| Wednesday, 27th November 2024, 1:11 pm

അസംതൃപ്തരായ ബി.ജെ.പി കൗൺസിലർമാരെ കോൺഗ്രസിലെത്തിക്കാൻ സന്ദീപ് വാര്യർ വഴി നീക്കം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: ബി.ജെ.പി കൗൺസിലർമാരെ കോൺഗ്രസിലെത്തിക്കാൻ നീക്കം. ഉടക്കി നിൽക്കുന്ന കൗൺസിലർമാരുമായി കോൺഗ്രസ് ചർച്ച നാടത്തിയതായി സൂചന. സന്ദീപ് വാര്യർ വഴിയാണ് ചർച്ച നടത്തിയതെന്നാണ്ഏഷ്യാനെറ്റ്  ന്യൂസ് റിപ്പോർട്ട്.

ബി.ജെ.പിയിലെ പൊട്ടിത്തെറിക്ക് പിന്നാലെ പല കൗൺസിലർമാരും അസംതൃപ്തി പ്രകടിപ്പിച്ച് മുന്നോട്ടെത്തിയിരുന്നു. ഇതിന് തൊട്ട് പിന്നാലെ ഇവരെ കോൺഗ്രസിലേക്ക് ക്ഷണിച്ച് വി.കെ ശ്രീകണ്ഠൻ എം.പിയും ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പനും പരസ്യ പ്രതികരണം നടത്തിയിരുന്നു.

അതേസമയം, അതൃപ്തരായ നേതാക്കളെ പാളയത്തിലെത്തിക്കാൻ കോണ്‍ഗ്രസ് നീക്കം നടത്തുന്നുവെന്ന സൂചന നൽകികൊണ്ട് സന്ദീപ് വാര്യര്‍ ഫേസ്ബുക്കിൽ കുറിപ്പിടുകയും ചെയ്തു.

ബി.ജെ.പിയിലെ അതൃപ്തരായ എല്ലാവരെയും സ്വാഗതം ചെയ്യുകയാണെന്ന സൂചന നൽകികൊണ്ടാണ് സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്. കോണ്‍ഗ്രസ് പ്രത്യയശാസ്ത്രവുമായി ഐക്യപ്പെടാൻ തയ്യാറുള്ള ആരും രാഷ്ട്രീയമായി അനാഥമാകില്ലെന്ന് വ്യക്തമാക്കികൊണ്ടാണ് സന്ദീപ് വാര്യരുടെ പോസ്റ്റ്.

അതിന് തൊട്ട് പിന്നാലെയാണ് അസംതൃപ്തരായ കൗൺസിലർമാരെ കോൺഗ്രസിലെത്തിക്കാൻ നീക്കം നടക്കുന്നുവെന്ന സൂചന ലഭിച്ചത്. സന്ദീപ് വാര്യരുമായി വളരെ അടുത്ത ബന്ധമുള്ള ചില കൗൺസിലർമാർ ഇപ്പോഴുമുണ്ടെന്നും അവരുമായി ഒരു പ്രാഥമിക ചർച്ച നടത്തിയെന്നുമുള്ള വിവരണമാണ് ലഭിക്കുന്നത്.

കോൺഗ്രസ് നേതൃ തലത്തിലല്ല ചർച്ച നടന്നതെന്നും സന്ദീപ് വാര്യരുടെ വ്യക്തിപരമായ പരിചയത്തിലൂടെയാണ് ചർച്ച നടന്നതെന്നുമാണ് വിവരം.

ബി.ജെ.പിയിൽ നിന്ന് രാജിവെച്ച മുൻ വയനാട് ജില്ലാ പ്രസിഡന്‍റ് കെ.പി. മധുവിനെ കോണ്‍ഗ്രസിലെത്തിക്കാൻ നീക്കം നടത്തിയതായി ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് സന്ദീപ് വാര്യര്‍ കെ.പി മധുവുമായി ബന്ധപ്പെട്ടു.

കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചുകൊണ്ടാണ് സന്ദീപ് വാര്യര്‍ കെപി മധുവുമായി നിര്‍ണായക ചര്‍ച്ച നടത്തിയത്. സന്ദീപ് വാര്യര്‍ ബന്ധപ്പെട്ടിരുന്നുവെന്നും ആലോചിച്ച് അറിയിക്കാമെന്ന് മറുപടി നൽകിയതായും കെ.പി മധു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ബി.ജെ.പിയിൽ നിന്ന് രാജിവെച്ചതിന് പിന്നാലെയാണ് കെ.പി മധുവിനെ സന്ദീപ് വാര്യര്‍ ബന്ധപ്പെട്ടത്.

നേതൃത്വവുമായി ഉള്ള ഭിന്നതയെ തുടർന്നാണ് ഇന്നലെയാണ് കെ.പി മധു രാജി പ്രഖ്യാപിച്ചത്. ബി.ജെ.പിയിൽ തമ്മിലടിയും ഗ്രൂപ്പിസവുമാണെന്നാണ് മധു ആരോപിച്ചത്. തൃശ്ശൂരിൽ ബി.ജെ.പി ജയിച്ചത് സെലിബ്രിറ്റി സ്ഥാനാർത്ഥിയായത് കൊണ്ടാണെന്നും എല്ലാ പഞ്ചായത്തിലും സെലിബ്രിറ്റികൾക്ക് മത്സരിക്കാൻ ആവില്ലെന്നും മധു പറഞ്ഞു.

കഴിഞ്ഞ അര നൂറ്റാണ്ടായി കേരളത്തിൽ പ്രവർത്തിക്കുന്ന ബി.ജെ.പിക്ക് ഒരു മാറ്റവുമുണ്ടാക്കാനായില്ലെന്നും അദ്ദേഹം വിമർശിച്ചു. വയനാട്ടിൽ വന്യജീവി ആക്രമണ സമരത്തിനിടെ ക്രിസ്ത്യൻ പുരോഹിതർക്കെതിരെ നടത്തിയ പരാമർശത്തെ തുടർന്നാണ് മധുവിനെ ജില്ലാ പ്രസിഡൻറ് സ്ഥാനത്തു നിന്ന് ബി.ജെ.പി മാറ്റിയത്.

Content Highlight: Move to bring Palakkad BJP councilors to Congress

Latest Stories

We use cookies to give you the best possible experience. Learn more