| Thursday, 1st February 2024, 8:48 am

'രാമക്ഷേത്ര പ്രതിഷ്ഠക്കെതിരെങ്കിൽ വീട് വിട്ടുപോകണം'; മണിശങ്കർ അയ്യർക്കും മകൾക്കുമെതിരെ റെസിഡന്റ്‌സ് അസോസിയേഷൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: അയോധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിനെതിരെ പ്രതിഷേധിച്ചതിന് മുതിർന്ന കോൺഗ്രസ്‌ നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന മണിശങ്കർ അയ്യർക്കും മകൾക്കുമെതിരെ റെസിഡന്റ്‌സ് അസോസിയേഷൻ.

മണിശങ്കർ അയ്യറും മകൾ സുരണ്യയും പ്രതിഷ്ഠാ ചടങ്ങിനെതിരെ മൂന്ന് ദിവസത്തെ നിരാഹാര സമരം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷ്ഠാ ചടങ്ങ് തെറ്റാണെന്ന് കരുതുന്നുണ്ടെങ്കിൽ ഹൗസിങ് കോളനി വിട്ട് പോകണമെന്ന് റെസിഡന്റ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടത്.

ദക്ഷിണ ദൽഹിയിലെ ജാങ്പുരയിലെ റെസിഡന്റ്‌സ് അസോസിയേഷനാണ് അയ്യർക്കും മകൾക്കും കത്തെഴുതിയത്. എന്നാൽ താൻ ഈ കോളനിയിലല്ല താമസിക്കുന്നതെന്ന് സുരണ്യ പറഞ്ഞു.

രാമക്ഷേത്ര ഉദ്ഘാടനത്തിനെതിരെ സുരണ്യ നിരാഹാര സമരം നടത്തിയെന്ന പരാതിയുമായി കോളനി നിവാസികൾ അസോസിയേഷനെ സമീപിച്ചുവെന്നാണ് റെസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ്‌ കപിൽ കാക്കർ പറയുന്നത്.

മതവികാരം വ്രണപ്പെടുത്തുന്നതും കോളനിയിലെ സമാധാനം തകർക്കുന്നതുമായ പ്രവർത്തികൾ അനുവദിക്കില്ലെന്നാണ് അയ്യർക്ക് നൽകിയ കത്തിൽ പറയുന്നത്. മകളുടെ പരാമർശങ്ങളെ അപലപിക്കണമെന്നും കത്തിൽ അയ്യരോട് ആവശ്യപ്പെടുന്നുണ്ട്.

പ്രതിഷ്ഠാ ചടങ്ങിൽ അസന്തുഷ്ടരാണെങ്കിൽ കോടതിയെ സമീപിക്കാനും അസോസിയേഷൻ ആവശ്യപ്പെട്ടു. അയോധ്യയിലെ രാമമന്ദിരത്തിന്റെ പ്രാണ പ്രതിഷ്ഠ ചടങ്ങിതിരെ പ്രതിഷേധിച്ച മനോഭാവമാണ് ഇപ്പോഴും ഉള്ളതെങ്കിൽ ഇത്തരം വെറുപ്പിന് നേരെ കണ്ണടയ്ക്കുന്ന മറ്റൊരു കോളനിയിലേക്ക് താമസം മാറാൻ നിർദേശിക്കുന്നതായി കത്തിൽ പറയുന്നു.

ഇത്തരത്തിൽ നോട്ടീസ് നൽകുന്നതും ശല്യം ചെയ്യുന്നതും അവസാനിപ്പിക്കാൻ ആയില്ലേ എന്ന് സുരണ്യ ചോദിച്ചു. എല്ലാവർക്കും വിയോജിപ്പുകൾ ഉണ്ടാകുമെന്നും തന്റെ വിയോജിപ്പാണ് കുറച്ചു ദിവസങ്ങൾക്കു മുൻപ് താൻ രേഖപ്പെടുത്തിയത് എന്നും സുരണ്യ കൂട്ടിച്ചേർത്തു.

വളരെ സമാധാനപരമായ രീതിയിൽ വീട്ടിലിരുന്നുകൊണ്ടാണ് നിരാഹാരത്തിലൂടെ തന്റെ വേദന പ്രകടിപ്പിച്ചതെന്നും സുരണ്യ ചൂണ്ടിക്കാട്ടി.

Content Highlight: ‘Move out’ if still against Ram temple consecration: RWA to Mani Shankar Aiyar, daughter

We use cookies to give you the best possible experience. Learn more