| Sunday, 1st September 2019, 8:07 am

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; പുതിയ ഗതാഗത നിയമം ഇന്നുമുതല്‍ പ്രാബല്യത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മോട്ടോര്‍ വാഹനനിയമത്തിലെ പുതുക്കിയ ഭേദഗതികള്‍ നിലവില്‍വരുന്നത് ഇന്നുമുതല്‍. ഗതാഗത ലംഘനങ്ങള്‍ക്ക് കടുത്ത ശിക്ഷകള്‍ വ്യവസ്ഥ ചെയ്യുന്നതാണ് കേന്ദ്ര മോട്ടോര്‍വാഹന നിയമ ഭേദഗതി. വിവിധ നിയമലംഘനങ്ങള്‍ക്കുള്ള പിഴയില്‍ പത്തിരട്ടി വരെയാണ് വര്‍ധനവ്.

റോഡ് സുരക്ഷാ കര്‍മപദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ച കര്‍ശന പരിശോധന ചൊവ്വാഴ്ച തുടങ്ങും. വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കുന്ന നടപടി അവസാനിപ്പിച്ച് ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറ്റുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. ഉയര്‍ന്ന ശിക്ഷ വരുന്നതോടെ റോഡപകടങ്ങള്‍ പരമാവധി കുറയ്ക്കാമെന്നാണ് കരുതുന്നതെന്നും ജനങ്ങള്‍ ബോധവാന്മാരാകണമെന്നും മന്ത്രി പറഞ്ഞു.

ഹെല്‍മറ്റില്ലാതെ നിരത്തിലിറങ്ങുന്നതുമുതല്‍, രണ്ടില്‍ക്കൂടുതല്‍ ആളുകള്‍ ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്നതിനും മദ്യപിച്ച് വാഹനമോടിക്കുന്നതിനുമെല്ലാം ഇനി വലിയ വില നല്‍കേണ്ടി വരും. ഹെല്‍മറ്റില്ലാതെ വാഹനമോടിച്ചാല്‍ ഇനി ആയിരം രൂപയാണ് പിഴ. മദ്യപിച്ച് വാഹനമോടിക്കുന്നതിന് ഇതുവരെ 2000 രൂപവരെയായിരുന്നു പിഴയെങ്കില്‍ ഇനി മുതല്‍ ചുരുങ്ങിയത് 5000 രൂപയെങ്കിലും നല്‍കേണ്ടിവരും. വീണ്ടും പിടിക്കപ്പെട്ടാല്‍ ശിക്ഷ വര്‍ധിക്കുകയും ചെയ്യും. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിച്ചാല്‍ 5000 രൂപ, സീറ്റ് ബെല്‍റ്റടാതെ യാത്ര ചെയ്താല്‍ 1000 രൂപ തുടങ്ങിയവയാണ് പുതുക്കിയ ഭേദഗതിയിലെ പിഴകള്‍.

ഇരുചക്രവാഹനത്തില്‍ പിന്നില്‍ ഇരുന്നുയാത്രചെയ്യുന്നവര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കും. മുന്നിലിരിക്കുന്ന കുട്ടികള്‍ക്കും ഹെല്‍മെറ്റ് ഉണ്ടാവണമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു.

പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനം ഓടിച്ചാല്‍ രക്ഷാകര്‍ത്താവ് 25,000 രൂപ പിഴയും മൂന്ന് വര്‍ഷം തടവ് ശിക്ഷയും അനുഭവിക്കേണ്ടി വരും. അതേസമയം, വാഹനമോടിയച്ചയാള്‍ക്ക് 25 വയസാകാതെ ലൈസന്‍സ് നല്‍കുകയുമില്ല.

പിഴ സംഖ്യ ഉയര്‍ന്നതായതിനാല്‍ കൈയില്‍ പണമില്ലെങ്കില്‍ പി.ഒ.എസ്. മെഷിനുകള്‍ (സൈ്വപ്പിങ്) വഴിയും പണമടയ്ക്കാം. പിഴയടയ്ക്കാന്‍ ഓണ്‍ലൈന്‍ സംവിധാനവുമുണ്ടാകും.

ലൈസന്‍സ് റദ്ദാക്കുന്ന രീതിയില്‍ ഗുരുതര കുറ്റങ്ങള്‍ ചെയ്താല്‍ ലൈസന്‍സ് തിരികെ ലഭിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ റിഫ്രഷ്മെന്റ് കോഴ്സും സാമൂഹികസേവനവും നിര്‍ബന്ധമാക്കുമെന്ന് മന്ത്രി അറിയിച്ചു.

We use cookies to give you the best possible experience. Learn more