| Friday, 29th September 2017, 9:51 am

'ഗുരുതരമായ പിഴവ്: 5000രൂപ പിഴയടക്കണം' മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളജ് ചുരിദാര്‍ ധരിച്ചവര്‍ക്ക് നല്‍കിയ സര്‍ക്കുലര്‍ വിവാദമാകുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

അടൂര്‍: സാരി ധരിച്ച് ക്ലാസിലെത്താത്തിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ക്ക് 5000രൂപ പിഴ നല്‍കണമെന്ന് നിര്‍ദേശിച്ച് മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളജിന്റെ സര്‍ക്കുലര്‍. ഡ്രസ് കോഡ് തെറ്റിച്ചു എന്നാരോപിച്ച് നാലാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥികളോടാണ് ഇത്രയും വലിയ തുക പിഴയായി നല്‍കാന്‍ ആവശ്യപ്പെട്ടത്.

ഡ്രസ് കോഡില്‍ വീഴ്ച വരുത്തിയത് അച്ചടക്ക ലംഘനമാണെന്നും ആദ്യതവണയെന്ന പരിഗണനവെച്ച് 5000 രൂപ പിഴയീടാക്കുമെന്നുമാണ് അടൂര്‍ ചാലയോടുള്ള മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികള്‍ക്കു നല്‍കിയ സര്‍ക്കുലറില്‍ പറയുന്നത്.


Must Read: ‘അച്ഛനുറങ്ങാത്ത വീട് കെട്ടിയ ലാല്‍ജോസ്, താങ്കളെ മനസില്‍ നിന്നും പറിച്ചെറിയുന്നു’ രൂക്ഷവിമര്‍ശനവുമായി കരിവള്ളൂര്‍ മുരളി


2014ലെ റെഗുലര്‍ ബാച്ചില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥിനികള്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. വിദ്യാര്‍ഥികള്‍ എസ്.പി.എം പോസ്റ്റിങ്ങിന് പോയസമയം ചുരിദാര്‍ ധരിച്ചതിന്റെ പേരിലാണ് സെപ്റ്റംബര്‍ 19ന് വിദ്യാര്‍ഥികള്‍ക്ക് നോട്ടീസ് നല്‍കിയത്.

“ആദ്യതവണയാണ് ഇത്തരമൊരു അച്ചടക്ക ലംഘനം ഉണ്ടായത് എന്നതിനാല്‍ ഒരു മുന്നറിയിപ്പ് എന്ന നിലയില്‍ 5000 രൂപ പിഴയായി നല്‍കണം. സെപ്റ്റംബര്‍ 30ന് മുമ്പ് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ പിഴയടക്കണം. അടച്ചില്ലെങ്കില്‍ ഒക്ടോബര്‍ രണ്ടുമുതല്‍ ക്ലാസില്‍ കയറാന്‍ അനുവദിക്കില്ല.” നോട്ടീസില്‍ പറയുന്നു.

ഡ്രസ് കോഡ് ലംഘിക്കുന്നത് ആവര്‍ത്തിച്ചാല്‍ കൂടുതല്‍ ഗൗരവമായി കൈകാര്യം ചെയ്യുമെന്ന മുന്നറിയിപ്പും നോട്ടീസ് നല്‍കുന്നു. സംഭവം വിവാദമായതോടെ നോട്ടീസ് തിരികെ വാങ്ങി പിഴ തുക പിന്‍വലിച്ച് കോളജ് അധികൃതര്‍ തലയൂരി.

ഫോട്ടോ കടപ്പാട്: അടൂര്‍വാര്‍ത്ത.കോം

We use cookies to give you the best possible experience. Learn more