കോഴിക്കോട്: മോട്ടോര്‍ വാഹന വകുപ്പിന്റെ ചട്ടങ്ങള്‍ ലംഘിച്ച് വാഹനത്തിന് മുകളില്‍ കയറി ‘മാസ് എന്‍ട്രി’ നടത്തിയ സംഭവത്തില്‍ ബോബി ചെമ്മണ്ണൂരിനെതിരെ നടപടി.
ചെമ്മണ്ണൂരിന്റെ പുതിയ സംരംഭമായ ‘ബോചെ ദി ബുച്ചര്‍’ എന്ന ഇറച്ചിക്കടയുടെ ഉദ്ഘാടനത്തിന് ഇറച്ചിവെട്ടുകാരന്റെ രൂപത്തില്‍ വാഹനത്തിന് മുകളില്‍ സഞ്ചരിച്ചത് വിവാദമായതോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിക്കുന്നത്.
സംഭവസമയത്ത് വാഹനമോടിച്ച ആള്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി. അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനും ട്രാഫിക് നിയമം ലംഘിച്ചതിനുമാണ് നടപടി.
വാഹന ഉടമക്ക് നോട്ടീസ് നല്‍കാന്‍ മോട്ടോര്‍ വാഹന വകുപ്പ് നിയമനടപടി തുടങ്ങി തുടങ്ങിയിട്ടുണ്ട്. എന്‍ഫോഴ്സ്മെന്റ് ആര്‍.ഡി.ഒ വാഹന ഉടമയ്ക്ക് ഉടന്‍ നോട്ടീസ് കൈമാറും.
കഴിഞ്ഞ ദിവസം കോഴിക്കോട് തുടങ്ങിയ ആധുനിക ഇറച്ചിക്കടയുടെ ഉദ്ഘാടനത്തിനാണ് ബോബി ചെമ്മണ്ണൂര്‍ ജീപ്പിന് മുകളില്‍ കയറി എത്തിയത്. ഇത്തരം പ്രകടനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും യുവാക്കളില്‍ തെറ്റായ പ്രേരണ സൃഷ്ടിക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Content Highlight: Motor Vehicle Department action against Boby Chemmanur