| Sunday, 5th January 2025, 9:01 pm

കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവം; പ്രതിഷേധിച്ച പി.വി. അന്‍വറിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം

ഡൂള്‍ന്യൂസ് ഡെസ്‌ക്

നിലമ്പൂര്‍: എം.എല്‍.എ പി.വി. അന്‍വറിനെതിരെ കേസ്. നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് തകര്‍ത്ത സംഭവത്തിലാണ് നടപടി. പി.വി. അന്‍വറിനെ അറസ്റ്റ് ചെയ്തേക്കും.

നിലവില്‍ പി.വി. അന്‍വറിന്റെ ഒതായിയിലെ വസതിയില്‍ പൊലീസ് എത്തിയിട്ടുണ്ട്. ഡി.വൈ.എസ്.പി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സന്നാഹമാണ് എം.എല്‍.എയുടെ വസതിയില്‍ ക്യാമ്പ് ചെയ്തിരിക്കുന്നത്.

ഉന്നത ഉദ്യോഗസ്ഥര്‍ അന്‍വറുമായി സംസാരിക്കുകയാണെന്നാണ് വിവരം. കീഴടങ്ങാന്‍ തയ്യാറാകുന്നില്ലെങ്കില്‍ പി.വി. അന്‍വറിനെ അറസ്റ്റ് ചെയ്യുമെന്നാണ് നിഗമനം.

പി.വി. അന്‍വറിനെതിരെ കേസെടുത്തതിന് പിന്നാലെ അദ്ദേഹത്തിന്റെ വസതിക്ക് മുമ്പാകെ ഡി.എം.കെ പ്രവര്‍ത്തകര്‍ നിലയുറച്ചിട്ടുണ്ട്.

എം.എല്‍.എയ്ക്ക് പുറമെ 10 ഡി.എം.കെ പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. കൃത്യ നിർവഹണം തടയൽ, നശിപ്പിക്കുക, പൊലീസിന് നേരെയുള്ള ആക്രമണം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.

അന്‍വറിന്റെ മണ്ഡലമായ നിലമ്പൂര്‍ മാവൂരിയില്‍ വെച്ചുണ്ടായ കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ചതിന് പിന്നാലെയാണ് ഡി.എം.കെ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി ഫോറസ്റ്റ് ഓഫീസിലേക്ക് എത്തിയത്.

നിലമ്പൂര്‍ മാഞ്ചീരി സ്വദേശി മാണിയാണ് കാട്ടാനയാക്രമണത്തില്‍ മരിച്ചത്.പ്രാക്തന ഗോത്ര വിഭാഗമായ ചോലനായ്ക്കര്‍ വിഭാഗത്തില്‍പെട്ട വ്യക്തിയാണ് മണി.

ശനിയാഴ്ച്ച രാത്രി ഏഴ് മണിയോടെ ഉള്‍വനത്തിലുള്ള ഊരിലേക്ക് പോകുന്നതിനിടെയാണ് സംഭവമുണ്ടായത്.

രാത്രി പതിനൊന്ന് മണിയോടെ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് നിലമ്പൂരിലെ ഫോറസ്റ്റ് ഓഫീസ് ഡി.എം.കെ പ്രവര്‍ത്തകര്‍ തകര്‍ത്തത്.

Content Highlight: Move to arrest PV Anvar

We use cookies to give you the best possible experience. Learn more