ന്യൂസ്‌ക്ലിക്ക് റെയ്ഡ്; മാധ്യമപ്രവർത്തകരെ ഉപദ്രവിച്ച് അവരെ ഭയപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്: സീതാറാം യെച്ചൂരി
national news
ന്യൂസ്‌ക്ലിക്ക് റെയ്ഡ്; മാധ്യമപ്രവർത്തകരെ ഉപദ്രവിച്ച് അവരെ ഭയപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്: സീതാറാം യെച്ചൂരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 3rd October 2023, 1:10 pm

ന്യൂദൽഹി: വാർത്താ പോർട്ടൽ ന്യൂസ്‌ക്ലിക്കിലെ മാധ്യമപ്രവർത്തകരുടെ വീടുകളിലെ റെയ്ഡുമായി ബന്ധപ്പെട്ട് തന്റെ വസതിയിലും പരിശോധന നടന്നതിൽ പ്രതികരണവുമായി സി.പി.ഐ.എം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി.

മാധ്യമപ്രവർത്തകരെ ഉപദ്രവിച്ച് അവരെ ഭയപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും എന്താണ് അന്വേഷിക്കുന്നത് എന്ന് അധികാരികൾ വ്യക്തമാക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.

‘എന്ത് തീവ്രവാദ ബന്ധമാണ് ഇവർ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്?
എന്താണ് അവർ അന്വേഷിക്കുന്നത്? എന്തിനാണ് മാധ്യമപ്രവർത്തകരെ ചോദ്യം ചെയ്യുന്നത്?

എന്തിനാണ് ഈ റെയ്ഡ് എന്ന് ആദ്യം അവർ പറയട്ടെ. ഇത് വരെ അവർ ഇതിനെകുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. യു.എ.പി.എ ചുമത്തിയാൽ നമുക്കെതിരെയുള്ള കുറ്റം എന്താണെന്ന് പറയേണ്ട കാര്യമില്ലല്ലോ, പിന്നെ ജാമ്യത്തെ കുറിച്ചുള്ള ചോദ്യം പോലും ഉദിക്കുന്നില്ല. എന്താണ് അവരുടെ ഉദ്ദേശമെന്നാണ് അറിയേണ്ടത്. നമുക്ക് നോക്കാം,’ യെച്ചൂരി പറഞ്ഞു.

തന്റെ വസതിയിൽ ജോലി ചെയ്ത ആളുടെ മകൻ ന്യൂസ്‌ക്ലിക്കിൽ ഉണ്ടായിരുന്നു, അതിനാലാണ് അവിടെ പരിശോധന നടത്തിയത് എന്നും സീതാറാം യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു.

ചൈനീസ് പ്രൊപഗണ്ട പ്രചരിപ്പിക്കുന്നതിന് യു.എസ് ശതകോടീശ്വരൻ നെവിൽ റോയിയുമായി ബന്ധപ്പെട്ട നെറ്റ്‌വർക്ക് ഫണ്ടുകൾ ലഭ്യമാക്കുന്ന സ്ഥാപനങ്ങളിൽ ന്യൂസ്‌ക്ലിക്കും ഉൾപ്പെട്ടിട്ടുണ്ടെന്ന് യു.എസ് മാധ്യമമായ ദി ന്യൂയോർക്ക് ടൈംസ് ആഗസ്റ്റിൽ ആരോപിച്ചിരുന്നു. തുടർന്ന് ഇ.ഡി സ്ഥാപനത്തിൽ റെയ്ഡ് നടത്തിയിരുന്നു.

ന്യൂസ് ക്ലിക്കിനെതിരെ ദൽഹി പൊലീസ് യു.എ.പി.എ ചുമത്തിയിരിക്കുകയാണ്. പ്രമുഖ മാദ്ധ്യമ പ്രവർത്തകരായ സഞ്ജയജൗറ, ഭാഷാ സിംഗ്, ഊർമിലേഷ്, പ്രബിർ പുർകയസ്ത, അഭിസാർ ശർമ, ഔനിന്ദ്യോ ചക്രവർത്തി, സഫ്ദർ ഹാഷ്മിയുടെ സഹോദരനും സാംസ്കാരിക പ്രവർത്തകനുമായ സൊഹൈൽ ഹാഷ്മി എന്നിവരുടെ ദൽഹിയിലെ വസതികളിലാണ് റെയ്ഡ്. ദൽഹി, നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.

മാധ്യമപ്രവർത്തകരിൽ നിന്ന് ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും പിടിച്ചെടുക്കുകയും ന്യൂസ്‌ക്ലിക്കിലെ സയൻസ് ഫോറം ഭാരവാഹി ഡി. രഘുനന്ദൻ, സ്റ്റാൻഡ് അപ്പ്‌ കോമേഡിയൻ സഞ്ജയ്‌ രജൗര എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.

അതേസമയം ന്യൂസ്‌ക്ലിക്ക് മാധ്യമപ്രവർത്തകരുടെ വീടുകളിലുള്ള തുടർച്ചയായ റെയ്ഡുകളിൽ പ്രസ് ക്ലബ് ഓഫ് ഇന്ത്യ അപലപിച്ചു. സർക്കാർ വിശദാംശങ്ങൾ പുറത്തുവിടണമെന്നും പ്രസ് ക്ലബ് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു.

Content Highlight: Move to harass and intimidate journalists, says Sitaram Yechury in NewsClick raid