തുറന്ന അഭിപ്രായങ്ങളിലൂടെയും തുറന്നു പറച്ചിലുകളിലൂടെയും പ്രശസ്തയായ അഭിനേത്രിയാണ് മൗഷുമി ചാറ്റര്‍ജി. എഴുപതുകളില്‍ ബോളിവുഡിലെ സ്ഥിരം സാന്നിധ്യമായ മൗഷുമി, ഷൂജിത് സിര്‍കാറിന്റെ പികുവിലാണ് അമിതാഭ് ബച്ചനൊപ്പം അവസാനമായി അഭിനയിച്ചത്.
അമിതാഭ് ബച്ചനെ കുറിച്ച് സംസാരിക്കുകയാണ് മൗഷുമി ചാറ്റര്‍ജി. അമിതാഭ് ബച്ചന്‍ വളരെ ഹാര്‍ഡ് വര്‍ക്ക് ചെയ്യുന്ന ആളാണെന്നും സെറ്റില്‍ ശാന്തനാണെന്നും മൗഷുമി പറഞ്ഞു. എന്നാല്‍ വലിയ താരമായതിന് ശേഷം അമിതാഭ് ബച്ചന്റെ സ്വഭാവത്തിലും പെരുമാറ്റത്തിലും കാര്യമായ മാറ്റമുണ്ടായെന്നും മൗഷുമി കൂട്ടിച്ചേര്‍ത്തു. ആനന്ദ്ബസാര്‍ എന്ന പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മൗഷുമി ചാറ്റര്‍ജി.
‘അമിതാഭ് ബച്ചന്‍ വളരെ ഹാര്‍ഡ് വര്‍ക്ക് ചെയ്യുന്ന താരമാണ്. ലൊക്കേഷനിലെല്ലാം വളരെ ശാന്തനും ചെയ്യുന്ന തൊഴിലില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആളുമാണ്. എന്നിരുന്നാലും ഒരു സൂപ്പര്‍സ്റ്റാര്‍ എന്ന നിലയിലേക്ക് വളര്‍ന്നപ്പോള്‍ അദ്ദേഹത്തിന്റെ സ്വഭാവത്തിലും പെരുമാറ്റത്തിലും കാര്യമായ മാറ്റങ്ങളുണ്ടായി.
ഒരുപാട് പരിശ്രമിച്ചിട്ടാണ് അദ്ദേഹം വലിയ നിലയിലേക്ക് എത്തിയത്. എന്നാല്‍ അദ്ദേഹം വലിയ സ്ഥാനത്തിലെത്തിയപ്പോള്‍ നന്നായി എന്ന് ഞാന്‍ പറഞ്ഞില്ല. നിങ്ങള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ ലഭിച്ചുകഴിഞ്ഞാല്‍ നിങ്ങള്‍ വ്യത്യസ്ഥമായി പെരുമാറാന്‍ തുടങ്ങും. മറ്റുള്ളവരെ സഹായിക്കുന്നതിനെ കുറിച്ച് നിങ്ങള്‍ക്ക് ചിലപ്പോള്‍ ആലോചിക്കാന്‍ കഴിഞ്ഞെന്ന് വരില്ല.,’ മൗഷുമി പറഞ്ഞു.
മൗഷുമിയോടെയൊപ്പം പ്രേം ബന്ധന്‍ എന്ന ചിത്രത്തില്‍ രാജേഷ് ഖന്ന അഭിനയിച്ചിരുന്നു. അദ്ദേഹത്തെ കുറിച്ചും അവര്‍ സംസാരിച്ചു. രാജേഷ് ഖന്ന വളരെ ഈഗോ ഉള്ള ആളാണെന്നും അദ്ദേഹം ഒരുപാട് ഹിറ്റുകള്‍ സമ്മാനിച്ചിട്ടുള്ളതുകൊണ്ടുതന്നെ സക്‌സസിന്റെ തലക്കനം അദ്ദേഹത്തിനുണ്ടെന്നും മൗഷുമി പറഞ്ഞു.
‘ഞങ്ങളുടെ കാലത്ത് അഹംഭാവമുള്ള ഒരു നായകന്‍ രാജേഷ് ഖന്ന ആയിരുന്നു. ഒരുപാട് ഹിറ്റുകള്‍ അദ്ദേഹം സിനിമ ഇന്‍ഡസ്ട്രിക്ക് നല്‍കി. അതിന്റെയെല്ലാം തലക്കനം അദ്ദേഹത്തിനുണ്ട്. അതില്‍ നിന്ന് എങ്ങനെ മാറി നില്‍ക്കാന്‍ കഴിയും?,’ മൗഷുമി ചാറ്റര്‍ജി പറയുന്നു.
Content Highlight: Moushumi Chatterjee Says Amitabh Bachan Changed After Getting Success And Rajesh Khanna was an egoist