കോഴിക്കോട്: കേരള പി.എസ്.സിയില്‍ രജിസ്റ്റര്‍ ചെയ്ത് 65 ലക്ഷത്തിലധികം ഉദ്യോഗാര്‍ത്ഥികളുടെ വിവരങ്ങള്‍ ഡാര്‍ക് വെബില്‍ വില്‍പനക്ക് വെച്ചതുമായി ബന്ധപ്പെട്ട് വാര്‍ത്ത നല്‍കിയ മാധ്യമപ്രവര്‍ത്തകന് നേരെയുള്ള നടപടിയില്‍ പ്രതിഷേധം. മാധ്യമം ദിനപത്രത്തിലെ അനിരു അശോകനെതിരെയാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. പ്രതിപക്ഷ നേതാവും പത്രപ്രവര്‍ത്തക യൂണിയനും മാധ്യമം ജേര്‍ണലിസ്റ്റ് യൂണിയനും ഉള്‍പ്പടെയുള്ള സംഘടനകളും സംഭവത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
ജൂലൈ 22ന് മാധ്യമം ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച പി.എസ്.സി. വിവരങ്ങള്‍ വില്‍പനക്ക് എന്ന വാര്‍ത്തയുടെ പേരിലാണ് നടപടി. ആദ്യം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമം തിരുവനന്തപുരം ബ്യൂറോ റിപ്പോര്‍ട്ടര്‍ അനിരു അശോകനോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടായിരുന്നു നോട്ടീസ്.
പിന്നാലെയാണ് മാധ്യമം ദിനപത്രത്തിന്റെ ചീഫ് എഡിറ്റര്‍ക്ക് വാര്‍ത്തയുടെ ഉറവിടവും വാര്‍ത്ത തയ്യാറാക്കിയ റിപ്പോര്‍ട്ടറുടെ പേരും ഫോണ്‍നമ്പറും അടക്കം ആവശ്യപ്പെട്ട് കൊണ്ട് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയത്. 48 മണിക്കൂറിനകം ആവശ്യപ്പെട്ട വിവരങ്ങള്‍ ഹാജരാക്കണമെന്നായിരുന്നു നോട്ടീസിലുണ്ടായിരുന്നത്.
ആദ്യ നോട്ടീസിന്റെ ഭാഗമായി കഴിഞ്ഞ ദിവസം അനിരു അശോകന്‍ ശനിയാഴ്ച ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരായി മൊഴി നല്‍കിയിരുന്നു. വാര്‍ത്തയുടെ ഉറവിടം വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് മാധ്യമപ്രവര്‍ത്തകനെ ക്രൈംബ്രാഞ്ച് രണ്ട് മണിക്കൂറിലധികം സമയം ചോദ്യം ചെയ്യുകയും ചെയ്തു. പിന്നാലെയാണ് അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ക്രൈംബ്രാഞ്ച് പുതിയ നോട്ടീസ് നല്‍കിയിട്ടുള്ളത്. രണ്ട് ദിവസത്തിനകം മൊബൈല്‍ ഫോണ്‍ ഹാജരാക്കിയില്ലെങ്കില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും നോട്ടീസില്‍ പറയുന്നുണ്ട്.
ക്രൈംബ്രാഞ്ചിന്റെ നടപടി പത്രസ്വാതന്ത്ര്യത്തിന് മേലുള്ള ഭരണകൂടത്തിന്റെ കടന്നുകയറ്റമാണെന്നാണ് പൊതുവിലുള്ള വിമര്‍ശനം. ക്രൈംബ്രാഞ്ച് നടപടിക്കെതിരെ പ്രതിഷേധവുമായി ഇതിനോടകം തന്നെ നിരവധിപേര്‍ രംഗത്ത് വന്നിട്ടുണ്ട്.
പൊലീസിന്റെ ഭീഷണി അംഗീകരിക്കാനാകില്ലെന്നും നടപടി പത്രസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. ഭരണഘടന ഉറപ്പുനല്‍കുന്നു മാധ്യമ സ്വാതന്ത്ര്യത്തെ പരസ്യമായി ലംഘിക്കുന്ന തരത്തിലാണ് അനിരു അശോകനോടുള്ള ക്രൈംബ്രാഞ്ചിന്റെ നടപടികളെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകന്റെ ഫോണ്‍ പിടിച്ചെടുക്കുമെന്ന തരത്തിലുള്ള ഭീഷണി അംഗീകരിച്ചുകൊടുക്കാനാകില്ലെന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേര്‍ത്തു.
വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകന്റെ ഫോണ്‍ പിടിച്ചെടുക്കാനുള്ള നീക്കം ഭരണഘടന അവകാശങ്ങളുടെ ലംഘനമാണെന്ന് മുന്‍ പ്രതിപക്ഷനേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായി രമേശ് ചെന്നിത്തലയും വിമര്‍ശിച്ചു. വാര്‍ത്തയില്‍ പറഞ്ഞ കാര്യങ്ങള്‍ അന്വേഷിക്കുന്നതിന് പകരം പത്രത്തിനും മാധ്യമപ്രവര്‍ത്തകനുമെതിരെ നീങ്ങുന്ന സര്‍ക്കാര്‍ നിലപാട് ഫാസിസമാണെന്നും ചെന്നിത്തല പറഞ്ഞു. മാധ്യമങ്ങള്‍ക്ക് മൂക്കുകയറിടാനുള്ള ഇടതുസര്‍ക്കാറിന്‍ നീക്കങ്ങളുടെ ഭാഗമാണ് ഈ നടപടിയെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
അതേസമയം പൊലീസ് നടപടി അപലപനീയമാണെന്നും ഈ നീക്കത്തെ നിയമപരമായി നേരിടുമെന്നും മാധ്യമം ജേര്‍ണലിസ്റ്റ് യൂണിയന്‍ പ്രസ്താവനയിലൂടെ പറഞ്ഞു. കുറ്റം ചെയ്തവരെ കണ്ടെത്തി ശിക്ഷിക്കുന്നതിന് പകരം കുറ്റം ചൂണ്ടിക്കാണിച്ചവരെ വേട്ടയാടുന്നത് അംഗീകരിക്കാനാകില്ലെന്നും മാധ്യമം ജേര്‍ണലിസ്സ്റ്റ് യൂണിയന്‍ പറഞ്ഞു.
മാധ്യമപ്രവര്‍ത്തകന്റെ ഫോണ്‍ പിടിച്ചെടുക്കാനുള്ള പൊലീസ് നീക്കം അങ്ങേയറ്റം അപലപനീയവും മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റവുമാണെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രസ്താവനയിലൂടെ അറിയിച്ചു. മാധ്യമങ്ങള്‍ക്ക് മൂക്കുകയറിടാനുള്ള വിശാലമായ അജണ്ടയുടെ ഭാഗമായി മാത്രമേ ഈ നീക്കത്തെ കാണാന്‍ കഴിയൂ എന്നും കെ.യു.ഡബ്ല്യൂ.ജെ പറഞ്ഞു. മാധ്യമങ്ങളുടെ നിശ്ബദമാക്കാനുള്ള ഇത്തരം നീക്കങ്ങള്‍ക്കെതിരെ നിയമത്തിന്റെയും പ്രക്ഷോഭത്തിന്റെയും വഴികള്‍ ആരായുമെന്നും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നേതാക്കളായ കെ.പി. റെജിയും സുരേഷ് എടപ്പാളും പ്രസ്താവനയിലൂടെ പറഞ്ഞു.
അതേസമയം ക്രൈംബ്രാഞ്ച് നടപടിയെ നിയമപരമായി നേരിടുമെന്ന് മാധ്യമം ചീഫ് എഡിറ്റര്‍ ഒ. അബ്ദുറഹിമാന്‍ അറിയിച്ചു. ക്രൈംബ്രാഞ്ച് നടപടി ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ അടിച്ചമര്‍ത്തുന്നതാണെന്നും അത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
2024 ജൂലൈ 22നായിരുന്നു മാധ്യമം ദിനപത്രത്തില്‍ പി.എസ്.എസിയില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികളുടെ ലോഗിന്‍ വിവരം ഹാക്കര്‍മാര്‍ ചോര്‍ത്തി ഡാര്‍ക്ക് വെബില്‍ വില്‍പനക്ക് വെച്ചിരിക്കുന്നുവെന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചത്. കേരള പൊലീസിന്റെ സൈബര്‍ സുരക്ഷ വിഭാഗം നടത്തിയ പരിശോധനയില്‍ ഇത്തരമൊരു സംഭവം നടന്നിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു. ഇത് സംബന്ധിച്ച് ഡി.ജി.പി. റിപ്പോര്‍ട്ടും നല്‍കി.
എന്നാല്‍ ഇതിനെ പൂര്‍ണമായും നിഷേധിക്കുന്ന നിലപാടാണ് പി.എസ്.സിയുടെ ഭാഗത്ത് നിന്നുണ്ടായത്. വാര്‍ത്ത വ്യാജമാണെന്ന് പി.എസ്.സി. പത്രക്കുറിപ്പിറക്കി. ഇതോടെ ഡി.ജി.പിയുടെ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാനായി മെയ് 27ന് ചേര്‍ന്ന പി.എസ്.സി. യോഗത്തിലെ അതീവ രഹസ്യമായ കുറിപ്പ് ജൂലൈ 28ന് മാധ്യമം പുറത്തുവിടുകയും ചെയ്തു.
വാര്‍ത്ത വ്യാജമാണെന്ന പി.എസ്.സിയുടെ വാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുന്നതായിരുന്നു ഈ രേഖ. ഇതോടെ പി.എസ്.സി. ജീവനക്കാര്‍ക്കെതിരെ ചെയര്‍മാന്‍ ആഭ്യന്തര വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടുകയും വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക്രൈബ്രാഞ്ച് അന്വേഷണം ആരംഭിക്കുകയുമാണുണ്ടായത്.
content highlights: Moved to seize phone of journalist for reporting on PSC leak; protest