| Tuesday, 19th July 2022, 6:08 pm

ഇൻഡിഗോ എയർലൈൻസിന്റെ ബസ് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: നികുതി അടയ്ക്കാതെ സർവ്വീസ് നടത്തിയതിനെത്തുടർന്ന് ഇൻഡിഗോ എയർലൈൻസിന്റെ ബസ് മോട്ടോർ വാഹന വകുപ്പ് (എം.വി.ഡി) പിടിച്ചെടുത്തു. അറ്റകുറ്റപ്പണിക്ക് കൊണ്ടുവന്ന ബസ് ഇന്ന് വൈകുന്നേരത്തോടെ ഫറോക്ക് ചുങ്കത്തെ വർക് ഷോപ്പിൽ നിന്നാണ് എം.വി.ഡി പിടിച്ചെടുത്തത്.

കരിപ്പൂർ വിമാനത്താവളത്തിൽ സർവ്വീസ് നടത്തുന്ന ബസാണ് ആറ് മാസത്തെ കുടിശ്ശിക അടക്കാത്തിന്റെ അടിസ്ഥാനത്തിൽ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തത്.

നികുതിയും പിഴയും ഉൾപ്പടെ നാൽപ്പതിനായിരത്തോളം രൂപ അടച്ചാൽ മാത്രമേ വാഹനം വിട്ടുകൊടുക്കൂ എന്നാണ് മോട്ടോർ വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്.

ആർ.ടി.ഒയുടെ നിർദേശപ്രകാരം ജോയിന്റ് ആർ.ടി.ഒ ഉൾപ്പെട്ട സംഘമാണ് ബസ് പിടിച്ചെടുത്തത്. പിഴയും നികുതിയും അടച്ചാൽ മാത്രമേ വാഹനം വിട്ടുകൊടുക്കൂ എന്ന് എയർലൈൻസ് അധികൃതരെ അറിയിച്ചതായി മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

എന്നാൽ നിലവിലെ രാഷ്ട്രീയ സാഹചര്യവുമായി ഈ സംഭവത്തിന് യാതൊരു ബന്ധവുമില്ലെന്നും എയർപ്പോർട്ടിനുള്ളിലായിരുന്നതിനാലാണ് ബസ് ഇതുവരെ പിടിച്ചെടുക്കാൻ കഴിയാതിരുന്നതെന്നും, ഇന്ന് വാഹനം പുറത്തിറങ്ങിയപ്പോൾ പിടിച്ചെടുക്കകയായിരുന്നുവെന്നും മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി.

കഴിഞ്ഞ മാസം മുഖ്യമന്ത്രിക്കെതിരായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിൽ നടത്തിയ പ്രതിഷേധത്തെത്തുടർന്ന് അവരെ തള്ളിയിട്ട സംഭവത്തിൽ കഴിഞ്ഞ ദിവസം ഇൻഡിഗോ കമ്പനി എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജന് മൂന്ന് ആഴ്ചയും യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് രണ്ടാഴ്ചയും യാത്രാ വിലക്ക് ഏർപ്പെടുത്തിയിരുന്നു.

Content Highlight: Motor Vehicle department seized bus of indigo airways

We use cookies to give you the best possible experience. Learn more