തിരുവനന്തപുരം: ലോക്ക് ഡൗണിന് ശേഷമുള്ള അന്തര്‍സംസ്ഥാന യാത്രയ്ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തുവിട്ട് സംസ്ഥാന ഗതാഗത വകുപ്പ്. അതിര്‍ത്തി കടന്നെത്താന്‍ എന്തെല്ലാം രേഖകള്‍ വേണം, എങ്ങനെ വരാം, അതിര്‍ത്തിയില്‍ എന്തെല്ലാം സജ്ജീകരണങ്ങള്‍ നടത്തണമെന്ന് അടക്കമുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയ മാര്‍ഗരേഖയാണ് പുറത്തിറക്കിയിരിക്കുന്നത്.
ലോക്ക് ഡൗണിന് ശേഷം മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് യാത്രക്കാരുടെ വലിയ തിരക്കുണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് കര്‍ശന മാര്‍ഗ നിര്‍ദേശങ്ങള്‍ ശുപാര്‍ശ ചെയ്ത് ഗതാഗത വകുപ്പ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്.
നാല് ചെക്ക് പോസ്റ്റുകളിലൂടെ മാത്രം യാത്ര അനുവദിക്കാനും ആരോഗ്യപരിശോധന കര്‍ശനമാക്കാനും നിര്‍ദേശമുണ്ട്. എന്ന് മുതല്‍ വരാനാകും എന്നതില്‍ അന്തിമതീരുമാനം ലോക്ക്ഡൗണ്‍ നീട്ടുന്നതിലെ കേന്ദ്രതീരുമാനം അനുസരിച്ചാകും.
അതിര്‍ത്തി കടന്നെത്താന്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് സംസ്ഥാനസര്‍ക്കാര്‍ വ്യക്തമാക്കുന്നു. എവിടെ നിന്നാണോ വരുന്നത്, അവിടെ നിന്ന് കൊവിഡ് ബാധയില്ല എന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയിട്ട് മാത്രമേ വരാവൂ.
ഒരു ദിവസം നിശ്ചിത ആളുകളെ മാത്രമേ കടത്തിവിടൂ. കൂടുതല്‍ പേരെ ഒരു കാരണവശാലും കടത്തിവിടില്ല. ചെക്ക്‌പോസ്റ്റുകള്‍ വഴി മാത്രമേ പ്രവേശനമുണ്ടാകൂ. മഞ്ചേശ്വരം, മുത്തങ്ങ, വാളയാര്‍, അമരവിള എന്നീ നാല് ചെക്ക്‌പോസ്റ്റുകള്‍ വഴി മാത്രമേ ആളുകളെ കടത്തിവിടൂ.
ആളുകളെ പ്രവേശിപ്പിക്കുന്നതിന് കൃത്യം സമയപരിധിയുമുണ്ടാകും. രാവിലെ എട്ട് മണിക്കും രാത്രി 11 മണിക്കും ഇടയില്‍ മാത്രമേ ആളുകളെ കടത്തിവിടൂ.
രാത്രി 11 മണി മുതല്‍, രാവിലെ എട്ട് മണി വരെ അതിര്‍ത്തി ചെക്ക്‌പോസ്റ്റുകള്‍ അടച്ചിടും. അതിര്‍ത്തി കടന്നെത്താന്‍ സ്വന്തം വാഹനത്തിലും വരാം, എന്നാല്‍ കൂടുതല്‍ ആളെ കുത്തിനിറച്ച് കൊണ്ടുവരാന്‍ പാടില്ല.
കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചാല്‍ അന്തര്‍സംസ്ഥാന ബസ് സര്‍വീസ് അനുവദിക്കും. എന്നാല്‍ ബസ്സുകളില്‍ സാമൂഹിക അകലം നിര്‍ബന്ധമാണ്. എസി പാടില്ല, മാസ്‌ക് നിര്‍ബന്ധമാണ്.
ഊടുവഴികളിലൂടെയോ, ചെറുറോഡുകളിലൂടെയോ ഒരു കാരണവശാലും സംസ്ഥാനത്തേക്ക് എത്താന്‍ കഴിയില്ല. കര്‍ശനമായ പരിശോധന ഇത്തരം ചെറുറോഡുകളിലുണ്ടാകും.
വരുന്നവരെയെല്ലാം പരിശോധിക്കാനും, അണുനശീകരണം ഉറപ്പാക്കാനും അതിര്‍ത്തിയില്‍ പ്രത്യേക സജ്ജീകരണങ്ങള്‍ വേണമെന്നും മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നു.
പൊലീസിനെയും മെഡിക്കല്‍ സംഘത്തെയും അഗ്‌നിശമനസേനാംഗങ്ങളെയും കൃത്യമായി അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ നിയോഗിക്കണം. അതിര്‍ത്തി കടന്ന് വരുന്നവര്‍ക്കെല്ലാം കര്‍ശനമായി പരിശോധന നടത്തും. വാഹനങ്ങള്‍ ഫയര്‍ഫോഴ്‌സ് അണുവിമുക്തമാക്കും. എന്നിട്ട് മാത്രമേ കടത്തിവിടൂ എന്നും സര്‍ക്കാര്‍ മാര്‍ഗരേഖയില്‍ പറയുന്നു.
അന്തര്‍സംസ്ഥാന യാത്രകള്‍ കഴിഞ്ഞ് വരുന്നവര്‍ കൃത്യമായി ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്ന അത്രയും കാലം ക്വാറന്റീനില്‍ കഴിയേണ്ടി വരും. ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരാണെങ്കില്‍ സര്‍ക്കാര്‍ സജ്ജീകരിച്ച ക്വാറന്റീന്‍ കേന്ദ്രത്തിലേക്ക് മാറ്റും. അതല്ലാത്തവരെ വീടുകളിലേക്ക് അയച്ച് നിരീക്ഷണത്തിലാക്കും.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.