തിരുവനന്തപുരം: പെട്രോളിനും ഡീസലിനും അനിയന്ത്രിതമായി വില വര്‍ദ്ധിക്കുന്നതില്‍ പ്രിഷേധിച്ച സംസ്ഥാനത്ത് ആഹ്വാനം ചെയ്ത മോട്ടോര്‍ വാഹന പണിമുടക്ക പുരോഗമിക്കുന്നു. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് പണിമുടക്ക്.
ട്രേഡ് യൂണിനുകളും ഗതാഗത മേഖലയിലെ തൊഴില്‍ ഉടമകളും സംയുക്തമായാണ് പണിമുടക്കുന്നത്. ബി.എം.എസ് ഒഴികെയുള്ള മുഴുവന്‍ ട്രേഡ് യൂണിയനുകളും പണിമുടക്കിനു ആഹ്വാനം ചെയ്തിരുന്നു.
പണിമുടക്കിന്റെ ആദ്യമണിക്കൂര്‍ സംസ്ഥാനത്ത് പൊതുഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയിട്ടില്ല. പണിമുടക്ക് ഒഴിവാക്കുന്നതിനായി കെ.എസ്.ആര്‍.ടി.സിയിലെ തൊഴിലാളി സംഘടനകളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. എന്നാല്‍, വ്യക്തമായ കാരണങ്ങളില്ലാതെ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് അവധി നല്‍കരുതെന്നും പൊലീസ് സംരക്ഷണത്തോടെ പരമാവധി സര്‍വീസുകള്‍ നടത്തണമെന്നും എം.ഡി ഉത്തരവിട്ടിട്ടുണ്ട്.
സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ഐ.എന്‍.ടി.യു.സി, യു.ടി.യു,സി, എച്ച്.എം.എസ്, എസ്.ടി.യു, ജനതാ ട്രേഡ് യൂണിയന്‍, ടി.യു.സി.ഐ, കെ.ടി.യു.സി എന്നീ ട്രേഡ് യൂണിയനുകള്‍ക്കൊപ്പം ബസ്, ലോറി, ടാങ്കര്‍, ഡ്രൈവിംഗ് സ്‌ക്കൂള്‍, വര്‍ക്ക് ഷോപ്പ്, സ്പെയര്‍ പാര്‍ട്ട്സ് ഡീലേഴ്സ് തുടങ്ങിയ മേഖലകളിലെ തൊഴിലുടമാ സംഘടനകളും പണിമുടക്കില്‍ പങ്കുചേരുന്നുണ്ട്.
അതേസമയം ഇന്നത്തെ പി.എസ്.സി പരീക്ഷകള്‍ക്ക് മാറ്റമില്ലെന്നും പരീക്ഷകള്‍ മുന്‍ നിശ്ചയ പ്രകാരം നടക്കുമെന്നും പി.എസ്.സി അറിയിച്ചു. എന്നാല്‍ വിവിധ സര്‍വകലാശാലകള്‍ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിയിട്ടുണ്ട്.