിന്റെ പ്രശ്‌നവും അവര്‍ എല്ലാ സിനിമയും പൂര്‍ണ്ണമായും കണ്ടില്ല  എന്ന് വെളിപ്പെടുത്തല്‍ നടത്തിയതും വളരെ ഗൗരവമുള്ള കാര്യമാണ്.

പലരുടെയും സിനിമ സെലക്ഷന് കമ്മിറ്റി കണ്ടിട്ടില്ല എന്ന് ‘സിനിമ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ആയ ‘വിമിയോ’സ്റ്റാറ്റസ് വഴി ഈ വര്‍ഷം അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ഈ വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ച് എം.ഐ.സി അംഗങ്ങള്‍ കേരള ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട് അതുപോലെ, കെ.എസ്.എഫ്.ഡി.സി രണ്ട് വനിതാ സംവിധായകരെ ഗ്രാന്‍ഡ് നല്കുന്നതിനായി തെരഞ്ഞെടുത്തതിലെ ഗുരുതരമായ ക്രമക്കേടുകള്‍ ചൂണ്ടിക്കാണിച്ചും  എം.ഐ.സി അംഗങ്ങള്‍ ഹൈക്കോടതിയില്‍ തന്നെകേസ് നല്‍കിയിട്ടുണ്ട്.

ഈ വര്‍ഷം ഐ.എഫ്.എഫ്.കെ നടക്കുന്ന വേദിയിലും അതിനെത്തുടര്‍ന്നും എം.ഐ.സി മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങള്‍ നിറവേറ്റുതിനായി പലതരത്തിലുള്ള പ്രതിഷേധ പരിപാടികള്‍ ഞങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്”-എം.ഐ.സി വ്യക്തമാക്കി.

മൂവ്മെന്റ് ഫോര്‍ ഇന്‍ഡിപെന്‍ഡന്റ് സിനിമയുടെ ആവശ്യങ്ങള്‍:

1.ഐ.എഫ്.എഫ്.കെ യില്‍ മത്സരവിഭാഗത്തിലും മലയാള സിനിമ ഇന്ന് വിഭാഗത്തിലും  കേരള പ്രീമിയര്‍ നടപ്പാക്കുക.
2.മലയാളം സിനിമ തെരഞ്ഞടുക്കുന്ന കമ്മിറ്റിയിലും സംസ്ഥാന അവാര്‍ഡ് ജൂറിയിലും ഭൂരിപക്ഷ അംഗങ്ങളും മലയാളികള്‍ ആകാന്‍ പാടില്ല. ചലച്ചിത്ര അക്കാദമി/കെ.എസ്.എഫ്.ഡി.സി അംഗങ്ങളും ഭാരവാഹികളും ജൂറികളിലും സെലക്ഷന്‍ കമ്മിറ്റിയിലും ഉള്‍പ്പെടാന്‍ പാടില്ല.
3.മലയാളം സിനിമ ഇന്ന്, കാലിഡോസ്‌കോപ്പ് എന്നീ വിഭാഗങ്ങളില്‍  പ്രദര്‍ശിപ്പിക്കുന്ന മലയാള സിനിമകള്‍ക്ക 20 ലക്ഷം രൂപ ഗ്രാന്റ് അനുവദിക്കുക.ആര്‍ട്ടിസ്റ്റിക് ഡയറക്ടരെ 5 വര്‍ഷം കൂടുമ്പോള്‍ മാറ്റി നിയമിക്കുക

4. അടൂര്‍ കമ്മിറ്റി നിര്‍ദ്ദേശിച്ചതു പ്രകാരം തന്നെയുള്ള ഫിലിം മാര്‍ക്കറ്റ് നടപ്പിലാക്കുക.
5.സര്‍ക്കാരിന്റെ ഗ്രാന്റ് ലഭിച്ച മലയാളം സിനിമകള്‍ക്ക് കെ.എസ്.എഫ്.ഡി.സി തീയേറ്ററുകളില്‍ ഒരാഴ്ച, ഒരു ഷോ പ്രൈംടൈമില് അനുവദിക്കുക. ഹോള്‍ഡ്  ഓവര്‍ സംവിധാനത്തില്‍ നിന്നും ആ ഒരാഴ്ചത്തെ പ്രദര്‍ശനത്തെ ഒഴിവാക്കുക.
6.ഐ.എഫ്.എഫ്.കെയില്‍ ഭയരഹിതമായും സ്വതന്ത്രമായും പ്രേക്ഷകര്‍ക്ക് സിനിമ കാണുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിനായി 90 ശതമാനം പ്രീബുക്കിംഗ് ഫിസിക്കല്‍ ബൂത്തുകള്‍ വഴി തന്നെ നടപ്പിലാക്കുക.
7.ഐ.എഫ്.എഫ്.കെയുടെയും ചലച്ചിത്ര അക്കാദമിയുടെയും പ്രവര്‍ത്തനങ്ങളും സാമ്പത്തിക ഇടപാടുകളും ഓഡിറ്റിന് വിധേയമാക്കുക.ഐ.എഫ്.എഫ്.കെയിലേക്ക് ഉള്‍പ്പെടുന്ന വിവിധ പാക്കേജ് സിനിമകളുടെ തെരഞ്ഞെടുപ്പില്‍ സുതാര്യത ഉറപ്പാക്കുക .

We use cookies to give you the best possible experience. Learn more