സിംഗപ്പൂര്‍: നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനായി വാഹന പെര്‍മിറ്റുകളുടെ നിരക്കുയര്‍ത്താനൊരുങ്ങി ലോകത്തെ ചെലവേറിയ സിറ്റികളിലൊന്നായ സിംഗപ്പൂര്‍. ഇതിന്റെ ആദ്യ പടിയായി മോട്ടോര്‍ ബൈക്കുകളുടെ പെര്‍മിറ്റ് നിരക്ക് സിംഗപ്പൂര്‍ ലാന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി വര്‍ധിപ്പിച്ചു.
പെര്‍മിറ്റ് നിരക്ക് ഉയര്‍ത്തിയതോടെ പത്ത് വര്‍ഷത്തേക്കുള്ള മോട്ടോര്‍ ബൈക്ക് പെര്‍മിറ്റ് കിട്ടണമെങ്കില്‍ 12,801 സിംഗപ്പൂര്‍ ഡോളര്‍ (ഏകദേശം 7,40,586 ഇന്ത്യന്‍ രൂപ) അടയ്ക്കണം. ഇതോടെ പുതിയൊരു മോട്ടോര്‍ ബൈക്കിന്റെ വിലയെക്കാള്‍ കൂടുതലാണ് സിംഗപ്പൂരില്‍ 10 വര്‍ഷത്തെ പെര്‍മിറ്റ് കിട്ടാനുള്ള ചെലവ്
നിരത്തിലെ മോട്ടോര്‍ ബൈക്കുകളുടേയും കാറുകളുടേയും എണ്ണം കുറയ്ക്കാനുള്ള മാര്‍ഗമായാണ് പെര്‍മിറ്റ് നിരക്ക് കുത്തനെ കൂട്ടിയത്. സെപ്റ്റംബറിലെ കണക്ക് അനുസരിച്ച് 1,42,000 ബൈക്കുകളാണ് സിംഗപ്പൂരിലുള്ളത്. 6,50,000 കാറുകളും.
പുതുക്കിയ പെര്‍മിറ്റ് നിരക്കുകള്‍ പ്രകാരം പുതിയ ബൈക്ക് വാങ്ങി നിരത്തിലിറക്കാന്‍ ഒരാള്‍ക്ക് ഏകദേശം 20,000 സിംഗപ്പൂര്‍ ഡോളറെങ്കിലും ചെലവ് വരും. നിലവിലുള്ള പെര്‍മിറ്റ് പുതുക്കാനും 11,000 സിംഗപ്പൂര്‍ ഡോളറോളം മുടക്കേണ്ടി വരും.
ബൈക്ക് വാടകക്ക് കിട്ടാനും അധിക തുക നല്‍കണം. പെര്‍മിറ്റ് തുക കൂട്ടിയതോടെ മോട്ടോര്‍ ബൈക്ക് വാടകക്ക് നല്‍കുന്ന കമ്പനികളും വാടക കൂട്ടാന്‍ ഒരുങ്ങുകയാണ്.
തുടര്‍ നടപടിയായി കാറുകളുടെ പെര്‍മിറ്റ് നിരക്കും ഉയര്‍ത്താന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. നിരക്കുയര്‍ത്തുന്നതോടെ പുതിയ കാര്‍ വാങ്ങി റോഡിലിറക്കാന്‍ ഏകദേശം 80,000 സിംഗപ്പൂര്‍ ഡോളര്‍ മുടക്കേണ്ടി വരും.
പെര്‍മിറ്റ് തുക കൂട്ടുന്നതോടെ വാഹനങ്ങള്‍ നിരത്തിലിറക്കുന്നവരുടെ എണ്ണം കുറയുമെന്ന വിശ്വാസത്തിലാണ് അധികൃതര്‍. സിംഗപ്പൂര്‍ സിറ്റിയിലെ സ്ഥലപരിമിതി കൂടി കണക്കിലെടുത്താണ് ഇത്തരത്തിലൊരു നടപടിയെന്ന് നിഗമനമുണ്ട്.
എന്നാല്‍ പെര്‍മിറ്റ് തുക വര്‍ധന സാധാരണക്കാരെയാകും കൂടുതല്‍ ബാധിക്കുക. ദിവസവേതനത്തില്‍ ജോലി ചെയ്യുന്ന ഭൂരിഭാഗം ആളുകളും ഇരുചക്ര വാഹനങ്ങളെ ആശ്രയിച്ചാണ് ഉപജീവനമാര്‍ഗം കണ്ടെത്തുന്നത്.
Content Highlight: Motorcycle permits now cost more than motorcycles in Singapore