ക്രിഞ്ച് ലവ് സ്റ്റോറിക്കിടയില്‍ ആശ്വാസമായത് മൗനി റോയിയുടെ കട്ട വില്ലത്തി
Film News
ക്രിഞ്ച് ലവ് സ്റ്റോറിക്കിടയില്‍ ആശ്വാസമായത് മൗനി റോയിയുടെ കട്ട വില്ലത്തി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 13th September 2022, 9:01 am

രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, ഷാരൂഖ് ഖാന്‍, അമിതാഭ് ബച്ചന്‍ എന്നിങ്ങനെ വലിയ താരനിരയെത്തിയ ചിത്രമാണ് ബ്രഹ്മാസ്ത്ര. അയാന്‍ മുഖര്‍ജിയുടെ സംവിധാനത്തിലെത്തിയ ചിത്രം പുതിയൊരു അസ്ത്രാവേഴ്‌സിന് തന്നെ തുടക്കമിട്ടിരിക്കുകയാണ്.

ബ്രഹ്മാസ്ത്രത്തെ ദുഷ്ടശക്തികളില്‍ നിന്നും സംരക്ഷിക്കാനായി ബ്രഹ്മാന്‍ഷ് എന്ന് വിളിക്കുന്ന ഋഷിവര്യന്മാര്‍ പ്രാചീനകാലം മുതലേയുണ്ടായിരുന്നു. ഇവര്‍ തങ്ങളുടെ ശക്തികളെ അനുയോജ്യരായ ശിഷ്യന്മാര്‍ക്ക് കൈമാറും. ബ്രഹ്മാന്‍ഷ് എന്ന ഗ്രൂപ്പ് ഇന്നും ലോകത്ത് നിലനില്‍ക്കുന്നു. ബ്രഹ്മാസ്ത്രത്തെ സംരക്ഷിക്കാനായി ഇവര്‍ നേരിടുന്ന വെല്ലുവിളികളാണ് ബ്രഹ്മാസ്ത്ര പാര്‍ട്ട് വണ്‍ ശിവയില്‍ കാണിക്കുന്നത്.

ചിത്രത്തില്‍ നെഗറ്റീവ് റോളിലെത്തിയ മൗനി റോയിയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. ജുനൂന്‍ എന്ന കട്ട വില്ലത്തിയായിട്ടാണ് മൗനി ചിത്രത്തിലെത്തുന്നത്. കറുത്ത നിറമുള്ള വസ്ത്രം ധരിക്കുന്ന ജുനൂനിന്റെ ലുക്ക് തന്നെ മാരകമായിരുന്നു.

ജുനൂനായിട്ടുള്ള മൗനിയുടെ പ്രകടനമാണ് ഹൈലൈറ്റ്. ഓപ്പോസിറ്റ് നില്‍ക്കുന്നത് ഷാരൂഖ്, രണ്‍ബീര്‍, അമിതാഭ് ബച്ചന്‍, നാഗാര്‍ജുന എന്നിങ്ങനെ ഇന്ത്യയിലെ സൂപ്പര്‍ താരങ്ങള്‍, എന്നിട്ടും ഒരിടത്തും അല്‍പം പോലും താഴാതെ ഒപ്പത്തിനൊപ്പമുള്ള പ്രകടനമാണ് മൗനി റോയി പുറത്തെടുത്തത്. നായകന്‍മാര്‍ക്കൊത്ത അല്ലെങ്കില്‍ അവരിലും മേലെ നില്‍ക്കുന്നതും, ശക്തിയുള്ളതുമായ കഥാപാത്രമാണ് മൗനിയുടെ ജുനൂന്‍.

ബ്രഹ്മാസ്ത്രയിലെ ക്രിഞ്ച് ലവ് സ്റ്റോറിക്കിടയില്‍ ആശ്വാസം ലഭിക്കുന്നത് മൗനിയുടെ ജുനൂന്‍ വരുമ്പോഴാണെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രേക്ഷകര്‍ കുറിച്ചിരുന്നു. 2004 മുതല്‍ ചെറിയ വേഷങ്ങളില്‍ സിനിമ മേഖലയിലുള്ള മൗനി നാഗ കന്യക എന്ന സീരിയലിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. അക്ഷയ് കുമാര്‍ നായകനായ ഗോള്‍ഡിലൂടെയാണ് താരം നായികയായി ബോളിവുഡില്‍ രംഗപ്രവേശം ചെയ്യുന്നത്.

പിന്നീട് നിരവധി ഹിന്ദി സിനിമകളില്‍ അഭിനയിച്ച മൗനി ഇപ്പോള്‍ ബ്രഹ്മാസ്ത്രയിലൂടെയും പ്രേക്ഷകരുടെ മനം കവരുകയാണ്.

Content Highlight: Mouni Roy’s character in the negative role brahmastra was noticed